2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

വാട്സ് ആപ്പ്-അഴിമതി

ഏതെങ്കിലും ഒരു പോലീസ് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയോ നിങ്ങളെ ശല്യപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ എന്ത് ചെയ്യണം എന്നാലോചിച്ച് ഇനി  വിഷമിക്കേണ്ട.   നിങ്ങളുടെ  സ്മാർട്ട് ഫോണിൽ നിന്നും  വാട്സ് ആപ്പ് വഴി 9910641064 ൽ  വിളിച്ച്  പരാതി പോലീസിൽ  രജിസ്റ്റർ ചെയ്യുക. കൂടാതെ  ഇതിനു തെളിവായി നിങ്ങൾ ഫോണിൽ റിക്കോർഡ് ചെയ്ത ശബ്ദത്തിന്റെയോ ദൃശ്യത്തിന്റെയോ ക്ലിപ്പിംഗ് കൂടി അയച്ചു കൊടുക്കുക.    ആ ക്ലിപ്പിന്റെ ആധികാരികത പരിശോധിച്ച് പരാതി സത്യമാണെങ്കിൽ    അഴിമതി വിരുദ്ധ നിയമത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും മറ്റും വകുപ്പുകളിൽ  കുറ്റക്കാരനായ ആ പോലീസ് ഉദ്യോഗസ്ഥന് എതിരെ   കേസ്  രജിസ്റ്റർ ചെയ്യും.  പോലീസ് കാരനെ ഉടനെ   അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്നും സസ്പെൻഡു ചെയ്യുകയും  ചെയ്യും. പോരേ?   

പക്ഷേ ഇത് കേരളത്തിൽ അല്ല.അങ്ങ് ഡൽഹിയിൽ ആണ്. ഡൽഹി പോലീസ് ആണ് വളരെ നൂതനമായ ഈ ആശയവുമായി ആദ്യം വരുന്നത്. വാട്സ് ആപ്പ് കൊണ്ട് തങ്ങളുടെ വരുമാനം കുറയുന്നു എന്ന് ടെലികോം കമ്പനികൾ  പരാതി പറയുന്നുണ്ടെങ്കിലും ജനങ്ങൾക്ക്‌ ഉപകാര പ്രദമായി ഇതുപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.  കേരളത്തിലും ഇത്തരത്തിലുള്ള ഒരു സംവിധാനം നടപ്പിലാക്കാവുന്നതെ ഉള്ളൂ. ഇവിടെ എല്ലാവരുടെയും കയ്യിൽ സ്മാർട്ട് ഫോണ്‍ ഉണ്ട്. പോലീസ് അതിക്രമങ്ങൾ ഇവിടെ അതിര് കടക്കുന്ന ന്നുണ്ട് താനും. വഴിയിൽ പതിയിരുന്നു ചാടി വീണ് ഹെൽമറ്റ് പിടിക്കുകയും, ചരക്കു ലോറികളിൽ പരിശോധന നടത്തുകയും എന്നിട്ട് ഒത്തു തീർപ്പിന് മറവിലേക്ക് മാറുകയും ചെയ്യുന്ന പോലീസ്കാരെ ധാരാളം കാണാറുണ്ടല്ലോ. പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നാലും തെറി പറച്ചിലും അടിയും തന്നെ. അത് പോലെ വെറുതെ വഴിയെ പോയാലും ഗതി ഇത് തന്നെ. 

ഡൽഹി പോലീസ് ഇത് തുടങ്ങുന്നതിനു മുൻപ് തന്നെ നമ്മുടെ നാട്ടിൽ ഈ ആപ്ലിക്കേഷൻ നടത്തിയിരുന്നു.  കൊല്ലത്ത് വച്ച് ഒരു നാടക നടിയെയും കൂട്ടുകാരനെയും ബൈക്കിൽ പോകുമ്പോൾ രാത്രി  പോലീസ് വെറുതെ  പിടികൂടി. തങ്ങൾ ആരാണെന്ന് പറഞ്ഞിട്ടും അതൊന്നും കാര്യമാക്കാതെ നേരം   വെളുക്കുന്നത്‌ വരെ ആ പാവം ചെറുപ്പക്കാരെ  പോലീസ് സ്റ്റേഷനിൽ ഇരുത്തി. പോലീസിന്റെ അസഭ്യം പറച്ചിലും മറ്റു സംസാരങ്ങളും ആ പെണ്‍ കുട്ടി ഫോണിൽ റിക്കോർഡ് ചെയ്തത് കൊണ്ട് സത്യം ലോകം അറിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്താൻ നിർബ്ബന്ധിതരായി.കുറ്റക്കാരായ പോലീസിന്   സ്ഥലം മാറ്റം നൽകുകയും ചെയ്തു.

അഴിമതി നിർത്തലാക്കാൻ ഡൽഹി പോലീസ് കാണിച്ച ധൈര്യം കേരളാ പോലീസും കാണിക്കണം. കേരളത്തിലും അത്തരം ഒരു സംവിധാനം നടപ്പിലാക്കാനുള്ള ആർജ്ജവം മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പോലീസ് മേധാവിയും കാണിക്കണം. ഈ മാർഗം പോലീസ് വകുപ്പിൽ മാത്രം ഒതുക്കി നിർത്തേണ്ട. കേരളത്തിലെ എല്ലാ സർക്കാർ വകുപ്പുകളിലും  പൊതു ജനങ്ങളുമായി ഇടപെടുന്ന മറ്റു ഓഫീസുകളിലും പ്രാവർത്തികമാക്കണം. പക്ഷെ ഇത് ഇവിടെ നടക്കുമെന്ന് തോന്നുന്നില്ല. കാരണം അഴിമതി മുകളറ്റം വരെ വ്യാപിച്ചു കിടക്കുകയാണ്. പ്ലസ് ടൂ സ്കൂൾ അനുവദിച്ചത്,ബാർ പ്രശ്നം, മൂന്നാർ കയ്യേറ്റം, കായലും പൊതു സ്ഥലങ്ങളും കയ്യേറി ഫ്ലാറ്റ് പണിയൽ ഇവിടങ്ങളിലൊക്കെ മന്ത്രിമാർക്ക് നേരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. അവർ നടപ്പാക്കാൻ മടിച്ചാൽ  ഈ ആശയം ജനങ്ങൾക്ക്‌ സ്വയം എന്ത് കൊണ്ട്  പ്രാവർത്തികമാക്കി ക്കൂടാ?  സർക്കാറുമായി ഇടപെടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ സ്മാർട്ട് ഫോണ്‍  തുറന്നു വയ്ക്കുക. ശബ്ദവും ദൃശ്യവും അത് പകർത്തിക്കൊണ്ടേ ഇരിക്കട്ടെ. അധികാരികൾ ഒന്നും ചെയ്യാൻ തയ്യാറായില്ലെങ്കിൽ മാധ്യമങ്ങൾക്ക് നൽകുക. ആ  പെണ്‍ കുട്ടിയെപ്പോലെ.   ഫോണിനോടൊപ്പം നമുക്കും സ്മാർട്ട് ആകാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