2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

യഥാ നാഥാ തഥാ ഭൃത്യാ

"അടുക്കള ക്കുറ്റത്തിനു അയലത്തുള്ളവരെ പഴിക്കുന്നു" എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ്‌ ഇന്ന് കേരളത്തിലെ മന്ത്രിമാർ ചെയ്യുന്നത്. സ്വന്തം കഴിവ് കേട് മറയ്ക്കാൻ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നത്  മന്ത്രിമാരുടെ  ഒരു സ്വഭാവ രീതി ആയി മാറിയിരിക്കുകയാണ്. ഭരണത്തിൽ ഇരിക്കുന്നവരും ഭരണം കഴിഞ്ഞു ഇറങ്ങി പ്പോയവരും ആയ മന്ത്രിമാർ, ഭരണ സ്തംഭനത്തിനും, ദുർ ഭരണത്തിനും പഴി ചാരുന്നത്‌ തൻറെ കീഴിൽ ജോലി ചെയ്യുന്ന സർക്കാർ  ഉദ്യോഗസ്ഥരെ ആണ്. സരിതയുടെ തട്ടിപ്പിന് കൂട്ട് നിന്നു എന്ന ആരോപണം  മുഖ്യ മന്ത്രിയുടെ പേരിൽ വന്നപ്പോൾ തൻറെ പേർസണൽ സ്റ്റാഫിലെ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി  അവരെ  ബലി കൊടുത്ത് സ്വന്തം   തടി രക്ഷിച്ചത്  കേരള ജനത കണ്ടതാണല്ലോ.   

 ഒരു  മുൻ ധന  മന്ത്രി തൻറെ നിയോജക മണ്ഡലത്തിലെ ഒരു പള്ളിക്കൂടത്തിൽ  കുടി വെള്ള ശുദ്ധീകരണ യന്ത്ര സംവിധാനം  വാങ്ങാൻ സെക്രട്ടറിയെറ്റിൽ നിന്നും അനുമതി കിട്ടിയില്ല എന്നെഴുതിക്കണ്ടു. ചുവപ്പു നാട ആണത്രേ.  അനുവദിച്ച പണം അതിനുപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല. പണം വക മാറ്റി ചിലവഴിക്കാൻ ആ ഉദ്യോഗസ്ഥന് അധികാരവും ഇല്ല. അപ്പോൾ അധികാരം ഉള്ള മന്ത്രി അതിനു നിർദ്ദേശം എഴുതി നൽകാനുള്ള ധൈര്യം കാട്ടണം.  അങ്ങിനെ അനുവാദം നൽകിയിട്ടുണ്ടെങ്കിൽ  അത് നടപ്പാക്കിയോ എന്ന് നോക്കാനുള്ള ആർജവം മന്ത്രി കാണിക്കണം.  അതിനു പകരം ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.  പഴയ ഒരു  ദേവസ്വം മന്ത്രിയും ഇത് പോലെ ബ്യുറോക്രസിയുടെ അഴിഞ്ഞാട്ടമാണ്  സെക്രട്ടറിയേറ്റിൽ നടക്കുന്നത് എന്ന് രോഷാകുലനായി  എഴുതിയത് കാണുകയുണ്ടായി. സെക്രട്ടറിയേറ്റ് ഇടിച്ചു കളയണം എന്നാണിവർ പറയുന്നത്. ഈ രണ്ടു  മന്ത്രിമാരുടെ കാലത്തും ഇത് തന്നെയാണ് നടന്നത്. ആദ്യത്തെ ഇ.എം.എസ്. മന്ത്രി സഭ ക്കാലം മുതൽ കേൾക്കുന്നതാണിത് എന്നതാണ് വിചിത്രം.   ഉദ്യോഗസ്ഥർ മന്ത്രിമാരെ അനുസരിക്കാറില്ലത്രേ. കഷ്ടം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മന്ത്രിക്കു കഴിവില്ല എന്ന്  പത്തു പേരറിഞ്ഞാൽ   നാണക്കേട്‌ ആർക്കാണ്?   ഇത്രയും ഗുരുതരമായ പ്രശ്നം  ഇങ്ങിനെ  കരഞ്ഞു തീർത്താൽ മതിയോ മന്ത്രിമാരേ?  എന്താണിതിനു കാരണം എന്ന്  ചിന്തിച്ചിട്ടുണ്ടോ?

സംസ്ഥാനത്ത് ഭരണ നിർവഹണം നടത്തുന്ന പ്രധാന  കാര്യാലയം  ആണ് സെക്രട്ടറിയേറ്റ്. മന്ത്രി സഭയുടെ നയങ്ങൾ മന്ത്രിമാർ   നിശ്ചയിക്കുന്ന രീതിയിൽ നടപ്പാക്കുക എന്നതാണ് ഐ.എ.എസ്. കാരനായ  സെക്രട്ടറിയുടെ നേതൃത്വത്തിൽ  ഉള്ള ഒരു കൂട്ടം  ഉദ്യോഗസ്ഥരുടെ ജോലി. അത് ശരിയായ രീതിയിൽ നടപ്പാക്കുന്നോ എന്ന് നോക്കേണ്ട ചുമതല വകുപ്പിൻറെ സർവാധികാരിയായ മന്ത്രിയുടെത്   ആണ്. പക്ഷേ പല കാര്യങ്ങൾ കൊണ്ടും അത് നടക്കാതെ പോകുന്നു. മന്ത്രിയുടെ താൽപ്പര്യക്കുറവാണ് ഒരു കാരണം. അഴിമതിയ്ക്കു സാധ്യത ഉള്ള മേഖലകളിൽ മാത്രമാണ് മന്ത്രിമാർക്ക് താൽപ്പര്യം. മറ്റു കാര്യങ്ങളിൽ അവർ ശ്രദ്ധ പതിപ്പിക്കാറില്ല. അത് താഴെ തട്ടിലുള്ളവർക്കും ഉദ്യോഗസ്ഥർക്കും ആയി വിടുന്നു. സ്വാഭാവികമായി ഉദ്യോഗസ്ഥർ അപ്രമാദിത്വം കാണിക്കുകയും തങ്ങളുടേതായ രീതിയിൽ അഴിമതി നടത്തുകയും ചെയ്യുന്നു. അഴിമതി നടക്കുമ്പോൾ  പ്രവർത്തനങ്ങൾ ജനോപകാരമായി മാറുകില്ലല്ലോ.

