2013, നവംബർ 21, വ്യാഴാഴ്‌ച

ഗാഡ്ഗിൽ-കസ്തൂരി രംഗൻ

പശ്ചിമ ഘട്ട മല നിരകൾ കേരളത്തിന്റെ അക്ഷയ ഖനി ആണ്. വടക്ക് താപ്തി നദി മുതൽ തെക്ക് കന്യാകുമാരി വരെഅറബിക്കടലിനു സമാന്തരമായി മഹാരാഷ്ട്ര,ഗുജറാത്ത്,ഗോവ,കർണാടക,തമിഴ്നാട്, കേരളം, എന്നീ ആറ് സംസ്ഥാനങ്ങളിലായി  കിടക്കുന്ന 1500 കിലോമീറ്റർ ദൈർഘ്യമുള്ള സഹ്യാദ്രി ജൈവ വൈവിധ്യങ്ങളുടെ കലവറ ആണ്.ലോകത്തിലെ ജൈവ വൈവിധ്യ സമ്പന്നമായ 35 സ്ഥാനങ്ങളിൽ ഒന്നായ പശ്ചിമ ഘട്ടം അതിലെ 8 അപൂർവ സ്ഥാനങ്ങളിൽ ( ഹോട്ടസ്റ്റ് ഹോട്ട് സ്പോട്ട്) ഒന്നായും കണക്കാക്കപ്പെടുന്നു എന്നത് അതിൻറെ പ്രാധാന്യം വർദ്ധി പ്പിക്കുന്നു. ദക്ഷിണേൻഡ്യയിലെ ജല സ്രോതസ്സ് ആണിത്‌. അറബിക്കടലിൽ നിന്നും ഉയർന്നു വരുന്ന നീരാവി തടഞ്ഞു നിർത്തി കേരളത്തിൽ ധാരാളം മഴ തരുന്നത് ഈ പാർവത നിരകൾ ആണ്.ഇത്രയും വൈവിധ്യം ഉള്ള സസ്യ-ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം മറ്റൊന്നില്ല.രാജ്യത്തെ മൊത്തം പൂവിടുന്ന ചെടികളിൽ 4000 ഇനങ്ങൾ (27%), 645 നിത്യ ഹരിത വൃക്ഷങ്ങൾ (56%) 1000 ഇനം പായലുകൾ, 350 ഇനം ഉറുമ്പുകൾ, 330 തരം  ചിത്ര ശലഭങ്ങൾ,174 ഇനം തുമ്പികൾ,269 തരം ഒച്ചുകൾ, 120 തരം  ഉരഗങ്ങൾ. 500  ലേറെ ഇനം പക്ഷികൾ, 140 തരം  സസ്തനികൾ  അങ്ങിനെ പശ്ചിമ ഘട്ടം ജൈവ വൈവിധ്യം കൊണ്ട് സമൃദ്ധവും സമ്പന്നവും ആണ്. കേരളത്തിൽ 44 നദികൾ, കൃഷ്ണ,ഗോദാവരി,കാവേരി എന്നിവയും പശ്ചിമ ഘട്ട മല നിരകളിൽ നിന്നും ഉത്ഭവിക്കുന്നവ ആണ്.കാലാവസ്ഥ,മഴ,താപനില എന്നിവ നിയന്ത്രിക്കുന്നതിൽ ഇത്   പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിലെ  ജന ജീവിതത്തെ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥ ആണ് പശ്ചിമ ഘട്ടം.

ആർത്തി പൂണ്ട മനുഷ്യന്റെ നിരന്തരമായ ആക്രമണവും ചൂഷണവും നിമിത്തം പശ്ചിമ ഘട്ട മല നിരകൾ നശിച്ചു കൊണ്ടിരിക്കുന്നു. വന നശീകരണം, പാറ ഘനനം, കുന്നിടിക്കൽ, വയൽ  നികത്തൽ തുടങ്ങിയ പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങൾക്ക് അറുതി വരുത്താനും പശ്ചിമ ഘട്ട മല നിരകളെ സംരക്ഷിക്കാനും ഉള്ള മാർഗങ്ങൾ കണ്ടു പിടിക്കാനുമാണ് പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി രൂപീകരിച്ചതും അദ്ദേഹം റിപ്പോർട്ട്‌ സമർപ്പിച്ചതും.

