Friday, August 8, 2014

മുഖ്യ മന്ത്രി ആകണം

മാണിയ്ക്ക്  മുഖ്യ മന്ത്രി ആകണം.  ഗർഭിണികളുടെ ആശ പോലെ കുറെ നാളുകളായി അതിങ്ങിനെ  വളർന്നു വളർന്നു  വലുതായി ക്കൊണ്ടിരിക്കുന്നു. എത്ര നാളാണ് ചുമന്നു കൊണ്ട് നടക്കുന്നത്. അത് തൻറെ സിൽബന്ധികളിലൂടെ പതിയെ പുറത്തു ചാടിച്ചു. ആദ്യം പി.സി. ജോർജ് ആണ് രംഗത്ത് വന്നത്. അതോ ആദ്യം ആൻറ്റോ ആന്റണി ആണോ പറഞ്ഞത് ? ഏതായാലും രണ്ടു പേരും   പറഞ്ഞു. മുഖ്യ മന്ത്രി ആകാൻ എന്ത് കൊണ്ടും യോഗ്യനാണ് മാണി എന്ന്.   ലോക സഭ തെരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയതാണ്‌ ഈ പറച്ചിലുകൾ. മുഖ്യ മന്ത്രി ആകാൻ ആകെ ഒരു ചാൻസ് മാർക്സിസ്റ്റ് പാർട്ടി വിചാരിച്ചാൽ മാത്രം ആണ്.മാർക്സിസ്റ്റ് ക്യാമ്പിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടുമുണ്ട്. അതിനായി മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു സമ്മേളനത്തിൽ ശ്രീ മാണി പോയി പ്രസംഗിച്ചു. വിഷയം എക്കണോമിക്സ്. ഇത്രയും വർഷം  കേരളത്തിൻറെ ധന മന്ത്രിയായി ഇരുന്നിട്ട് എന്നും കടവും, ഓവർ ഡ്രാഫ്റ്റും, ട്രെഷറി പൂട്ടലുമായി കേരളത്തിൻറെ സാമ്പത്തിക സ്ഥിതിയെ പടു കുഴിയിൽ  എത്തിച്ച മാണി തന്നെ സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാൻ ഏറ്റവും അർഹൻ എന്ന് മാർക്സിസ്റ്റ് കാർ വിചാരിച്ചത്  തോമസ്‌ ഐസക്കിനെക്കാളും ഭേദം എന്ന് അവർക്ക് തോന്നിയത് കൊണ്ടായിരിക്കാം.  മാണിയുടെ വേദ വാക്യങ്ങൾ കേട്ട് എല്ലാ സഖാക്കളും സന്തുഷ്ട്ടരായിഅനുമോദിച്ചു. പക്ഷേ തെരഞ്ഞെടുപ്പു അടുത്തു വന്നപ്പോൾ മാണി ഒന്നു കൂടി ആലോചിച്ചു. ഇനി ഈ വയസ്സു കാലത്ത് പിള്ളേരല്ലേ ആശ്രയം. മോനാണെങ്കിൽ  ഇത് വരെ ഒരു കര പിടിച്ചിട്ടില്ല. 2004 ൽ മൂവാറ്റുപുഴയിൽ തോറ്റു. 2009ൽ കോട്ടയത്ത് നിന്നും പാർലമെന്റിൽ എത്തിച്ചു. പല പ്രാവശ്യം മന്ത്രിക്കസേര അടുത്തെത്തി കൊതിപ്പിച്ചിട്ട്‌ ഉമ്മൻ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്സിലെ  ആത്മാർത്ഥ സ്നേഹിതരുടെ ഉള്ളഴിഞ്ഞ സഹായ സഹകരണം  കൊണ്ട് അത് നടക്കാതെ പോയി. വലിയ കഴിവൊന്നും ഇല്ല. എന്നാലും ഇത്തവണയെങ്കിലും   എന്തെങ്കിലും നടത്തി എടുക്കണം. പയ്യനും പ്രായമായി വരുന്നു. യു.ഡി.എഫ്. വിട്ടു പോയാൽ അത് നടക്കില്ല. അത് കൊണ്ട് തൽക്കാലം അവിടെ തന്നെ നിന്നു. 