ഭരണത്തെ കുറിച്ച് മന്ത്രിമാർക്ക് ഉള്ള   അജ്ഞത ആണ് മറ്റൊരു കാരണം. തൻറെ വകുപ്പിനെ കുറിച്ചോ  പ്രവർത്തന മേഖല യെ കുറിച്ചോ വ്യക്തമായ ധാരണ പലർക്കും ഇല്ല.  മുൻപ് പറഞ്ഞത് പോലെ തനിയ്ക്ക് സാധ്യത ഉള്ള മേഖലകളിലെ കാര്യങ്ങൾ  എല്ലാം കാണാപ്പാഠം പഠിച്ചു വച്ചിരിക്കുകയായിരിക്കും. അവ ഒഴിച്ച് ബാക്കിയുള്ളവയെ  കുറിച്ച് അറിയാനോ പഠിക്കാനോ അവർക്ക് താൽപ്പര്യവുമില്ല. പഠിക്കാൻ  എവിടെ സമയം? ആ സമയമുണ്ടെങ്കിൽ ഏതെങ്കിലും രണ്ടു സമ്മേളനമോ, തുണിക്കടയോ, സ്വർണക്കടയോ ഉത്ഘാടനം ചെയ്യാൻ പോകും.  കാര്യങ്ങൾ അറിവില്ലാത്ത ഈ സാഹചര്യത്തിൽ   മന്ത്രിമാർക്ക് കീഴുദ്യോഗസ്ഥരെ പൂർണമായും ആശ്രയിക്കേണ്ടി വരുന്നു. കേരളത്തിൻറെ വരുമാനത്തെയും   ചിലവിനെയും കുറിച്ച് വല്ലതും  അറിവുണ്ടായിട്ടാണോ   ധന മന്ത്രി ബട്ജറ്റ് അവതരിപ്പിക്കുന്നത്‌?  ബുദ്ധിമാന്മാരായ ധന തത്വ ശാസ്ത്രഞ്ജന്മാരും   ഉദ്യോഗസ്ഥരും   തയ്യാറാക്കി കൊടുക്കുന്ന  കണക്ക് ആണ് ബട്ജറ്റ്. അതിൽ ആർക്കെങ്കിലും നികുതി വെട്ടിയ്ക്കാൻ അവസരം നൽകി സഹായിച്ചാൽ   തനിക്ക്  എന്തെങ്കിലും ഗുണം കിട്ടും എന്നുണ്ടെങ്കിൽ അവിടെ മന്ത്രി ഇടപെടും. അത്ര തന്നെ. എല്ലാ വകുപ്പുകളിലും ഇത് തന്നെ സ്ഥിതി. കുറെ ഉദ്യോഗസ്ഥർ ഈ സ്ഥിതി വിശേഷം മുതലെടുത്ത്‌ പ്രവർത്തിക്കും. ചിലപ്പോൾ സ്വാർത്ഥ താൽപ്പര്യങ്ങളും നടപ്പിലാക്കും. ഇതൊക്കെ നന്നായി അറിയാമെങ്കിലും  ഭരിയ്ക്കാൻ   അവരെ ആശ്രയിക്കുന്നത് കൊണ്ട്  മന്ത്രിക്ക് എതിർത്തൊന്നും പറയാനാകാതെ  മൌനം പാലിക്കേണ്ടി വരുന്നു.   ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പകരം തൻറെ വകുപ്പിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, അത് ഏതു രീതിയിൽ വേണം എന്ന്   സ്വയം പഠിച്ചിട്ട്   ഉദ്യോഗസ്ഥരോട് പറയുക. അവർ അത് പോലെ ചെയ്തിരിക്കും.

സർക്കാർ സർവീസിൽ രാഷ്ട്രീയത്തിന്റെ അതി പ്രസരം ആണ് മറ്റൊരു കാരണം. സർക്കാരിന്റെ ശമ്പളം  പറ്റി യിട്ട് പരസ്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ധാരാളം.  ഏതെങ്കിലും സർക്കാർ ഇവരെ സസ്പെൻഡ് ചെയ്താലും പ്രശ്നമില്ല. അടുത്ത സർക്കാർ വരുമ്പോൾ എല്ലാ മുൻ കാല ആനുകൂല്യങ്ങളോടും   കൂടി തിരിച്ചെടുക്കും. ഓരോ പാർട്ടിക്കും സർവീസ് സംഘടനകൾ ഉണ്ട്. പുതുതായി ജോലിയ്ക്കെത്തുന്നവർക്ക് ഏതെങ്കിലും സംഘടനയിൽ ചേരാതെ ജോലി ചെയ്തു ജീവിക്കാൻ കഴിയില്ല, അവരെ ഈ സംഘടനകൾ ദ്രോഹിച്ചു കൊണ്ടേ ഇരിക്കും.  ഇവരുടെ രാഷ്ടീയ ചായ്‌വും രാഷ്ടീയ പ്രവർത്തനവും എല്ലാ മന്ത്രി മാർക്കും അറിവുള്ളതാണല്ലോ. തൻറെ പാർട്ടിയുടെ ഏതെങ്കിലും ഒരു സംഘടന നേതാവിന് എതിരെ ഒരു അക്ഷരം ഉരിയാടാൻ ഏതെങ്കിലും ഒരു മന്ത്രിക്കു കഴിയുമോ ? ചീഫ് സെക്രട്ടറി എന്തോ തെറ്റ്  ചെയ്തതിന്  ആഭ്യന്തര മന്ത്രി തൻറെ "അതൃപ്തി" അറിയിച്ചതായി വാർത്ത കണ്ടു.  അതോടു കൂടി  തീർന്നു  എന്ന്അർത്ഥം.  ചീഫ് സെക്രട്ടറി വീണ്ടും അതേ പടി തൻറെ പ്രവൃത്തികൾ തുടരും. ഏതെങ്കിലും പത്രക്കാർ ചൂണ്ടിക്കാണിക്കുമ്പോൾ വീണ്ടും പഴയത് പോലെ മന്ത്രി "അതൃപ്തി അറിയിക്കും". അത്ര തന്നെ. കാര്യങ്ങളിൽ ഒരു മാറ്റവും വരുകില്ല. ഇതിനപ്പുറം ഒന്നും  നടക്കില്ല എന്ന് ചീഫ് സെക്രട്ടറിയ്ക്കും എല്ലാ ഉദ്യോഗസ്ഥർക്കും  അറിയാം. 

