2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ബാറ് പൂട്ടി


 "ഏറ്റവും അനുയോജ്യൻ അതിജീവിക്കും"  ( survival of the fittest) എന്ന ഡാർവിന്റെ സിദ്ധാന്തം അന്വർത്ഥമാക്കിക്കൊണ്ട്, അവസാന നിമിഷം വരെ പോരാടിയ   ഉമ്മൻ ചാണ്ടി, അവസാനത്തെ അടവായ കീഴടങ്ങലിലൂടെ സ്വന്തം   നിലനിൽപ്പിനു വേണ്ടി  ബാറുകൾ പൂട്ടാം എന്ന് സമ്മതിച്ചു.

ബാറുകൾ തുറക്കണം എന്ന ആഗ്രഹം നേരിട്ട് പറയാൻ വയ്യാത്ത ഗാന്ധിജിയുടെ അരുമ ശിഷ്യന്മാരായ കോണ്‍ഗ്രസ് നേതാക്കൾ അതിനു കണ്ടു പിടിച്ച ഒരു വാക്കാണ് "പ്രായോഗികത". ആദർശം വേണം പക്ഷേ   "പ്രായോഗികത" വേണം എന്നാണവരുടെ പക്ഷം. അതിൻറെഅർത്ഥം ബാർ മുതലാളിമാർ നല്ലവരാണ്. അവർ എപ്പോഴും സഹായികളാണ്. ഇതവരുടെ തൊഴിലാണ് അതവർ നടത്തിക്കൊണ്ടു പോകട്ടെ. ഈ   "പ്രായോഗികത" യുടെ പേരിൽ  തീരുമാനം അനിശ്ചിത മായി നീട്ടിക്കൊണ്ടുപോയ  സർക്കാരിന് ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വഴിയെ വരേണ്ടി വന്നു.  പൂട്ടിക്കിടക്കുന്ന ബാറുകൾ കൂടാതെ മറ്റെല്ലാ ബാറുകളും നിർത്തലാക്കും എന്ന സർക്കാർ തീരുമാനം   ജനങ്ങൾക്ക്‌ആശ്വാസമായി.  ജനഹിതത്തെ മാനിച്ചു എന്ന  വാചകങ്ങൾ എല്ലാം പൊള്ള ആണെന്ന് എല്ലാവർക്കും  അറിയാം. ജനങ്ങളുടെ ഹിതം മാനിച്ചായിരുന്നു എങ്കിൽ നേരത്തെ ആകാമായിരുന്നുവല്ലൊ.  സമുദായങ്ങളുടെ സമ്മർദ്ദമാണ് പ്രധാനമായും ഇത്തരം ഒരു തീരുമാനത്തിന് കാരണമായത്.   ക്രിസ്ത്യാനി സഭകൾ ശക്തമായി രംഗത്ത് വന്നു. നിലവാരം ഉള്ള ബാറുകൾ തുറക്കാം എന്ന ഒത്തു തീർപ്പ് നയം പറഞ്ഞ്  രണ്ടു വള്ളത്തിലും കാൽ ചവിട്ടി നിന്ന മാണിക്കും   "പ്രായോഗികത" മാറ്റേണ്ടി വന്നു. അത് പോലെ പ്ലസ് ടൂ കേസിൽ അഴിമതി ആരോപണങ്ങളിൽ കുളിച്ചു നിൽക്കുന്ന, കോടതിയിൽ നിന്നും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന  മുസ്ലിം ലീഗിനും ജനങ്ങളുടെ ഇടയിൽ   നല്ല പിള്ള ചമഞ്ഞ് ഇമേജ് കൂട്ടാം എന്നധാരണയിൽ  ചാണ്ടിയെ തള്ളിപ്പറയേണ്ടി വന്നു. 

ഏതായാലും തീരുമാനം നന്നായി. സമ്പൂർണ്ണ മദ്യ നിരോധനത്തിൽ  ആത്മാർത്ഥത ഉണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ  കൂടി ചെയ്യേണ്ടതുണ്ട്. ബാറുകൾ നിർത്തുന്നതോടൊപ്പം  ക്ലബ്ബുകൾക്കുള്ള മദ്യ ലൈസൻസും റദ്ദാക്കണം. വരേണ്യ വർഗത്തിന് കുടിക്കാനാണല്ലോ ക്ലബ്ബുകൾ. പാവപ്പെട്ടവൻറെ കള്ളു കുടി മുട്ടിയ്ക്കുമ്പോൾ  പണക്കാരന്  മാത്രം ക്ലബ്ബുകൾ വഴിയുള്ള മദ്യ പാന സൗകര്യം അനുവദിക്കുന്നതെന്തിനാണ് ?  സംസ്ഥാനത്ത് 24 ക്ലബുകൾക്കാണ് മദ്യ ലൈസൻസു ഉള്ളത്.  മറ്റൊന്ന് മദ്യ ലഭ്യത കുറയ്ക്കുക എന്നതാണ്.  ബീവറേജ് വിൽപ്പന ശാലകളിലെ  വിൽപ്പന  സമയം  കുറയ്ക്കണം.   രാവിലെ 11 മുതൽ 3 വരെയും വൈകുന്നേരം 5 മുതൽ 8 വരെയും ആക്കണം വിൽപ്പന. മദ്യം വാങ്ങുന്നവരുടെ പ്രായ പരിധി നിശ്ചയിക്കണം. പുകവലിയ്ക്കുള്ള വയസ്സ് 18 ൽ നിന്നും 25 ആക്കാനുള്ള നിയമം കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. അപ്പോൾ മദ്യ പാനത്തിനും പ്രായ പരിധി 25 ആക്കാം. മദ്യം വാങ്ങാൻ ഒരു 'പെർമിറ്റ്‌ കാർഡ്' ഏർപ്പെടുത്താം. ബാർ ലൈസൻസിന്റെ ബലത്തിൽ ഹോട്ടലുകളിലും ഹാളുകളിലും നടന്നിരുന്ന മദ്യ പാർട്ടികൾ കർശനമായി തടയണം.  ബാർ പൂട്ടുക എന്നതിൽ നിന്നും ഇനി ഒരു പിറകോട്ടു പോക്ക് അസാധ്യമാണ്. കോടതി എന്തെങ്കിലും വഴി തുറക്കും എന്ന നേരിയ ആശ നില നിർത്തുന്ന കുറെ "പ്രായോഗിക" ഗാന്ധി ശിഷ്യന്മാർ കാണും. പക്ഷെ സർക്കാറിന്റെ നയം ആയി ഇത് മാറ്റിയാൽ കോടതിയിലും രക്ഷ ഉണ്ടാകില്ല.  അതിനാൽ മദ്യ ഉപഭോഗം കുറയ്കാനുള്ള വഴികൾസ്വീകരിക്കാൻ മദ്യ മന്ത്രി തയ്യാറാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