2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

സെക്സ് ടൂറിസം

വികലമായ സങ്കൽപ്പങ്ങൾ കൊണ്ട് വികൃതമാക്കിയ വിനോദ സഞ്ചാര നയമാണ് കേരളത്തിന്റേത്. കാലങ്ങളായി തുടർന്നു കൊണ്ടിരിയ്ക്കുന്ന  ഈ  നയം മൂലം നാടിൻറെ മുഖഛായയും വിരൂപമായിരിയ്ക്കുന്നു.  ടൂറിസം എന്ന പേരിൽ നടക്കുന്ന അഭാസം കൊണ്ട് കേരളം നാശോന്മുഖമായി ക്കൊണ്ടിരിയ്ക്കുകയാണ്.  നമ്മുടെ തനതായ  സംസ്കാരവും പൈതൃകവും വിദേശികൾക്ക് കാട്ടിക്കൊടുത്ത് അഭിമാനം കൊള്ളുന്നതിന് പകരം കൂട്ടിക്കൊടുത്ത് കാശുണ്ടാക്കുന്നതാണ്   ടൂറിസം എന്ന് ധരിച്ചിരിക്കുന്ന  കുറെ ഭരണാധികാരികൾ ആണ് നമ്മുടെ  നാടിൻറെ   നാശത്തിന് വിത്തു വിതയ്ക്കുന്നവർ. 

'ദൈവത്തിൻറെ സ്വന്തം നാട്' എന്ന ന്യൂസിലണ്ടിൽ നിന്നോ മറ്റോ  കടം കൊണ്ട പ്രയോഗവുമായി വിനോദ സഞ്ചാരം വികസിപ്പിയ്ക്കാൻ ഇറങ്ങിയിരിയ്ക്കുന്ന നാടൻ ധ്വരകൾക്ക് ടൂറിസത്തിന്റെ ബാല പാഠങ്ങൾ പോലും അറിയില്ല എന്നതാണ് സത്യം. വിനോദ സഞ്ചാരികൾക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളും മദ്യവും മദിരാക്ഷിയും ആണ് വേണ്ടത് എന്ന് ധരിച്ചു വശായിരിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ എക്കാലത്തും കേരളത്തിൽ ഭരണത്തിൽ വരുന്നതാണ് നമ്മുടെ ശാപം. മദ്യ നിരോധനം ടൂറിസത്തെ ബാധിയ്ക്കും എന്ന്    മദ്യ വിൽപ്പനയിലൂടെ കാശുണ്ടാക്കുന്നവരും അതിന്റെ വിഹിതം പറ്റുന്നവരും പറയുന്നത്   നമ്മുടെ ടൂറിസം മന്ത്രിയും  ഏറ്റു പറയുന്നുണ്ടല്ലോ. എന്ത് വിഡ്ഢിത്തം ആണിത്? മദ്യം കഴിക്കാനാണോ സഞ്ചാരികൾ കടല് താണ്ടി  കേരളത്തിൽ വരുന്നത്?  അതും സ്കോച്ചിൻറെയും, കൊണ്യാക്കിന്റെയും, ഷാമ്പൈനിന്റെയും,വോഡ്‌ക യുടെയും നാട്ടിൽ നിന്നും?   കഞ്ചാവും ചരസ്സും ഉപയോഗിയ്ക്കുന്ന എത്രയോ  സഞ്ചാരികൾക്ക് ഉണ്ട്. അവർക്ക് വേണ്ടി അവയും കൊടുക്കാൻ പറയുമോ ഇവർ ? നമ്മുടെ   മന്ത്രിമാരും  എം.എൽ.എ. മാരും  പലരും  സർക്കാർ ഖജനാവിൽ നിന്നും എടുത്ത പണം കൊണ്ട് വിദേശ രാജ്യങ്ങൾ പലതും സന്ദർശിച്ചിട്ടുള്ളവരാണ്. പക്ഷേ കാഴ്ച കാണൽ ഒന്നും അല്ല ഇവരുടെ ഉദ്ദേശം. പണം കൊണ്ട് വാങ്ങാൻ കഴിയുന്ന   മറ്റു പലതും ആസ്വദി ച്ച് സുഖിയ്ക്കുക   എന്നുള്ളത്   മാത്രമാണ് ഇവരുടെ   ലക്ഷ്യം. അതാണ്‌ ടൂറിസം എന്നാണു ഇവർ വിചാരിച്ചിരിയ്ക്കുന്നത്.   കേരളത്തിൽ എത്തുന്ന സഞ്ചാരികൾക്കും തങ്ങളുടേത്  പോലുള്ള  ആസ്വാദനശേഷിയും   മാനസിക നിലവാരവും  ആണ്  എന്ന   തെറ്റി  ധാരണ ആണ് ഇവർക്കുള്ളത്.

പഞ്ച നക്ഷത്ര ടൂറിസത്തിന്റെ വക്താക്കൾ ആയി  ഇവർ മാറുന്നതിന് അറിവില്ലായ്മ   അല്ലാതെ  മറ്റൊരു കാരണം കൂടിയുണ്ട്. പഞ്ച നക്ഷത്ര സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനു കൂട്ട് നിൽക്കുന്നതിനു കിട്ടുന്ന പ്രതിഫലം ആണത്. യാതൊരു ദീർഘ വീക്ഷണവും ഇല്ലാതെ പ്രകൃതിയെയും നാടിനെയും നശിപ്പിച്ചാണ് ഇത്തരം സൌകര്യങ്ങൾ ഒരുക്കുന്നത്. വനം കയ്യേറിയും, കാട് വെട്ടിത്തെളിച്ചും, കായലും പുഴകളും കയ്യേറിയും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് എല്ലാ നിയമങ്ങളും ലംഘിച്ചു ഇവർ അനുവാദം കൊടുക്കുകയും കൂട്ടു നിൽക്കുകയും ചെയ്യുന്നു. മൂന്നാർ, വയനാട്, കോവളം എന്നിവിടങ്ങളിലെല്ലാം ടൂറിസത്തിന്റെ പേരിൽ ഭൂമി കയ്യേറ്റം, കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന കായൽ, കടൽ, പുഴ കയ്യേറ്റങ്ങൾ എന്നിവയെല്ലാം അധികാര വർഗം നിയമ വിരുദ്ധ മാർഗങ്ങൾ നടത്തുന്നു എന്നുള്ളതിന് തെളിവാണ്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിയ്കാനുള്ള  നടപടിയ്ക്ക്  മുതിർന്നപ്പോൾ ഭരണ, പ്രതിപക്ഷ  ഭേദമന്യേ നേതാക്കൾ എല്ലാവരും കൂട്ടായി അതിനെ എതിർത്തത് നമ്മൾ കണ്ടതാണല്ലോ. 

ആറന്മുള വിമാനത്താവളത്തിന്റെ കാര്യവും  നമുക്കറിയാമല്ലോ. ഏക്കർ കണക്കിന് നെൽവയലുകളും തോടും കുളങ്ങളും നികത്തി ആണ്  വിമാനത്താവളം ഉണ്ടാക്കാൻ തുടങ്ങിയത്. ജനങ്ങൾ ഒന്നടങ്കം എതിർത്ത് 
 വിമാനത്താവളം നടക്കില്ല എന്ന് വന്നപ്പോൾ അതിനെ സർക്കാരിന്റെ ഭാഗമാക്കി രക്ഷിക്കാനായിആ സ്വകാര്യ സംരംഭത്തിന്റെ  പത്തു ശതമാനം ഓഹരി എടുത്ത സർക്കാർ  ആണ് നമുക്കുള്ളത്. നികത്തിയ വയൽ പഴയ പടി ആക്കി കൃഷി യോഗ്യമാക്കാൻ ഹൈ ക്കോടതി ഉത്തരവിട്ടപ്പോഴും മുഖ്യ മന്ത്രിയുടെ  വിമാനത്താവള പ്രേമം അവസാനിച്ചില്ല. ഇനിയും അവർ പുതിയ പ്രോപോസലും ആയി വന്നാൽ ഇനിയും അനുമതി കൊടുക്കുംഎന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്. കേരളത്തിലെ വയലും തണ്ണീർ ത്തടങ്ങളും നികത്താൻ സ്വകാര്യ വ്യക്തികളെ അനുവദിയ്ക്കുന്ന നിയമം കൊണ്ടു വന്നു കഴിഞ്ഞു.  നാടിൻറെ ജീവ നാഡിയായ പശ്ചിമ ഘട്ടത്തെ രക്ഷിക്കാനുള്ള ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുത് എന്ന് മുറവിളി കൂട്ടിയ സർക്കാർ ആണ് നമ്മുടേത്‌. ഗാഡ്ഗിലിൽ വെള്ളം ചേർത്ത് നേർപ്പിച്ച  കസ്തുരി രംഗൻ റിപ്പോർട്ട് പോലും നടപ്പാക്കാതിരിയ്ക്കാൻ  ശ്രമിച്ചതാണ് നമ്മുടെ  സർക്കാർ. 

കടലോരവും കായലോരവും കൈയ്യേറി, തീര ദേശ നിയമങ്ങളെയും മറ്റ് പരിസ്ഥിതി നിയമങ്ങളെയും കാറ്റിൽ പറത്തി, രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും ഒത്താശയോടെ റിസോർട്ടുകൾ പണിതുയർത്തിയിരിക്കുകയാണ്   കുത്തക മുതലാളിമാർ.  പ്രകൃതിയെയും ഭൂമിയെയും, ജനങ്ങളെയും രക്ഷിക്കാനായി ഇത്തരം അനധികൃത കെട്ടിടങ്ങൾ ഇടിച്ചു കളയണം എന്ന  സുപ്രീം കോടതി വിധിക്കെതിരെ, റിസോർട്ട് ഉടമകൾക്ക് സപ്പോർട്ടും ആയി   ആദ്യം വന്നത്   കക്ഷി രാഷ്ട്രീയ ഭേദമെന്യേ       നമ്മുടെ എം.എൽ .എ. മാർ ആയിരുന്നു എന്നത് കുത്തക മുതലാളിമാർക്ക്  രാഷ്ട്രീയക്കാർ   എത്ര കണ്ട് അടിമപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.

ഇപ്പോഴിതാ കരയിൽനിന്നും ഇറങ്ങി  ടൂറിസം എന്ന പേരിൽ കായലും നശിപ്പിയ്ക്കാൻ തുടങ്ങുകയാണ്  സർക്കാർ. ജലാശയ ടൂറിസം പരമാവധി മുതലെടുക്കാനായി  കേരള ടൂറിസം വകുപ്പ് വലിയൊരു പരസ്യ കാമ്പൈൻ തുടങ്ങുകയാണ്. റ്റ്വിറ്റ റിലും മറ്റു മീഡിയകളിലും പരസ്യം തുടങ്ങി കഴിഞ്ഞു.  "ഗ്രേറ്റ് ബാക്ക് വാട്ടർ"എന്നാണ്  നാമകരണം ചെയ്തിരിയ്ക്കുന്നത്. നമ്മുടെ സർക്കാരിന്  ഒരു വിഷൻ ഇല്ല എന്ന് ഇത്രയും കാലത്തെ പ്രവൃത്തികളിൽ നിന്നും  തെളിഞ്ഞു കഴിഞ്ഞു.  അതിനാൽ    കായലിൽ കൂടിയുള്ള ഹൌസ് ബോട്ടുകളിലെ സഞ്ചാരം മാത്രം   ആയിരിക്കും ഈ ജലാശയ ടൂറിസം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്  എന്നത് തർക്കമറ്റ കാര്യമാണ്.  കൂടുതൽ കൂടുതൽ ആഡംബര  ഹൗസ്  ബോട്ടുകൾ  ഇറക്കുക ആയിരിക്കും ഫലം.  നശിച്ചു കൊണ്ടിരിയ്ക്കുന്ന  ജലാശയങ്ങളെയും ജല സ്രോതസ്സുകളെയും ഇത്  പൂർണമായും നശിപ്പിക്കും എന്നുള്ളത് തീർച്ചയാണ്.

 കേരളത്തിലെ ജലാശയങ്ങളെ  വൻതോതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഹൗസ് ബോട്ടുകൾ.  ജല ടൂറിസത്തിന്റെ പ്രധാന ഘടകം  ആയി മാറിയിരിക്കുകയാണ് ഇന്ന് ഹൗസ്ബോട്ട്. ഭീമാകാരങ്ങൾ ആണീ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഹൗസ് ബോട്ടുകൾ. 100 അടിയോളം നീളവും 20 അടിയോളം വീതിയുമുള്ളവ.  24 മണിക്കൂറും പ്രവർത്തിക്കുന്ന  വലിയ ജെനറെറ്ററുകൾ ഉപയോഗിച്ച്  എയർ കണ്ടീഷൻ ചെയ്ത കിടപ്പ് മുറികളും, ഡ്രായിംഗ് റൂമുകൾ, ഡൈനിങ്ങ്‌ റൂമുകൾ,കുളിമുറികൾ തുടങ്ങി പഞ്ച നക്ഷത്ര സൌകര്യങ്ങൾ ആണ് ഈ ഹൗസ് ബോട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. ഇത്തരം 3000 ത്തിൽ അധികം ബോട്ടുകൾ ആണ്, വേമ്പനാട്, ശാസ്താംകോട്ട, അഷ്ട്ടമുടി എന്നീ ജലാശയങ്ങളിൽ നാശം വിതച്ചു കൊണ്ട് സഞ്ചരിക്കുന്നത്. ഇവയിൽ നിന്നും ഒഴുകിയിറങ്ങുന്ന ഡീസലും, ഓയിലും ജലത്തിൽ കലരുന്നു. ജല ജീവജാലങ്ങൾക്ക് ഭീഷണി ആകുന്നു.  മലിനീകരണ നിയന്ത്രണ ബോർഡിൻറെ നിയന്ത്രണങ്ങൾ ഒന്നും ഇവയ്ക്കില്ല. പലതിനും ലൈസൻസ് പോലുമില്ല. എത്ര ബോട്ടുകൾ ഉണ്ടെന്ന് ടൂറിസം വകുപ്പിന് പോലും അറിയില്ല. ആയിരത്തോളം ഉണ്ടെന്നേ അവരും പറയുന്നുള്ളൂ.  കൃത്യമായ കണക്കില്ല. മനുഷ്യ വിസർജ്യങ്ങളും, ഭക്ഷ്യാവശിഷ്ടങ്ങളും   ബോട്ടിൽ നിന്നും നേരിട്ട് കായലിലെക്കാണ് തള്ളുന്നത്. 2012 ൽ നടത്തിയ ഒരു പഠനമനുസരിച്ച്  ദിവസേന 25000 ലിറ്റർ മലിന ജലം ആണ് ഈ ബോട്ടുകൾ വേമ്പനാട്കായലിലേയ്ക്ക് ഒഴുക്കുന്നത്.  ഇവയെല്ലാം കായലുകളെയും നദികളെയും വൻ തോതിൽ മലീമസം ആക്കുന്നു.  കായലിൽ തള്ളുന്ന   മലിന ജലത്തിൻറെ അളവ് കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു. മനുഷ്യ വിസർജ്യത്തിൽ നിന്നും ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയ  ഇവിടങ്ങളിലെ ജലത്തിൽ വളരെ കൂടിയ  തോതിൽ കാണുന്നുണ്ട് എന്നും പല ഏജൻസികളും  നടത്തിയ പഠനങ്ങളിൽ എല്ലാം തെളിഞ്ഞിട്ടുണ്ട്.  

ഹൗസ് ബോട്ടുകൾ ഈ ജലാശയങ്ങളിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. മത്സ്യ സമ്പത്ത് ഇവിടങ്ങളിൽ വളരെ കുറവായി കാണുന്നു. കൂടാതെ കുളിക്കാനും കുടിക്കാനും മറ്റു ജീവിതാവശ്യങ്ങൾക്കുമായി ഈ ജലാശയങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു തീര  ദേശ വാസികളായ  ജനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. പക്ഷേ ഈ കായലുകളെയും ജല സമ്പത്തിനെയും മനുഷ്യ രാശിയെയും സംരക്ഷിയ്ക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് ദുഃഖ കരം ആണ്.ടൂറിസ്റ്റുകളുടെ കാശ് റിസോർട്ട് ഉടമകൾ കൈക്കലാക്കുമ്പോൾ സായിപ്പിൻറെ  വിസർജ്യമാണ് തദ്ദേശ വാസികൾക്ക് സമ്മാനമായി കിട്ടുന്നത്.

ഹൗസ്  ബോട്ടുകൾ മറ്റു രീതിയിലും സമൂഹത്തിന്  അപകടകാരി ആയി മാറിയിരിയ്ക്കുകയാണ്. വേമ്പനാട് കായലിലെ ഹൗസ്ബോട്ടുകളിൽ സെക്സ് ടൂറിസം നടക്കുന്നു എന്ന് അവസാനം അധികാരികൾ തന്നെ സമ്മതിച്ചിരിക്കുന്നു.  വേശ്യാ വൃത്തി നടക്കുന്നു എന്ന് അടുത്ത കാലത്ത് നൽകിയ  ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് എ.ഡി.ജി.പി. യുടെ   നിർദ്ദേശാനുസരണം ഹൌസ് ബോട്ടുകൾ നിരീക്ഷിക്കാൻ ആലപ്പുഴ കളക്ടർ നടപടി എടുത്തു.  ഹൗസ് ബോട്ടുകളിൽ സെക്സ് ടൂറിസം നടക്കുന്നു എന്നത് രഹസ്യമൊന്നുമല്ല.   ആലപ്പുഴയിലെ 1500 ഓളം വേശ്യകളിൽ 800 പേരോളം  ഹൗസ് ബോട്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു  എന്ന് ആലപ്പുഴയിലെ  എയിഡ്സ് കണ്‍ട്രോൾ സൊസൈറ്റി  തന്നെ പറയുന്നു.

സെക്സ് ടൂറിസം കൂടാതെ  ദേശത്തിൻറെ സുരക്ഷയെ ബാധിയ്ക്കുന്ന മറ്റൊരു ഗുരുതരമായ കാര്യം കൂടിയുണ്ട്. തീവ്ര വാദികൾ തങ്ങളുടെ പ്രവർത്തങ്ങൾക്ക്   ഹൗസ് ബോട്ടുകൾ താവളം ആക്കുന്നു എന്നൊരു  ഇന്റലിജൻസ് കൂടി ഉണ്ട് എന്ന് പറയുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ, ലൈസൻസ് പോലുമില്ലാതെയാണ് ഹൗസ് ബോട്ടുകൾ പ്രവർത്തിയ്ക്കുന്നത്. ആരാണ് ബോട്ടുകളിൽ വരുന്നത് എന്ന് ആർക്കും അറിയില്ല. ബോട്ടുകാർക്ക് പോലും. അതിനെ പറ്റിയുള്ള രേഖകൾ വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ല. പണം ഒന്ന് മാത്രം മതി അവിടെ.  


