2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

ഹൈക്കോടതി പിച്ചി ചീന്തി

അഴിമതി മാത്രം ലക്ഷ്യമിട്ട്  പ്ലസ് ടു സ്കൂളുകൾ അനുവദിച്ച നടപടി സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി വിധി ഉമ്മൻ ചാണ്ടി സർക്കാരിന് ഏറ്റ ശക്തമായ അടിയായിപ്പോയി. ഉമ്മൻ ചാണ്ടിയും അബ്ദു റബ്ബും മുസ്ലിം ലീഗും ചേർന്ന് ഉണ്ടാക്കിയ പുതിയ ഉസ്കൂൾ ലിസ്റ്റ് ആണ് ബഹുമാനപ്പെട്ട ഹൈക്കോടതി പിച്ചി ചീന്തി ഏറിഞ്ഞത്. ഹയർ സെക്കണ്ടറി ഡയറക്ടറുടെ അധ്യക്ഷതയിൽ ഉള്ള ആറംഗ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്ത സ്കൂളുകൾക്ക്‌ മാത്രമാണ് കോടതി അനുമതി നൽകിയത്. സമിതി  ശുപാർശ ചെയ്യാത്ത ഒരൊറ്റ സ്കൂളിനും ബാച്ചിനും അനുമതി ഇല്ലെന്നു കോടതി ഉത്തരവിൽ പറഞ്ഞു. അങ്ങിനെ സർക്കാർ അനുവദിച്ച 104 സ്കൂളുകളുടെ അനുമതി ഇതോടെ റദ്ദായി.   അത് പോലെ സമിതി ശുപാർശ ചെയ്തിട്ടും സർക്കാർ തള്ളിയ സ്കൂളുകൾക്ക്അനുമതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അതും കൂടാതെ മതിയായ സൗകര്യം ഇല്ലാത്ത സ്കൂളുകൾക്കു അനുമതി നൽകരുത് എന്നും  കോടതി പറഞ്ഞു. സർക്കാർ സ്കൂൾ, എയിഡഡ, കൊർപ്പരെറ്റ് മാനേജ് മെൻറ് എന്ന  മുൻഗണന ക്രമത്തിലെ സ്കൂൾ അനുവദിക്കൂ എന്ന നയവും സർക്കാർ കാറ്റിൽ പറത്തി എന്ന് കോടതി പറഞ്ഞു.

അങ്ങിനെ  നിയമ പരമായ യാതൊരു മാനദണ്ഡവും പാലിക്കാതെ, പണം മാത്രം ലക്ഷ്യമിട്ട് മന്ത്രി സഭ ഉപസമിതി അനുവദിച്ച സ്കൂളുകളും ബാച്ചുകളും ആണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഹയർ സെക്കണ്ടറി ഡയറക്ടർ  വിദഗ്ധ പരിശോധനക്ക് ശേഷം ശുപാർശ ചെയ്ത സ്കൂൾ ലിസ്റ്റ് വെട്ടി മാറ്റിയായിരുന്നു മന്ത്രി സഭാ ഉപ സമിതി  പുതിയ ഒരു സ്കൂൾ ലിസ്റ്റ് ഉണ്ടാക്കിയത്. പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിന് കോടികൾ കോഴ ആവശ്യപ്പെട്ടു എന്ന് മുസ്ലിം ലീഗിൻറെ സഹയാത്രികനായ എം.ഇ.എസ്. ൻറെ  ഫസൽ ഗഫൂർ ഉൾപ്പടെ നിരവധി മാനേജ്‌മെൻറ് പ്രതിനിധികൾ തെളിവ് സഹിതം ആരോപണം ഉന്നയിച്ചിരുന്നു. പലരും ടെലിവിഷൻ ചാനലുകളുടെ ക്യാമറക്ക്‌ മുന്നിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നിട്ടും നമ്മുടെ മന്ത്രി സഭയ്ക്കോ മന്ത്രിമാർക്കോ ഒരു കുലുക്കവും ഉണ്ടായില്ല. എല്ലാറ്റിലും ചോദിക്കുന്നത് പോലെപറഞ്ഞത് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും കോണ്‍ഗ്രസ്സ്-ലീഗ് നേതാക്കളും "തെളിവ് തരൂ, ഞങ്ങൾക്ക്  തെളിവ് തരൂ, ഞങ്ങൾ ആക്ഷൻ എടുക്കട്ടെ " എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴിതാ തെളിവുകൾ വച്ച് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു, സർക്കാർ അനുവദിച്ചവയെല്ലാം തെറ്റായ രീതിയിൽ ആയിരുന്നു എന്ന്, സർക്കാറിന്റെ നടപടി തെറ്റായിരുന്നു എന്ന്.

