കോണ്‍ഗ്രസ്ശിഥിലമായി ക്കൊണ്ടിരിയ്ക്കുകയാണ്. ചരിത്രം നോക്കിയാൽ ഭാരതത്തിനു സ്വാതന്ത്ര്യം നേടാനുള്ള ഒരു വേദി ആയി രൂപം കൊണ്ടതാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന സംഘടന. സ്വാതന്ത്ര്യത്തിനു ശേഷം അതിൻറെ പ്രസക്തി നഷ്ട്ടപ്പെട്ടു എന്നും അതിനാൽ കോണ്‍ഗ്രസ്സ് പിരിച്ചു വിടണമെന്നും, അന്നത്തെ നേതാക്കളുടെ സ്വഭാവം മനസ്സിലാക്കിയ മഹാത്മാ ഗാന്ധി പറഞ്ഞു. പക്ഷേ അധികാര ക്കൊതി മൂത്ത കുറെ ആളുകൾ കൌശലത്തിൽ അതിനെ ഒരു രാഷ്ട്രീയ പാർട്ടി ആക്കി രൂപാന്തരപ്പെടുത്തി ആ പേരിൻറെ പ്രഭാവം മുതലെടുത്ത് ഭാരതത്തിന്റെ ഭരണം കൈവശപ്പെടുത്തുകയും ആ പ്രക്രിയ തുടരുക ആയിരുന്നു എന്നും കാണാം.
അധികാരം എന്ന അപ്പക്കഷണം ഒന്ന് മാത്രമാണ് കോണ്‍ഗ്രസ്സ് പാർട്ടി നശിയ്ക്കാതെ നിൽക്കുന്നതിന്റെ ഒരേ ഒരു കാരണം. കഴിഞ്ഞ പത്തു വർഷത്തെ കേന്ദ്ര ഭരണത്തിൻറെ ബാക്കി പത്രം ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി മാതം ആണല്ലോ. 1,76000 കോടി രൂപയുടെ 2 ജി. അഴിമതി. 1,86000 കോടി രൂപയുടെ കൽക്കരി ഖനി അഴിമതി. ഇത് ഏറ്റവും വലിയ രണ്ടെണ്ണം. ഇത് പോലെ മറ്റനേകം അഴിമതികൾ ഉണ്ട്. ഹെലികോപ്റ്റർ അഴിമതി, ടെട്ര ടട്രക്ക് അഴിമതി, കോമണ്‍ വെൽത്ത് ഗെയിംസ് അഴിമതി തുടങ്ങി ധാരാളം. ഇത്തരം അഴിമതികൾ ആണ് കോണ്‍ഗ്രസ്സുകാരെ എല്ലാം ഒന്നിച്ചു നിർത്താൻ പ്രേരകമാകുന്നത്. ഇതിൻറെ ഗുണം കിട്ടിയവർ ഇനിയും കിട്ടും എന്ന പ്രതീക്ഷയിലും കിട്ടാത്തവർ ഇനിയെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലും ഒത്തൊരുമയോടെ കോണ്‍ഗ്രസ്സിൽ കൂടി നിൽക്കുന്നു.
ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നറിഞ്ഞ ആ നിമിഷം ഇവരുടെയെല്ലാം പ്രതീക്ഷ അസ്തമിച്ചു. അന്ന് തുടങ്ങിയതാണ് കോണ്‍ഗ്രസ്സിൽ തമ്മിലടി. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നു കൊണ്ടിരിയ്ക്കുമ്പോൾ തന്നെ കോണ്‍ ഗ്രസ്സ് നേതാക്കൾ തമ്മിൽ കുറ്റപ്പെടുത്തൽ തുടങ്ങി. പരാജയത്തിൻറെ ഉത്തരവാദിത്വം അന്യോന്യം പഴി ചാരി കോണ്‍ഗ്രസ്സിൽ ആഭ്യന്തര കലഹം തുടങ്ങി. രാഹുൽ ഗാന്ധി എന്ന പേര് കേട്ടാൽ പേടിച്ചു വിറയ്ക്കുന്ന, അങ്ങേരുടെ മുന്നിൽ താണു വണങ്ങി പഞ്ച പുശ്ചം അടക്കി നിന്നിരുന്ന നേതാക്കൾ എല്ലാം തലയുയർത്തി തുടങ്ങി. രാഹുൽ ഗാന്ധിയ്ക്ക് എന്നും താങ്ങും തണലുമായി നിന്ന, രാഹുലിനെ വളർത്തി കൊണ്ടു വന്ന, സോണിയ കുടുംബത്തിന്റെ വിനീത വിധേയനും വിശ്വസ്തനും ആയ ദിഗ് വിജയ് സിംഗ് ആണ് രാഹുലിന് എതിരെ ആദ്യം തിരിഞ്ഞത്. തെരഞ്ഞെടുപ്പു തോൽവിയ്ക്ക് ഉത്തരവാദി രാഹുൽ ആണെന്ന് ദിഗ് വിജയ് പറഞ്ഞു. ഭരിയ്ക്കാൻ പറ്റിയ ആളല്ല രാഹുൽ എന്ന് കൂടി ദിഗ് വിജയ് പറഞ്ഞു. തുടർന്ന് നേതാക്കളുടെ ഒരു ഒഴുക്കായിരിന്നു, രാഹുലിനെ കുറ്റപ്പെടുത്തി. ക്യാപ്ടൻ അമരീന്ദർ സിംഗ്, മിലിന്ദ് ദേവ്റ അങ്ങിനെ കുറെ ആളുകൾ. നമ്മുടെ പഴയ ഭക്ഷ്യ മന്ത്രി കെ.വി. തോമസ് ആകട്ടെ ഒരു പടി കൂടി കടന്ന് പ്രിയങ്കയ്ക്ക് ഉത്തരവാദിത്വ പ്പെട്ട സ്ഥാനം കൊടുക്കണം എന്ന് വരെ പറഞ്ഞു. കേരളത്തിലെ നേതാക്കളും ചിലരെല്ലാം ഈ സത്യം പതിയെ പറഞ്ഞു. ചില യൂത്ത് നേതാക്കളും രാഹുലിനെ വിമർശിച്ചു . രാഹുലിനെ വിമർശിച്ചതിന് രാജസ്ഥാൻ എം.എൽ.എ. ബൻവർ ലാൽ ശർമയെ സസ്പെൻഡ് ചെയ്തു. അത് പോലെ കേരളത്തിലെ ടി.എച്. മുസ്തഫയെയും സസ്പെൻഡ് ചെയ്തു.
അധികാരം ഇല്ലാതെ ഒരു നിമിഷം പോലും നിൽക്കാൻ കോണ്‍ഗ്രസ് കാർക്ക് കഴിയില്ല എന്ന സത്യം ആണ് ഇവിടെ വെളിവാകുന്നത്.
മോദിയുടെ ചടുലമാർന്ന ഭരണ രീതിയിൽ വിറളി പിടിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ്സ് കാർ . പറയുക, പ്രവർത്തിയ്ക്കാതിരിയ്ക്കുക എന്ന കോണ്‍ഗ്രസ്സിന്റെ ശൈലിയിൽ നിന്നും തീർത്തും വ്യത്യസ്തമായി, പറയുന്നത് ഉടൻ ചെയ്തു കാണിയ്ക്കുക എന്ന മോദി ശൈലി കോണ്‍ഗ്രസ്സ് കാർക്ക് ഉൾക്കൊള്ളാൻ കഴിയാതെ വന്നിരിയ്ക്കുകയാണ്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാജ്യത്തെ സ്വച്ഛം ആക്കണമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചു. ഒന്നര മാസത്തിനു ശേഷം ഗാന്ധി ജയന്തി ദിനത്തിൽ അതിൻറെ പദ്ധതി പ്രഖ്യാപിയ്ക്കുകയും തുടക്കം കുറിയ്ക്കുകയും ചെയ്തു. ഭാരതത്തെ പൂർണമായും മാലിന്യ മുക്തമാക്കണം എന്നാണു മോദി പറഞ്ഞത്. അത് എല്ലാ മേഖലകളും ശുചിയാക്കാൻ ഉള്ള പദ്ധതി ആണ്. ഗാന്ധി ജയന്തി ദിവസം മാത്രം ഒരു ചൂലും എടുത്ത് ഫോട്ടോയ്ക്ക് നിന്ന് കൊടുക്കുന്ന ശുചീകരണം അല്ല. നിരന്തരം ചെയ്യേണ്ട ഒരു പ്രക്രിയ. സ്വാതന്ത്ര്യം കിട്ടി ഇത്രയും നാൾ കോണ്‍ഗ്രസ്സ് ഭരണത്തിൽ ഭാരതത്തിൽ അടിഞ്ഞു കൂടിയ മാലിന്യം ആണ് പരിസ്ഥിതിയ്ക്ക് നാശം വരാതെ സംസ്കരിയ്ക്കേണ്ടത്. ഗംഗ ശുദ്ധീകരണം പോലുള്ള ബ്രിഹത് പദ്ധതികൾ. അതിനു ന്യായമായും ഭാരതത്തിലെ ഓരോ പൌരന്റെയും സഹായവും പങ്കാളിത്തവും അനിവാര്യമാണ്. അതിനാണ് ