2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

അടൂർ കമ്മിറ്റി

അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയുടെ ഗുണ കരമായ വളർച്ചയ്ക്ക് വളരെയേറെ  സഹായകരമാകുന്ന നിർദേശങ്ങൾ ആണ് നൽകുന്നത്. തന്റെ സിനിമകളിൽ അടൂർ കാണിയ്ക്കുന്ന ആത്മാർഥതയും,സത്യ സന്ധതയും, യാഥാർത്ഥ്യ  ബോധവും ഈ റിപ്പോർട്ടിലും തെളിഞ്ഞു കാണാം. സിനിമയോട് പ്രതിബദ്ധത ഉള്ള ആളെ ഈ പഠനത്തിനു നിയോഗിച്ചു  എന്നത് സർക്കാർ കാണിച്ച  ആദ്യത്തെ ബുദ്ധി പരമായ ഒരു പ്രവൃത്തി ആണ്. എത്ര സിനിമ മലയാളത്തിൽ ഇറങ്ങുന്നു എന്ന് പോലും  സർക്കാരിൻറെ  കയ്യിൽ കണക്കില്ല എന്ന് അടൂർ പറയുമ്പോൾ സർക്കാരിന്റെ അലംഭാവവും സിനിമയോടുള്ള അവരുടെ ലാഘവ മനോഭാവത്തോടെയുള്ള സമീപനവും ആണ് പുറത്തു വരുന്നത്. ആണ്ടോടാണ്ട് നടത്തുന്ന ആഡംബര പൂർവമുള്ള അവാർഡ് പ്രഖ്യാപനം മാത്രമാണ്സിനിമാ മന്ത്രിമാർ ഇത്രയും നാൾ നടത്തിയിരുന്നത്.

 അടൂർ സമർപ്പിച്ച, മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്ന നിർദേശങ്ങൾ എല്ലാം സർക്കാർ  തത്വത്തിൽ അംഗീകരിച്ചത് നന്നായി. ഇനി തന്നിഷ്ട്ടം പോലെ ചെയ്യാനാണോ ഈ "തത്വത്തിൽ അംഗീകാരം" എന്നതിൻറെ അർത്ഥം എന്നറിയില്ല.  സബ്സിഡിയ്ക്ക് പരിഗണിക്കുന്ന സിനിമകളുടെ ശീർഷകങ്ങളും മലയാളത്തിൽ തന്നെ ആകണം എന്നത് വളരെ നല്ല നിർദ്ദേശം തന്നെ. കഥയുമായി പുല ബന്ധം പോലും ഇല്ലാത്ത ഇംഗ്ലിഷ് വാക്കുകൾ കൊണ്ട് കസർത്തുകൾ കാണിക്കുന്നവർ സർക്കാരിന്റെ പണമെങ്കിലും കൊണ്ട് പോകാതെ ഇരിക്കട്ടെ. ലോകത്തുള്ള ചിത്രങ്ങൾ മുഴുവൻ നിലവാരം നോക്കാതെ ചലച്ചിത്ര മേളയിൽ  വലിച്ചു വാരി പ്രദർശിപ്പിക്കുന്നതും ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം. സിനിമയെ പറ്റി വിവരമുള്ളവർ   നല്ല ചിത്രങ്ങൾ തെരഞ്ഞെടുത്തു അവ  മാത്രം മേളകളിൽ കാണിക്കട്ടെ.