കേരളം ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന ടൂറിസം ഹോട്ടൽ മുതലാളിമാർക്കും മറ്റും പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു ഏർപ്പാടാണ്. എയർ കണ്ടീഷൻറെ  സുഖ ശീതളിമയിൽ ഇരുന്ന് മൃഷ്ടാന്ന ഭോജനവും മദ്യ പാനവുമാണ് ഹൌസ്   ബോട്ടുകളിൽ ടൂറിസം എന്ന  പേരിൽ  ഇന്ന്  നടക്കുന്നത്. വെള്ളത്തിൽ വെള്ളമടി.വലിയ കമ്പനികളുടെയും കൊർപരെറ്റ്കളുടെയും  ഉദ്യോഗസ്ഥരുടെ പാർട്ടികൾ ആണ് ഇപ്പോൾ രാവും പകലും  ഹൌസ് ബോട്ടുകളിൽ കൂടുതലും നടക്കുന്നത്. ഇപ്പോഴിതാ അനാശാസ്യ പ്രവർത്തനങ്ങളും. നമ്മുടെ  സർക്കാർ  താരതമ്യം ചെയ്യുന്ന ടൂറിസ്റ്റ് സ്ഥലങ്ങളായ ഗ്രാൻഡ്‌ കാനിയൻ, ചൈനയിലെ വൻ മതിൽ എന്നിവ എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ഇരുന്നാണോ കാണുന്നത്?  കേരളത്തിലെ സുഖകരമായ  കാലാവസ്ഥ, മഴയും ഇളം വെയിലും, ആസ്വദിച്ച്, ചുറ്റുപാടുമുള്ള  പ്രകൃതി രമണീയമായ  മനോഹര  കാഴ്ചകൾ കണ്ട് മനം കുളിർക്കാൻ, തീര ദേശത്ത് താമസിക്കുന്നവരുടെ ജീവിത രീതികൾ കണ്ടു പഠിക്കാൻ, നാടൻ ഭക്ഷണം കഴിയ്ക്കാൻ  ഒക്കെ  ആണ് സന്ദർശകർ ആഗ്രഹിക്കുന്നത്.   അല്ലാതെ ആർഭാടം  നിറച്ച് പ്രകൃതിയെ നശിപ്പിക്കുന്ന രീതി അല്ല അവരാഗ്രഹിക്കുന്നത്. നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചല്ല നാം ടൂറിസത്തെ വളർത്തേണ്ടത്. 

നാട്  കാണാനും അതിൻറെ  പ്രകൃതി ഭംഗി ആസ്വദിക്കാനും ആ നാടിൻറെ സംസ്കാരവും നാട്ടാരുടെ  ജീവിത രീതിയും അവരുടെ  ഭക്ഷണവും മറ്റ്   പ്രത്യേകതകളും  മനസ്സിലാക്കാനും ആസ്വടിയ്ക്കാനും  ആണ് അന്യ ദേശക്കാർ  വരുന്നത് . അതവർക്ക് നൽകുകയാണ് ചെയ്യേ ണ്ടത്.  അല്ലാതെ  സഞ്ചാരികളുടെ സംസ്കാരത്തിനനുസരിച്ച് നാട് മാറുകയല്ല വേണ്ടത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി നമ്മുടെ ഭരണാധികാരികൾക്ക്  പണത്തിന്റെ കിലുക്കത്തിൽ നഷ്ടപ്പെട്ടു പോയതാണ് പ്രശ്നം. കണ്ണുകളുടെ വശങ്ങൾ മറച്ച കുതിരയെ പോലാണ് ഭരണാധികാരികൾ. ചുറ്റുപാടും നടക്കുന്നതൊന്നും ഇവർ കാണുന്നുമില്ല അതിനെ പറ്റി അറിവുമില്ല. ടൂറിസം മന്ത്രി ടൂറിസം വികസനത്തിൽ  മാത്രം ശ്രദ്ധിക്കുന്നു. വ്യവസായ മന്ത്രി വ്യവസായത്തിൽ മാത്രവും. ഇങ്ങിനെ ഓരോ ആളും സ്വന്തം കാര്യം മാത്രം നോക്കുന്നു.  ഇവരുടെ പ്രവൃത്തികൾ  പ്രകൃതിയെയും പരിസ്ഥിതിയെയും മനുഷ്യരെയും എങ്ങിനെ ദോഷകരമായി ബാധിയ്ക്കുന്നു എന്ന് നോക്കാനുള്ള സാമാന്യ ബുദ്ധിയും ദീർഘ വീക്ഷണവും  ഇവർക്കില്ലാതെ പോകുന്നു.

ഈ അവസരത്തിൽ പ്രസിദ്ധമായ  ദൽ തടാകത്തിന്റെ കാര്യം ഓർക്കുന്നത് ഉചിതമായിരിയ്ക്കും. ഹൌസ് ബോട്ടുകൾ കൊണ്ട് വൻ തോതിൽ   മലീമസമായ  തടാകമാണ് വിനോദ സഞ്ചാരികളുടെ പറു ദീസയായ    കഷ്മീരിലെ ദൽ തടാകം. അവിടത്തെ ഹൌസ് ബോട്ടുകൾക്ക്  എല്ലാം മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കർശനമാക്കുകയും അവയെല്ലാം ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് മാറ്റാനും ഹൈക്കോടതി നിർദ്ദേശം നൽകി. അത് നടപ്പാക്കാതെ  കേരള സർക്കാരിനെ പ്പോലെ തണുപ്പൻ നയം തുടരുന്ന കശ്മീർ സർക്കാരിനെ അടുത്തിടെ കോടതി വിമർശിയ്ക്കുകയും ഉണ്ടായി. ദൽ തടാകത്തിനെ   മാലിന്യ വിമുക്തമാക്കുന്നതിനും   സംരക്ഷിയ്ക്കുന്നതിനും    വൻ പദ്ധതികൾ ആണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 1100 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനു വേണ്ടി  ചിലവഴിയ്ക്കുന്നത്. അത്തരത്തിൽ ഒരു കേന്ദ്ര സഹായം നേടിയെടുത്ത് വേമ്പനാട് കായലിനെ സംരക്ഷിയ്ക്കുകയാണ്കേരള സർക്കാരും ടൂറിസം വകുപ്പും ചെയ്യേണ്ടത്.

 ഹൗസ് ബോട്ട് ടൂറിസം വേണം എന്നുണ്ടെങ്കിൽ തന്നെ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം. നിലവിലുള്ള ഭീമാകാരമായ എഞ്ചിൻ ബോട്ടുകൾ  മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.പകരം എഞ്ചിൻ ഇല്ലാത്ത,  ആൾക്കാർ തുഴയുന്ന ചെറിയ ഹൗസ്  ബോട്ടുകൾ മാത്രം   ഉപയോഗിക്കുക. എയർ കണ്ടീഷൻ പൂർണമായും ഒഴിവാക്കുക. കായലോരത്തെ തെങ്ങോലകൾ തഴുകി വരുന്ന കുളിർ കാറ്റേറ്റ് യാത്ര ചെയ്യട്ടെ  നമ്മുടെ അതിഥികൾ. രാത്രി കാല താമസം നിർത്തലാക്കണം. രാത്രിയിൽ മദ്യ പാനവും മറ്റു വിഷയങ്ങളും മാത്രമാണ് ബോട്ടുകളിൽ നടക്കുന്നത്?  ബോട്ടിൻറെ സമയംരാവിലെ 6 മുതൽ വൈകുന്നേരം  6 വരെ മാത്രം ആക്കണം. ബോട്ടുകളിൽ    ഭക്ഷണം പാകം ചെയ്യുന്നത് പൂർണമായും ഒഴിവാക്കണം.   ഭക്ഷണ സമയത്ത് കടവിൽ അടുത്ത് എവിടെ നിന്നെങ്കിലും ആഹാരം  കഴിയ്കാനുള്ള സംവിധാനം ഒരുക്കണം.   ബോട്ടുകളിൽ മദ്യപാനം കർശനമായി നിരോധിയ്ക്കണം. സഞ്ചാരികളെ പറ്റിയുള്ള പൂർണ വിവരം ഹോട്ടലുകളിൽ എന്ന പോലെ ബോട്ടിലും നിർബന്ധിതം ആക്കുക.  ഇത്രയുമെങ്കിലും നിയന്ത്രണങ്ങൾ കൊണ്ട് വരാൻ നമ്മുടെ അധികാരികൾ തയ്യാറായാൽ സഞ്ചാരികൾക്ക്  ഇത് പോലെ കാഴ്ച കാണാനായി  കുറെ നാൾ കൂടി നമ്മുടെ കായലുകൾ നില നിൽക്കും. 

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ബാർ നയം

കോഴി കൂവുന്നതിനു മുൻപ്  മദ്യ ലോബിയെ  തള്ളിപ്പറഞ്ഞ് ഉമ്മൻ ചാണ്ടി ബാറുകൾ എല്ലാം അടച്ചു പൂട്ടിയിരിക്കുന്നു. തലേ ദിവസം രാത്രി വരെ, അടഞ്ഞു കിടക്കുന്ന  ബാറുകൾ തുറക്കുന്നതാണ് "പ്രായോഗികത'' എന്ന നിലപാടിൽ ഉറച്ചു നിന്നിരുന്ന മുഖ്യ മന്ത്രിയാണ്, നേരം ഇരുണ്ടു വെളുത്തപ്പോഴേയ്ക്കും നിലപാട് മാറ്റിയത്.  അവസാനം എങ്ങിനെയെങ്കിലും ബാറുകൾ തുറക്കാൻ സർക്കാർ അനുവദിക്കും എന്ന് ബാറുടമകൾക്ക്   ലഭിച്ച ആശയും  പ്രതീക്ഷയും  ഒറ്റ രാത്രി കൊണ്ട് തകർത്താണ്  പൂർണ ഗാന്ധിയനായി ഉമ്മൻ ചാണ്ടി സമ്പൂർണ്ണ  മദ്യ നിരോധനത്തിൽ എത്തിയത്.

ബാറുകൾ അടഞ്ഞ കാലം മുതൽ, സുധീരന്റെ ആദർശമല്ല മറിച്ച്  "പ്രായോഗികത" ആണ് വേണ്ടത് എന്നായിരുന്നു മുഖ്യ മന്ത്രി എടുത്ത നിലപാട്. കാര്യം മനസ്സിലാക്കിയ, സാമാന്യ  ബുദ്ധിയുള്ള എല്ലാ  കോണ്‍ഗ്രസ്സുകാരും   ഈ "പ്രായോഗികത" യുടെ വക്താക്കളായി. വിരലിൽ എണ്ണാവുന്നവർ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ്സുകാരും "പ്രായോഗികത" ബാനറിനു പിന്നിൽ അണി നിരന്നു.  എന്താണ് ഗാന്ധിജിയുടെ  അരുമ ശിഷ്യരുടെ "പ്രായോഗികത" എന്ന്  നോക്കാം.  മദ്യ നിർമാതാക്കൾ, മദ്യ വിതരണക്കാർ, മദ്യ വിൽപ്പനക്കാർ തുടങ്ങിയ ഒരു വലിയ ശൃംഖല ആണീ മദ്യ ലോബി.  വളരെ ശക്തരും ഭരണത്തിൽ  ശക്തമായ സ്വാധീനവും ഉള്ളവർ.   സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ നിർണായക സംഭാവന നൽകുന്നവർ. പിന്നെ നൽകുന്ന മറ്റു നികുതി ഇതര സംഭാവനകൾ വേറെ. അത് കക്ഷി രാഷ്ട്രീയ ഭേദമന്യേ നൽകുന്നത്. അതും വളരെ ഗണ്യമായത്.  അങ്ങിനെയുള്ളവരെ  പിണക്കുന്നത് ബുദ്ധിപരമല്ല. പ്രത്യേകിച്ചും ഭരണത്തിൽ ഇരിക്കുമ്പോൾ. അതു കൊണ്ട് ഒരു മിനുക്കൽ നടത്തി പൂട്ടിയ ബാറുകൾ ഓരോന്നായി തുറക്കുക.  അതായിരുന്നു ഉദ്ദേശം. അപ്പോഴാണ്‌  ഈ ബാറുകൾ ഇനി തുറക്കുകയെ വേണ്ട  എന്ന കോണ്‍ഗ്രസ്സ് പാർട്ടിയുടെ  അഭിപ്രായവുമായി  കെ.പി.സി.സി. പ്രസിഡന്റ് രംഗത്ത് വന്നത്. ആ നിലപാട് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.നിലവാരം ഇല്ലാത്തതിനാലാണ്    418 ബാറുകൾ പൂട്ടേണ്ടി വന്നത്. അങ്ങിനെയെങ്കിൽ  നിലവാരം ആക്കിയാൽ തുറക്കാമല്ലോ എന്നതല്ലേ ന്യായം?   അങ്ങിനെ മദ്യ ലോബിയെ പിണക്കാതെ, അവരിൽ നിന്നും നികുതി ആയും അല്ലാതെയും കിട്ടുന്ന വരുമാനം നഷ്ട്ടപ്പെടുത്താതെ പഴയത് പോലെ മുന്നോട്ടു പോവുക. അതായിരുന്നു  ഇവരുടെ "പ്രായോഗികത". കോണ്‍ഗ്രസ്സിലെ   നിലവിലുള്ള   ഗ്രൂപ്പുകൾ ഒന്നായി. ബാർ ഗ്രൂപ്പും ബാറിനെതിരെയുള്ള ഗ്രൂപ്പും എന്ന പുതിയ  രണ്ടു ഗ്രൂപ്പുകൾ ഉണ്ടായി.

പാർട്ടിയെ മുൻ നിർത്തി സുധീരൻ ശക്തമായി മുന്നേറി. പരസ്യമായി അതിനെ എതിർക്കാൻ ആർക്കും ധൈര്യമുണ്ടായില്ല, കാരണം മദ്യ ലോബിയുടെ വക്താവെന്നത്   പരസ്യമാകും. അതിനെ മൂടി വയ്ക്കാൻ ഇവർ "പ്രായോഗികതാ" വാദവുമായി രംഗത്തിറങ്ങി. രണ്ടു വള്ളത്തിൽ ചവിട്ടി നിന്ന മാണി, ക്രിസ്തീയ സഭകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് നിലപാട് മാറ്റി ബാറുകൾ തുറക്കണ്ട എന്ന സുധീരന്റെ നിലപാടിന് പിന്തുണ നൽകി. മുസ്ലിം ലീഗാകട്ടെ, പ്ലസ് ടൂ അഴിമതിയിൽ നിന്നും ജന ശ്രദ്ധ മാറി നല്ല പിള്ള ആകാം എന്ന ചിന്തയിൽ മുഖ്യ മന്ത്രിയുടെ പ്രായോഗികാ വാദത്തിന് എതിരായി. ചെറു പാർട്ടികളും മുഖ്യ മന്ത്രിയ്ക്ക് എതിരായി. അങ്ങിനെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ, ഗത്യന്തരമില്ലാതെ ബാറുകൾ തുറക്കണ്ട എന്ന അഭിപ്രായത്തിന് വഴങ്ങി. വെറുതെ അങ്ങ് വഴങ്ങിയാൽ  സ്വന്തം പാർട്ടിയുടെയും, കേരളാ കോണ്‍ഗ്രസ്സിന്റെയും, മുസ്ലീം ലീഗിന്റെയും, സർവോപരി സുധീരന്റെയും മുന്നിൽ തോൽവി സമ്മതിക്കലാകില്ലേ? അത് കൊണ്ട്  അടഞ്ഞു കിടക്കുന്ന ബാറുകളോ ടൊപ്പം തുറന്നിരിക്കുന്ന ബാറുകളും നിർത്തലാക്കാൻ തീരുമാനിച്ചു.  ബാറുകൾ എല്ലാം  അടച്ചത് കൊണ്ട് മാത്രം താൻ ജയിച്ചതായി  ജനങ്ങൾ കരുതില്ല എന്ന വിചാരത്തിൽ സമ്പൂർണ്ണ മദ്യ നിരോധനം എന്ന പ്രസ്താവന കൂടി നടത്തി.  

ഇങ്ങിനെ സ്വന്തം പ്രതിച്ഛായ നന്നാക്കാനും,  ചക്കളത്തിപ്പോരിൽ ജയിക്കാനും, സ്വന്തം പാർട്ടി പ്രസിഡന്റിനെ തോൽപ്പിക്കാനും  വേണ്ടിയാണോ   ഒരു സംസ്ഥാനത്തിന്റെ നയം രൂപീകരിക്കുന്നത്? ഒരു രാത്രി രഹസ്യമായി സ്വന്തം കിടപ്പറയിൽ ഇരുന്നു മുഖ്യ മന്ത്രി രൂപപ്പെടുത്തേണ്ടതാണോ ഒരു   സംസ്ഥാനത്തിന്റെ നയം? ഇത്ര ലാഘവ സമീപനം എടുക്കാൻ മുഖ്യ മന്ത്രിയ്ക്ക് എങ്ങനെ കഴിഞ്ഞു?  " എന്നെ ആരും മദ്യ ലോബിയുടെ വക്താവ് ആക്കാൻ ശ്രമിക്കേണ്ട" മുഖ്യ മന്ത്രി പറഞ്ഞതാണ്. അങ്ങിനെ അല്ലെന്നു ജനങ്ങളെ ധരിപ്പിക്കാനാണോ  ഈ തീരുമാനം എടുത്തത്? അപ്പോൾ  ഇതിൽ ആത്മാർത്ഥത  ഇല്ലേ? മദ്യ നയ രൂപീകരണത്തിന്   ഹൈ ക്കോടതി പല തവണ ഉത്തരവ് നൽകി. ഓരോ തവണയും തീയതി നീട്ടിക്കിട്ടാനാണ് സർക്കാർ ശ്രമിച്ചത്.  തെറ്റിദ്ധരിപ്പിച്ചു കോടതി വിധി ചോദിച്ചു വാങ്ങിയതാണെന്ന് എ.ജി. യെ കുറ്റപ്പെടുത്തി സുധീരൻ പരസ്യമായി പറയുക കൂടി ഉണ്ടായി. എന്ത് കൊണ്ട് അന്ന്  ശരിയായ ചർച്ചകൾ നടത്തിയില്ല? കൂട്ടുത്തരവാദിത്വമുള്ള മന്ത്രി സഭയിൽ ഇത് എന്ത് കൊണ്ട് ചർച്ച ചെയ്തില്ല?സ്വന്തം പാർട്ടി പ്രസിഡന്റ് പോലും സർക്കാർ നയം  അറിഞ്ഞത് അത് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ്. അതിൽ യാതൊരു വിഷമവും തനിയ്ക്ക് തോന്നുന്നില്ല എന്നും അത് തെറ്റായിപ്പോയി എന്നും തോന്നുന്നില്ല എന്ന് പാവം  സുധീരൻ ഇപ്പോൾ പറയുന്നുണ്ട്. ഈ നയം  യു.ഡി.എഫിൽ. ചർച്ച ചെയ്തില്ല. ചർച്ച എന്ന പേരിൽ ഓരോ പാർട്ടിയെയും കൊണ്ട്  അഭിപ്രായം പറയിച്ചത് അവരെ വിഡ്ഢികൾ ആക്കാൻ വേണ്ടി  ആയിരുന്നു. ആ പാവങ്ങൾ അഭിപ്രായം പറയുമ്പോൾ തന്നെ തയ്യാറാക്കിയ നയം മുഖ്യ മന്ത്രിയുടെ കീശയിൽ  ഉണ്ടായിരുന്നു!

ബാറുകൾ അടച്ചതിനു ശേഷം നമ്മുടെ നിയമ സഭ പല തവണ കൂടിയല്ലോ? എന്ത് കൊണ്ട് നിയമ സഭയിൽ ഫലവത്തായ ഒരു ചർച്ച നടന്നില്ല. നിയമസഭയെ വിശ്വാസത്തിൽഎടുക്കാതെ അല്ലേ ഇപ്പോൾ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു നിയമ സഭയിൽ പറയേണ്ട ആവശ്യമില്ല  എന്ന് സാങ്കേതിക വാദം ഉന്നയിച്ചേക്കാം . പക്ഷേ ദൂര വ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന ഈ തീരുമാനത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും  ജനങ്ങളുടെയും  പിന്തുണ വേണ്ടേ? മദ്യ പാനവും മദ്യ നിരോധനവും ഒരു  സാമൂഹിക പ്രശ്നംആണ്. ഒരു ഉത്തരവ് കൊണ്ട് മാത്രം  നടപ്പാക്കാൻബുദ്ധി മുട്ടുള്ള കാര്യമാണ്. സമൂഹത്തിൽ ഫലവത്തായ ഒരു ചർച്ച നടത്താനുള്ള സാഹചര്യങ്ങൾ നൽകാതെയാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തത്. ഇത് നടപ്പിലാക്കേണ്ടത് എങ്ങിനെ എന്ന് സർക്കാരിനറിയില്ല.   ഒരു നിയമം കൊണ്ടു വരുമ്പോൾ അതിനെപ്പറ്റി സമഗ്രമായ പഠനം ആവശ്യമാണ്‌. ബാറുകൾ പൂട്ടിയാൽ ഇവിടെ മദ്യ ദുരന്തം ഉണ്ടാകുമെന്ന് മദ്യ മന്ത്രി പറഞ്ഞല്ലോ. അതിൻറെ സാധ്യതകൾ പഠിച്ചോ? ഇവിടെ അതൊന്നും നടന്നില്ല. ഇപ്പോഴും ഇതെങ്ങിനെ നടപ്പിലാക്കാം എന്നൊന്നും മന്ത്രിമാരും മറ്റു നേതാക്കളും ചിന്തിക്കുന്നില്ല. ജനങ്ങളുടെ അഭിപ്രായം തേടുന്നുമില്ല. ഈ തീരുമാനത്തിന്റെ "ക്രെഡിറ്റ്" ആർക്ക് വേണം, ആര് ജയിച്ചു  എന്നുള്ള ചർച്ചയാണ് അവിടെ. കൂടാതെ ആരോപണ പ്രതാരോപനങ്ങളും തമ്മിൽ തല്ലും. ഒരു മുഖ്യ മന്ത്രിയുടെ സ്വന്തം ഇഷ്ട്ടം  പോലെ നയം  തീരുമാനിക്കാൻ ഭരണ ഘടന പ്രകാരം കഴിയുമോ എന്നാണു ജനങ്ങൾ ഇന്ന് ചോദിക്കുന്നത്.

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

യഥാ നാഥാ തഥാ ഭൃത്യാ

"അടുക്കള ക്കുറ്റത്തിനു അയലത്തുള്ളവരെ പഴിക്കുന്നു" എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ്‌ ഇന്ന് കേരളത്തിലെ മന്ത്രിമാർ ചെയ്യുന്നത്. സ്വന്തം കഴിവ് കേട് മറയ്ക്കാൻ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നത്  മന്ത്രിമാരുടെ  ഒരു സ്വഭാവ രീതി ആയി മാറിയിരിക്കുകയാണ്. ഭരണത്തിൽ ഇരിക്കുന്നവരും ഭരണം കഴിഞ്ഞു ഇറങ്ങി പ്പോയവരും ആയ മന്ത്രിമാർ, ഭരണ സ്തംഭനത്തിനും, ദുർ ഭരണത്തിനും പഴി ചാരുന്നത്‌ തൻറെ കീഴിൽ ജോലി ചെയ്യുന്ന സർക്കാർ  ഉദ്യോഗസ്ഥരെ ആണ്. സരിതയുടെ തട്ടിപ്പിന് കൂട്ട് നിന്നു എന്ന ആരോപണം  മുഖ്യ മന്ത്രിയുടെ പേരിൽ വന്നപ്പോൾ തൻറെ പേർസണൽ സ്റ്റാഫിലെ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി  അവരെ  ബലി കൊടുത്ത് സ്വന്തം   തടി രക്ഷിച്ചത്  കേരള ജനത കണ്ടതാണല്ലോ.   

 ഒരു  മുൻ ധന  മന്ത്രി തൻറെ നിയോജക മണ്ഡലത്തിലെ ഒരു പള്ളിക്കൂടത്തിൽ  കുടി വെള്ള ശുദ്ധീകരണ യന്ത്ര സംവിധാനം  വാങ്ങാൻ സെക്രട്ടറിയെറ്റിൽ നിന്നും അനുമതി കിട്ടിയില്ല എന്നെഴുതിക്കണ്ടു. ചുവപ്പു നാട ആണത്രേ.  അനുവദിച്ച പണം അതിനുപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല. പണം വക മാറ്റി ചിലവഴിക്കാൻ ആ ഉദ്യോഗസ്ഥന് അധികാരവും ഇല്ല. അപ്പോൾ അധികാരം ഉള്ള മന്ത്രി അതിനു നിർദ്ദേശം എഴുതി നൽകാനുള്ള ധൈര്യം കാട്ടണം.  അങ്ങിനെ അനുവാദം നൽകിയിട്ടുണ്ടെങ്കിൽ  അത് നടപ്പാക്കിയോ എന്ന് നോക്കാനുള്ള ആർജവം മന്ത്രി കാണിക്കണം.  അതിനു പകരം ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.  പഴയ ഒരു  ദേവസ്വം മന്ത്രിയും ഇത് പോലെ ബ്യുറോക്രസിയുടെ അഴിഞ്ഞാട്ടമാണ്  സെക്രട്ടറിയേറ്റിൽ നടക്കുന്നത് എന്ന് രോഷാകുലനായി  എഴുതിയത് കാണുകയുണ്ടായി. സെക്രട്ടറിയേറ്റ് ഇടിച്ചു കളയണം എന്നാണിവർ പറയുന്നത്. ഈ രണ്ടു  മന്ത്രിമാരുടെ കാലത്തും ഇത് തന്നെയാണ് നടന്നത്. ആദ്യത്തെ ഇ.എം.എസ്. മന്ത്രി സഭ ക്കാലം മുതൽ കേൾക്കുന്നതാണിത് എന്നതാണ് വിചിത്രം.   ഉദ്യോഗസ്ഥർ മന്ത്രിമാരെ അനുസരിക്കാറില്ലത്രേ. കഷ്ടം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മന്ത്രിക്കു കഴിവില്ല എന്ന്  പത്തു പേരറിഞ്ഞാൽ   നാണക്കേട്‌ ആർക്കാണ്?   ഇത്രയും ഗുരുതരമായ പ്രശ്നം  ഇങ്ങിനെ  കരഞ്ഞു തീർത്താൽ മതിയോ മന്ത്രിമാരേ?  എന്താണിതിനു കാരണം എന്ന്  ചിന്തിച്ചിട്ടുണ്ടോ?

സംസ്ഥാനത്ത് ഭരണ നിർവഹണം നടത്തുന്ന പ്രധാന  കാര്യാലയം  ആണ് സെക്രട്ടറിയേറ്റ്. മന്ത്രി സഭയുടെ നയങ്ങൾ മന്ത്രിമാർ   നിശ്ചയിക്കുന്ന രീതിയിൽ നടപ്പാക്കുക എന്നതാണ് ഐ.എ.എസ്. കാരനായ  സെക്രട്ടറിയുടെ നേതൃത്വത്തിൽ  ഉള്ള ഒരു കൂട്ടം  ഉദ്യോഗസ്ഥരുടെ ജോലി. അത് ശരിയായ രീതിയിൽ നടപ്പാക്കുന്നോ എന്ന് നോക്കേണ്ട ചുമതല വകുപ്പിൻറെ സർവാധികാരിയായ മന്ത്രിയുടെത്   ആണ്. പക്ഷേ പല കാര്യങ്ങൾ കൊണ്ടും അത് നടക്കാതെ പോകുന്നു. മന്ത്രിയുടെ താൽപ്പര്യക്കുറവാണ് ഒരു കാരണം. അഴിമതിയ്ക്കു സാധ്യത ഉള്ള മേഖലകളിൽ മാത്രമാണ് മന്ത്രിമാർക്ക് താൽപ്പര്യം. മറ്റു കാര്യങ്ങളിൽ അവർ ശ്രദ്ധ പതിപ്പിക്കാറില്ല. അത് താഴെ തട്ടിലുള്ളവർക്കും ഉദ്യോഗസ്ഥർക്കും ആയി വിടുന്നു. സ്വാഭാവികമായി ഉദ്യോഗസ്ഥർ അപ്രമാദിത്വം കാണിക്കുകയും തങ്ങളുടേതായ രീതിയിൽ അഴിമതി നടത്തുകയും ചെയ്യുന്നു. അഴിമതി നടക്കുമ്പോൾ  പ്രവർത്തനങ്ങൾ ജനോപകാരമായി മാറുകില്ലല്ലോ.

ഭരണത്തെ കുറിച്ച് മന്ത്രിമാർക്ക് ഉള്ള   അജ്ഞത ആണ് മറ്റൊരു കാരണം. തൻറെ വകുപ്പിനെ കുറിച്ചോ  പ്രവർത്തന മേഖല യെ കുറിച്ചോ വ്യക്തമായ ധാരണ പലർക്കും ഇല്ല.  മുൻപ് പറഞ്ഞത് പോലെ തനിയ്ക്ക് സാധ്യത ഉള്ള മേഖലകളിലെ കാര്യങ്ങൾ  എല്ലാം കാണാപ്പാഠം പഠിച്ചു വച്ചിരിക്കുകയായിരിക്കും. അവ ഒഴിച്ച് ബാക്കിയുള്ളവയെ  കുറിച്ച് അറിയാനോ പഠിക്കാനോ അവർക്ക് താൽപ്പര്യവുമില്ല. പഠിക്കാൻ  എവിടെ സമയം? ആ സമയമുണ്ടെങ്കിൽ ഏതെങ്കിലും രണ്ടു സമ്മേളനമോ, തുണിക്കടയോ, സ്വർണക്കടയോ ഉത്ഘാടനം ചെയ്യാൻ പോകും.  കാര്യങ്ങൾ അറിവില്ലാത്ത ഈ സാഹചര്യത്തിൽ   മന്ത്രിമാർക്ക് കീഴുദ്യോഗസ്ഥരെ പൂർണമായും ആശ്രയിക്കേണ്ടി വരുന്നു. കേരളത്തിൻറെ വരുമാനത്തെയും   ചിലവിനെയും കുറിച്ച് വല്ലതും  അറിവുണ്ടായിട്ടാണോ   ധന മന്ത്രി ബട്ജറ്റ് അവതരിപ്പിക്കുന്നത്‌?  ബുദ്ധിമാന്മാരായ ധന തത്വ ശാസ്ത്രഞ്ജന്മാരും   ഉദ്യോഗസ്ഥരും   തയ്യാറാക്കി കൊടുക്കുന്ന  കണക്ക് ആണ് ബട്ജറ്റ്. അതിൽ ആർക്കെങ്കിലും നികുതി വെട്ടിയ്ക്കാൻ അവസരം നൽകി സഹായിച്ചാൽ   തനിക്ക്  എന്തെങ്കിലും ഗുണം കിട്ടും എന്നുണ്ടെങ്കിൽ അവിടെ മന്ത്രി ഇടപെടും. അത്ര തന്നെ. എല്ലാ വകുപ്പുകളിലും ഇത് തന്നെ സ്ഥിതി. കുറെ ഉദ്യോഗസ്ഥർ ഈ സ്ഥിതി വിശേഷം മുതലെടുത്ത്‌ പ്രവർത്തിക്കും. ചിലപ്പോൾ സ്വാർത്ഥ താൽപ്പര്യങ്ങളും നടപ്പിലാക്കും. ഇതൊക്കെ നന്നായി അറിയാമെങ്കിലും  ഭരിയ്ക്കാൻ   അവരെ ആശ്രയിക്കുന്നത് കൊണ്ട്  മന്ത്രിക്ക് എതിർത്തൊന്നും പറയാനാകാതെ  മൌനം പാലിക്കേണ്ടി വരുന്നു.   ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പകരം തൻറെ വകുപ്പിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, അത് ഏതു രീതിയിൽ വേണം എന്ന്   സ്വയം പഠിച്ചിട്ട്   ഉദ്യോഗസ്ഥരോട് പറയുക. അവർ അത് പോലെ ചെയ്തിരിക്കും.

സർക്കാർ സർവീസിൽ രാഷ്ട്രീയത്തിന്റെ അതി പ്രസരം ആണ് മറ്റൊരു കാരണം. സർക്കാരിന്റെ ശമ്പളം  പറ്റി യിട്ട് പരസ്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ധാരാളം.  ഏതെങ്കിലും സർക്കാർ ഇവരെ സസ്പെൻഡ് ചെയ്താലും പ്രശ്നമില്ല. അടുത്ത സർക്കാർ വരുമ്പോൾ എല്ലാ മുൻ കാല ആനുകൂല്യങ്ങളോടും   കൂടി തിരിച്ചെടുക്കും. ഓരോ പാർട്ടിക്കും സർവീസ് സംഘടനകൾ ഉണ്ട്. പുതുതായി ജോലിയ്ക്കെത്തുന്നവർക്ക് ഏതെങ്കിലും സംഘടനയിൽ ചേരാതെ ജോലി ചെയ്തു ജീവിക്കാൻ കഴിയില്ല, അവരെ ഈ സംഘടനകൾ ദ്രോഹിച്ചു കൊണ്ടേ ഇരിക്കും.  ഇവരുടെ രാഷ്ടീയ ചായ്‌വും രാഷ്ടീയ പ്രവർത്തനവും എല്ലാ മന്ത്രി മാർക്കും അറിവുള്ളതാണല്ലോ. തൻറെ പാർട്ടിയുടെ ഏതെങ്കിലും ഒരു സംഘടന നേതാവിന് എതിരെ ഒരു അക്ഷരം ഉരിയാടാൻ ഏതെങ്കിലും ഒരു മന്ത്രിക്കു കഴിയുമോ ? ചീഫ് സെക്രട്ടറി എന്തോ തെറ്റ്  ചെയ്തതിന്  ആഭ്യന്തര മന്ത്രി തൻറെ "അതൃപ്തി" അറിയിച്ചതായി വാർത്ത കണ്ടു.  അതോടു കൂടി  തീർന്നു  എന്ന്അർത്ഥം.  ചീഫ് സെക്രട്ടറി വീണ്ടും അതേ പടി തൻറെ പ്രവൃത്തികൾ തുടരും. ഏതെങ്കിലും പത്രക്കാർ ചൂണ്ടിക്കാണിക്കുമ്പോൾ വീണ്ടും പഴയത് പോലെ മന്ത്രി "അതൃപ്തി അറിയിക്കും". അത്ര തന്നെ. കാര്യങ്ങളിൽ ഒരു മാറ്റവും വരുകില്ല. ഇതിനപ്പുറം ഒന്നും  നടക്കില്ല എന്ന് ചീഫ് സെക്രട്ടറിയ്ക്കും എല്ലാ ഉദ്യോഗസ്ഥർക്കും  അറിയാം. 

മന്ത്രി തലത്തിൽ  നടത്തുന്ന അഴിമതി ആണ് അനുസരണ ഇല്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുന്നതിന്റെ  ഏറ്റവും പ്രധാന കാരണം.    സെക്രട്ടറിയേറ്റിലെയും മറ്റ്  സർക്കാർ വകുപ്പുകളിലെയും  ഉദ്യോഗസ്ഥർ നിക്ഷ്പക്ഷമായും നീതിപൂർവമായും ജോലി ചെയ്യാത്തതും താന്തോന്നിത്തരം കാണിക്കുന്നതും അത് കൊണ്ട് തന്നെ. പ്ലസ്‌ ടു സ്കൂൾ കേസ് തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ  ആയ ഹയർ സെക്കണ്ടറി ഡയരക്ടർ, വിദഗ്ദ്ധരുടെ സഹായത്തോടെ  ശരിയായി പരിശോധിച്ച ശേഷം സമർപ്പിച്ച റിപ്പോർട്ട്, യാതൊരു കാരണവും കൂടാതെ  പാടെ അവഗണിച്ച് അഴിമതി നടത്താൻ വേണ്ടിയാണല്ലോ  മന്ത്രി യാതൊരു മാനദണ്ഡവും ഇല്ലാതെ മറ്റു സ്കൂളുകൾ അനുവദിച്ചത്. ഇത് വ്യക്തമായ സന്ദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്.  അടുത്ത തവണ ഇതേ ഉദ്യോഗസ്ഥൻ എന്ത് ചെയ്യും? ഒന്നുകിൽ സ്വയം അഴിമതി നടത്തി ഒരു ലിസ്റ്റ് ഉണ്ടാക്കും. അല്ലെങ്കിൽ മുസ്ലിം ലീഗിൻറെ ഏതെങ്കിലും ചോട്ടാ നേതാവ് പറയുന്നത് പോലെ മന്ത്രിക്ക് താൽപ്പര്യമുള്ള രീതിയിൽ ലിസ്റ്റ് ഉണ്ടാക്കും. ഇതിൽ രണ്ടിലും പെടാത്ത അന്തസ്സ് ഉള്ള ഉദ്യോഗസ്ഥൻ ആകട്ടെ നിസ്സഹായനായി മറ്റേതെങ്കിലും ശല്യമില്ലാത്ത സ്ഥലത്ത് ഒതുങ്ങി ക്കൂടും. ഇല്ലെങ്കിൽ മന്ത്രി തന്നെ അയാളെ മാറ്റി തൻറെ താൽപ്പര്യങ്ങൾക്ക് കൂട്ടു  നിൽക്കുന്ന ഏറാൻ മൂളികൾ ആയ ആരെയെങ്കിലും അവിടെ പ്രതിഷ്ടിക്കും.