മന്ത്രി തലത്തിൽ  നടത്തുന്ന അഴിമതി ആണ് അനുസരണ ഇല്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുന്നതിന്റെ  ഏറ്റവും പ്രധാന കാരണം.    സെക്രട്ടറിയേറ്റിലെയും മറ്റ്  സർക്കാർ വകുപ്പുകളിലെയും  ഉദ്യോഗസ്ഥർ നിക്ഷ്പക്ഷമായും നീതിപൂർവമായും ജോലി ചെയ്യാത്തതും താന്തോന്നിത്തരം കാണിക്കുന്നതും അത് കൊണ്ട് തന്നെ. പ്ലസ്‌ ടു സ്കൂൾ കേസ് തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ  ആയ ഹയർ സെക്കണ്ടറി ഡയരക്ടർ, വിദഗ്ദ്ധരുടെ സഹായത്തോടെ  ശരിയായി പരിശോധിച്ച ശേഷം സമർപ്പിച്ച റിപ്പോർട്ട്, യാതൊരു കാരണവും കൂടാതെ  പാടെ അവഗണിച്ച് അഴിമതി നടത്താൻ വേണ്ടിയാണല്ലോ  മന്ത്രി യാതൊരു മാനദണ്ഡവും ഇല്ലാതെ മറ്റു സ്കൂളുകൾ അനുവദിച്ചത്. ഇത് വ്യക്തമായ സന്ദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്.  അടുത്ത തവണ ഇതേ ഉദ്യോഗസ്ഥൻ എന്ത് ചെയ്യും? ഒന്നുകിൽ സ്വയം അഴിമതി നടത്തി ഒരു ലിസ്റ്റ് ഉണ്ടാക്കും. അല്ലെങ്കിൽ മുസ്ലിം ലീഗിൻറെ ഏതെങ്കിലും ചോട്ടാ നേതാവ് പറയുന്നത് പോലെ മന്ത്രിക്ക് താൽപ്പര്യമുള്ള രീതിയിൽ ലിസ്റ്റ് ഉണ്ടാക്കും. ഇതിൽ രണ്ടിലും പെടാത്ത അന്തസ്സ് ഉള്ള ഉദ്യോഗസ്ഥൻ ആകട്ടെ നിസ്സഹായനായി മറ്റേതെങ്കിലും ശല്യമില്ലാത്ത സ്ഥലത്ത് ഒതുങ്ങി ക്കൂടും. ഇല്ലെങ്കിൽ മന്ത്രി തന്നെ അയാളെ മാറ്റി തൻറെ താൽപ്പര്യങ്ങൾക്ക് കൂട്ടു  നിൽക്കുന്ന ഏറാൻ മൂളികൾ ആയ ആരെയെങ്കിലും അവിടെ പ്രതിഷ്ടിക്കും.