ഹൈക്കോടതിയിലും, കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ( 148 പഞ്ചായത്തുകളിൽ പുതിയ ഹയർ സെക്കണ്ടറി സ്കൂൾ വേണം എന്ന വിധി നേടി എടുത്ത പോലെ, ബാർ പ്രശ്നത്തിൽ നടന്നു  എന്ന് സുധീരൻ പറഞ്ഞത് പോലെ.) അങ്ങിനെ രക്ഷപ്പെടാനും എ.ജി. യുടെ നേതൃത്വത്തിൽ വലിയ കളി നടന്നു. രേഖകൾ ചോദിക്കുമ്പോൾ "ഇപ്പോൾ തരാം" എന്ന് പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകാനും അവസാനം കോടതി ആവശ്യപ്പെട്ട രേഖകൾ  എ.ജി. യുടെ ഓഫീസിൽ എത്തിയിട്ടും അത് കൊടുക്കാതെ, "തനിക്ക് പഠിക്കാനുണ്ട്" (എൽ.എൽ. ബി. പരീക്ഷക്ക്‌ പഠിക്കുകയാണോ?) എന്ന് പറഞ്ഞ് വീണ്ടും നീട്ടാനും ഉള്ള കുത്സിത ശ്രമങ്ങൾ എല്ലാം പരാജയപ്പെടുത്തി ക്കൊണ്ടാണ് കോടതി കള്ളത്തരം പുറത്തു ചാടിച്ചത്. എം.എൽ.എ. മാർ ആവശ്യപ്പെട്ടിട്ടാണ്  സ്കൂൾ  എന്ന് പറയുന്നതിന് രേഖകൾ ഇല്ല. അപേക്ഷകരുടെ യോഗ്യത പരിശോധിച്ചതിനും രേഖകൾ ഇല്ല. ഒരു സിനിമയിൽ കൈ ഉയർത്തി കാട്ടി ' 'ഇതാ രേഖ' എന്ന്  ശങ്കരാടി പറയുന്നത് പോലെ  സർക്കാരിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത്  "കൈ രേഖ" മാത്രമാണ്. 

മുസ്ലിം ലീഗിനും വിദ്യാഭ്യാസ മന്ത്രിക്കും എതിരെ ആരോപണം വന്നപ്പോൾ, "അവരെ പറയണ്ട, എല്ലാറ്റിനും ഞാനാണ് ഉത്തരവാദി" എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇത് വരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയാകട്ടെ, വിധി വിദ്യാർത്ഥികൾക്ക് എതിരെ ഉള്ളതാണ് എന്ന് പറഞ്ഞു തലയൂരി.   പ്രശ്നം ഇവിടം കൊണ്ട് തീരുന്നില്ല. കോഴ കൊടുത്തു എന്ന ആരോപണം ശരിയാണെങ്കിൽ അത് കൊടുത്തവർ വെറുതെ ഇരിക്കില്ല. സ്കൂൾ കിട്ടിയേ അവർ അടങ്ങൂ. അതിനു വേണ്ടി  സർക്കാർ എന്തൊക്കെ ഇനി  ചെയ്യും എന്ന് കാത്തിരുന്നു കാണാം.

 മുൻ പ്രതിരോധ മന്ത്രി ശ്രീ എ .കെ.ആന്റണി  ആദ്യമായി   പറഞ്ഞ സത്യത്തിനു ഇവിടെ വലിയ പ്രാധാന്യം ഉണ്ട്. കോണ്‍ഗ്രസ്സിന്റെ ന്യൂന പക്ഷ പ്രീണനം ആണ് അവരുടെ തോൽവിക്ക് കാരണം എന്ന്.  കോണ്‍ഗ്രസ്സ് ന്യൂന പക്ഷ പ്രീണനം നടത്തിക്കൊണ്ടിരുന്നു എന്ന ആരോപണം ശരിയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്  അവരുടെ നേതാവ്  ആന്റണിയുടെ കുറ്റ സമ്മതം.അത് ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിൽ ആണ്. അതിൻറെ തെളിവുകളാണ് ഈ ഹൈക്കോടതി വിധിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