മന്ത്രി ആണല്ലോ വകുപ്പിൻറെ ഉന്നതാധികാരി. മന്ത്രിയുടെ ഓഫീസിൽ നിന്നും തുടങ്ങുന്നു ഈ കഥ. തനിക്ക് താൽപ്പര്യമുള്ളവരെയും, അഴിമതിയ്ക്ക് കൂട്ട് നിൽക്കുന്നവരെയും പാർട്ടി പറയുന്നവരെയും മാത്രം പേർസണൽ സ്റ്റാഫിൽ കുത്തി നിറയ്ക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അനുഭവം നമ്മൾ കണ്ടല്ലോ.പിണറായിയുടെ താൽപ്പര്യങ്ങൾക്ക് എതിരു നിന്ന മുഖ്യ മന്ത്രി അച്യുതാനന്ദന്റെ പേർസണൽ സ്റ്റാഫിൽ ഉള്ളവരെ മാറ്റിയ കഥയും നമുക്ക് അറിയാമല്ലോ. പേർസണൽ സ്റ്റാഫ് കഴിഞ്ഞ് വരുന്നത്  സെക്രട്ടറിയേറ്റിലെ    ഡിപ്പാർട്ട്മെൻറ് മേധാവി ആയ, പ്രിൻസിപ്പൽ സെക്രട്ടറിയോ മറ്റോ ആയ   ഐ.എ.എസ്. ഉദ്യോഗസ്ഥൻ ആണ്.  പ്രത്യേകിച്ച് ചെയ്യാൻ ഒന്നും ഇല്ല. വകുപ്പിനു കീഴിലുള്ള  മറ്റു ഓഫീസുകളിലെ ഏറ്റവും താഴ്ന്ന ശിപായിയുടെ സ്ഥലം മാറ്റം വരെ മന്ത്രിയും രാഷ്ട്രീയ പാർട്ടിയും ചെയ്യുമ്പോൾ വെറുതെ ഫയൽ മന്ത്രിയുടെ മുന്നിൽ വയ്ക്കാൻ അല്ലാതെ ഈ ഐ.എ.എസ്.  കാർക്ക്  ചെയ്യാൻ  മറ്റെന്ത്ജോലി?  സബോർഡിനെറ്റ്  ഓഫീസുകളിൽ, അതായത്  ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, നികുതി വകുപ്പ്, വനം വകുപ്പ്   തുടങ്ങിയവയിലെ   മേധാവികൾ  ആയ  ഐ.എ.എസ്  ഉദ്യോഗസ്ഥരുടെ സ്ഥിതിയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.  ഇവർക്ക് ആർക്കും  തെറ്റും ശരിയും ഒന്നും നോക്കാൻ പാടില്ല. മന്ത്രി പറയുന്നത് പോലെ ചെയ്യുക. അത്ര മാത്രം. പ്രിൻസിപ്പൽ സെക്രട്ടറിക്ക് താഴെയും പല ലെവലിൽ ഉദ്യോഗസ്ഥർ ഉണ്ട്. അവരുടെ ഗതിയും ഇത് തന്നെ. ഇതിൽ നിന്നും ഉദ്യോഗസ്ഥർ ഒരു പാഠം പഠിക്കും. മന്ത്രി പറയുന്നത് പോലെ നിൽക്കുക, തങ്ങൾക്കും സാമ്പത്തിക ലാഭം കിട്ടും. അത് വേണ്ട എന്ന് വയ്ക്കുന്ന അന്തസ്സുള്ള ഉദ്യോഗസ്ഥരെ, രാജു നാരായണ സ്വാമിയെ പ്പോലെ ഉള്ളവർ, മന്ത്രിമാർ എവിടെയെങ്കിലും ഒതുക്കും. ഇങ്ങിനെ അഴിമതിയും നിയമ വിരുദ്ധ പ്രവൃത്തികളും  ചെയ്യാൻ തങ്ങളെ പ്പോലെ ദുഷിച്ച   കുറെ ഉദ്യോഗസ്ഥരെ എല്ലാ മന്ത്രിമാരും  തങ്ങളുടെ കൂടെ നിർത്തും. അങ്ങിനെ  നിൽക്കുന്നവരെ മന്ത്രിമാർ വഴി വിട്ടു സഹായിക്കും. പണം നൽകിയും പണമുണ്ടാക്കാനുള്ള പദവികൾ നൽകിയും. ഇവർക്കാർക്കും ഒരിക്കലും  ഒരു കുഴപ്പവും സംഭവിക്കാതെ മന്ത്രിമാർ നോക്കിക്കൊള്ളും. ടോം ജോസ്,   ടി.ബാലകൃഷ്ണൻ, എന്നിവർ നിയമ വിരുദ്ധ പ്രവർത്തികൾ നടത്തിയിട്ടും മന്ത്രിമാരുടെ വാത്സല്യ ഭാജനങ്ങൾ  ആണല്ലോ.   മൂന്നാർ കയ്യേറാൻ അവസരം ഒരുക്കിയവരും കള്ള പട്ടയം നൽകിയവരും ആയ ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകുകയല്ലാതെ  മറ്റെന്തു ചെയ്തു? ഇതിൽ മിടുക്കരായ  ഉദ്യോഗസ്ഥർ മന്ത്രി സഭ മാറുമ്പോൾ തങ്ങളുടെ വിധേയത്വം പുതിയ മന്ത്രിക്കു സമർപ്പിക്കുന്നു.മന്ത്രിമാരുടെ  അഴിമതി ഉദ്യോഗസ്ഥർക്കെല്ലാം  അറിയാവുന്നത് കൊണ്ട്, അവർ ബ്ലാക്ക് മെയിൽ ചെയ്യും എന്നുള്ള ഭയം ഉണ്ടാകുകയും അതിനാൽ   അനുസരിയ്ക്കാത്തവരെ  ശാസിക്കാനോ തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാനോ  ഒന്നും  മന്ത്രിമാർക്ക് കഴിയില്ല.

തങ്ങളുടെ അഴിമതി ഒളിച്ചു വയ്ക്കാൻ അവർ ഉദ്യോഗസ്ഥരെ കരുവാക്കുന്നു. ഭരണ ഘടനാ സ്ഥാപനങ്ങളെയും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതായി കാണാം.  ഇങ്ങിനെ നീതി ന്യായ വ്യവസ്ഥയെ വരെ ഇവർ കളങ്കിതമാക്കുന്നു. അടുത്തിടെ ബാർ കേസിൽ  അഡ്വക്കേറ്റ് ജനറൽ വിവരങ്ങൾ മറച്ചു വച്ച് കോടതിയിൽ നിന്നും വിധി വാങ്ങുക ആയിരുന്നു എന്ന് കെ.പി.സി.സി. പ്രസിഡന്റ്റ് പരസ്യമായി പറയുക ഉണ്ടായല്ലോ . അതേ കേസിൽ     അഡ്വക്കേറ്റ് ജനറൽ വിവരങ്ങൾ മറച്ചു വച്ചു എന്ന്  ഒരു ഭരണ കക്ഷി എം.എൽ .എ.  ചാനൽ ചർച്ചയിൽ പറയുകയും ഹൈക്കോടതിയിൽ കക്ഷി ചേരുകയും ഉണ്ടായല്ലോ. ഇത്തരം ഉദ്യോഗസ്ഥർ ഈ അവസരം മുതലെടുത്ത്‌ തെറ്റ് കാണിച്ചാലും അച്ചടക്ക രാഹിത്യം കാട്ടിയാലും മന്ത്രിക്ക് ഒരക്ഷരം എതിർത്ത് പറയാൻ കഴിയുകയില്ലല്ലോ. 

ഇതാണ് കേരളത്തിലെ  ഭരണ ദുരന്തം. എന്തെങ്കിലും ഒരു അഴിമതി പുറത്തു വന്നാൽ  അഴിമതിയെ  കുറിച്ചല്ല ആദ്യം അന്വേഷിക്കുന്നത് . ഇതെങ്ങിനെ പുറത്തു വന്നു എന്നുള്ളതാണ് നമ്മുടെ മന്ത്രിമാർക്ക്  ഉടൻ  അറിയേണ്ടത്. കള്ളത്തരം പുറത്തു കൊണ്ട് വന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ കണ്ടു പിടിച്ച്   സസ്പെൻഡ്   ചെയ്യും. കള്ളക്കേസിൽ കുടുക്കും. അതാണ്‌ കേരളത്തിലെ  അഴിമതി നിർമാർജനം. 

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഡൽഹി ചുവപ്പ് കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗം കേൾക്കൂ . 

"ഇത്രയും ദിവസം ഭരണ സംവിധാനത്തിൻറെ അകത്തു നിന്ന ഒരാളെന്നനിലയിൽ ഞാൻ മനസ്സിലാക്കിയ കുറെയധികം കാര്യങ്ങൾ ഉണ്ട്. ഓരോ സർക്കാർ വകുപ്പുകളും പ്രത്യേകം പ്രത്യേകം സർക്കാരുകളായാണ് പ്രവർത്തിക്കുന്നത് എന്ന സത്യം മനസ്സിലാക്കിയ ഞാൻ ഞെട്ടിപ്പോയി. പിന്നെങ്ങിനെ രാജ്യത്തിന് മുന്നോട്ടു പോകാനാകും? രാഷ്ട്രത്തെ മുന്നോട്ടു നയിക്കുകയെന്ന ഏക ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കണം. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം മാദ്ധ്യമങ്ങളിലൊക്കെ നിരന്തരം വാർത്ത വന്നിരുന്നു;ഉദ്യോഗസ്ഥരെല്ലാം കൃത്യമായി ഓഫീസിൽ എത്തുന്നു. പക്ഷെ ആ വാർത്തകളിൽ എനിക്കു വലിയ സന്തോഷമൊന്നും തോന്നിയില്ല.    ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ഓഫീസിലെത്തുന്നത് എങ്ങിനെയാണ് വാർത്തയാകുന്നത്. അതവരുടെ കടമയല്ലേ?

" ഈ ദിവസങ്ങൾ കൊണ്ട് എനിയ്ക്ക് മനസ്സിലായത്‌ നമ്മുടെ ഉദ്യോഗസ്ഥരുടെ കഴിവ് അപാരമാണെന്ന സത്യമാണ്. ആ ശക്തിയെ ഉപയോഗിച്ച് രാജ്യത്ത് വികസനം സാധ്യമാക്കുകയാണ് എന്റെ ലക്ഷ്യം. ഇത് സാധ്യമാണെന്ന് ഈ ഉയർന്നു നിൽക്കുന്ന ദേശീയ പതാക സാക്ഷ്യമാക്കി ഞാൻ പറയുന്നു. എനിക്കെന്താണ് കാര്യം എനിക്കെന്താണ് കിട്ടുക എന്നീ ചിന്തകളെ മാറ്റി വച്ച് കൊണ്ട് എല്ലാം രാജ്യത്തിനാണെന്ന് ചിന്തിക്കുക"

ഉദ്യോഗസ്ഥർ അനുസരണ ഇല്ലാത്തവർ എന്ന് പറയുന്ന കേരള മന്ത്രിമാരും  ജന പ്രതിനിധികളും മോദി പറഞ്ഞതൊന്നു ശ്രദ്ധിക്കൂ.  ഭരണാധികാരികളിൽ നിന്നും  ഈ ആർജവം ആണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.  കേരളത്തിലെ  മന്ത്രിമാർക്കും   സത്യ സന്ധതയും, ആത്മാർത്ഥതയും, നീതി ബോധവും ആകാമല്ലോ. മോദി ഇത്തരം ഒരു നിലപാടെടുക്കുമ്പോൾ സ്വാഭാവികമായി കൂടെയുള്ള മന്ത്രിമാരും അങ്ങിനെ പ്രവർത്തിക്കാൻ നിർബ്ബന്ധിതരാകും.  കേരളത്തിൽ അവിടെയാണ് യഥാർത്ഥ  പ്രശ്നം. 

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ബാറ് പൂട്ടി


 "ഏറ്റവും അനുയോജ്യൻ അതിജീവിക്കും"  ( survival of the fittest) എന്ന ഡാർവിന്റെ സിദ്ധാന്തം അന്വർത്ഥമാക്കിക്കൊണ്ട്, അവസാന നിമിഷം വരെ പോരാടിയ   ഉമ്മൻ ചാണ്ടി, അവസാനത്തെ അടവായ കീഴടങ്ങലിലൂടെ സ്വന്തം   നിലനിൽപ്പിനു വേണ്ടി  ബാറുകൾ പൂട്ടാം എന്ന് സമ്മതിച്ചു.

ബാറുകൾ തുറക്കണം എന്ന ആഗ്രഹം നേരിട്ട് പറയാൻ വയ്യാത്ത ഗാന്ധിജിയുടെ അരുമ ശിഷ്യന്മാരായ കോണ്‍ഗ്രസ് നേതാക്കൾ അതിനു കണ്ടു പിടിച്ച ഒരു വാക്കാണ് "പ്രായോഗികത". ആദർശം വേണം പക്ഷേ   "പ്രായോഗികത" വേണം എന്നാണവരുടെ പക്ഷം. അതിൻറെഅർത്ഥം ബാർ മുതലാളിമാർ നല്ലവരാണ്. അവർ എപ്പോഴും സഹായികളാണ്. ഇതവരുടെ തൊഴിലാണ് അതവർ നടത്തിക്കൊണ്ടു പോകട്ടെ. ഈ   "പ്രായോഗികത" യുടെ പേരിൽ  തീരുമാനം അനിശ്ചിത മായി നീട്ടിക്കൊണ്ടുപോയ  സർക്കാരിന് ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വഴിയെ വരേണ്ടി വന്നു.  പൂട്ടിക്കിടക്കുന്ന ബാറുകൾ കൂടാതെ മറ്റെല്ലാ ബാറുകളും നിർത്തലാക്കും എന്ന സർക്കാർ തീരുമാനം   ജനങ്ങൾക്ക്‌ആശ്വാസമായി.  ജനഹിതത്തെ മാനിച്ചു എന്ന  വാചകങ്ങൾ എല്ലാം പൊള്ള ആണെന്ന് എല്ലാവർക്കും  അറിയാം. ജനങ്ങളുടെ ഹിതം മാനിച്ചായിരുന്നു എങ്കിൽ നേരത്തെ ആകാമായിരുന്നുവല്ലൊ.  സമുദായങ്ങളുടെ സമ്മർദ്ദമാണ് പ്രധാനമായും ഇത്തരം ഒരു തീരുമാനത്തിന് കാരണമായത്.   ക്രിസ്ത്യാനി സഭകൾ ശക്തമായി രംഗത്ത് വന്നു. നിലവാരം ഉള്ള ബാറുകൾ തുറക്കാം എന്ന ഒത്തു തീർപ്പ് നയം പറഞ്ഞ്  രണ്ടു വള്ളത്തിലും കാൽ ചവിട്ടി നിന്ന മാണിക്കും   "പ്രായോഗികത" മാറ്റേണ്ടി വന്നു. അത് പോലെ പ്ലസ് ടൂ കേസിൽ അഴിമതി ആരോപണങ്ങളിൽ കുളിച്ചു നിൽക്കുന്ന, കോടതിയിൽ നിന്നും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന  മുസ്ലിം ലീഗിനും ജനങ്ങളുടെ ഇടയിൽ   നല്ല പിള്ള ചമഞ്ഞ് ഇമേജ് കൂട്ടാം എന്നധാരണയിൽ  ചാണ്ടിയെ തള്ളിപ്പറയേണ്ടി വന്നു. 

ഏതായാലും തീരുമാനം നന്നായി. സമ്പൂർണ്ണ മദ്യ നിരോധനത്തിൽ  ആത്മാർത്ഥത ഉണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ  കൂടി ചെയ്യേണ്ടതുണ്ട്. ബാറുകൾ നിർത്തുന്നതോടൊപ്പം  ക്ലബ്ബുകൾക്കുള്ള മദ്യ ലൈസൻസും റദ്ദാക്കണം. വരേണ്യ വർഗത്തിന് കുടിക്കാനാണല്ലോ ക്ലബ്ബുകൾ. പാവപ്പെട്ടവൻറെ കള്ളു കുടി മുട്ടിയ്ക്കുമ്പോൾ  പണക്കാരന്  മാത്രം ക്ലബ്ബുകൾ വഴിയുള്ള മദ്യ പാന സൗകര്യം അനുവദിക്കുന്നതെന്തിനാണ് ?  സംസ്ഥാനത്ത് 24 ക്ലബുകൾക്കാണ് മദ്യ ലൈസൻസു ഉള്ളത്.  മറ്റൊന്ന് മദ്യ ലഭ്യത കുറയ്ക്കുക എന്നതാണ്.  ബീവറേജ് വിൽപ്പന ശാലകളിലെ  വിൽപ്പന  സമയം  കുറയ്ക്കണം.   രാവിലെ 11 മുതൽ 3 വരെയും വൈകുന്നേരം 5 മുതൽ 8 വരെയും ആക്കണം വിൽപ്പന. മദ്യം വാങ്ങുന്നവരുടെ പ്രായ പരിധി നിശ്ചയിക്കണം. പുകവലിയ്ക്കുള്ള വയസ്സ് 18 ൽ നിന്നും 25 ആക്കാനുള്ള നിയമം കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. അപ്പോൾ മദ്യ പാനത്തിനും പ്രായ പരിധി 25 ആക്കാം. മദ്യം വാങ്ങാൻ ഒരു 'പെർമിറ്റ്‌ കാർഡ്' ഏർപ്പെടുത്താം. ബാർ ലൈസൻസിന്റെ ബലത്തിൽ ഹോട്ടലുകളിലും ഹാളുകളിലും നടന്നിരുന്ന മദ്യ പാർട്ടികൾ കർശനമായി തടയണം.  ബാർ പൂട്ടുക എന്നതിൽ നിന്നും ഇനി ഒരു പിറകോട്ടു പോക്ക് അസാധ്യമാണ്. കോടതി എന്തെങ്കിലും വഴി തുറക്കും എന്ന നേരിയ ആശ നില നിർത്തുന്ന കുറെ "പ്രായോഗിക" ഗാന്ധി ശിഷ്യന്മാർ കാണും. പക്ഷെ സർക്കാറിന്റെ നയം ആയി ഇത് മാറ്റിയാൽ കോടതിയിലും രക്ഷ ഉണ്ടാകില്ല.  അതിനാൽ മദ്യ ഉപഭോഗം കുറയ്കാനുള്ള വഴികൾസ്വീകരിക്കാൻ മദ്യ മന്ത്രി തയ്യാറാകണം.