മന്ത്രി ആണല്ലോ വകുപ്പിൻറെ ഉന്നതാധികാരി. മന്ത്രിയുടെ ഓഫീസിൽ നിന്നും തുടങ്ങുന്നു ഈ കഥ. തനിക്ക് താൽപ്പര്യമുള്ളവരെയും, അഴിമതിയ്ക്ക് കൂട്ട് നിൽക്കുന്നവരെയും പാർട്ടി പറയുന്നവരെയും മാത്രം പേർസണൽ സ്റ്റാഫിൽ കുത്തി നിറയ്ക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അനുഭവം നമ്മൾ കണ്ടല്ലോ.പിണറായിയുടെ താൽപ്പര്യങ്ങൾക്ക് എതിരു നിന്ന മുഖ്യ മന്ത്രി അച്യുതാനന്ദന്റെ പേർസണൽ സ്റ്റാഫിൽ ഉള്ളവരെ മാറ്റിയ കഥയും നമുക്ക് അറിയാമല്ലോ. പേർസണൽ സ്റ്റാഫ് കഴിഞ്ഞ് വരുന്നത്  സെക്രട്ടറിയേറ്റിലെ    ഡിപ്പാർട്ട്മെൻറ് മേധാവി ആയ, പ്രിൻസിപ്പൽ സെക്രട്ടറിയോ മറ്റോ ആയ   ഐ.എ.എസ്. ഉദ്യോഗസ്ഥൻ ആണ്.  പ്രത്യേകിച്ച് ചെയ്യാൻ ഒന്നും ഇല്ല. വകുപ്പിനു കീഴിലുള്ള  മറ്റു ഓഫീസുകളിലെ ഏറ്റവും താഴ്ന്ന ശിപായിയുടെ സ്ഥലം മാറ്റം വരെ മന്ത്രിയും രാഷ്ട്രീയ പാർട്ടിയും ചെയ്യുമ്പോൾ വെറുതെ ഫയൽ മന്ത്രിയുടെ മുന്നിൽ വയ്ക്കാൻ അല്ലാതെ ഈ ഐ.എ.എസ്.  കാർക്ക്  ചെയ്യാൻ  മറ്റെന്ത്ജോലി?  സബോർഡിനെറ്റ്  ഓഫീസുകളിൽ, അതായത്  ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, നികുതി വകുപ്പ്, വനം വകുപ്പ്   തുടങ്ങിയവയിലെ   മേധാവികൾ  ആയ  ഐ.എ.എസ്  ഉദ്യോഗസ്ഥരുടെ സ്ഥിതിയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.  ഇവർക്ക് ആർക്കും  തെറ്റും ശരിയും ഒന്നും നോക്കാൻ പാടില്ല. മന്ത്രി പറയുന്നത് പോലെ ചെയ്യുക. അത്ര മാത്രം. പ്രിൻസിപ്പൽ സെക്രട്ടറിക്ക് താഴെയും പല ലെവലിൽ ഉദ്യോഗസ്ഥർ ഉണ്ട്. അവരുടെ ഗതിയും ഇത് തന്നെ. ഇതിൽ നിന്നും ഉദ്യോഗസ്ഥർ ഒരു പാഠം പഠിക്കും. മന്ത്രി പറയുന്നത് പോലെ നിൽക്കുക, തങ്ങൾക്കും സാമ്പത്തിക ലാഭം കിട്ടും. അത് വേണ്ട എന്ന് വയ്ക്കുന്ന അന്തസ്സുള്ള ഉദ്യോഗസ്ഥരെ, രാജു നാരായണ സ്വാമിയെ പ്പോലെ ഉള്ളവർ, മന്ത്രിമാർ എവിടെയെങ്കിലും ഒതുക്കും. ഇങ്ങിനെ അഴിമതിയും നിയമ വിരുദ്ധ പ്രവൃത്തികളും  ചെയ്യാൻ തങ്ങളെ പ്പോലെ ദുഷിച്ച   കുറെ ഉദ്യോഗസ്ഥരെ എല്ലാ മന്ത്രിമാരും  തങ്ങളുടെ കൂടെ നിർത്തും. അങ്ങിനെ  നിൽക്കുന്നവരെ മന്ത്രിമാർ വഴി വിട്ടു സഹായിക്കും. പണം നൽകിയും പണമുണ്ടാക്കാനുള്ള പദവികൾ നൽകിയും. ഇവർക്കാർക്കും ഒരിക്കലും  ഒരു കുഴപ്പവും സംഭവിക്കാതെ മന്ത്രിമാർ നോക്കിക്കൊള്ളും. ടോം ജോസ്,   ടി.ബാലകൃഷ്ണൻ, എന്നിവർ നിയമ വിരുദ്ധ പ്രവർത്തികൾ നടത്തിയിട്ടും മന്ത്രിമാരുടെ വാത്സല്യ ഭാജനങ്ങൾ  ആണല്ലോ.   മൂന്നാർ കയ്യേറാൻ അവസരം ഒരുക്കിയവരും കള്ള പട്ടയം നൽകിയവരും ആയ ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകുകയല്ലാതെ  മറ്റെന്തു ചെയ്തു? ഇതിൽ മിടുക്കരായ  ഉദ്യോഗസ്ഥർ മന്ത്രി സഭ മാറുമ്പോൾ തങ്ങളുടെ വിധേയത്വം പുതിയ മന്ത്രിക്കു സമർപ്പിക്കുന്നു.മന്ത്രിമാരുടെ  അഴിമതി ഉദ്യോഗസ്ഥർക്കെല്ലാം  അറിയാവുന്നത് കൊണ്ട്, അവർ ബ്ലാക്ക് മെയിൽ ചെയ്യും എന്നുള്ള ഭയം ഉണ്ടാകുകയും അതിനാൽ   അനുസരിയ്ക്കാത്തവരെ  ശാസിക്കാനോ തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാനോ  ഒന്നും  മന്ത്രിമാർക്ക് കഴിയില്ല.