അങ്ങിനെ മകൻ പാലമെന്റിൽ വീണ്ടും എത്തി.  പക്ഷേ  കഷ്ട്ട കാലത്തിന് കേന്ദ്രത്തിൽ  ബി.ജെ.പി. സർക്കാരാണ് അധികാരത്തിൽ വന്നത്. അതോടെ മകൻറെ മന്ത്രി മോഹം പൊലിഞ്ഞു. ഇനി എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇവിടെ ചെയ്യണം. മാണി ആലോചിച്ചു. അപ്പോഴാണ്‌ ബുദ്ധി തെളിഞ്ഞത്.  തനിക്കു എന്ത് കൊണ്ട് മുഖ്യ മന്ത്രി ആയിക്കൂടാ? ആർഎസ്.പി. കൂടെ ഇപ്പുറത്ത് വന്നതോട് കൂടി ഉമ്മൻ ചാണ്ടി കൂടുതൽ സ്ട്രോങ്ങ്‌ ആയി. ഇനി വെറുതെ വിരട്ടാൻ  പറ്റില്ല. മാത്രമല്ല കോണ്‍ഗ്രസ്സ് ഭാരതത്തിൽ ആകമാനം തോറ്റു തുന്നം പാടിയത് കൊണ്ട്  ഇപ്പോൾ ഹൈ ക്കാമാണ്ടിനെ ആർക്കും   ഒരു പേടിയും ഇല്ല. എല്ലാവരും ഇപ്പോൾ പാവം രാഹുൽ ഗാന്ധിയെ പരസ്യമായി തെറി പറയുകയാണ്‌. മുഖ്യ മന്ത്രി ആകണം എന്ന് പറയുമ്പോഴൊക്കെ മാർക്സിസ്റ്റ് കാർ ആത്മാർത്ഥമായി  പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ അനുകൂല നിലപാട് എടുക്കുന്നുണ്ട്. അതൊരു അടവാണ് എന്നറിയാനുള്ള ബുദ്ധി ഒക്കെ ഉണ്ട്. എന്നിരുന്നാലും ഒരു കൈ നോക്കാം. ആകെ സി.പി. ഐ. നേതാവ് പന്ന്യൻ  രവീന്ദ്രൻ ആണ് എതിരു നിൽക്കുന്നത്.  സ്വന്തം പാർട്ടി എവിടെയാണെന്ന് അന്വേഷിച്ചു നടക്കുന്നവർ ആണ് ഈ സി.പി.ഐ. ക്കാർ.ഇടയ്ക്കിടെ ഇങ്ങിനെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ പാർട്ടി ജീവിച്ചിരിപ്പില്ല എന്ന് ജനങ്ങൾ ധരിക്കും എന്ന് കരുതിയാണ് ഈ പറയുന്നത്. ബെന്നറ്റിനെ പ്പോലെ ഒരു കോടി യൊന്നും വേണ്ട എന്തെങ്കിലും കൊടുത്താൽ മതി  അവർ അട്ജസ്റ്റ് ചെയ്തു  കൊള്ളും. പിന്നെ എതിരു പറഞ്ഞത് ആ കാരണവർ ആണ്. അച്യുതാനന്ദൻ. അത് പിണറായി നോക്കിക്കൊള്ളും.