2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

ഹൈക്കോടതി പിച്ചി ചീന്തി

അഴിമതി മാത്രം ലക്ഷ്യമിട്ട്  പ്ലസ് ടു സ്കൂളുകൾ അനുവദിച്ച നടപടി സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി വിധി ഉമ്മൻ ചാണ്ടി സർക്കാരിന് ഏറ്റ ശക്തമായ അടിയായിപ്പോയി. ഉമ്മൻ ചാണ്ടിയും അബ്ദു റബ്ബും മുസ്ലിം ലീഗും ചേർന്ന് ഉണ്ടാക്കിയ പുതിയ ഉസ്കൂൾ ലിസ്റ്റ് ആണ് ബഹുമാനപ്പെട്ട ഹൈക്കോടതി പിച്ചി ചീന്തി ഏറിഞ്ഞത്. ഹയർ സെക്കണ്ടറി ഡയറക്ടറുടെ അധ്യക്ഷതയിൽ ഉള്ള ആറംഗ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്ത സ്കൂളുകൾക്ക്‌ മാത്രമാണ് കോടതി അനുമതി നൽകിയത്. സമിതി  ശുപാർശ ചെയ്യാത്ത ഒരൊറ്റ സ്കൂളിനും ബാച്ചിനും അനുമതി ഇല്ലെന്നു കോടതി ഉത്തരവിൽ പറഞ്ഞു. അങ്ങിനെ സർക്കാർ അനുവദിച്ച 104 സ്കൂളുകളുടെ അനുമതി ഇതോടെ റദ്ദായി.   അത് പോലെ സമിതി ശുപാർശ ചെയ്തിട്ടും സർക്കാർ തള്ളിയ സ്കൂളുകൾക്ക്അനുമതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അതും കൂടാതെ മതിയായ സൗകര്യം ഇല്ലാത്ത സ്കൂളുകൾക്കു അനുമതി നൽകരുത് എന്നും  കോടതി പറഞ്ഞു. സർക്കാർ സ്കൂൾ, എയിഡഡ, കൊർപ്പരെറ്റ് മാനേജ് മെൻറ് എന്ന  മുൻഗണന ക്രമത്തിലെ സ്കൂൾ അനുവദിക്കൂ എന്ന നയവും സർക്കാർ കാറ്റിൽ പറത്തി എന്ന് കോടതി പറഞ്ഞു.

അങ്ങിനെ  നിയമ പരമായ യാതൊരു മാനദണ്ഡവും പാലിക്കാതെ, പണം മാത്രം ലക്ഷ്യമിട്ട് മന്ത്രി സഭ ഉപസമിതി അനുവദിച്ച സ്കൂളുകളും ബാച്ചുകളും ആണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഹയർ സെക്കണ്ടറി ഡയറക്ടർ  വിദഗ്ധ പരിശോധനക്ക് ശേഷം ശുപാർശ ചെയ്ത സ്കൂൾ ലിസ്റ്റ് വെട്ടി മാറ്റിയായിരുന്നു മന്ത്രി സഭാ ഉപ സമിതി  പുതിയ ഒരു സ്കൂൾ ലിസ്റ്റ് ഉണ്ടാക്കിയത്. പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിന് കോടികൾ കോഴ ആവശ്യപ്പെട്ടു എന്ന് മുസ്ലിം ലീഗിൻറെ സഹയാത്രികനായ എം.ഇ.എസ്. ൻറെ  ഫസൽ ഗഫൂർ ഉൾപ്പടെ നിരവധി മാനേജ്‌മെൻറ് പ്രതിനിധികൾ തെളിവ് സഹിതം ആരോപണം ഉന്നയിച്ചിരുന്നു. പലരും ടെലിവിഷൻ ചാനലുകളുടെ ക്യാമറക്ക്‌ മുന്നിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നിട്ടും നമ്മുടെ മന്ത്രി സഭയ്ക്കോ മന്ത്രിമാർക്കോ ഒരു കുലുക്കവും ഉണ്ടായില്ല. എല്ലാറ്റിലും ചോദിക്കുന്നത് പോലെപറഞ്ഞത് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും കോണ്‍ഗ്രസ്സ്-ലീഗ് നേതാക്കളും "തെളിവ് തരൂ, ഞങ്ങൾക്ക്  തെളിവ് തരൂ, ഞങ്ങൾ ആക്ഷൻ എടുക്കട്ടെ " എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴിതാ തെളിവുകൾ വച്ച് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു, സർക്കാർ അനുവദിച്ചവയെല്ലാം തെറ്റായ രീതിയിൽ ആയിരുന്നു എന്ന്, സർക്കാറിന്റെ നടപടി തെറ്റായിരുന്നു എന്ന്.

ഹൈക്കോടതിയിലും, കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ( 148 പഞ്ചായത്തുകളിൽ പുതിയ ഹയർ സെക്കണ്ടറി സ്കൂൾ വേണം എന്ന വിധി നേടി എടുത്ത പോലെ, ബാർ പ്രശ്നത്തിൽ നടന്നു  എന്ന് സുധീരൻ പറഞ്ഞത് പോലെ.) അങ്ങിനെ രക്ഷപ്പെടാനും എ.ജി. യുടെ നേതൃത്വത്തിൽ വലിയ കളി നടന്നു. രേഖകൾ ചോദിക്കുമ്പോൾ "ഇപ്പോൾ തരാം" എന്ന് പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകാനും അവസാനം കോടതി ആവശ്യപ്പെട്ട രേഖകൾ  എ.ജി. യുടെ ഓഫീസിൽ എത്തിയിട്ടും അത് കൊടുക്കാതെ, "തനിക്ക് പഠിക്കാനുണ്ട്" (എൽ.എൽ. ബി. പരീക്ഷക്ക്‌ പഠിക്കുകയാണോ?) എന്ന് പറഞ്ഞ് വീണ്ടും നീട്ടാനും ഉള്ള കുത്സിത ശ്രമങ്ങൾ എല്ലാം പരാജയപ്പെടുത്തി ക്കൊണ്ടാണ് കോടതി കള്ളത്തരം പുറത്തു ചാടിച്ചത്. എം.എൽ.എ. മാർ ആവശ്യപ്പെട്ടിട്ടാണ്  സ്കൂൾ  എന്ന് പറയുന്നതിന് രേഖകൾ ഇല്ല. അപേക്ഷകരുടെ യോഗ്യത പരിശോധിച്ചതിനും രേഖകൾ ഇല്ല. ഒരു സിനിമയിൽ കൈ ഉയർത്തി കാട്ടി ' 'ഇതാ രേഖ' എന്ന്  ശങ്കരാടി പറയുന്നത് പോലെ  സർക്കാരിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത്  "കൈ രേഖ" മാത്രമാണ്. 

മുസ്ലിം ലീഗിനും വിദ്യാഭ്യാസ മന്ത്രിക്കും എതിരെ ആരോപണം വന്നപ്പോൾ, "അവരെ പറയണ്ട, എല്ലാറ്റിനും ഞാനാണ് ഉത്തരവാദി" എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇത് വരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയാകട്ടെ, വിധി വിദ്യാർത്ഥികൾക്ക് എതിരെ ഉള്ളതാണ് എന്ന് പറഞ്ഞു തലയൂരി.   പ്രശ്നം ഇവിടം കൊണ്ട് തീരുന്നില്ല. കോഴ കൊടുത്തു എന്ന ആരോപണം ശരിയാണെങ്കിൽ അത് കൊടുത്തവർ വെറുതെ ഇരിക്കില്ല. സ്കൂൾ കിട്ടിയേ അവർ അടങ്ങൂ. അതിനു വേണ്ടി  സർക്കാർ എന്തൊക്കെ ഇനി  ചെയ്യും എന്ന് കാത്തിരുന്നു കാണാം.

 മുൻ പ്രതിരോധ മന്ത്രി ശ്രീ എ .കെ.ആന്റണി  ആദ്യമായി   പറഞ്ഞ സത്യത്തിനു ഇവിടെ വലിയ പ്രാധാന്യം ഉണ്ട്. കോണ്‍ഗ്രസ്സിന്റെ ന്യൂന പക്ഷ പ്രീണനം ആണ് അവരുടെ തോൽവിക്ക് കാരണം എന്ന്.  കോണ്‍ഗ്രസ്സ് ന്യൂന പക്ഷ പ്രീണനം നടത്തിക്കൊണ്ടിരുന്നു എന്ന ആരോപണം ശരിയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്  അവരുടെ നേതാവ്  ആന്റണിയുടെ കുറ്റ സമ്മതം.അത് ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിൽ ആണ്. അതിൻറെ തെളിവുകളാണ് ഈ ഹൈക്കോടതി വിധിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മഹാത്മാ ചാണ്ടി

"നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യൻറെ മുഖം സങ്കൽപ്പിച്ചു നോക്കുക. എന്നിട്ട് നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാൾക്ക്‌ ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുമോ  എന്ന് സ്വയം ചോദിച്ചു നോക്കുക."  ഇത് പറഞ്ഞത് ആരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മഹാത്മാ ഗാന്ധി.അല്ലാതെ ഇത്  പറയാൻ മാത്രം മനുഷ്യ സ്നേഹി മറ്റാരുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അറുപത്തി എട്ടാം വാർഷിക ദിനാഘോഷത്തിൽ ഇത് നമ്മെ ഓർമിപ്പിച്ചത് മറ്റാരുമല്ല. നമ്മുടെ മുഖ്യ മന്ത്രി.   ഗാന്ധിജി ജീവിച്ചിരുന്നപ്പോൾ  ജനിക്കാൻ ഭാഗ്യം ചെയ്ത മനുഷ്യൻ.  ഗാന്ധിജിയുടെ ആദർശത്തിൽ ആകൃഷ്ട്ടനായി ഗാന്ധിജി തുടങ്ങി വച്ച ഇന്ത്യൻ നാഷണൽ കോണ്‍ ഗ്രസ്സിൽ ചേർന്ന് കേരളത്തിൻറെ മുഖ്യ മന്ത്രി പദത്തിൽ എത്തി ജനങ്ങളെ സേവിക്കുന്ന  ശ്രീ ഉമ്മൻ ചാണ്ടി ആണ് ഇത് സ്വയം ഓർമിക്കുകയും നമ്മളെ ഉദ്ബോധിപ്പിക്കുകയും ചെയ്തത്.  വിദ്യാർത്ഥി കാലഘട്ടം മുതൽ ഗാന്ധി കോണ്‍ഗ്രസ്സിൽ ആയിരുന്നിട്ടും ഈ എഴുപതാം വയസ്സിൽ ആണ് വാർധ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയത്.

മാതൃഭൂമി ദിന പ്പത്രത്തിൽ എഴുതിയ " ബാപ്പു കുടിയുടെ മുന്നിൽ " എന്ന ലേഖനത്തിലൂടെ ആണ് വാർധയിലെ അദ്ദേഹത്തിൻറെ അനുഭവങ്ങൾ പങ്കു വയ്ച്ചത്‌. ഇപ്പോഴത്തെ കേരളത്തിലെ തിളച്ചു മറിയുന്ന  ബാർ പ്രശ്നം കൊണ്ട് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ശീർഷകം അൽപ്പം "കണ്‍ഫൂഷൻ' ആയി. ഇനി ബാപ്പു കുടിയിൽ മുന്നിൽ ആയോ എന്നാണോ എന്ന് സംശയം. തന്റെ നിലപാട് ന്യായീകരിക്കാൻ ഗാന്ധിയേയും കുടിയനാക്കിയോ എന്ന്. ഏതായാലുംഈ അവസരത്തിൽ തന്നെ  ശ്രീ ഉമ്മൻ ചാണ്ടി മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകൾ  ഓർമിച്ചത്‌ നന്നായി.  കുടുംബ നാഥന്റെ മദ്യപാനം കൊണ്ട് തകർന്ന കുടംബങ്ങളിലെ,  ഒരു നേരത്തെ ആഹാരം കിട്ടാതെ അലയുന്ന നിസ്സഹായരായ   അനേകരുടെ മുഖം മനസ്സിൽ കാണുക. അടച്ചിട്ട ബാറുകൾ തുറക്കുന്നത് കൊണ്ട് ആ പാവങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചു നോക്കുക. 

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

അടൂർ കമ്മിറ്റി

അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയുടെ ഗുണ കരമായ വളർച്ചയ്ക്ക് വളരെയേറെ  സഹായകരമാകുന്ന നിർദേശങ്ങൾ ആണ് നൽകുന്നത്. തന്റെ സിനിമകളിൽ അടൂർ കാണിയ്ക്കുന്ന ആത്മാർഥതയും,സത്യ സന്ധതയും, യാഥാർത്ഥ്യ  ബോധവും ഈ റിപ്പോർട്ടിലും തെളിഞ്ഞു കാണാം. സിനിമയോട് പ്രതിബദ്ധത ഉള്ള ആളെ ഈ പഠനത്തിനു നിയോഗിച്ചു  എന്നത് സർക്കാർ കാണിച്ച  ആദ്യത്തെ ബുദ്ധി പരമായ ഒരു പ്രവൃത്തി ആണ്. എത്ര സിനിമ മലയാളത്തിൽ ഇറങ്ങുന്നു എന്ന് പോലും  സർക്കാരിൻറെ  കയ്യിൽ കണക്കില്ല എന്ന് അടൂർ പറയുമ്പോൾ സർക്കാരിന്റെ അലംഭാവവും സിനിമയോടുള്ള അവരുടെ ലാഘവ മനോഭാവത്തോടെയുള്ള സമീപനവും ആണ് പുറത്തു വരുന്നത്. ആണ്ടോടാണ്ട് നടത്തുന്ന ആഡംബര പൂർവമുള്ള അവാർഡ് പ്രഖ്യാപനം മാത്രമാണ്സിനിമാ മന്ത്രിമാർ ഇത്രയും നാൾ നടത്തിയിരുന്നത്.

 അടൂർ സമർപ്പിച്ച, മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്ന നിർദേശങ്ങൾ എല്ലാം സർക്കാർ  തത്വത്തിൽ അംഗീകരിച്ചത് നന്നായി. ഇനി തന്നിഷ്ട്ടം പോലെ ചെയ്യാനാണോ ഈ "തത്വത്തിൽ അംഗീകാരം" എന്നതിൻറെ അർത്ഥം എന്നറിയില്ല.  സബ്സിഡിയ്ക്ക് പരിഗണിക്കുന്ന സിനിമകളുടെ ശീർഷകങ്ങളും മലയാളത്തിൽ തന്നെ ആകണം എന്നത് വളരെ നല്ല നിർദ്ദേശം തന്നെ. കഥയുമായി പുല ബന്ധം പോലും ഇല്ലാത്ത ഇംഗ്ലിഷ് വാക്കുകൾ കൊണ്ട് കസർത്തുകൾ കാണിക്കുന്നവർ സർക്കാരിന്റെ പണമെങ്കിലും കൊണ്ട് പോകാതെ ഇരിക്കട്ടെ. ലോകത്തുള്ള ചിത്രങ്ങൾ മുഴുവൻ നിലവാരം നോക്കാതെ ചലച്ചിത്ര മേളയിൽ  വലിച്ചു വാരി പ്രദർശിപ്പിക്കുന്നതും ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം. സിനിമയെ പറ്റി വിവരമുള്ളവർ   നല്ല ചിത്രങ്ങൾ തെരഞ്ഞെടുത്തു അവ  മാത്രം മേളകളിൽ കാണിക്കട്ടെ.

ചലച്ചിത്ര മേളയ്ക്ക് തിയറ്റർ സമുച്ചയം വേണമെന്നത് ശരിയായ ഒരു നിർദ്ദേശം അല്ല. വർഷത്തിൽ 7 ദിവസം മാത്രം  നടത്തുന്ന ഒരു മേളയ്ക്ക് വേണ്ടി വൻ തോതിൽ പണം മുടക്കി തിയേറ്ററുകൾ കെട്ടിയിടുന്നത്  വെറും പാഴ് ച്ചിലവാണ്. മറ്റുള്ള സമയങ്ങളിൽ അത് സിനിമാ പ്രദർശനത്തിനും  മറ്റും ഉപയോഗിക്കാം എന്ന വാദങ്ങൾ ശരിയല്ല. ഇപ്പോൾ തന്നെ തിയറ്ററുകൾ  നഷ്ട്ടത്തിലാണ് ഓടുന്നത്. നേരിട്ട് വീടുകളിൽ പുതിയ  സിനിമകൾ കാണിക്കാനുള്ള നൂതന സാങ്കേതിക വിദ്യകൾ വന്നു കൊണ്ടിരിക്കുമ്പോൾ ഇത് ഒട്ടും ബുദ്ധി പരമായ ഒരു തീരുമാനമല്ല. നമ്മളോടുകൂടി ലോകം അവസാനിക്കാൻ ഒന്നും പോകുന്നില്ലല്ലോ.  എല്ലായിടത്തും കെട്ടിപ്പൊക്കാതെ വരും  തലമുറകൾക്ക് വേണ്ടി  അൽപ്പം തുറന്ന പ്രദേശം ഒഴിച്ചിടാം. മേള തിരുവനന്തപുരത്ത് മാത്രം ആക്കാതെ  മറ്റൊരു വേദി കൂടി ആകാം.  മേളയുടെ  അതേ കാലയളവിൽ മത്സര ചിത്രങ്ങൾ  മാത്രം തിരുവനന്തപുരത്തെ പ്രദർശനത്തിന് ശേഷം  കോഴിക്കോടും  പ്രദർശിപ്പിക്കാം. തിരുവനന്തപുരത്ത് പകുതി  തിരക്ക് കുറയും. ഒപ്പം   വടക്കുള്ളവർക്ക് വലിയ പണച്ചിലവില്ലാതെ സൌകര്യമായി കാണാൻ അവസരവും  കിട്ടും. 

കേരള സ്റ്റേറ്റ്  അവാർഡ് നിർണയത്തിനുള്ള  ജൂറിയെ പല  സബ് ഗ്രൂപ്പുകൾ ആക്കി സിനിമകൾവിഭജിച്ചു നൽകണം  എന്ന നിർദ്ദേശം ഉണ്ടെന്നു കണ്ടു. അതെങ്ങിനെ ശരിയാകും? എല്ലാ സിനിമകളും ഒരു ജൂറി കണ്ടാൽ മാത്രമല്ലേ  സിനിമകൾ തമ്മിൽ  താരതമ്യം ചെയ്ത് ഏറ്റവും മെച്ചപ്പെട്ടത് തെരഞ്ഞെടുക്കാൻ  കഴിയൂ? പല ഗ്രൂപ്പുകൾ ആകുമ്പോൾ പല രീതിയിലല്ലേ അവലോകനം ചെയ്യുന്നത്? ഒരു ഗ്രൂപ്പ് ഒഴിവാക്കുന്നത് മറ്റേ ഗ്രൂപ്പിന് സ്വീകാര്യം ആയുള്ളവ ആണെങ്കിലോ? കൂടാതെ ചെറിയ ഗ്രൂപ്പുകൾ ആകുമ്പോൾ സിനിമകൾ  തള്ളാനും സ്വീകരിക്കാനുമുള്ള ബാഹ്യ താൽപ്പര്യങ്ങൾക്കും സമ്മർദങ്ങൾക്കും സ്വാധീനങ്ങൾക്കും വശംവദരാകാൻ എളുപ്പമാണ്. കഴിഞ്ഞ തവണത്തെ മത്സരത്തിൽ വന്ന 85 ചിത്രങ്ങളും  ജൂറി ചെയർമാൻ കണ്ടില്ല എന്ന കേസ് വന്നത് കൊണ്ടും ജൂറി അംഗങ്ങൾക്ക് ഇത്രയും ചിത്രങ്ങൾ കാണാൻ സമയം കിട്ടില്ല എന്നത് കൊണ്ടും ആയിരിക്കണം അടൂർ ഈ ഒത്തു തീർപ്പ് ഫോർമുല  വച്ചത്. സിനിമ കാണാൻ  സമയം കിട്ടാത്തവരെ എന്തിന് ജൂറി അംഗങ്ങൾ ആക്കണം. എന്തിന് ഈ അവാർഡ് ഒരു പ്രഹസനം ആക്കണം?

