2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

വൈസ് ചാൻസലർ

ഒരു വൈസ് ചാൻസലറുടെ നിയമനം കോടതി റദ്ദാക്കിയിരിക്കുന്നു. മധുര കാമരാജ് യുനിവേർസിറ്റി  വൈസ് ചാൻസലർ ആയിരുന്ന  കല്യാണി മണി വണനെ ആണ് മദ്രാസ്‌ ഹൈക്കോടതിപുറത്താക്കിയത്. ഇത് പോലെ മറ്റൊരു  വൈസ് ചാൻസലറെ   ഗവർണർ പുറത്താക്കിയിട്ട്  രണ്ടു മാസം തികഞ്ഞിട്ടില്ല. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് വൈസ് ചാൻസലർ ആയിരുന്ന എ.വി.ജോർജിനെ ആണ് കേരള ഗവർണർ പിരിച്ചു വിട്ടത്.  

 ഇല്ലാത്തയോഗ്യതകൾ കാണിച്ച്‌ വൈസ് ചാൻസലർ പദവി കരസ്ഥമാക്കിയവർ ആണ് രണ്ടു പേരും.  കള്ള  ബയോ ഡേറ്റ ആണ് എ.വി.ജോർജ് നൽകിയത്.  ഒരു സ്വകാര്യ കോളേജിൽ പണി ചെയ്തിട്ട് ഒരു കേന്ദ്ര സർവകലാശാലയിൽ പ്രഫസ്സർ ആയിരുന്നു എന്ന കള്ളം ആണ് പുള്ളി തട്ടി വിട്ടത്. കല്യാണി മണി വണനും ഇത് പോലെ കള്ളം പറഞ്ഞിരുന്നു.  ഒരു സ്വകാര്യ കോളേജിൽ അസോസിയേറ്റ് പ്രോഫസ്സർ മാത്രം ആയിരുന്നു അവർ 10 വർഷം പ്രൊഫസ്സർ ആയിരുന്നു എന്ന്പറഞ്ഞു. യു.ജി.സി. നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഇല്ലാത്തവരാണ് രണ്ടു പേരും. അതിനെ മറി കടക്കാനാണ് കള്ളത്തരം പറഞ്ഞതും കള്ള  സർറ്റിഫിക്കറ്റ്  നൽകിയതും. രണ്ടു പേരും രാഷ്ട്രീയ പിന്തുണയുള്ളവർ ആണ്. മന്ത്രി സഭയുടെ ശുപാർശയിൽ   ആണ് ഇവരെ നിയമിച്ചത്. അതിനർത്ഥം ഉമ്മൻ ചാണ്ടിക്കും ജയലളിതയ്ക്കും മുഖ്യ മന്ത്രി എന്ന നിലയിൽ  ഈ തട്ടിപ്പിനെപറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നാണ്.

മാർക്ക്‌ തിരുത്തിയവനും, രണ്ടാം തവണ പാസ്സായവനും ഒക്കെയാണ് ഇന്ന് കേരളത്തിലെ സർവകലാശാല കളുടെ  വൈസ് ചാൻസലർ മാർ ആയി വരുന്നത്. പണ്ഡിത വരേണ്യർ അലങ്കരിച്ചിരുന്ന ആ പദവിയിൽ ആണ് ഇന്ന് യോഗ്യതയും നിലവാരവും ഇല്ലാത്തവർ കയറിപ്പറ്റുന്നത്  എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിനു സംഭവിച്ച അപചയം ആണ് കാണിക്കുന്നത്. വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്കാണതിന്റെ ഉത്തരവാദിത്വം.  വിവരവും,വിദ്യാഭ്യാസവും, കഴിവും,പാണ്ഡിത്യവും ഉള്ള ആളുകൾ ഇല്ലാത്തതിനാൽ അല്ല ഈ കള്ള സർറ്റിഫിക്കറ്റ്  കാരെ   വൈസ് ചാൻസലർ പദവിയിൽ കുടിയിരുത്തുന്നത്. വൈസ് ചാൻസലർ പദവി രാഷ്ടീയ പാർട്ടികൾക്കും ജാതി സംഘടനകൾക്കും വീതം വച്ച് നൽകുന്നതാണിതിന് കാരണം.


കോളേജ് അദ്ധ്യാപകരുടെ കാര്യം അതിലും കഷ്ടമാണ്. പഠിപ്പിക്കുന്നതിൽ ഒഴിച്ച് എല്ലാക്കാര്യത്തിലും അവർക്ക് താൽപ്പര്യം ഉണ്ട്. ഗവേഷണം എന്ന വാക്കിൻറെ അർത്ഥം അവർക്കറിയാമോ എന്ന് സംശയം ആണ്.  മൂന്നരക്ക് കോളേജ് വിട്ടതിനു ശേഷം  കുട്ടികളുടെ നോട്ടും മറ്റും നോക്കാൻ ഒരു മണിക്കൂർ പോലും ഇരിക്കാൻ അധ്യാപകർ തയ്യാറല്ല.  നാലര മണിക്ക് പഞ്ച് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ്  അധ്യാപകർ സമരത്തിലാണ്. അങ്ങിനെയുള്ളവർ ഗവേഷണത്തിനു എങ്ങിനെ സമയം കണ്ടെത്തും?  ഇവരിൽ ഡോക്ടറേറ്റ് നേടിയവർ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയേണ്ടി വരും.  ഗവേഷണ പ്രബന്ധം ഉൾപ്പടെയാണ്  പലയിടത്തും ഇപ്പോൾ ഡോക്ടറേറ്റിന്റെ റേറ്റ്.  വിഷയം പോലും ഗൈഡ് തെരഞ്ഞെടുത്തു കൊള്ളും.

മദ്രാസ്‌ ഹൈക്കോടതി പറഞ്ഞത് കേൾക്കൂ "യു.ജി.സി. റെഗുലേഷൻ 2010 ൽ  നിഷ്ക്കർഷിച്ചിട്ടുള്ള  വിദ്യാഭ്യാസ യോഗ്യതകളും അർഹതാ മാനദണ്ഡങ്ങളും വൈസ് ചാൻസലർ പദവിക്ക് ആവശ്യമില്ല എന്ന് വന്നാൽ ഒരു യോഗ്യതയും ഇല്ലാത്ത ആരെയും  വൈസ് ചാൻസലർ ആക്കാമല്ലോ". ഇനി കേരളത്തിലെ മുഖ്യ മന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും.  കോടതി പറഞ്ഞത് കേൾക്കൂ  "യു.ജി.സി. റെഗുലേഷൻ 2010 ൽ  നിഷ്ക്കർഷിച്ചിട്ടുള്ള  അർഹതാ മാനദണ്ഡങ്ങൾ അനുസരിക്കാതെ   അവ നിർബ്ബന്ധം  ( മാൻഡേറ്ററി) അല്ല  എന്ന് തെറ്റിദ്ധാരണ പരത്തി കൊണ്ട് അതിനെ വെള്ള പൂശാൻ കഴിയില്ല." അത് കൊണ്ട് ഇനിയെങ്കിലും നാണം കെടാതെ യോഗ്യത ഉള്ളവരെ മാത്രം വൈസ് ചാൻസലർ ആയി നിയമിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