Tuesday, September 10, 2013

Solar- KC JOSEPH


സോളാർ- നെല്ലും പതിരും എന്നുള്ള മന്ത്രി കെ.സി. ജോസഫിന്റെ ലേഖനം   മാതൃഭൂമി ദിന പത്രത്തിന്റെ  7.9.13-രണ്ടു ലക്കങ്ങളിൽ വന്നു.

സോളാർ കേസിലെ  "നെല്ലും പതിരും" തിരിക്കാനുള്ള മന്ത്രി കെ.സി.ജോസഫിൻറെ യജ്ഞം പ്രതീക്ഷിച്ചത് പോലെ പതിരിന്റെ പൊടി പടലം പരത്തി നെല്ല് മറയ്ക്കാനുള്ള ഒരു വിഫല  ശ്രമം ആയി. അപ്രസക്തമായ കാര്യങ്ങൾ വിശദീകരിക്കുകയും തങ്ങൾക്കു നേരെ ഉള്ള ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരിക്കുകയും പകരം പ്രതിപക്ഷ നേതാവിനും   മാർക്സിസ്റ്റ്‌ പാർടിക്കും എതിരെ ആരോപണം  ഉന്നയിക്കുകയും ചെയ്യുക എന്ന കോണ്‍ഗ്രസിൻറെ ചാനൽ വക്താക്കളുടെ സ്ഥിരം അധര വ്യായാമം അച്ചടി മഷി പുരണ്ടു വന്നു എന്നൊരു വ്യത്യാസം മാത്രം.രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത സാധാരണ ജനങ്ങൾക്ക്‌ സത്യാവസ്ഥ അറിയാനുള്ള അവകാശം ഉണ്ടെന്നുള്ള വസ്തുത മനസ്സിലാക്കാതെയാണ് ഇവരുടെ വൃഥാ പ്രകടനം.

യുക്തി രഹിതമായ കുറെ വാദങ്ങളാണ് മന്ത്രി നിരത്തുന്നത്. "സർക്കാരിന്റെ ഒരു പൈസ പോലും നഷ്ട്ടപ്പെട്ടില്ല" എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. എത്ര ബാലിശമാണ് ഈ വാദം? ബണ്ടി ചോറിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ പൈസ മോഷ്ട്ടിച്ചത് കൊണ്ടാണോ? ടോട്ടൽ ഫോർ യു വിലും അത് പോലുള്ള തട്ടിപ്പിലും കേസ് എടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും സർക്കാർ ഖജനാവിൽ നിന്നും പണം നഷ്ട്ടപ്പെട്ടത്‌ കൊണ്ടാണോ?

മുഖ്യ മന്ത്രിയുടെ സ്റ്റാഫിലെ മൂന്ന് അംഗങ്ങൾക്കെതിരെ ആരോപണം ഉയർന്നതിന് അവരെ സ്ഥാനങ്ങളിൽ നിന്നും നീക്കി എന്ന് പറയുന്നു.അത്  മാത്രം മതിയോ? അവർക്ക് ആ കുറ്റത്തിൽ എത്ര മാത്രം പങ്കുണ്ട്, എന്തൊക്കെയാണ് അവർക്ക് പങ്ക്,കൂടുതൽ സ്റ്റാഫിനു പങ്കുണ്ടോ എന്നുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണം എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും അറിയാം. അവിടെ മന്ത്രി മൌനം പാലിക്കുന്നു.

ആരും മുഖ്യ മന്ത്രിക്ക് എതിരെ  പരാമർശം ഒന്നും നടത്തിയിട്ടില്ല എന്നാണ് ശ്രീ ജോസഫിൻറെ  പ്രഖ്യാപനം. ഇത് സത്യ വിരുദ്ധമല്ലേ? ശ്രീധരൻ നായർ എന്ന വ്യക്തി, താൻ സരിതയോടൊപ്പം സെക്രട്ടേറി യറ്റിൽ പ്പോയി മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടെന്നും മുഖ്യ മന്ത്രി പ്രോത്സാഹിപ്പിച്ചത്  അനുസരിച്ചാണ് ലക്ഷങ്ങൾ സരിതയ്ക്ക് കൊടുത്തതെന്നും പറയുന്നത് ചാനലിൽ കേരളത്തിലെ ജനങ്ങൾ കണ്ടിട്ടുണ്ട്.ഇതേ കാര്യം സെക്ഷൻ 164 അനുസരിച്ച് മജിസ്ട്രേറ്റ് മുന്നാകെ നല്കിയിട്ടുണ്ട് എന്നും പറയുകയുണ്ടായി.

ടി.സി. മാത്യു എന്നൊരാൾ, സരിത (അന്ന് ലക്ഷ്മി നായർ) തന്നെ 1 കോടി രൂപ പറ്റിച്ചു എന്നും സരിതയ്ക്ക് മുഖ്യ മന്ത്രിയുമായി അടുപ്പമുള്ളത് കൊണ്ട് 2013 മാർച്ച് 30 ന് താൻ മുഖ്യ മന്ത്രിയുടെ വസതിയിൽ പോയി അദേഹത്തെ കണ്ട് ഇക്കാര്യം പറഞ്ഞു എന്നും TV ചാനലിൽ പറയുകയുണ്ടായി. ഇതെല്ലാം മുഖ്യ മന്ത്രിക്കെതിരെ ഉള്ള പരാമർശങ്ങൾ അല്ലേ?

മുഖ്യ മന്ത്രിയുടെ ഓഫീസിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കാൻ സി.പി.എം. നിർദേശിക്കുന്ന  വിദഗ്ദ്ധനെ വക്കാമെന്നു പറഞ്ഞു എന്ന് മന്ത്രി പറയുന്നു. കേസന്വേഷണം നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾ ആണോ?

ആരും ആകാശത്ത് നിന്നും അടർന്നു വീണവരല്ല എന്നും അവർക്ക് വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെന്നു൦ ഹൈകോടതി ജഡ്ജിമാരെക്കുറിച്ച് മന്ത്രി പറയുന്നുണ്ട്. ഭരണ ഘടന അനുസരിച്ച് സത്യ പ്രതിഞ്ജ എടുത്ത ഒരു മന്ത്രിയിൽ നിന്നും ഇത്തരം ഒരു പരാമർശം വരുന്നത് ശരിയാണോ എന്ന് ഭരണ ഘടനാ വിദഗ്ദ്ധർ പറയട്ടെ.

എന്താണ് നടന്നതെന്ന് ജനങ്ങൾക്ക്‌ ഏകദേശം അറിയാം. സത്യം എത്ര നാൾ മൂടി വയ്ക്കാൻ കഴിയും എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ. 


No comments:

Post a Comment