2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

Cancer ടൂത്ത് പേസ്റ്റ്







കോൾഗേറ്റ് ടോട്ടൽ എന്ന ടൂത്ത്  പേസ്റ്റ് കാൻസറിനു കാരണം ആകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. അമേരിക്കയുടെ   FDA , അതായത് ഫുഡ് & ഡ്രഗ് അഡ്മിനിസ്റ്റ്രെഷൻ, നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നു. അമേരിക്കയിലെ മരുന്നുകളുടെയും ആഹാര സാധനങ്ങളുടെയും ഗുണ നിലവാരം ഉറപ്പു വരുത്താൻ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന  ശക്തമായ   ഏജൻസി ആണ് FDA. അവരുടെ പഠനത്തിൽ ആണ് ഈ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാൻ എന്ന രാസ  വസ്തു കാൻസറിനു കാരണം ആകുന്നുവെന്ന് കണ്ടെത്തിയത്. ബാക്റ്റീരിയയെ നശിപ്പിക്കാനാണീ രാസ വസ്തു പേസ്റ്റിൽ  ഉപയോഗിക്കുന്നത്. 

 FDA തയ്യാറാക്കിയ 35 പേജുള്ള റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. നമ്മുടെ വിവരാകാശ നിയമം പോലത്തെ അമേരിക്കയുടെ  ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്‌ പ്രകാരം ഒരു കേസിൽ ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. അതിൻ പ്രകാരം കാൻസർ സെൽ വളർച്ചക്കും, ഹോർമോണ്‍ വ്യതിയാനത്തിനും  അസ്ഥി സംബന്ധമായതും മറ്റു ശരീര പ്രശ്നങ്ങൾക്കും കാരണം ആകുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ശക്തമായ നിയന്ത്രണ ഏജൻസി ആണെങ്കിലും  കോൾഗേറ്റിനെ പ്പോലെ വലിയ കമ്പനിയുടെ മുന്നിൽ  FDA ഒന്ന് മടിക്കുകയാണ്. ഇത് ബാൻ ചെയ്യാൻ വലിയ ജന സമ്മർദ്ദം വന്നു കഴിഞ്ഞു. വലിയ താമസമില്ലാതെ ഇത് അമേരിക്കയിലും ബ്രിട്ടനിലും നിരോധിക്കും.

രണ്ടു നേരവും കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്ന ഇന്ത്യാക്കാരന്റെ ഗതി എന്താകും. ലോകം മുഴുവൻ നിരോധിച്ചാലും നമ്മൾ ഇത് കൊണ്ട് നടക്കും.ആ കമ്പനി തരുന്ന നക്കാപ്പിച്ച വാങ്ങി ( അത് ദശ ലക്ഷ ക്കണക്കിന് ഡോളർ ആയിരിക്കും) നമ്മുടെ ഭരണാധികാരികൾ ഇവിടുത്തെ ജനങ്ങളെ ഒറ്റു കൊടുക്കും.  1994ൽ ഭോപ്പാലിൽ വിഷ വാതക ദുരന്തം ഉണ്ടായി ആയിരക്കണക്കിന് ആളുകൾ മരിച്ചിട്ടും അതിൻറെമേധാവി വാറൻ ആന്ടെർസനെ    മദ്ധ്യപ്രദേശ്    മുഖ്യ മന്ത്രി അർജുൻ സിംഗ് തന്നെ (കോണ്‍ഗ്രസ്) സംസ്ഥാന സർക്കാരിന്റെ പ്രത്യേക വിമാനത്തിൽ  സുരക്ഷിതമായി ഡൽഹിയിൽ എത്തിക്കുകയും അവിടെ നിന്ന് കേന്ദ്ര സർക്കാരിന്റെ   (കോണ്‍ഗ്രസ്) സഹായത്തോടെ അമേരിക്കയിൽ എത്തിക്കുകയും ചെയ്ത വഞ്ചകർ  ആണ് നമ്മുടെ ഭരണാധികാരികൾ. ( പണം കുറെ കിട്ടിക്കാണും).  ഉപയോഗ യോഗ്യമല്ലെന്ന് കണ്ട് ആഫ്രിക്കയിൽ നിന്നും പുറന്തള്ളിയ എലിസ ടെസ്റ്റിൻറെ കിറ്റ് കൊണ്ട് വന്ന് നമ്മുടെ പാവങ്ങളിൽ കുറെ നാൾ ടെസ്റ്റ് നടത്തി  യവർ ആണ് നമ്മുടെ ഭരണാധികാരികൾ (അതിലും കുറെ പണം ഉണ്ടാക്കിക്കാണും). അവർ കോൾഗേറ്റ് ടോട്ടൽ ഇൻഡ്യയിൽ നിരോധിക്കും എന്ന് ഒരു ആശയും വേണ്ട. അത് പോലെ കോടിക്കണക്കിന് രൂപ  പരസ്യത്തിനായി നൽകുന്ന കോൾഗേറ്റ് പേസ്റ്റിന്റെ ഈ വാർത്ത പ്രസിദ്ധീകരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങളും തയ്യാറാകും എന്ന് കരുതുക   വേണ്ട.

ഈ കോൾഗേറ്റ് ടൂത്ത് പേസ്റ്റിന്റെ  പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ? "പല്ലിനും മോണയ്ക്കും അത്യുത്തമം എന്ന് ഡെന്റൽ ഡോക്ടർ മാർ സർട്ടിഫൈ ചെയ്തത്" എന്നാണ്. പണം വാങ്ങി ഡോക്ടർമാർ ചെയ്യുന്ന ദുഷിച്ച പ്രവൃത്തി.  വിഷം നല്ലതാണെന്ന് പറയുന്നത് ഡോക്ടർമാരുടെ കോഡ് ഓഫ് എത്തിക്സിൽ ഒന്നും വരില്ലായിരിക്കാം. 

ഇനി ഒരേ ഒരു മാർഗം മാത്രം. നമ്മൾ തന്നെ ബാൻ ചെയ്യുക എന്നതാണ്.  നാം കോൾഗേറ്റ് പേസ്റ്റ് വാങ്ങാതിരിക്കുക. അത് കൂടാതെ  കോൾഗേറ്റ്  ടൂത്ത്  പേസ്റ്റ് കാൻസർ വരാൻ കാരണമാകും  എന്ന് എല്ലാവരോടും പറയുക. ഈ വാർത്തയ്ക്ക്   മാക്സിമം പബ്ലിസിറ്റി  കൊടുക്കുക.   ഡെന്റൽ ഡോക്ടർ മാരും ഇത് വാങ്ങരുത് എന്ന് തങ്ങളുടെ അടുത്ത് വരുന്ന രോഗികളോട്   പറയണം. അങ്ങിനെ കാൻസർ എന്ന മാരക രോഗം പടർത്തുന്ന ഈ കോൾഗേറ്റ്   ടൂത്ത്  പേസ്റ്റ് നമുക്ക് ഒഴിവാക്കാം. സ്വയം രക്ഷിക്കാം. പല്ല് തേയ്ക്കാൻ പഴയ കാല ഉമിക്കരിയിലോട്ട് മടങ്ങണോ എന്നും ആലോചിക്കാം.

വാട്സ് ആപ്പ്-അഴിമതി

ഏതെങ്കിലും ഒരു പോലീസ് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയോ നിങ്ങളെ ശല്യപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ എന്ത് ചെയ്യണം എന്നാലോചിച്ച് ഇനി  വിഷമിക്കേണ്ട.   നിങ്ങളുടെ  സ്മാർട്ട് ഫോണിൽ നിന്നും  വാട്സ് ആപ്പ് വഴി 9910641064 ൽ  വിളിച്ച്  പരാതി പോലീസിൽ  രജിസ്റ്റർ ചെയ്യുക. കൂടാതെ  ഇതിനു തെളിവായി നിങ്ങൾ ഫോണിൽ റിക്കോർഡ് ചെയ്ത ശബ്ദത്തിന്റെയോ ദൃശ്യത്തിന്റെയോ ക്ലിപ്പിംഗ് കൂടി അയച്ചു കൊടുക്കുക.    ആ ക്ലിപ്പിന്റെ ആധികാരികത പരിശോധിച്ച് പരാതി സത്യമാണെങ്കിൽ    അഴിമതി വിരുദ്ധ നിയമത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും മറ്റും വകുപ്പുകളിൽ  കുറ്റക്കാരനായ ആ പോലീസ് ഉദ്യോഗസ്ഥന് എതിരെ   കേസ്  രജിസ്റ്റർ ചെയ്യും.  പോലീസ് കാരനെ ഉടനെ   അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്നും സസ്പെൻഡു ചെയ്യുകയും  ചെയ്യും. പോരേ?   

പക്ഷേ ഇത് കേരളത്തിൽ അല്ല.അങ്ങ് ഡൽഹിയിൽ ആണ്. ഡൽഹി പോലീസ് ആണ് വളരെ നൂതനമായ ഈ ആശയവുമായി ആദ്യം വരുന്നത്. വാട്സ് ആപ്പ് കൊണ്ട് തങ്ങളുടെ വരുമാനം കുറയുന്നു എന്ന് ടെലികോം കമ്പനികൾ  പരാതി പറയുന്നുണ്ടെങ്കിലും ജനങ്ങൾക്ക്‌ ഉപകാര പ്രദമായി ഇതുപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.  കേരളത്തിലും ഇത്തരത്തിലുള്ള ഒരു സംവിധാനം നടപ്പിലാക്കാവുന്നതെ ഉള്ളൂ. ഇവിടെ എല്ലാവരുടെയും കയ്യിൽ സ്മാർട്ട് ഫോണ്‍ ഉണ്ട്. പോലീസ് അതിക്രമങ്ങൾ ഇവിടെ അതിര് കടക്കുന്ന ന്നുണ്ട് താനും. വഴിയിൽ പതിയിരുന്നു ചാടി വീണ് ഹെൽമറ്റ് പിടിക്കുകയും, ചരക്കു ലോറികളിൽ പരിശോധന നടത്തുകയും എന്നിട്ട് ഒത്തു തീർപ്പിന് മറവിലേക്ക് മാറുകയും ചെയ്യുന്ന പോലീസ്കാരെ ധാരാളം കാണാറുണ്ടല്ലോ. പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നാലും തെറി പറച്ചിലും അടിയും തന്നെ. അത് പോലെ വെറുതെ വഴിയെ പോയാലും ഗതി ഇത് തന്നെ. 

ഡൽഹി പോലീസ് ഇത് തുടങ്ങുന്നതിനു മുൻപ് തന്നെ നമ്മുടെ നാട്ടിൽ ഈ ആപ്ലിക്കേഷൻ നടത്തിയിരുന്നു.  കൊല്ലത്ത് വച്ച് ഒരു നാടക നടിയെയും കൂട്ടുകാരനെയും ബൈക്കിൽ പോകുമ്പോൾ രാത്രി  പോലീസ് വെറുതെ  പിടികൂടി. തങ്ങൾ ആരാണെന്ന് പറഞ്ഞിട്ടും അതൊന്നും കാര്യമാക്കാതെ നേരം   വെളുക്കുന്നത്‌ വരെ ആ പാവം ചെറുപ്പക്കാരെ  പോലീസ് സ്റ്റേഷനിൽ ഇരുത്തി. പോലീസിന്റെ അസഭ്യം പറച്ചിലും മറ്റു സംസാരങ്ങളും ആ പെണ്‍ കുട്ടി ഫോണിൽ റിക്കോർഡ് ചെയ്തത് കൊണ്ട് സത്യം ലോകം അറിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്താൻ നിർബ്ബന്ധിതരായി.കുറ്റക്കാരായ പോലീസിന്   സ്ഥലം മാറ്റം നൽകുകയും ചെയ്തു.

അഴിമതി നിർത്തലാക്കാൻ ഡൽഹി പോലീസ് കാണിച്ച ധൈര്യം കേരളാ പോലീസും കാണിക്കണം. കേരളത്തിലും അത്തരം ഒരു സംവിധാനം നടപ്പിലാക്കാനുള്ള ആർജ്ജവം മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പോലീസ് മേധാവിയും കാണിക്കണം. ഈ മാർഗം പോലീസ് വകുപ്പിൽ മാത്രം ഒതുക്കി നിർത്തേണ്ട. കേരളത്തിലെ എല്ലാ സർക്കാർ വകുപ്പുകളിലും  പൊതു ജനങ്ങളുമായി ഇടപെടുന്ന മറ്റു ഓഫീസുകളിലും പ്രാവർത്തികമാക്കണം. പക്ഷെ ഇത് ഇവിടെ നടക്കുമെന്ന് തോന്നുന്നില്ല. കാരണം അഴിമതി മുകളറ്റം വരെ വ്യാപിച്ചു കിടക്കുകയാണ്. പ്ലസ് ടൂ സ്കൂൾ അനുവദിച്ചത്,ബാർ പ്രശ്നം, മൂന്നാർ കയ്യേറ്റം, കായലും പൊതു സ്ഥലങ്ങളും കയ്യേറി ഫ്ലാറ്റ് പണിയൽ ഇവിടങ്ങളിലൊക്കെ മന്ത്രിമാർക്ക് നേരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. അവർ നടപ്പാക്കാൻ മടിച്ചാൽ  ഈ ആശയം ജനങ്ങൾക്ക്‌ സ്വയം എന്ത് കൊണ്ട്  പ്രാവർത്തികമാക്കി ക്കൂടാ?  സർക്കാറുമായി ഇടപെടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ സ്മാർട്ട് ഫോണ്‍  തുറന്നു വയ്ക്കുക. ശബ്ദവും ദൃശ്യവും അത് പകർത്തിക്കൊണ്ടേ ഇരിക്കട്ടെ. അധികാരികൾ ഒന്നും ചെയ്യാൻ തയ്യാറായില്ലെങ്കിൽ മാധ്യമങ്ങൾക്ക് നൽകുക. ആ  പെണ്‍ കുട്ടിയെപ്പോലെ.   ഫോണിനോടൊപ്പം നമുക്കും സ്മാർട്ട് ആകാം.

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

മുഖ്യ മന്ത്രി ആകണം

മാണിയ്ക്ക്  മുഖ്യ മന്ത്രി ആകണം.  ഗർഭിണികളുടെ ആശ പോലെ കുറെ നാളുകളായി അതിങ്ങിനെ  വളർന്നു വളർന്നു  വലുതായി ക്കൊണ്ടിരിക്കുന്നു. എത്ര നാളാണ് ചുമന്നു കൊണ്ട് നടക്കുന്നത്. അത് തൻറെ സിൽബന്ധികളിലൂടെ പതിയെ പുറത്തു ചാടിച്ചു. ആദ്യം പി.സി. ജോർജ് ആണ് രംഗത്ത് വന്നത്. അതോ ആദ്യം ആൻറ്റോ ആന്റണി ആണോ പറഞ്ഞത് ? ഏതായാലും രണ്ടു പേരും   പറഞ്ഞു. മുഖ്യ മന്ത്രി ആകാൻ എന്ത് കൊണ്ടും യോഗ്യനാണ് മാണി എന്ന്.   ലോക സഭ തെരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയതാണ്‌ ഈ പറച്ചിലുകൾ. മുഖ്യ മന്ത്രി ആകാൻ ആകെ ഒരു ചാൻസ് മാർക്സിസ്റ്റ് പാർട്ടി വിചാരിച്ചാൽ മാത്രം ആണ്.മാർക്സിസ്റ്റ് ക്യാമ്പിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടുമുണ്ട്. അതിനായി മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു സമ്മേളനത്തിൽ ശ്രീ മാണി പോയി പ്രസംഗിച്ചു. വിഷയം എക്കണോമിക്സ്. ഇത്രയും വർഷം  കേരളത്തിൻറെ ധന മന്ത്രിയായി ഇരുന്നിട്ട് എന്നും കടവും, ഓവർ ഡ്രാഫ്റ്റും, ട്രെഷറി പൂട്ടലുമായി കേരളത്തിൻറെ സാമ്പത്തിക സ്ഥിതിയെ പടു കുഴിയിൽ  എത്തിച്ച മാണി തന്നെ സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാൻ ഏറ്റവും അർഹൻ എന്ന് മാർക്സിസ്റ്റ് കാർ വിചാരിച്ചത്  തോമസ്‌ ഐസക്കിനെക്കാളും ഭേദം എന്ന് അവർക്ക് തോന്നിയത് കൊണ്ടായിരിക്കാം.  മാണിയുടെ വേദ വാക്യങ്ങൾ കേട്ട് എല്ലാ സഖാക്കളും സന്തുഷ്ട്ടരായിഅനുമോദിച്ചു. പക്ഷേ തെരഞ്ഞെടുപ്പു അടുത്തു വന്നപ്പോൾ മാണി ഒന്നു കൂടി ആലോചിച്ചു. ഇനി ഈ വയസ്സു കാലത്ത് പിള്ളേരല്ലേ ആശ്രയം. മോനാണെങ്കിൽ  ഇത് വരെ ഒരു കര പിടിച്ചിട്ടില്ല. 2004 ൽ മൂവാറ്റുപുഴയിൽ തോറ്റു. 2009ൽ കോട്ടയത്ത് നിന്നും പാർലമെന്റിൽ എത്തിച്ചു. പല പ്രാവശ്യം മന്ത്രിക്കസേര അടുത്തെത്തി കൊതിപ്പിച്ചിട്ട്‌ ഉമ്മൻ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്സിലെ  ആത്മാർത്ഥ സ്നേഹിതരുടെ ഉള്ളഴിഞ്ഞ സഹായ സഹകരണം  കൊണ്ട് അത് നടക്കാതെ പോയി. വലിയ കഴിവൊന്നും ഇല്ല. എന്നാലും ഇത്തവണയെങ്കിലും   എന്തെങ്കിലും നടത്തി എടുക്കണം. പയ്യനും പ്രായമായി വരുന്നു. യു.ഡി.എഫ്. വിട്ടു പോയാൽ അത് നടക്കില്ല. അത് കൊണ്ട് തൽക്കാലം അവിടെ തന്നെ നിന്നു. 