വ്യക്തവും,കൃത്യവും ആയ പഠനങ്ങൾ നടത്തി ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട്‌ പശ്ചിമ ഘട്ടത്തിലെ അനിയന്ത്രിത പ്രകൃതി നശീകരണം നിയന്ത്രിക്കാനും, ഈ പ്രദേശത്തെ പരിരക്ഷിക്കാനും, പുനരുജ്ജീവിപ്പിക്കാനും  ഉള്ള  ശുപാർശകൾ ആണ് ഉൾക്കൊള്ളുന്നത്.പശ്ചിമ ഘട്ടത്തെ ആകെ പരിസ്ഥിതി ലോല മേഖല (ESA) ആയി നിർദേശിച്ചിട്ടുണ്ട്. അതിനെ  പാരിസ്ഥിതിക ലോല തീവ്രത അനുസരിച്ച് ESZ I, ESZ 2, ESZ 3 എന്ന് മൂന്ന് സോണുകൾ ആയി തിരിച്ച് ഓരോയിടങ്ങളെയും എങ്ങിനെ സംരക്ഷിക്കണം എന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ജനിതക മാറ്റം വരുത്തിയ വിളകൾ പാടില്ല,  വന ഭൂമി കൃഷി ഭൂമി ആക്കാൻ പാടില്ല, തണ്ണീർ തടങ്ങളും ചതുപ്പ് നിലങ്ങളും നികത്താൻ പാടില്ല, വൻ കിട ഖനനം പാടില്ല തുടങ്ങി വന സംരക്ഷണത്തിന് ആവശ്യമായ നിർദേശങ്ങൾ മാത്രം ആണ് നൽകിയിരിക്കുന്നത്. സോണ്‍ 3 ൽ എത്തുമ്പോൾ നിയന്ത്രണം കുറഞ്ഞു വരും. അങ്ങിനെ പശ്ചിമ ഘട്ടത്തെ ഒന്നാകെ  സംരക്ഷിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ ആണ്   ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. ഗ്രാമ സഭയുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോട്  വേണം ഇതിനു അന്തിമ രൂപം നൽകേണ്ടത് എന്നും ഗാഡ്ഗിൽ പറയുന്നുണ്ട്.

ഏറെ നാൾ കോൾഡ് സ്റ്റോറെജിൽ വച്ച  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഉടൻ തന്നെ തൽപ്പര കക്ഷികൾ അതിനെതിരെ പ്രചരണം തുടങ്ങി. കേരളത്തിൽ ആണ്  പ്രതിഷേധം ഉയർന്നത്.


 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്  എങ്ങിനെ നടപ്പാക്കാം എന്നുള്ള   നിർദ്ദേശങ്ങൾ  നൽകാനാണ്   കസ്തുരി രംഗൻ   കമ്മിറ്റിയെ നിയമിച്ചത്.   പക്ഷെ  കസ്തുരി രംഗൻ ആകട്ടെ  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി ഒരു പുതിയ റിപ്പോർട്ട്‌ തന്നെ  കൊണ്ടു വന്നു.  അത് വളരെ അപകടകരവും പശ്ചിമഘട്ടത്തിനാകെ നാശം വിതക്കുന്ന ശുപാർശകൾ അടങ്ങിയതും ആണ്.  1,64,000 ച.കിലോമീറ്റർ വിസ്തൃതിയുള്ള പശ്ചിമ ഘട്ടത്തെ വിഭജിച്ച്‌ 37% മാത്രം പരിസ്ഥിതി ലോല പ്രദേശമാക്കുകയും ബാക്കി 63% പ്രദേശത്ത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വിടുകയും ചെയ്തു.   പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വച്ച നിയന്ത്രണങ്ങളും വിചിത്രമാണ്.  2,15,000 ച.അടി വിസ്തൃതി ഉള്ള കെട്ടിടങ്ങൾ ഇവിടെ ആകാം എന്നാണു പറയുന്നത്. ( 2000 ച. അടി യാണ് നമ്മുടെ സാമാന്യം വലിയ വീട്. അതിൻറെ നൂറിരട്ടി വലുപ്പം. അതായത് ഹോട്ടലുകാർക്കും റിസോർട്ടുകാർക്കും വേണ്ടി). ഇങ്ങിനെ വെള്ളം ചേർത്ത റിപ്പോർട്ട്‌ ആണ് കസ്തുരി രംഗൻ റിപ്പോർട്ട്‌. വനം കൊള്ളക്കാരുടെ സമ്മർദത്തിൽ കേന്ദ്ര പരിസ്ഥിതി,വനം മന്ത്രാലയം ഗാട്ഗിൽ റിപ്പോർട്ട്‌ തള്ളുകയും കസ്തുരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാൻ ഉത്തരവിറക്കുകയും ചെയ്തു.

