Monday, October 7, 2013

Jaseera In Delhi

ജസീറ ഡൽഹിയിൽ എത്തിയിരിക്കുന്നു. കേരളത്തിലെ ഭരണാധികാരികളിൽ നിന്നും നീതി ലഭിക്കാത്തതിനാലാണ് ഭാരതത്തിന്റെ ഭരണ സിരാ കേന്ദ്രം ആയ ഡൽഹിയിൽ നീതിക്ക് വേണ്ടി പോരാടാനായി കൈക്കുഞ്ഞുൾപ്പടെ മൂന്ന് മക്കളുമായി ജസീറ എന്ന വീട്ടമ്മ എത്തിയത്.

കണ്ണൂർ പുതിയങ്ങാടി കടപ്പുറത്തെ ഒറ്റ മുറി വീട്ടിൽ നിന്നും ഡൽഹിയിൽ എത്തിയ ജസീറ എന്ന വീട്ടമ്മ നടത്തുന്നത് ഒരു ഒറ്റയാൾ പോരാട്ടം ആണ്. സ്വന്തം കാര്യത്തിനു വേണ്ടിയല്ല ഈ സമരം. നാടിനെ രക്ഷിക്കാൻ, കടലിനെ രക്ഷിക്കാൻ, കരയെ രക്ഷിക്കാൻ,ഭൂമിയെ സംരക്ഷിക്കാൻ, മാനവ രാശിയുടെ നിലനിൽപ്പിനു  വേണ്ടിയുള്ള ഒരു സമരം ആണിത്. കടൽത്തീരത്ത്‌ നിന്നും നിയമ വിരുദ്ധമായി മണൽ കൊള്ള നടത്തുന്ന മാഫിയക്കെതിരെ ഉള്ള സമരം ആണിത്.

പഴയങ്ങാടി പോലീസ് സ്റെഷന് മുൻപിൽ 9 ദിവസം രാവുംപകലും തന്റെ കുഞ്ഞുങ്ങളോടൊപ്പം നടത്തിയ സമരം ഫലം കാണാതെ വന്നപ്പോഴാണ് കണ്ണൂർ കലക്ടരെട്ടിന് മുൻപിൽ സമരം തുടങ്ങിയത്. അവിടെയും അധികാരികൾ മാഫിയകൾക്ക് ഒപ്പം  ആയിരുന്നു. ജന പ്രതിനിധികൾ  വരെ ജസീരക്ക് എതിരായിരുന്നു.

 " മോളെ ജസീറാ, കടപ്പുറത്ത് പൂഴി ഇറക്കരുത്" എന്നാണു എം.എൽ.എ. ആയ എ. പി. അബ്ദുള്ള ക്കുട്ടി ഈ സമരത്തോട്  പരസ്യമായി  പ്രതികരിച്ചത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 91.28).

 ഇതിലെ പരിഹാസവും അസഹിഷ്ണുതയും മനസ്സിലാക്കാനുള്ള പ്രാപ്തി ജസീറക്കുണ്ട്. അതിനു അവർ യുക്തമായ  മറുപടിയും നൽകി.
"31 വയസ്സ്  പൂർത്തിയായ  എന്നെ മോളെ എന്ന് വിളിക്കുന്ന താങ്കളുടെ വാത്സല്യം ഞാൻ മനസസ്സിലാക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ സ്ത്രീകൾ ഇട പെടുംപോഴുള്ള പുരുഷാധിപധ്യ ബോധത്തിൽ നിന്നാണ് ഈ "മോൾ" വിളി ഉരിത്തിരിഞ്ഞു വരുന്നത്. അബ്ദു ള്ളക്കുട്ടിക്ക് മോളും സഹോദരിയും ആകാതെ തന്നെ ജസീറക്ക് സ്വന്തമായ ഒരു വിലാസമുണ്ട്‌".