അങ്ങിനെ മകൻ പാലമെന്റിൽ വീണ്ടും എത്തി.  പക്ഷേ  കഷ്ട്ട കാലത്തിന് കേന്ദ്രത്തിൽ  ബി.ജെ.പി. സർക്കാരാണ് അധികാരത്തിൽ വന്നത്. അതോടെ മകൻറെ മന്ത്രി മോഹം പൊലിഞ്ഞു. ഇനി എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇവിടെ ചെയ്യണം. മാണി ആലോചിച്ചു. അപ്പോഴാണ്‌ ബുദ്ധി തെളിഞ്ഞത്.  തനിക്കു എന്ത് കൊണ്ട് മുഖ്യ മന്ത്രി ആയിക്കൂടാ? ആർഎസ്.പി. കൂടെ ഇപ്പുറത്ത് വന്നതോട് കൂടി ഉമ്മൻ ചാണ്ടി കൂടുതൽ സ്ട്രോങ്ങ്‌ ആയി. ഇനി വെറുതെ വിരട്ടാൻ  പറ്റില്ല. മാത്രമല്ല കോണ്‍ഗ്രസ്സ് ഭാരതത്തിൽ ആകമാനം തോറ്റു തുന്നം പാടിയത് കൊണ്ട്  ഇപ്പോൾ ഹൈ ക്കാമാണ്ടിനെ ആർക്കും   ഒരു പേടിയും ഇല്ല. എല്ലാവരും ഇപ്പോൾ പാവം രാഹുൽ ഗാന്ധിയെ പരസ്യമായി തെറി പറയുകയാണ്‌. മുഖ്യ മന്ത്രി ആകണം എന്ന് പറയുമ്പോഴൊക്കെ മാർക്സിസ്റ്റ് കാർ ആത്മാർത്ഥമായി  പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ അനുകൂല നിലപാട് എടുക്കുന്നുണ്ട്. അതൊരു അടവാണ് എന്നറിയാനുള്ള ബുദ്ധി ഒക്കെ ഉണ്ട്. എന്നിരുന്നാലും ഒരു കൈ നോക്കാം. ആകെ സി.പി. ഐ. നേതാവ് പന്ന്യൻ  രവീന്ദ്രൻ ആണ് എതിരു നിൽക്കുന്നത്.  സ്വന്തം പാർട്ടി എവിടെയാണെന്ന് അന്വേഷിച്ചു നടക്കുന്നവർ ആണ് ഈ സി.പി.ഐ. ക്കാർ.ഇടയ്ക്കിടെ ഇങ്ങിനെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ പാർട്ടി ജീവിച്ചിരിപ്പില്ല എന്ന് ജനങ്ങൾ ധരിക്കും എന്ന് കരുതിയാണ് ഈ പറയുന്നത്. ബെന്നറ്റിനെ പ്പോലെ ഒരു കോടി യൊന്നും വേണ്ട എന്തെങ്കിലും കൊടുത്താൽ മതി  അവർ അട്ജസ്റ്റ് ചെയ്തു  കൊള്ളും. പിന്നെ എതിരു പറഞ്ഞത് ആ കാരണവർ ആണ്. അച്യുതാനന്ദൻ. അത് പിണറായി നോക്കിക്കൊള്ളും.

ജനങ്ങളെ സേവിക്കുകയാണ് മാണിയുടെ ഒരേ ഒരു ലക്ഷ്യം. എത്ര സേവിച്ചാലും അദേഹത്തിന് മതി വരില്ല. കഴിഞ്ഞ 49 വർഷമായി എം.എൽ.എ. ആണ്. ഒരേ നിയോജക മണ്ഡലത്തിൽ നിന്നും. ആർക്കും വഴി മാറിക്കൊടുക്കാതെ ഇന്നും എം.എൽ.എ. ആയി നിൽക്കുന്നത് ആ നാട്ടുകാരോടുള്ള സ്നേഹം കൊണ്ടും ജനങ്ങളെ സേവിക്കാതെ ഉറങ്ങാൻ കഴിയില്ല എന്നത് കൊണ്ടും മാത്രമാണ്. അത് പോലെയാണ്   മന്ത്രി ആകുന്നതും. കഴിവതും ധനകാര്യം തന്നെ എടുക്കും. എങ്ങിനെയെങ്കിലും കേരളത്തെ ഒന്ന് രക്ഷിക്കണ്ടേ. രണ്ട് മൂന്നു ദിവസത്തിനകം  സർക്കാർ  700 കോടി രൂപ കടം എടുക്കും.ഇതോടു കൂടി ഈ സാമ്പത്തിക വർഷത്തെ കടം 5400 കോടി ആകും. പിന്നെ ഓണമല്ലേ വരുന്നത്. ഓണച്ചിലവിനു വീണ്ടും ഒരു 1000 കോടി കൂടി കടമെടുക്കും. അങ്ങിനെ കടമെടുത്തു കൊണ്ടേ ഇരിക്കും. അതാണ്‌ ധന മന്ത്രിയുടെ ചുണ.

 പിന്നെ മുഖ്യ മന്ത്രി ക്കസേര. അത്  ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്?  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആഗ്രഹം.   കഴിഞ്ഞ 35 വർഷമായി മനസ്സിൽ കൊണ്ടു നടക്കുന്നതാണ്. 1979 ൽ പി.. കെ. വാസുദേവൻ നായർ രാജി വച്ചപ്പോൾ മുഖ്യ മന്ത്രി പദം  കൈപ്പിടിയിൽ വന്നതാണ്. പക്ഷെ കപ്പിനും ചുണ്ടിനും ഇടയ്ക്ക് കൈവിട്ടു  എന്ന് സായിപ്പ് പറയുന്നത് പോലെ പോയി. സി.എച്ച്.മുഹമ്മദ്‌ കോയ അത് അടിച്ചെടുത്തു. വേല  കയ്യിലിരിക്കട്ടെ. അങ്ങിനെ വിട്ടു കൊടുക്കാമോ?  മന്ത്രി സഭയ്ക്ക് കൊടുത്ത പിന്തുണ  മാണി പിൻ വലിച്ചു. രണ്ടേ രണ്ടു മാസം.  സി.എച്ച്.നെ  രാജി വയ്പ്പിച്ചു താഴെ ഇറക്കി. .  അപ്പോഴും മുഖ്യ മന്ത്രി ആകാനുള്ള അവസരം വരുമെന്ന് മോഹിച്ചത് നേര്. പക്ഷേ  എന്നും  കൂടെ നിന്ന നല്ലവരായ  കോണ്‍ഗ്രസ്സുകാർ പാലം വലിച്ചു. നിയമസഭ പിരിച്ചു വിട്ടു. ആ അവസരവും പോയി. എല്ലാ തെരഞ്ഞെടുപ്പിലും എം.എൽ.എ. ആകും. എന്നെങ്കിലും മുഖ്യ മന്ത്രി ആകാമെന്ന പ്രതീക്ഷ ഇല്ല എന്ന് പറയാൻ കഴിയില്ല. ഒരു ജീവിതമല്ലേ ഉള്ളൂ.  ഇനി കാത്തിരിക്കാൻ വയ്യ. പ്രായമായി. ഒരു മുടി പോലും  നരച്ചിട്ടില്ല എങ്കിലും വയസ്സ് 81 ആയി. അടുത്ത തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല. മത്സരിക്കാൻ കഴിയുമോ എന്നറിയില്ല. രാഹുൽ ഗാന്ധിയെ പോലെ തന്നെ ഒഴിവാക്കുമോ എന്നും പറയാൻ പറ്റില്ല. ഇടതു നിന്നും മുഖ്യ മന്ത്രി ആകാൻ പിണറായി കുപ്പായം തയ്പ്പിച്ചു കഴിഞ്ഞു.  അതാണ്‌ രണ്ടും കൽപ്പിച്ച് ഇപ്പോൾ  ഇറങ്ങി പുറപ്പെട്ടത്‌. 

അധികാര ക്കൊതിയല്ലേ ഇത് എന്ന് ജനങ്ങൾ ചോദിച്ചേക്കാം. കൊടി  വച്ച ഒന്നാം നമ്പർ കാറിൽ പോകാനുള്ള രാഷ്ട്രീയക്കാരുടെ ആർത്തി അല്ലെ ഇതെന്നും ചോദിച്ചേക്കാം. ഇപ്പോഴും എം.എൽ.എ പദവിയിൽ തൂങ്ങി കിടക്കുന്നത് എന്തിനാണ്. ഇങ്ങിനെ പല ചോദ്യങ്ങളും വന്നേക്കാം. അതൊക്കെ അസൂയക്കാര് ചോദിക്കുന്നതാണ്. അതിനൊക്കെ ഈ വിനയാന്വിതന്    ഒരു  മറുപടിയേ ഉള്ളൂ.  ജന സേവനം. അത് മാത്രം.

ഒരു കാര്യം കൂടി ഉണ്ട്. എല്ലാവരും പറയും മാണി മുഖ്യ മന്ത്രി പദത്തിന് സർവഥാ യോഗ്യനാണെന്ന്. പണ്ട് കോണ്‍ഗ്രസ് നേതാവ്  എം.എം. ജേക്കബ് പറഞ്ഞു. പിന്നെ  പലരും പറഞ്ഞു.  അടുത്തിടെ മുഖ്യ മന്ത്രി സാക്ഷാൽ  ഉമ്മൻ ചാണ്ടി വരെ പറഞ്ഞു. ( ഉള്ളിൽ ചാണ്ടി നന്നായി ചിരിച്ചു കാണും) പക്ഷെ കാര്യം നടക്കില്ല. അത്ര തന്നെ.  യോഗ്യനാണെന്ന് ആരൊക്കെ പറഞ്ഞാലും ഒരാൾ മാത്രം അത് സമ്മതിക്കില്ല.  സാക്ഷാൽ കെ.എം. മാണി. വിനയത്തിന്റെ മൂർത്തിമദ് ഭാവമായ അദ്ദേഹം പറയുന്നു. എനിക്ക് അങ്ങിനെ ഒരു ആഗ്രഹമേ ഇല്ല. ശരിയല്ലേ? ഇന്ന് വരെ മുഖ്യ മന്ത്രി ആകണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? ഇല്ല.

ഇനി ഒരു വഴിയേ ഉള്ളൂ. ബി.ജെ.പി.യുമായി ചങ്ങാത്തം സ്ഥാപിക്കുക. അടുത്ത തെരഞ്ഞെടുപ്പിൽ യോജിച്ചു ഒരു കൈ നോക്കാം. ഇപ്പോഴത്തെ ലോക സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കു വച്ച് നോക്കിയാൽ ബി.ജെ.പി യ്ക്ക് ചാൻസ് ഉണ്ട്. പിന്നെ മതേതര പാർട്ടികൾ പറയുമ്പോലെ ഹിന്ദുത്വം.  ഈ ക്രിസ്ത്യാനികൾ അങ്ങ് റോമിൽ നിന്നും വന്നതൊന്നും അല്ലല്ലോ. ഇവിടത്തെ നമ്പൂതിരിമാരും നായന്മാരും മതം മാറിയാണ് ക്രിസ്ത്യാനികൾ ഉണ്ടായത് എന്ന് അവര് തന്നെ പറയുന്നുണ്ട്. മോദിയുടെ ഭരണം വളരെ നല്ലതാണെന്ന് ഇവിടത്തെ പല ബിഷപ്പുമാരും പറയുന്നുമുണ്ട്. പിന്നെ എന്താണിത്ര   ആലോചിക്കാൻ ബഹു മുഖ്യ മന്ത്രി മാണീ .

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

1 കോടി രൂപ

തിരുവനന്തപുരം ലോക സഭ മണ്ഡലത്തിൽ ജനാധിപത്യ വിരുദ്ധമായ പല കാര്യങ്ങളും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  നടന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പരാജയ ഭീതി പിടി കൂടിയ കോണ്‍ഗ്രസ്സും ഇടതു മുന്നണിയും തെരഞ്ഞെടുപ്പു ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്, എന്തിന്  സാമാന്യ മര്യാദ പോലും ലംഘിച്ചാണ് ഇവിടെ പ്രവർത്തിച്ചത്. കോണ്‍ഗ്രസ്സ് സ്ഥാനാർഥി  ക്രിസ്തീയ മത നേതാക്കളെ തൻറെ വാസ സ്ഥലത്ത് വിളിച്ചു വരുത്തി അവർക്ക്പല പ്രലോഭനങ്ങളും, വിരുന്നും സൽക്കാരവും നൽകുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ  ജനങ്ങൾ കണ്ടതാണ്. അങ്ങിനെ തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനങ്ങൾ ആണ് അവിടെ നടന്നത്.  ജാതി, വർഗീയ  രാഷ്ട്രീയത്തിൻറെ ഏറ്റവും വൃത്തികെട്ട കളികൾ ആണ് ഇരു മുന്നണികളും  കളിച്ചത്. മതേതരത്തിൻറെ മൊത്ത ക്കച്ചവടക്കാരെന്നു സ്വയം പറഞ്ഞു നടക്കുന്ന ഇടതും കോണ്‍ഗ്രസ്സും വൻ തോതിൽ  വർഗീയ പ്രീണനം നടത്തിയാണ് കേരളത്തിൽ  ഇത്രയും വോട്ടും ഇത്രയും സീറ്റും നേടിയത് എന്നത് ഏവർക്കും അറിയാം. പണത്തിന്റെ സ്വാധീനം വൻ തോതിൽ വോട്ട് നേടാൻ ഉപയോഗിച്ചിട്ടുണ്ട്. പണം വാരി എറിയുകയായിരുന്നു വോട്ട് നേടാൻ വേണ്ടി എന്നും ജനങ്ങൾ പറയുമായിരുന്നു. അതിൻറെ തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വന്നത്. 

തിരുവനന്തപുരത്ത് മത്സരിച്ച  ഇടതു മുന്നണി സ്ഥാനാർഥിയിലൂടെ സി.പി.ഐ. യ്ക്ക് തെരഞ്ഞെടുപ്പിൽ 1 കോടി രൂപയാണ് കിട്ടിയിരിക്കുന്നത്. ഇത് പറയുന്നത് മറ്റാരുമല്ല. സി.പി.ഐ. പാർട്ടിയുടെ നേതാക്കൾ തന്നെയാണ്.  സ്ഥാനാർഥി ബെന്നറ്റ്‌ അബ്രഹാമിന്റെത്  ഒരു "പെയ്മെന്റ് സീറ്റ്' ആണെന്ന് തുടക്കം മുതൽ ജനനങ്ങൾ അടക്കം പറയുകയും പിന്നീട് പരസ്യമായി പറയുകയും ചെയ്ത കാര്യങ്ങൾ ആണ് ഇപ്പോൾ പാർട്ടി തന്നെ സമ്മതിക്കുന്നത്.  കുറ്റക്കാരായി സി.ദിവാകരൻ തുടങ്ങി 3 നേതാക്കളുടെ പേരുകൾ പാർട്ടി പറയുകയും ചെയ്തു. കൂടാതെ പന്ന്യൻ രവീന്ദ്രനും ഇതിൽ ഉത്തരവാദിത്വം  ഉണ്ടെന്ന് പാർട്ടിയുടെ അന്വേഷണ കമ്മീഷൻ പറയുകയുണ്ടായി.

ഇത് ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞു ഒഴിയാൻ കഴിയില്ല.  എന്താണ് ഇതിനർത്ഥം? ഒരു കോടി രൂപ വാങ്ങി പാർട്ടി സീറ്റ് നൽകി എന്നല്ലേ? ഇത്  തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ചട്ടങ്ങളുടെ  ലംഘനം അല്ലേ ? ഇൻഡ്യൻ ശിക്ഷാ നിയമങ്ങളുടെ  ലംഘനം അല്ലേ ?    ഈ ഒരു കോടി രൂപയുടെ സ്രോതസ്സ് അന്വേഷിക്കേണ്ടേ? അത് കൂടാതെ ഈ പണം എവിടെ ചെന്നെത്തി എന്നും എന്തിനായി വിനിയോഗിച്ചും എന്ന് അറിയണ്ടേ?  വോട്ടർമാരെ സ്വാധീനിക്കാൻ ഈ പണം ഉപയോഗിച്ചില്ല എന്ന് പറയാൻ കഴിയുമോ?  ഉത്തരവാദിത്വ പ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അതും പാർട്ടിയുടെ ഒരു അന്വേഷണ കമ്മീഷൻ. വ്യക്തമായ തെളിവുകൾ ഇല്ലാതെ അവർ ഇത്തരം ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകില്ലല്ലോ? ഇങ്ങിനെ ഉത്തരം കിട്ടേണ്ട അനേകം ചോദ്യങ്ങൾ ആണ് സി.പി.ഐ. യുടെ ഈ വെളിപ്പെടുത്തലിലൂടെ ഉയർന്നു വന്നിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന ജനങ്ങൾ ഇതിൻറെ സത്യാവസ്ഥ പുറത്തു വരാൻ കാത്തിരിക്കുന്നു.    

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

സുരേഷ് ഗോപി

ആറന്മുള വിമാന ത്താവളത്തിന് വേണ്ടി മുഖ്യ മന്തി ഉമ്മൻ ചാണ്ടി കാണിക്കുന്ന അതിരു വിട്ട, വഴി വിട്ട ചെയ്തികൾക്ക് എതിരെ സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ്? കൂടുതൽ വ്യക്തമായി പറഞ്ഞാൽ സുരേഷ് ഗോപി പറഞ്ഞതാണ് ശരി. 

സാധാരണ ഈ സിനിമാ നടന്മാരും കലാകാരന്മാരും വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് എടുക്കുക പതിവില്ല. കാരണം അത് അവരുടെ ഭാവിയെ ബാധിക്കും. രാഷ്ട്രീയവും പറഞ്ഞിരുന്നാൽ പത്തു കാശ് ഉണ്ടാക്കാനുള്ള ചാൻസ് പോകും. പ്രത്യേകിച്ചും ഇടതു പക്ഷത്തിന് എതിരെ പറഞ്ഞാൽ ദേഹോപദ്രവം വരെ പ്രതീക്ഷിക്കാം. അതിനു വേണ്ടി ഒരു ക്വട്ടെഷൻ സംഘത്തെ ഏർപ്പെടുത്താൻ അവർക്ക് വളരെ എളുപ്പമാണ്. അത് കൊണ്ടാണ് കലാ കാരന്മാർ പേടിച്ചു നിൽക്കുന്നത്. അത് കൊണ്ടാണ് ഈ പാവം  എഴുത്തുകാർ പലരും ഇടതു പ്രസ്ഥാനങ്ങളെ അനുകൂലിച്ചു നിൽക്കുന്നത്. 

ആറന്മുള വിമാനത്താവളത്തിന്‌ കേന്ദ്ര, കേരള സർക്കാറുകൾ നൽകിയ എല്ലാ അനുമതികളും നിയമ വിരുദ്ധം ആണെന്ന്ഹരിത ട്രിബുണൽ പറഞ്ഞു കഴിഞ്ഞു.  കേരള ഹൈക്കോടതി  ആകട്ടെ  ഇതിനു വേണ്ടി  മണ്ണിട്ട്‌ നികത്തിയ വയലും തോടും മണ്ണ് മാറ്റി പൂർവ സ്ഥിതിയിൽ ആക്കണം എന്ന് വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്.  എന്നിട്ടും ഇത് നടപ്പിലാക്കും എന്നും പറഞ്ഞു ഈ മുഖ്യ മന്ത്രി നടക്കുന്നതിൻറെ കാരണം എന്താണ്? അച്ചുതാനന്ദൻ പറഞ്ഞത് പോലെ മദാമ്മ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രക്ക് ഇതിൽ മുതൽ മുടക്ക് ഉള്ളത് കൊണ്ടാണോ?

