Monday, September 2, 2013

Sky rocketing prices.

വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്.അരി, പല വ്യഞ്ജനം,  പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു.എരി തീയിൽ എണ്ണ എന്ന പോലെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും വീണ്ടും വീണ്ടും  വർധിപ്പിച്ചു കൊണ്ടേ ഇ രിക്കുന്നു. ഇതെവിടെ ചെന്ന് അവസാനിക്കും എന്നറിയാതെ പരിഭ്രാന്തരാണ് ജനങ്ങൾ. പാവങ്ങൾ പട്ടിണിയിലേക്കാണ് നീങ്ങുന്നത്‌.. ഓണ സദ്യ പോകട്ടെ നിത്യേന ഉള്ള കഞ്ഞി കുടി പോലും മുട്ടുന്ന അവസ്ഥയിലാണ് ജനം. 

 വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. രമേശ്‌ ചെന്നിത്തല മുഖ്യ മന്ത്രിക്കു ഒരു കത്തയച്ചു എന്നത് കൊണ്ടോ ഉമ്മൻ ചാണ്ടി എം.പി. മാർക്കും എം.എൽ. എ . മാർക്കും മറ്റൊരു കത്ത് അയച്ചു എന്നത് കൊണ്ടോ വിലക്കയറ്റത്തിനു ഒരു മാറ്റവും വരാൻ പോകുന്നില്ല. അതിനിടെ രണ്ടു മന്ത്രിമാർ പിലാത്തോസിനെപ്പോലെ കൈ കഴുകി ക്കഴിഞ്ഞു. ധന മന്ത്രി മാണി പറഞ്ഞു വിലക്കയറ്റം ഒരു ആഗോള പ്രതിഭാസം ആണെന്ന്. അങ്ങിനെ എങ്കിൽ ആഗോള കറൻസി ആയ ഡോളർ രൂപക്കെതിരെ ശക്തി പ്രാപിക്കുന്നതെങ്ങിനെ എന്ന് മന്ത്രി ഒന്ന് വിശദീകരിക്കുമോ? ഡോളറിന്റെ വില 70 രൂപ എത്താറായി. കേന്ദ്ര മന്ത്രി വയലാർ രവി ആകട്ടെ കേന്ദ്ര, കേരള സർക്കാരുകളെ കുറ്റ  വിമുക്തം ആക്കി യിരിക്കുകയാണ്.അപ്പോൾ ആരാണ് ഇതിനു ഉത്തരവാദികൾ? ജനങ്ങൾ ആണോ?

ഒന്നിനും സ്വയം പര്യാപ്തമല്ലാത്ത ഒരു കേരളത്തെ വാർത്തെടുത്ത ഭരണാധികാരികൾ ആണ് ഇതിനു ഉത്തരവാദികൾ. അവർ മാത്രമാണ്.ഉപ്പു തൊട്ട് കർപ്പൂരം വരെ എന്തിനും അന്യരെ ആശ്രയിക്കേണ്ടി വരുന്ന ഒരു സ്ഥിതി  വിശേഷത്തിൽ നമ്മളെ കൊണ്ടെത്തിച്ചത് അവരാണ്. അതാണ് വിലക്കയറ്റത്തിന്  കാരണം. കൃഷി ഭൂമി മുഴുവൻ നികത്തി മണി മാളികകളും മാളുകളും ഇവർ കെട്ടിപ്പോക്കി. വനം മുഴുവൻ വെട്ടി ത്തെളിച്ചു റിസോർട്ടുകളും കോണ്‍ക്രീറ്റ് മന്ദിരങ്ങളും  നിർമ്മിച്ചു. അങ്ങിനെ കോടികൾ ഉണ്ടാക്കി.

പ്ലാനിംഗ് കമ്മീഷൻ വൈസ് ചെയർമാൻ അലുവാലിയ ഒരിക്കൽ കേരളക്കാരെ ഉപദേശിച്ചല്ലോ നെൽ കൃഷി നിറുത്തണം എന്ന്. ഒരു നേര൦ പോലും അരിയാഹാരം കഴിക്കാൻ ഇവർ സമ്മതിക്കില്ല.

ഇത്തരം അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ആക്രമണത്തെ അതിജീവിച്ച് ഇപ്പോഴും കൃഷി ചെയ്യുന്നവർ കേരളത്തിൽ ഉണ്ട്.അവരെ തുച്ഛമായ പണം നൽകി ഇട നിലക്കാർ ചൂഷണം ചെയ്യുന്നു. അതിനൊരറുതി  വരുത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മാന്യമായ വില കൊടുത്തു ഉൽപന്നങ്ങൾ വാങ്ങി ജനങ്ങൾക്ക് എന്ത് കൊണ്ടു വിതരണം ചെയ്യുന്നില്ല? ഇട നിലക്കാരെ പൂർണമായും ഒഴിവാക്കു ന്നത് കൊണ്ട് കർഷകർക്കും ജനങ്ങൾക്കും  ഇത് പ്രയോജന കരമായിരിക്കും. 

ഇങ്ങിനെ ധാരാളം കാര്യങ്ങൾ വിലക്കയറ്റം തടയാൻ ചെയ്യാൻ കഴിയും. പക്ഷെ അതിനു ആത്മാർഥതയും ജനങ്ങളോടെ പ്രതിബദ്ധതയും ഉണ്ടാകണം.അതാണ്‌ ഭരണാധികാരികൾക്ക് ഇല്ലാതെ പോയതും.

No comments:

Post a Comment