ജനങ്ങളെ സേവിക്കുകയാണ് മാണിയുടെ ഒരേ ഒരു ലക്ഷ്യം. എത്ര സേവിച്ചാലും അദേഹത്തിന് മതി വരില്ല. കഴിഞ്ഞ 49 വർഷമായി എം.എൽ.എ. ആണ്. ഒരേ നിയോജക മണ്ഡലത്തിൽ നിന്നും. ആർക്കും വഴി മാറിക്കൊടുക്കാതെ ഇന്നും എം.എൽ.എ. ആയി നിൽക്കുന്നത് ആ നാട്ടുകാരോടുള്ള സ്നേഹം കൊണ്ടും ജനങ്ങളെ സേവിക്കാതെ ഉറങ്ങാൻ കഴിയില്ല എന്നത് കൊണ്ടും മാത്രമാണ്. അത് പോലെയാണ്   മന്ത്രി ആകുന്നതും. കഴിവതും ധനകാര്യം തന്നെ എടുക്കും. എങ്ങിനെയെങ്കിലും കേരളത്തെ ഒന്ന് രക്ഷിക്കണ്ടേ. രണ്ട് മൂന്നു ദിവസത്തിനകം  സർക്കാർ  700 കോടി രൂപ കടം എടുക്കും.ഇതോടു കൂടി ഈ സാമ്പത്തിക വർഷത്തെ കടം 5400 കോടി ആകും. പിന്നെ ഓണമല്ലേ വരുന്നത്. ഓണച്ചിലവിനു വീണ്ടും ഒരു 1000 കോടി കൂടി കടമെടുക്കും. അങ്ങിനെ കടമെടുത്തു കൊണ്ടേ ഇരിക്കും. അതാണ്‌ ധന മന്ത്രിയുടെ ചുണ.

 പിന്നെ മുഖ്യ മന്ത്രി ക്കസേര. അത്  ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്?  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആഗ്രഹം.   കഴിഞ്ഞ 35 വർഷമായി മനസ്സിൽ കൊണ്ടു നടക്കുന്നതാണ്. 1979 ൽ പി.. കെ. വാസുദേവൻ നായർ രാജി വച്ചപ്പോൾ മുഖ്യ മന്ത്രി പദം  കൈപ്പിടിയിൽ വന്നതാണ്. പക്ഷെ കപ്പിനും ചുണ്ടിനും ഇടയ്ക്ക് കൈവിട്ടു  എന്ന് സായിപ്പ് പറയുന്നത് പോലെ പോയി. സി.എച്ച്.മുഹമ്മദ്‌ കോയ അത് അടിച്ചെടുത്തു. വേല  കയ്യിലിരിക്കട്ടെ. അങ്ങിനെ വിട്ടു കൊടുക്കാമോ?  മന്ത്രി സഭയ്ക്ക് കൊടുത്ത പിന്തുണ  മാണി പിൻ വലിച്ചു. രണ്ടേ രണ്ടു മാസം.  സി.എച്ച്.നെ  രാജി വയ്പ്പിച്ചു താഴെ ഇറക്കി. .  അപ്പോഴും മുഖ്യ മന്ത്രി ആകാനുള്ള അവസരം വരുമെന്ന് മോഹിച്ചത് നേര്. പക്ഷേ  എന്നും  കൂടെ നിന്ന നല്ലവരായ  കോണ്‍ഗ്രസ്സുകാർ പാലം വലിച്ചു. നിയമസഭ പിരിച്ചു വിട്ടു. ആ അവസരവും പോയി. എല്ലാ തെരഞ്ഞെടുപ്പിലും എം.എൽ.എ. ആകും. എന്നെങ്കിലും മുഖ്യ മന്ത്രി ആകാമെന്ന പ്രതീക്ഷ ഇല്ല എന്ന് പറയാൻ കഴിയില്ല. ഒരു ജീവിതമല്ലേ ഉള്ളൂ.  ഇനി കാത്തിരിക്കാൻ വയ്യ. പ്രായമായി. ഒരു മുടി പോലും  നരച്ചിട്ടില്ല എങ്കിലും വയസ്സ് 81 ആയി. അടുത്ത തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല. മത്സരിക്കാൻ കഴിയുമോ എന്നറിയില്ല. രാഹുൽ ഗാന്ധിയെ പോലെ തന്നെ ഒഴിവാക്കുമോ എന്നും പറയാൻ പറ്റില്ല. ഇടതു നിന്നും മുഖ്യ മന്ത്രി ആകാൻ പിണറായി കുപ്പായം തയ്പ്പിച്ചു കഴിഞ്ഞു.  അതാണ്‌ രണ്ടും കൽപ്പിച്ച് ഇപ്പോൾ  ഇറങ്ങി പുറപ്പെട്ടത്‌. 