ഓരോ ആളിന്റെയും നെഞ്ചത്ത്‌ ഓരോ വിമാനത്താവളം കൊണ്ട് വരാൻ ആണ് മുഖ്യ മന്ത്രി ശ്രമിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. പരിസ്ഥിതിയെ പറ്റി മുഖ്യ മന്ത്രിക്കു വിവരം ഇല്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിച്ചു മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. സത്യം അല്ലേ ? ഇത് ധന മന്ത്രി മാണിക്കും ബാധകമാണ്. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനത്തിന് എതിരെ യൂത്ത് കോണ്ഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ് പ്രതികരിച്ചു കണ്ടു. രാഹുൽ ഗാന്ധിയുടെ പുറകെ വാലാട്ടി നടന്നവർ കോണ്‍ഗ്രസ്സിന് ദയനീയ പരാജയം വന്നപ്പോൾ രാഹുലിനെ വിമർശിക്കാനും തള്ളിപ്പറയാനും തുടങ്ങിയത് നമ്മൾ കണ്ടല്ലോ. അതിലൊരാളാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്. സുരേഷ് ഗോപി പറഞ്ഞത് സത്യമായതിനാൽ ആണ് മുതിർന്ന നേതാക്കൾ ഒന്നും പ്രതികരിക്കാതെ  കുട്ടി ക്കുരങ്ങന്മാരെ വിട്ടത്.

ഏതായാലും സുരേഷ് ഗോപി ശരിയായി പ്രതികരിച്ചു. അത് പോലെ സ്വന്തം അഭിപ്രായം ആരെയും പേടിക്കാതെ  തുറന്നു പറയാൻ ഈ കലാകാരന്മാർ തയ്യാറാകണം. ഇനിയെങ്കിലും. കാരണം ഇവിടെ ഇടതു പക്ഷം ശക്തിയെല്ലാം ക്ഷയിച്ച് ശിഥിലമായിക്കഴിഞ്ഞു. കോണ്‍ഗ്രസ്സും  ദേശീയ ഭൂപടത്തിൽ നാമ മാത്രമായി ക്കഴിഞ്ഞു. കുറെ ഏറാൻ മൂളികൾ മാത്രം.

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

വൈസ് ചാൻസലർ

ഒരു വൈസ് ചാൻസലറുടെ നിയമനം കോടതി റദ്ദാക്കിയിരിക്കുന്നു. മധുര കാമരാജ് യുനിവേർസിറ്റി  വൈസ് ചാൻസലർ ആയിരുന്ന  കല്യാണി മണി വണനെ ആണ് മദ്രാസ്‌ ഹൈക്കോടതിപുറത്താക്കിയത്. ഇത് പോലെ മറ്റൊരു  വൈസ് ചാൻസലറെ   ഗവർണർ പുറത്താക്കിയിട്ട്  രണ്ടു മാസം തികഞ്ഞിട്ടില്ല. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് വൈസ് ചാൻസലർ ആയിരുന്ന എ.വി.ജോർജിനെ ആണ് കേരള ഗവർണർ പിരിച്ചു വിട്ടത്.  

 ഇല്ലാത്തയോഗ്യതകൾ കാണിച്ച്‌ വൈസ് ചാൻസലർ പദവി കരസ്ഥമാക്കിയവർ ആണ് രണ്ടു പേരും.  കള്ള  ബയോ ഡേറ്റ ആണ് എ.വി.ജോർജ് നൽകിയത്.  ഒരു സ്വകാര്യ കോളേജിൽ പണി ചെയ്തിട്ട് ഒരു കേന്ദ്ര സർവകലാശാലയിൽ പ്രഫസ്സർ ആയിരുന്നു എന്ന കള്ളം ആണ് പുള്ളി തട്ടി വിട്ടത്. കല്യാണി മണി വണനും ഇത് പോലെ കള്ളം പറഞ്ഞിരുന്നു.  ഒരു സ്വകാര്യ കോളേജിൽ അസോസിയേറ്റ് പ്രോഫസ്സർ മാത്രം ആയിരുന്നു അവർ 10 വർഷം പ്രൊഫസ്സർ ആയിരുന്നു എന്ന്പറഞ്ഞു. യു.ജി.സി. നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഇല്ലാത്തവരാണ് രണ്ടു പേരും. അതിനെ മറി കടക്കാനാണ് കള്ളത്തരം പറഞ്ഞതും കള്ള  സർറ്റിഫിക്കറ്റ്  നൽകിയതും. രണ്ടു പേരും രാഷ്ട്രീയ പിന്തുണയുള്ളവർ ആണ്. മന്ത്രി സഭയുടെ ശുപാർശയിൽ   ആണ് ഇവരെ നിയമിച്ചത്. അതിനർത്ഥം ഉമ്മൻ ചാണ്ടിക്കും ജയലളിതയ്ക്കും മുഖ്യ മന്ത്രി എന്ന നിലയിൽ  ഈ തട്ടിപ്പിനെപറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നാണ്.

മാർക്ക്‌ തിരുത്തിയവനും, രണ്ടാം തവണ പാസ്സായവനും ഒക്കെയാണ് ഇന്ന് കേരളത്തിലെ സർവകലാശാല കളുടെ  വൈസ് ചാൻസലർ മാർ ആയി വരുന്നത്. പണ്ഡിത വരേണ്യർ അലങ്കരിച്ചിരുന്ന ആ പദവിയിൽ ആണ് ഇന്ന് യോഗ്യതയും നിലവാരവും ഇല്ലാത്തവർ കയറിപ്പറ്റുന്നത്  എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിനു സംഭവിച്ച അപചയം ആണ് കാണിക്കുന്നത്. വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്കാണതിന്റെ ഉത്തരവാദിത്വം.  വിവരവും,വിദ്യാഭ്യാസവും, കഴിവും,പാണ്ഡിത്യവും ഉള്ള ആളുകൾ ഇല്ലാത്തതിനാൽ അല്ല ഈ കള്ള സർറ്റിഫിക്കറ്റ്  കാരെ   വൈസ് ചാൻസലർ പദവിയിൽ കുടിയിരുത്തുന്നത്. വൈസ് ചാൻസലർ പദവി രാഷ്ടീയ പാർട്ടികൾക്കും ജാതി സംഘടനകൾക്കും വീതം വച്ച് നൽകുന്നതാണിതിന് കാരണം.


കോളേജ് അദ്ധ്യാപകരുടെ കാര്യം അതിലും കഷ്ടമാണ്. പഠിപ്പിക്കുന്നതിൽ ഒഴിച്ച് എല്ലാക്കാര്യത്തിലും അവർക്ക് താൽപ്പര്യം ഉണ്ട്. ഗവേഷണം എന്ന വാക്കിൻറെ അർത്ഥം അവർക്കറിയാമോ എന്ന് സംശയം ആണ്.  മൂന്നരക്ക് കോളേജ് വിട്ടതിനു ശേഷം  കുട്ടികളുടെ നോട്ടും മറ്റും നോക്കാൻ ഒരു മണിക്കൂർ പോലും ഇരിക്കാൻ അധ്യാപകർ തയ്യാറല്ല.  നാലര മണിക്ക് പഞ്ച് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ്  അധ്യാപകർ സമരത്തിലാണ്. അങ്ങിനെയുള്ളവർ ഗവേഷണത്തിനു എങ്ങിനെ സമയം കണ്ടെത്തും?  ഇവരിൽ ഡോക്ടറേറ്റ് നേടിയവർ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയേണ്ടി വരും.  ഗവേഷണ പ്രബന്ധം ഉൾപ്പടെയാണ്  പലയിടത്തും ഇപ്പോൾ ഡോക്ടറേറ്റിന്റെ റേറ്റ്.  വിഷയം പോലും ഗൈഡ് തെരഞ്ഞെടുത്തു കൊള്ളും.

മദ്രാസ്‌ ഹൈക്കോടതി പറഞ്ഞത് കേൾക്കൂ "യു.ജി.സി. റെഗുലേഷൻ 2010 ൽ  നിഷ്ക്കർഷിച്ചിട്ടുള്ള  വിദ്യാഭ്യാസ യോഗ്യതകളും അർഹതാ മാനദണ്ഡങ്ങളും വൈസ് ചാൻസലർ പദവിക്ക് ആവശ്യമില്ല എന്ന് വന്നാൽ ഒരു യോഗ്യതയും ഇല്ലാത്ത ആരെയും  വൈസ് ചാൻസലർ ആക്കാമല്ലോ". ഇനി കേരളത്തിലെ മുഖ്യ മന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും.  കോടതി പറഞ്ഞത് കേൾക്കൂ  "യു.ജി.സി. റെഗുലേഷൻ 2010 ൽ  നിഷ്ക്കർഷിച്ചിട്ടുള്ള  അർഹതാ മാനദണ്ഡങ്ങൾ അനുസരിക്കാതെ   അവ നിർബ്ബന്ധം  ( മാൻഡേറ്ററി) അല്ല  എന്ന് തെറ്റിദ്ധാരണ പരത്തി കൊണ്ട് അതിനെ വെള്ള പൂശാൻ കഴിയില്ല." അത് കൊണ്ട് ഇനിയെങ്കിലും നാണം കെടാതെ യോഗ്യത ഉള്ളവരെ മാത്രം വൈസ് ചാൻസലർ ആയി നിയമിക്കുക.

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

എം.എൽ.എ. ക്വാർട്ടേസ്

ഒരു ക്രിമിനൽ കേസിലെ പിടി കിട്ടാ  പ്രതി, കേരളം മുഴുവൻ പോലീസുകാർ അരിച്ചു പറക്കി അന്വേഷിച്ചു നടക്കുമ്പോൾ, എം.എൽ.എ. ക്വാർട്ടേസിൽ    സസുഖം  അനേക നാൾ ഒളിച്ചു താമസിച്ചു എന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നിയമ സഭാ സാമാജികരുടെ മുറിയിൽ എങ്ങിനെ ഒളിച്ചു താമസിക്കാൻ കഴിയും എന്നുള്ളതാണ് ഇവിടത്തെ പ്രസക്തമായ ചോദ്യം. എം.എൽ.എ. ആയാലും മുൻ എം.എൽ.എ. ആയാലും ആ വ്യക്തി അറിയാതെ മറ്റൊരാൾ എങ്ങിനെ മുറിയിൽ കയറുകയും സുഖമായി കഴിയുകയും ചെയ്യും? ഇത്തരം ഗൌരവമേറിയ  ചോദ്യങ്ങളുടെ ഉത്തരങ്ങൾ അന്വേഷിക്കുന്നത്  അധികാരികൾക്കും, എം.എൽ.എ. മാർക്കും, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പടെ  എല്ലാവർക്കും അസുഖ കരവും ഹാനികരവും ആയി വരും എന്ന തിരിച്ചറിവാണ് അവിടെ അങ്ങിനെ ഒരു സംഭവമേ  നടന്നില്ല എന്ന രീതിയിൽ കാര്യങ്ങൾ  പരിണമിക്കാൻ ഇടയായത്. ആ പ്രതി അവിടെ താമസിച്ചതിന് യാതൊരു തെളിവുമില്ല, അയാളെ അവിടെ നിന്നും അല്ല പിടിച്ചത്,പിന്നെ എന്തിന് അയാളെ അവിടെ കൊണ്ട് പോയി തെളിവെടുക്കണം? ഇതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.  

എം.എൽ.എ. ക്വാർട്ടേസിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പുതിയ കാര്യം ഒന്നുമല്ല. ക്വാർട്ടെർസ് ഉണ്ടായ കാലം തൊട്ടേ അത് ദുരുപയോഗം ചെയ്തു കൊണ്ടേ ഇരിക്കുന്നു. എം.എൽ.എ. മാർക്ക് നിയമ സഭ കൂടുന്ന കാലത്ത് താമസിക്കാൻ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങിയത്. പക്ഷേ ആ സമയത്തും എത്ര പേർ അവിടെ താമസിക്കുന്നു എന്ന് കണക്കെടുക്കേണ്ടി ഇരിക്കുന്നു. പാർട്ടി പ്രവർത്തനം നടത്താനും പാർട്ടിയിലെ മറ്റ് ആൾക്കാരെ താമസിപ്പിക്കാനും ആണ് ഈ മുറികൾ കൂടുതലും ഉപയോഗിച്ചിരുന്നത്.  നിയമ സഭ സമ്മേളനം കഴിഞ്ഞാൽ  എം.എൽ.എ.  മാർ തിരുവനന്തപുരത്ത് ചുറ്റി പ്പറ്റി നിൽക്കേണ്ട  ആവശ്യമില്ലല്ലോ.   അവരവരുടെ  നിയോജക മണ്ഡലങ്ങളിലേക്ക് മടങ്ങി പോവുകയാണല്ലോ വേണ്ടത്. അപ്പോഴും അവരുടെ  മുറികളിൽ മറ്റുള്ളവരെ താമസിപ്പിച്ചിരുന്നു എന്നത് പരസ്യമായ കാര്യമാണ്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളുമാണ് .   കേരളത്തിൽ ഇന്നേ വരെ ഉണ്ടായ ഓരോ എം.എൽ.എ. യ്ക്കും     അറിയാവുന്ന   സത്യം. അറിയില്ല എന്ന് നടിക്കുകയാണെങ്കിൽ അത് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു എന്ന് മാത്രം.  എം.എൽ.എ. ഹോസ്ടലിന്റെ ചുമതലയുള്ള സ്പീക്കർക്കും ഇത് അറിവുള്ള കാര്യം ആയിരിക്കണമല്ലോ.   കാരണം സ്പീക്കറും ഒരു എം.എൽ.എ. ആണ് എന്നതും എം.എൽ.എ എന്ന നിലയിൽ സ്പീക്കറും  ഇവിടത്തെ ഏതെങ്കിലും മുറി ഉപയോഗിച്ചിട്ടുണ്ടാകും എന്നതുമാണ്‌.  എം.എൽ.എ. ക്വാർട്ടെർസിൽ നടക്കുന്ന ഈ നിയമ ലംഘനങ്ങൾ  ഇപ്പോൾ പൊട്ടി മുളച്ച ഒരു സംഭവം ആണെന്നുള്ള രീതിയിലുള്ള അവതരണം മന:പൂർവ്വം  ആണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. കേരളത്തിൽ ഉള്ള 140 എം.എൽ.എ. മാരും ഒത്തൊരുമിച്ച്  ഇത് ആദ്യത്തെ സംഭവം ആണെന്ന് വരുത്തിത്തീർക്കാൻ ഒരുങ്ങി പ്പുറപ്പെട്ടാൽ ജനങ്ങൾക്ക്‌ എന്ത് ചെയ്യാൻ കഴിയും?

ഇനി എം.എൽ.എ. ക്വാർട്ടെർസിലെ  ഉദ്യോഗസ്ഥരുടെ കാര്യം. എം.എൽ.എ. മാരല്ല പുറത്തുള്ളവരാണ് അകത്തു താമസിക്കുന്നത് എന്ന് അവർക്കറിയില്ലേ? കാരണം അവരാണല്ലോ മുറി  അലോട്ട് ചെയ്യുന്നത്. പക്ഷേ അവരെ എങ്ങിനെ കുറ്റം പറയും? അവരെങ്ങിനെ നിയമവും നിയന്ത്രണവും   നടപ്പാക്കും?   ഇത്രയും എം.എൽ.എ. മാരെയും രാഷ്ട്രീയ പാർട്ടികളെയും ധിക്കരിക്കാൻ ആ പാവങ്ങൾക്ക്   കഴിയുമോ? അത് കൂടാതെ രാഷ്ട്രീയക്കാർപറയുന്നതും അനുസരിച്ച് കഴിഞ്ഞാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയും ചെയ്യും.

സ്പീക്കർ പദം ഒഴിയാൻ ആഗ്രഹിക്കുന്നു എന്ന് പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ച സ്പീക്കർ  എം.എൽ.എ. ക്വാർട്ടേസിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പരിഹരിക്കാൻ ഒരു സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയുണ്ടായി. അതിനു ശേഷം  കുറെ നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുകയുണ്ടായി.  പഴയ എം.എൽ.എ. മാർക്ക്  അഞ്ചു ദിവസത്തേക്ക് മാത്രമേ മുറി നൽകൂ, കുടുംബം മാത്രമേ അവരുടെ  കൂടെത്താമസിക്കാൻ പാടുള്ളൂ അങ്ങിനെ പലതും. ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം മുൻ എം.എൽ. എ. മാർക്ക്  അവിടെ മുറി കൊടുക്കേണ്ട ആവശ്യമെന്താണ്?  തലസ്ഥാനത്ത് വന്നു താമസിക്കാൻ വ്യക്തി പരമായി അല്ലാതെ  ജന സേവനത്തിനു വേണ്ടിയുള്ള   പ്രത്യേകിച്ച് കാര്യം വല്ലതും അവർക്കുണ്ടോ? അതും ദിവസം വെറും 10 രൂപ വാടകയ്ക്ക്.  വെറും ഒരു തട്ടുകട ചായയുടെ വിലയ്ക്ക് തലസ്ഥാനത്തെ ഹൃദയ ഭാഗത്ത്‌എല്ലാ സൌകര്യങ്ങളോടും താമസിക്കാൻ  ഒരു മുറി!   സാധാരണക്കാരൻ വലിയ തുകയ്ക്ക് ലോഡ്ജിലും ഹോട്ടലിലും താമസിക്കുമ്പോൾ പെൻഷനും മറ്റുമുള്ള  ഇവർക്ക് എന്തിന് ഇങ്ങിനെയൊരു ആനുകൂല്യം നൽകണം? മറ്റൊരു കാര്യം. എല്ലാ മുൻ  എം.എൽ. എ. മാരും നല്ല ഹോട്ടലുകളിൽ മുറി എടുത്തു താമസിക്കാൻ സാമ്പത്തികമായി കഴിവുള്ളവരാണ്.  അവരുടെ ആസ്തി അറിയണമെങ്കിൽ തെരഞ്ഞെടുപ്പിൽ അവർ കൊടുത്ത സത്യവാങ്ങ്മൂലം പരിശോധിച്ചാൽ കാണാമല്ലോ.  അങ്ങിനെയുള്ളവർക്ക് പാവപ്പെട്ട നികുതിദായകന്റെ ചിലവിൽ എന്തിനു ഇങ്ങിനെ ഒരു സൌജന്യം നൽകണം? ഇത്തരത്തിൽ 30 മുറികളാണ് ഇവിടുള്ളത്‌. ഇത് സാധാരണക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് നൽകിക്കൂടെ? അതിൽ നിന്നുമുള്ള വരുമാനം നിയമ സഭ നടക്കാത്ത   ദിവസങ്ങളിൽ നൽകേണ്ടി വരുന്ന അലവൻസുകൾക്ക് വേണ്ടി മുതൽ കൂട്ടാമല്ലോ. അത്രയെങ്കിലും സാധാരണക്കാരൻറെ  മുതുകിൽ കെട്ടി വയ്ക്കുന്ന സാമ്പത്തിക ഭാരത്തിനു ആശ്വാസംകിട്ടുമല്ലോ.