ചലച്ചിത്ര മേളയ്ക്ക് തിയറ്റർ സമുച്ചയം വേണമെന്നത് ശരിയായ ഒരു നിർദ്ദേശം അല്ല. വർഷത്തിൽ 7 ദിവസം മാത്രം  നടത്തുന്ന ഒരു മേളയ്ക്ക് വേണ്ടി വൻ തോതിൽ പണം മുടക്കി തിയേറ്ററുകൾ കെട്ടിയിടുന്നത്  വെറും പാഴ് ച്ചിലവാണ്. മറ്റുള്ള സമയങ്ങളിൽ അത് സിനിമാ പ്രദർശനത്തിനും  മറ്റും ഉപയോഗിക്കാം എന്ന വാദങ്ങൾ ശരിയല്ല. ഇപ്പോൾ തന്നെ തിയറ്ററുകൾ  നഷ്ട്ടത്തിലാണ് ഓടുന്നത്. നേരിട്ട് വീടുകളിൽ പുതിയ  സിനിമകൾ കാണിക്കാനുള്ള നൂതന സാങ്കേതിക വിദ്യകൾ വന്നു കൊണ്ടിരിക്കുമ്പോൾ ഇത് ഒട്ടും ബുദ്ധി പരമായ ഒരു തീരുമാനമല്ല. നമ്മളോടുകൂടി ലോകം അവസാനിക്കാൻ ഒന്നും പോകുന്നില്ലല്ലോ.  എല്ലായിടത്തും കെട്ടിപ്പൊക്കാതെ വരും  തലമുറകൾക്ക് വേണ്ടി  അൽപ്പം തുറന്ന പ്രദേശം ഒഴിച്ചിടാം. മേള തിരുവനന്തപുരത്ത് മാത്രം ആക്കാതെ  മറ്റൊരു വേദി കൂടി ആകാം.  മേളയുടെ  അതേ കാലയളവിൽ മത്സര ചിത്രങ്ങൾ  മാത്രം തിരുവനന്തപുരത്തെ പ്രദർശനത്തിന് ശേഷം  കോഴിക്കോടും  പ്രദർശിപ്പിക്കാം. തിരുവനന്തപുരത്ത് പകുതി  തിരക്ക് കുറയും. ഒപ്പം   വടക്കുള്ളവർക്ക് വലിയ പണച്ചിലവില്ലാതെ സൌകര്യമായി കാണാൻ അവസരവും  കിട്ടും. 

കേരള സ്റ്റേറ്റ്  അവാർഡ് നിർണയത്തിനുള്ള  ജൂറിയെ പല  സബ് ഗ്രൂപ്പുകൾ ആക്കി സിനിമകൾവിഭജിച്ചു നൽകണം  എന്ന നിർദ്ദേശം ഉണ്ടെന്നു കണ്ടു. അതെങ്ങിനെ ശരിയാകും? എല്ലാ സിനിമകളും ഒരു ജൂറി കണ്ടാൽ മാത്രമല്ലേ  സിനിമകൾ തമ്മിൽ  താരതമ്യം ചെയ്ത് ഏറ്റവും മെച്ചപ്പെട്ടത് തെരഞ്ഞെടുക്കാൻ  കഴിയൂ? പല ഗ്രൂപ്പുകൾ ആകുമ്പോൾ പല രീതിയിലല്ലേ അവലോകനം ചെയ്യുന്നത്? ഒരു ഗ്രൂപ്പ് ഒഴിവാക്കുന്നത് മറ്റേ ഗ്രൂപ്പിന് സ്വീകാര്യം ആയുള്ളവ ആണെങ്കിലോ? കൂടാതെ ചെറിയ ഗ്രൂപ്പുകൾ ആകുമ്പോൾ സിനിമകൾ  തള്ളാനും സ്വീകരിക്കാനുമുള്ള ബാഹ്യ താൽപ്പര്യങ്ങൾക്കും സമ്മർദങ്ങൾക്കും സ്വാധീനങ്ങൾക്കും വശംവദരാകാൻ എളുപ്പമാണ്. കഴിഞ്ഞ തവണത്തെ മത്സരത്തിൽ വന്ന 85 ചിത്രങ്ങളും  ജൂറി ചെയർമാൻ കണ്ടില്ല എന്ന കേസ് വന്നത് കൊണ്ടും ജൂറി അംഗങ്ങൾക്ക് ഇത്രയും ചിത്രങ്ങൾ കാണാൻ സമയം കിട്ടില്ല എന്നത് കൊണ്ടും ആയിരിക്കണം അടൂർ ഈ ഒത്തു തീർപ്പ് ഫോർമുല  വച്ചത്. സിനിമ കാണാൻ  സമയം കിട്ടാത്തവരെ എന്തിന് ജൂറി അംഗങ്ങൾ ആക്കണം. എന്തിന് ഈ അവാർഡ് ഒരു പ്രഹസനം ആക്കണം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