തങ്ങളുടെ അഴിമതി ഒളിച്ചു വയ്ക്കാൻ അവർ ഉദ്യോഗസ്ഥരെ കരുവാക്കുന്നു. ഭരണ ഘടനാ സ്ഥാപനങ്ങളെയും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതായി കാണാം.  ഇങ്ങിനെ നീതി ന്യായ വ്യവസ്ഥയെ വരെ ഇവർ കളങ്കിതമാക്കുന്നു. അടുത്തിടെ ബാർ കേസിൽ  അഡ്വക്കേറ്റ് ജനറൽ വിവരങ്ങൾ മറച്ചു വച്ച് കോടതിയിൽ നിന്നും വിധി വാങ്ങുക ആയിരുന്നു എന്ന് കെ.പി.സി.സി. പ്രസിഡന്റ്റ് പരസ്യമായി പറയുക ഉണ്ടായല്ലോ . അതേ കേസിൽ     അഡ്വക്കേറ്റ് ജനറൽ വിവരങ്ങൾ മറച്ചു വച്ചു എന്ന്  ഒരു ഭരണ കക്ഷി എം.എൽ .എ.  ചാനൽ ചർച്ചയിൽ പറയുകയും ഹൈക്കോടതിയിൽ കക്ഷി ചേരുകയും ഉണ്ടായല്ലോ. ഇത്തരം ഉദ്യോഗസ്ഥർ ഈ അവസരം മുതലെടുത്ത്‌ തെറ്റ് കാണിച്ചാലും അച്ചടക്ക രാഹിത്യം കാട്ടിയാലും മന്ത്രിക്ക് ഒരക്ഷരം എതിർത്ത് പറയാൻ കഴിയുകയില്ലല്ലോ. 

ഇതാണ് കേരളത്തിലെ  ഭരണ ദുരന്തം. എന്തെങ്കിലും ഒരു അഴിമതി പുറത്തു വന്നാൽ  അഴിമതിയെ  കുറിച്ചല്ല ആദ്യം അന്വേഷിക്കുന്നത് . ഇതെങ്ങിനെ പുറത്തു വന്നു എന്നുള്ളതാണ് നമ്മുടെ മന്ത്രിമാർക്ക്  ഉടൻ  അറിയേണ്ടത്. കള്ളത്തരം പുറത്തു കൊണ്ട് വന്ന സത്യസന്ധനായ ഉദ്യോഗസ്ഥനെ കണ്ടു പിടിച്ച്   സസ്പെൻഡ്   ചെയ്യും. കള്ളക്കേസിൽ കുടുക്കും. അതാണ്‌ കേരളത്തിലെ  അഴിമതി നിർമാർജനം. 