അധികാര ക്കൊതിയല്ലേ ഇത് എന്ന് ജനങ്ങൾ ചോദിച്ചേക്കാം. കൊടി  വച്ച ഒന്നാം നമ്പർ കാറിൽ പോകാനുള്ള രാഷ്ട്രീയക്കാരുടെ ആർത്തി അല്ലെ ഇതെന്നും ചോദിച്ചേക്കാം. ഇപ്പോഴും എം.എൽ.എ പദവിയിൽ തൂങ്ങി കിടക്കുന്നത് എന്തിനാണ്. ഇങ്ങിനെ പല ചോദ്യങ്ങളും വന്നേക്കാം. അതൊക്കെ അസൂയക്കാര് ചോദിക്കുന്നതാണ്. അതിനൊക്കെ ഈ വിനയാന്വിതന്    ഒരു  മറുപടിയേ ഉള്ളൂ.  ജന സേവനം. അത് മാത്രം.

ഒരു കാര്യം കൂടി ഉണ്ട്. എല്ലാവരും പറയും മാണി മുഖ്യ മന്ത്രി പദത്തിന് സർവഥാ യോഗ്യനാണെന്ന്. പണ്ട് കോണ്‍ഗ്രസ് നേതാവ്  എം.എം. ജേക്കബ് പറഞ്ഞു. പിന്നെ  പലരും പറഞ്ഞു.  അടുത്തിടെ മുഖ്യ മന്ത്രി സാക്ഷാൽ  ഉമ്മൻ ചാണ്ടി വരെ പറഞ്ഞു. ( ഉള്ളിൽ ചാണ്ടി നന്നായി ചിരിച്ചു കാണും) പക്ഷെ കാര്യം നടക്കില്ല. അത്ര തന്നെ.  യോഗ്യനാണെന്ന് ആരൊക്കെ പറഞ്ഞാലും ഒരാൾ മാത്രം അത് സമ്മതിക്കില്ല.  സാക്ഷാൽ കെ.എം. മാണി. വിനയത്തിന്റെ മൂർത്തിമദ് ഭാവമായ അദ്ദേഹം പറയുന്നു. എനിക്ക് അങ്ങിനെ ഒരു ആഗ്രഹമേ ഇല്ല. ശരിയല്ലേ? ഇന്ന് വരെ മുഖ്യ മന്ത്രി ആകണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? ഇല്ല.

ഇനി ഒരു വഴിയേ ഉള്ളൂ. ബി.ജെ.പി.യുമായി ചങ്ങാത്തം സ്ഥാപിക്കുക. അടുത്ത തെരഞ്ഞെടുപ്പിൽ യോജിച്ചു ഒരു കൈ നോക്കാം. ഇപ്പോഴത്തെ ലോക സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കു വച്ച് നോക്കിയാൽ ബി.ജെ.പി യ്ക്ക് ചാൻസ് ഉണ്ട്. പിന്നെ മതേതര പാർട്ടികൾ പറയുമ്പോലെ ഹിന്ദുത്വം.  ഈ ക്രിസ്ത്യാനികൾ അങ്ങ് റോമിൽ നിന്നും വന്നതൊന്നും അല്ലല്ലോ. ഇവിടത്തെ നമ്പൂതിരിമാരും നായന്മാരും മതം മാറിയാണ് ക്രിസ്ത്യാനികൾ ഉണ്ടായത് എന്ന് അവര് തന്നെ പറയുന്നുണ്ട്. മോദിയുടെ ഭരണം വളരെ നല്ലതാണെന്ന് ഇവിടത്തെ പല ബിഷപ്പുമാരും പറയുന്നുമുണ്ട്. പിന്നെ എന്താണിത്ര   ആലോചിക്കാൻ ബഹു മുഖ്യ മന്ത്രി മാണീ .

2 comments:

  1. നേരോടെ....നിര്‍ഭയം...നിരന്തരം..... അതാണ് ബിപിന്‍ ചേട്ടന്‍.....ആശംസകള്‍....!!

    ReplyDelete