Tuesday, September 3, 2013

CLOSURE OF PETROL PUMPS

ഏതെങ്കിലും കേന്ദ്ര മന്ത്രി ഇത്രയും ബുദ്ധി ശൂന്യമായി പെരുമാറുമോ?

പെട്രോളിൻറെ ഉപഭോഗം കുറയ്ക്കാനായി പെട്രോൾ പമ്പുകൾ രാത്രിയിൽ അടച്ചിടണം എന്നൊരു നിർദേശം നൽകി പെട്രോളിയം മന്ത്രി വീരപ്പ മൊയിലി അത് തെളിയിച്ചിരിക്കുകയാണ്. വ്യക്തമായ ധാരണകൾ ഇല്ലാതെ, കണക്കു കൂട്ടലുകൾ ഇല്ലാതെ എന്തിനും ഏതിനും കുറുക്കു വഴികൾ  തേടുകയാണ് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള UPA സർക്കാർ. അഴിമതിയിൽ മുങ്ങി ക്കുളിച്ചു നിൽക്കുന്ന ഈ സർക്കാരിന് പുറത്തു പോകുന്നതിനു മുൻപ് കൂടുതൽ അഴിമതി നടത്താനുള്ള മാർഗങ്ങൾ കണ്ടു പിടിക്കാനാണ് താല്പ്പര്യം. അല്ലാതെ വിലക്കയറ്റം തടയാനോ, രൂപയുടെ വിലയിടിവ് തടയാനോ അല്ല.

കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത്   പബ്ലിക് ട്രാൻസ്പോർട്ട്  ശരിയായി പ്രവർത്തിക്കാത്തത് കൊണ്ടാണ്.    പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം ശക്തിപ്പെടുത്തുകയാണ് ആദ്യ പടി. അങ്ങിനെയെങ്കിൽ സ്വകാര്യ വാഹനങ്ങൾ കുറയുകയും അത് വഴി ഇന്ധനത്തിൻറെ ഉപയോഗം കുറയുകയും ചെയ്യും.

 കാറുകളുടെ ഉൽപ്പാദനം കുറയ്ക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഓടാൻ നിരത്തുകളും ഒഴിക്കാൻ പെട്രോളും ഇല്ലാത്ത ഭാരതത്തിൽ ഇത്രയും വാഹനങ്ങൾ എന്തിനാണ്? ജനങ്ങളെ പ്രലോഭിപ്പിച്ച്, ഇഷ്ട്ടം പോലെ വായ്പ നൽകി കാറുകൾ വാങ്ങിപ്പിക്കുകയാണ് കാറ് കമ്പനികളും ഫൈനാൻസ് കമ്പനികളും.അതിനാൽ ഒരാൾക്ക്‌ ഒന്നിലേറെ കാർ വാങ്ങാൻ പാടില്ല എന്ന നിയമം കൊണ്ടു വരണം.

 മൂന്നാമത് ആയി ചെയ്യേണ്ടത് ഇറക്കുമതി ക്കാറുകളും ഇൻഡ്യൻ നിർമിത ആഡംബര കാറുകളും നിരോധിക്കുക എന്നതാണ്.  BMW, ഓടി, എന്നിവ ഗ്രാമങ്ങളിൽ പ്പോലും പരിചിതമായി ക്കഴിഞ്ഞു.  പണക്കൊഴുപ്പും പൊങ്ങച്ചവും കാട്ടാനുള്ള ഉപാധികൾ ആണിവ. സൈക്കിളിൽ മീൻ വിറ്റ് നടന്നവർ പോലും ഇന്ന് റോൾസ് റോയ്സിൽ ആണ് പോകുന്നത്. ഒരു ലിറ്ററിനു ഒന്നും രണ്ടും കിലൊമീറ്റർ കിട്ടുന്ന ഇത്തരം കാറുകളാണ് പെട്രോളും ഡീസലും കുടിച്ചു പറ്റിക്കുന്നത്. അവയാണ് ഒഴിവാക്കേണ്ടത്. 

ചരക്കു ഗതാഗതം ഇന്ന് പൂർണമായും നിരത്തിലൂടെ   ട്രക്കുകൾ വഴിയാണ് നടക്കുന്നത്.  വൻ  തോതിൽ ഇന്ധന൦  ഇതിനായി ഉപയോഗിക്കേണ്ടി വരുന്നു. ഇന്ധന ചെലവ് കുറഞ്ഞ റെയിൽ, ജല മാർഗങ്ങളായ  കടൽ,നദി എന്നിവ ചരക്കു നീക്കത്തിന് ഉപയോഗിക്കുകയാണെങ്കിൽ ഇന്ധന ഉപഭോഗം വളരെ കുറക്കാൻ കഴിയും.കൂടാതെ ജനങ്ങൾക്ക്‌ കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടുകയും ചെയ്യും.

പക്ഷെ ഇതൊക്കെ ചെയ്യാൻ UPA സർക്കാർ തയ്യാറാകുമോ എന്നതാണ് പ്രശ്നം. കാരണം കുത്തക മുതലാളിമാരുടെയും കള്ളപ്പണക്കാരുടെയും ചൂഷക വ്യവസായികളുടെയും ശക്തമായ എതിർപ്പുണ്ടാകും. അവർക്ക് വേണ്ടിയുള്ള സർക്കാർ ആകുമ്പോൾ അവർക്കെതിരെ എങ്ങിനെ പ്രവർത്തിക്കും? മറ്റൊരു കാര്യം. പൊതു തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. അവരെ എതിർത്താൽ തെരഞ്ഞെടുപ്പു ഫണ്ട് ശുഷ്കമാകും. 

No comments:

Post a Comment