ഇത് പോലും സ്വീകരിക്കാൻ നമ്മുടെ നാട്ടിലെ മാഫിയകൾ തയ്യാറല്ല. ക്രിസ്തീയ സഭകളുടെയും കേരള കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ ഈ റിപ്പോർട്ട്‌ പിൻ  വലിപ്പിക്കാനുള്ള സമരങ്ങൾ  നടക്കുകയാണ്.  ഇടതു മുന്നണിയും സമരത്തിൽ ഇറങ്ങിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പൊട്ടും എന്ന് മുറ വിളി കൂട്ടി രണ്ടു വർഷം മുൻപ് ജനങ്ങളുടെ ഉറക്കം കെടുത്തിയ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ ഉണ്ടായ സമരം പോലെ ജനങ്ങളെ തെരുവിൽ ഇറക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികളും ക്രിസ്ത്യൻ പള്ളികളും.(മുല്ലപ്പെരിയാർ അണക്കെട്ടിനെ പറ്റി എല്ലാവരും ഇന്നു മറന്നു കഴിഞ്ഞു.)  അത് പോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഈ സമരവും. ഈ റിപ്പോർട്ട്‌ വരുന്നതോടു കൂടി ജനങ്ങളെയാകെ കുടിയൊഴിപ്പിക്കും എന്ന പ്രചരണം  ആണ് നേതാക്കൾ നടത്തുന്നത്. എന്താണ് സത്യം? വനം  കൊള്ള , ഘനനം,  പാറ പൊട്ടിപ്പ്, മണൽ  വാരൽ  തുടങ്ങിയ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരെ മാത്രമേ ഈ റിപ്പോർട്ട് ബാധിക്കുകയുള്ളൂ. ശക്തരായ  അവരാണ് ഈ സമരത്തിന്‌ പുറകിൽ.  വനം മുഴുവൻ വെട്ടിനിരപ്പാക്കുകയാണ് അവർക്ക് വേണ്ടത്. അതിനു അനുകൂലമായുള്ള നിലപാടാണ് ഇടതു മുന്നണിയും കോണ്‍ഗ്രസ്സും യു.ഡി.എഫും. എടുക്കുന്നത്. ഈ രാഷ്ട്രീയ പാർട്ടികളുടെയും  സഭയുടെയും കാപട്യം തുറന്നു കാണിക്കാൻ ഉള്ള ഉത്തരവാദിത്വം മുഖ്യ ധാര പാർട്ടി ആയ ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. കോണ്‍ഗ്രസ് സർക്കാർ ഈ റിപ്പോർട്ടും വെള്ളം ചേർക്കാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ പ്രത്യേകിച്ചും.    ആദിവാസികൾ ഉൾപ്പടെയുള്ള ഭൂരിപക്ഷം ജനങ്ങളും  ഈ റിപ്പോർട്ട് നടപ്പിലാക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ്. കാരണം പശ്ചിമ ഘട്ടം നില നിൽക്കേണ്ടത് അവരുടെ ആവശ്യമാണ്‌. ഇന്നേക്ക് വേണ്ടിയും  ഭാവി തലമുറയ്ക്ക് വേണ്ടിയും. സംഘടിത ശക്തി കൊണ്ട് ന്യൂന പക്ഷം ഭൂരി പക്ഷത്തെ അമർച്ച ചെയ്യാതിരിക്കാൻ വേണ്ടി  അവർക്ക് നേതൃത്വം നൽകാൻ ദേശ സ്നേഹികൾ മുന്നോട്ടു വരേണ്ടത് കാലത്തിന്റെ ആവശ്യമാണ്‌. 

4 അഭിപ്രായങ്ങൾ:

  1. ഇവിടെ ഭൂരിപക്ഷവും ന്യുനപക്ഷവും പണം ഉള്ളവനും ഇല്ലാത്തവനും ആണ് അങ്ങിനെ നോക്കുമ്പോൾ ന്യുനപക്ഷം ആണ് ഭൂരിപക്ഷം അവിടെ മതത്തിനു സ്ഥാനമില്ല

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവരും നമ്മെ ചൂഷണം ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഇതിൽ നിന്നും നാം മോചിതരാകണ്ടേ?

