2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

Jana Samparkkam.

ഉമ്മൻ ചാണ്ടിയുടെ  "ജന സമ്പർക്കം"  കഥ കളി ഒന്നാം ദിവസം കഴിഞ്ഞു.എത്രയോ ലക്ഷം രൂപ ജനങ്ങൾക്ക്‌ വാരിക്കൊടുത്ത് സമ്പർക്കം വിജയകരം ആക്കി.

പണ്ട് കാലത്ത് ചക്രവർത്തിമാരും മഹാ രാജാക്കന്മാരും ഇങ്ങിനെ സമ്പർക്കങ്ങൾ നടത്തിയിരുന്നു. കൊട്ടാരത്തിൽ രാജകീയ സുഖത്തോടെ , രാജ്ഞിമാരും തോഴിമാരും മറ്റുമായി  ലീലകളിൽ  മുഴുകി, സുഖവാസത്തിനിടെ മടുപ്പ്  തോന്നുമ്പോൾ കൃമി കീടങ്ങൾ ആയ, പട്ടിണി പ്പാവങ്ങളായ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ കൊട്ടാരത്തിന് പുറത്തു വരാറുണ്ടായിരുന്നു. പഞ്ച പുശ്ചം അടക്കി നിൽക്കുന്ന  അൽപ്പ പ്രാണികൾ ആയ, ജീവശ്ചവങ്ങൾ ആയ മനുഷ്യ ക്കോലങ്ങൾക്ക് നേരെ നാണയ തുട്ടുകൾ എറിഞ്ഞു നൽകാറുണ്ടായിരുന്നു. തൻറെ മഹിമയും ദാന ശീലവും വിളംബരം ചെയ്യാൻ. 

അതിന്റെ ഒരു പതിപ്പ് ആണ് മുഖ്യ മന്ത്രിയുടെ ഈ ജന സമ്പർക്ക പരിപാടി. കൈ കൂപ്പി ചെല്ലുന്നവർക്കെല്ലാം മുഖ്യ മന്ത്രി വാരിക്കോരി കൊടുക്കുന്നു. ഇതിനൊന്നും ഒരു വ്യവസ്ഥയും ഇല്ലേ? അപ്പോൾ കൈകൂപ്പി ചെല്ലാത്തവന് ആനുകൂല്യങ്ങൾ ഒന്നും ഇല്ലേ? എല്ലാ പൌരന്മാരും തുല്ല്യരല്ലേ? സേവനാവകാശം നിയമപരമാക്കിയ ഈ സംസ്ഥാനത്ത് സർക്കാരിൽ നിന്നും ഒരു കാര്യം ചെയ്തു കിട്ടാൻ  ഊണും ഉറക്കവും ഉപേക്ഷിച്ച് ഏതെങ്കിലും മൈതാനത്ത്  രാവിലെ മുതൽ രാത്രി വരെ  ഒരു പൌരൻ കാത്തു കെട്ടിക്കിടന്ന് മുഖ്യ മന്ത്രിക്ക് മുൻപിൽ ഓച്ഛാനിച്ചു നിൽക്കണം   എന്നാണോ? സ്ട്രെച്ചറിലും വീൽ  ചെയറിലും മറ്റുമാണ് പാവങ്ങൾ വന്നത്. എന്തൊരു ദ്രോഹമാണീ മുഖ്യ മന്ത്രി ചെയ്യുന്നത്? എണീറ്റ്‌ നടക്കാൻ പ്രാപ്തി ഇല്ലാത്തവരും  മുഖ്യ മന്ത്രിയുടെ മുന്നിൽ  വന്നു തൊഴുതു നിന്നാലേ അർഹമായത് സർക്കാർ കൊടുക്കൂ എന്നാണോ ഇതിനർത്ഥം ? 

വില്ലേജ് ആപ്പീസിലെ ഒരു സർറ്റിഫിക്കറ്റ് മുതൽ ആശുപത്രി ചെലവ് വരെ മുഖ്യ മന്ത്രി കൊടുക്കും എന്നാണു കേട്ടത്. ഇതൊക്കെ കൊടുക്കേണ്ടത് മുഖ്യ മന്ത്രി ആണോ? അതിനൊക്കെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ  ഇല്ലേ? പിന്നെ മുഖ്യ മന്ത്രി എന്തിനു കൊടുക്കുന്നു? എല്ലാം മുഖ്യ മന്ത്രി കൊടുക്കുക ആണെങ്കിൽ മറ്റു മന്ത്രിമാരും, ഉദ്യോഗസ്ഥരും ഒന്നും വേണ്ടല്ലോ?

ഈ മുഖ്യ മന്ത്രി തന്റെ ജന സമ്മിതി വർദ്ധിപ്പിക്കാനാണീ  പരിപാടി നടത്തുന്നത്. അത് പാവങ്ങളായ മറ്റു മന്ത്രിമാർക്ക് അറിയാമെന്ന് തോന്നുന്നില്ല. അത് കൊണ്ടാണ് അവരും ഇതിനെ പിന്താങ്ങുന്നത്. അവരുടെ വകുപ്പുകളുടെ കഴിവ് കേടാണ് ഇവിടെ പ്രകടം ആകുന്നതെന്നോ, അവരുടെ കഴിവ് കേടിനെ മുഖ്യ മന്ത്രി മുതലെടുക്കുക ആണെന്നോ ആ പാവങ്ങൾ മനസ്സിലാക്കുന്നില്ല. കഷ്ട്ടം പാപം. കേന്ദ്ര മന്ത്രി ശഷി തരൂർ വരെ ഉണ്ടായിരുന്നു. തിരുവനന്തപുരം സീറ്റ് വീണ്ടും നോട്ടമുണ്ടായിരിക്കും.

ഇങ്ങിനെ വാരി വിതറുന്ന പണം എവിടുന്നാണ്? ഭരണാധികാരികളുടെ ആരുടേയും സ്വന്തം സ്വത്തല്ല ഈ പണം. കേരളത്തിലെ  നിയമം അനുസരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പണം ആണിത്‌.   പാവപ്പെട്ടവന്റെ എന്ന് പറയാൻ കാരണം ഉണ്ട്. പണക്കാരും കള്ളപ്പണക്കാരും നികുതി കൊടുക്കുകയില്ല. അവർ നികുതി വെട്ടിക്കുകയെ ഉള്ളൂ. അപ്പോൾ ഈ പണം പാവപ്പെട്ട നികുതി ദായകന്റെ ആണ്. അത് ഒരു വ്യവസ്ഥയും ഇല്ലാതെ തന്നിഷ്ട്ടത്തിനു വാരിക്കോരി കൊടുക്കാൻ ഏതു  നിയമം ആണ് മുഖ്യ മന്ത്രിക്കു അധികാരം നൽകുന്നത്? നിയമ പ്രാബല്യം ഇല്ലാതെ ഇങ്ങിനെ  കൊടുക്കുന്നത് പൊതു ഖജനാവിലെ പണം ദുർവിനിയോഗം ചെയ്യലാണ്. അഴിമതി ആണ്. അതിനെ നിയമ പരമായി നേരിടുക തന്നെയാണ് വേണ്ടത്. അതായത് കോടതികളിൽ ചോദ്യം ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