2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

വിതുര പെണ്‍കുട്ടി.

 ലൈംഗിക പീഡനത്തിനു ഇരയായ വിതുര പെണ്‍കുട്ടി കൂറ് മാറിയതായി കോടതി പ്രഖ്യാപിച്ചിരിക്കുന്നു. 

ആ പെണ്‍കുട്ടി ആരോടാണ് കൂറ് കാണിക്കേണ്ടത്?   മാസങ്ങളോളം  തന്നെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ച  കാമ വെറിയൻമാരോടോ ?  തന്നെ പലർക്കും കാഴ്ച വച്ച  നരാധമന്മാരോടോ ? അതോ  കുറെ വർഷമായി അന്വേഷണം എന്ന പേരിൽ പ്രതികളെ രക്ഷിക്കാൻ അവസരം ഒരുക്കിയ, തന്നെ മാനസികമായി പീഡിപ്പിച്ച പോലീസ് അന്വേഷകരോടോ? കേസ്‌ നീട്ടി ക്കൊണ്ടു പോയി നീതി നിഷേധിച്ച അധികാരികളോടോ? അതോ  തന്നെ കാഴ്ച വസ്തു പോലെ ആസ്വദിച്ച സമൂഹത്തിനോടോ?

കഴിഞ്ഞ 18 വർഷമായി ആ കുട്ടി മാനസിക പീഡനം അനുഭവിക്കുകയാണ്. കേസ് എങ്ങുമെത്തി യിട്ടില്ല. വിചാരണ തുടങ്ങുന്നതേ ഒള്ളൂ. അന്നത്തെ പീഡനാനുഭവങ്ങൾ ആ പാവം കുട്ടി മറന്നു തുടങ്ങുന്നു. അതിനും ഒരു ജീവിതം വേണ്ടേ? മുഖ്യ ധാരയിൽ നിന്നും സമൂഹം അവർക്ക് ഭ്രഷ്ട്ട് കൽപ്പിച്ചിരിക്കുകയാണ്. ഒരു സർക്കാർ ജോലി കിട്ടിയ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കഥ നമുക്കറിയാം. എല്ലാവരും അവരെ ഒറ്റപ്പെടുത്തുന്നു. അതെ അനുഭവം ആണ് വിതുര കുട്ടിക്കും സംഭവിക്കുന്നത്‌.. 

തന്നെ കേരളത്തിലും തമിഴ് നാട്ടിലും പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചു എന്ന് ആ കുട്ടി കോടതിയിൽ പറയുകയുണ്ടായി. അത് ചെയ്‌തവരെ മറന്നു പോയി എന്നും.ഇനി 18 വർഷത്തിനു ശേഷം  പേര് പറഞ്ഞിട്ടെന്തു കാര്യം? തെളിവുകളും മറ്റും തേച്ചു മാച്ചു കളഞ്ഞു കാണുമല്ലോ? പീഡനം നടത്തിയവരെല്ലാം മാന്യമായി സമൂഹത്തിൽ വിലസുന്നുണ്ടല്ലോ?  അടുത്തിടെ സുപ്രീം കോടതി പറയുകയുണ്ടായി ഇത്തരം കേസുകൾ തീർപ്പാക്കാൻ അതി വേഗ കോടതികൾ മാത്രം പോരാ, അതി വേഗ അന്വേഷണവും നിർബന്ധം ആക്കണമെന്നും അതിന് ക്രിമിനൽ പീനൽ കോഡ് ഭേദഗതി ചെയ്യണമെന്നും.

വീണ്ടും വീണ്ടും കോടതി വിളിച്ചപ്പോൾ അവർ ആത്മഹത്യ ചെയ്തു കളയും എന്ന് തന്നോട് പറഞ്ഞതായി സുഗതകുമാരി പറയുകയുണ്ടായി. ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിടുക. ജീവിക്കാൻ അനുവദിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