    മറുപടിഇല്ലാതാക്കൂ
  3. കേരളത്തിലെ മലയോര മേഖലകളിലെ ആളുകളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നല്ല ഗാഡ്‌ഗില്‍/കസ്തുരിരംഗന്‍ റിപ്പോര്‍ട്ട്‌ .രണ്ടു റിപ്പോര്‍ട്ടും മലയോര മേഖലയുടെ നന്മക്കായി ഉണ്ടാക്കിയതാണ് .ഗാഡ്‌ഗില്‍/കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്താരാഖണ്ഡിലെ വെള്ളപ്പൊക്കവും , ഇടുക്കിയിലെ ഉരുൾപൊട്ടൽ ദുരന്തങ്ങളില്‍ നിന്ന് പഠിക്കാത്തവരാണ്.
    കേരളത്തിന്റെ ജലസമൃദ്ധിയും,കാര്‍ഷിക സമൃദ്ധിയും, കാലാവസ്ഥയും സഹ്യപര്‍വത നിരകളുടെ സംഭാവനയാണ്. ഇത് മൂന്നും നഷടപെട്ടാൽ തകരുന്നത് കേരളം തന്നെയാണ് .
    കേരള വിനോദ സഞ്ചാരം പ്രധാനമായും പ്രകൃതി ഭംഗിയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു .... അത് നഷടപെട്ടാൽ പിന്നെ ഇങ്ങോട്ട് ആരും വരികയില്ല . എല്ലാ പ്രധാന നദികളുടെയും തുടക്കം പശ്ചിമഘട്ടത്തിൽ നിന്നാണ് . പശ്ചിമഘട്ട സംരക്ഷണം കേരളത്തിന്റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇത് മനസിലാക്കാനുള്ള പാരിസ്ഥിതിക സാക്ഷരത ഇവിടെ ഭൂരിഭാഗം പേര്‍ക്കും ഇല്ല.
    സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കിയാല്‍ മാത്രമേ സാധാരണ ജനത്തിനു മനസിലാകുകയുള്ളു .സ്ഥാപിത താല്പര്യക്കാര്‍ (കാട്ടുകള്ളന്മാര്‍ കയ്യേറ്റക്കാര്‍, മാഫിയകള്‍) റിപ്പോര്‍ട്ടുകള്‍ തെറ്റിധരിപ്പിക്കുന്നതു തടയാന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ള യുക്തമായ
    വിവരണവും നല്കുക.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയ ശേഷം മാത്രം അടുത്തപടിയായി മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുക.മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ വളരെ വിദഗ്ദ്ധമായി അട്ടിമറിക്കപ്പെട്ടു എന്നതാണ് സത്യം.മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും...

    മറുപടിഇല്ലാതാക്കൂ
  4. 'കാട്ടു കള്ളന്മാർ,കയ്യേറ്റക്കാർ', മണൽ, ക്വാറി,ഘനന മാഫിയകൾ എന്നിവർക്കെതിരെ ശക്തമായ ഒരു പോരാട്ടം നടത്തേണ്ട പൂർണ ഉത്തരവാദിത്വം യുവ തലമുറക്കാണ്. ഇപ്പോഴുള്ള ഭരണക്കാർ എല്ലാം തൊണ്ണൂറും പത്തും കഴിഞ്ഞ കടൽക്കിഴവന്മാർ ആണ്. അവരെ ഒഴിവാക്കി ഭൂമിയെ സംരക്ഷിക്കേണ്ടത് ചെറുപ്പക്കാരാണ്. അതിന് തയ്യാറെടുക്കാം. ഇതിനിടയിൽ വിശ്വാസികളുടെ ദൈവ വിശ്വാസത്തെ ചൂഷണം ചെയ്തു കൊണ്ട്, പള്ളിയുടെ അധികാരത്തിനു മുൻപിൽ അവരുടെ നിസ്സഹായത മുതലെടുത്ത്‌ കൊണ്ട് ചില പള്ളീലച്ചന്മാരും പ്രകൃതി സംരക്ഷണത്തിന് എതിരെ രംഗത്തുണ്ട്. മതത്തിന്റെ മണം ഉള്ളത് കൊണ്ട് എല്ലാവരും അവരെ പേടിക്കുന്നു. അവരെ ജനത്തിന് മുൻപിൽ ഈ കള്ള നാണയങ്ങളെ തുറന്നു കാട്ടേണ്ടതും നമ്മുടെ കടമ ആണ്.

    നന്ദി ജോമി.

    മറുപടിഇല്ലാതാക്കൂ