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഡൽഹി ചുവപ്പ് കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗം കേൾക്കൂ . 

"ഇത്രയും ദിവസം ഭരണ സംവിധാനത്തിൻറെ അകത്തു നിന്ന ഒരാളെന്നനിലയിൽ ഞാൻ മനസ്സിലാക്കിയ കുറെയധികം കാര്യങ്ങൾ ഉണ്ട്. ഓരോ സർക്കാർ വകുപ്പുകളും പ്രത്യേകം പ്രത്യേകം സർക്കാരുകളായാണ് പ്രവർത്തിക്കുന്നത് എന്ന സത്യം മനസ്സിലാക്കിയ ഞാൻ ഞെട്ടിപ്പോയി. പിന്നെങ്ങിനെ രാജ്യത്തിന് മുന്നോട്ടു പോകാനാകും? രാഷ്ട്രത്തെ മുന്നോട്ടു നയിക്കുകയെന്ന ഏക ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കണം. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം മാദ്ധ്യമങ്ങളിലൊക്കെ നിരന്തരം വാർത്ത വന്നിരുന്നു;ഉദ്യോഗസ്ഥരെല്ലാം കൃത്യമായി ഓഫീസിൽ എത്തുന്നു. പക്ഷെ ആ വാർത്തകളിൽ എനിക്കു വലിയ സന്തോഷമൊന്നും തോന്നിയില്ല.    ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ഓഫീസിലെത്തുന്നത് എങ്ങിനെയാണ് വാർത്തയാകുന്നത്. അതവരുടെ കടമയല്ലേ?

" ഈ ദിവസങ്ങൾ കൊണ്ട് എനിയ്ക്ക് മനസ്സിലായത്‌ നമ്മുടെ ഉദ്യോഗസ്ഥരുടെ കഴിവ് അപാരമാണെന്ന സത്യമാണ്. ആ ശക്തിയെ ഉപയോഗിച്ച് രാജ്യത്ത് വികസനം സാധ്യമാക്കുകയാണ് എന്റെ ലക്ഷ്യം. ഇത് സാധ്യമാണെന്ന് ഈ ഉയർന്നു നിൽക്കുന്ന ദേശീയ പതാക സാക്ഷ്യമാക്കി ഞാൻ പറയുന്നു. എനിക്കെന്താണ് കാര്യം എനിക്കെന്താണ് കിട്ടുക എന്നീ ചിന്തകളെ മാറ്റി വച്ച് കൊണ്ട് എല്ലാം രാജ്യത്തിനാണെന്ന് ചിന്തിക്കുക"

ഉദ്യോഗസ്ഥർ അനുസരണ ഇല്ലാത്തവർ എന്ന് പറയുന്ന കേരള മന്ത്രിമാരും  ജന പ്രതിനിധികളും മോദി പറഞ്ഞതൊന്നു ശ്രദ്ധിക്കൂ.  ഭരണാധികാരികളിൽ നിന്നും  ഈ ആർജവം ആണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.  കേരളത്തിലെ  മന്ത്രിമാർക്കും   സത്യ സന്ധതയും, ആത്മാർത്ഥതയും, നീതി ബോധവും ആകാമല്ലോ. മോദി ഇത്തരം ഒരു നിലപാടെടുക്കുമ്പോൾ സ്വാഭാവികമായി കൂടെയുള്ള മന്ത്രിമാരും അങ്ങിനെ പ്രവർത്തിക്കാൻ നിർബ്ബന്ധിതരാകും.  കേരളത്തിൽ അവിടെയാണ് യഥാർത്ഥ  പ്രശ്നം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