കലക്ടരിൽ നിന്നും അനുകൂല നടപടികൾ   ഒന്നും ഉണ്ടാകാത്തത് കൊണ്ടും അവിടെ നിന്നും ഒന്നും പ്രതീക്ഷിക്കുന്നതിൽ അർഥം ഇല്ലാത്തത് കൊണ്ടും സമരം തിരുവനന്തപുരത്ത് സെക്രടറിയെറ്റ്  മുൻപാ കെ   തുടങ്ങി.  പരിസ്ഥിതി  നശിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ സമരത്തെ ശ്രദ്ധിക്കാനോ എന്തെങ്കിലും നടപടി എടുക്കാനോ സംസ്ഥാന ഭരണ കൂടവും തയ്യാറായില്ല.  സ്വന്തം ഇരിപ്പിടം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ മുഖ്യ മന്ത്രിക്കോ മറ്റു മന്ത്രിമാർക്കോ, എം.എൽ.എ. ഹൊസ്റ്റലിന്റെ സുഖ ശീതളിമയിൽ ഇരിക്കുന്ന ജന പ്രധിനിധികൾക്കോ ജസീറയുടെ ജനകീയ പോരാട്ടത്തെ കാണാൻ സമയം കിട്ടിയില്ല.

അങ്ങിനെയാണ് മൂന്നു മക്കളുമായി ജസീറ ഒരു അന്തിമ പോരാട്ടത്തിനായി ഡൽഹിയിൽ എത്തിയത്. മുല കുടി മാറാത്ത കൈക്കുഞ്ഞുമായി നിസ്സാമുദീൻ റെയിൽവേ സ്റെഷനിൽ ഇറങ്ങിയ ആ സഹോദരിക്ക് മലയാളം അല്ലാതെ മറ്റൊരു  ഭാഷ അറിയില്ല. ഏതോ മനുഷ്യ  സ്നേഹികളുടെ  സഹായത്തോടെ അവർ ജന്തർ മന്തറിൽ എത്തി. കയ്യിൽ വെറും 400 രൂപ മാത്രം. ഇനി എന്ത് ചെയ്യും ഈ മഹാ നഗരത്തിൽ  എന്നൊരു ചിന്ത ആ സഹോദരിക്കില്ല. കാരണം അവരുടെ മഹത്തായ ലക്ഷ്യത്തിനു മുൻപിൽ ഇത്തരം ചെറിയ കാര്യങ്ങൾക്ക് സ്ഥാനമില്ല. 

ഇനി സമരം ഡൽഹിയിൽ. അനീതിക്കെതിരെ പ്രതികരിക്കാൻ തെരുവി ൽ ഇറങ്ങിയ പാരമ്പര്യം ആണ് ഡൽഹിക്കാർ ക്കുള്ളത്. അവർ നമ്മുടെ  ജസീരയെ സഹായിക്കും എന്നുള്ളതു ഉറപ്പാണ്. അഴിമതി ക്കെതിരെ അണ്ണാ ഹസ്സാരെ പട പൊരുതിയ മണ്ണ് ആണത്. അങ്ങിനെ കേരളത്തിലെ  പ്രബുദ്ധരെന്നു പറയുന്ന ജനങ്ങൾ കയ്യൊഴിഞ്ഞ സമരം അതെ ജനങ്ങൾക്ക്‌ വേണ്ടി  ഡൽഹിക്കാരുടെ സഹായത്തോടെ ജസീര സധീരം മുന്നോട്ടു കൊണ്ട് പോകട്ടെ.  കേരളത്തിലെ ജന പ്രധിനിധികളും   ഭരണാധികാരികളും നിരാകരിച്ച  ജസീറയുടെ പരിസ്ഥിതി സംരക്ഷണ ആവശ്യങ്ങൾ  നേടിയെടുത്തു വിജയിയായി  ആ സഹോദരി മടങ്ങി വരട്ടെ  എന്ന് നമുക്ക് ആശംസിക്കാം. 

No comments:

Post a Comment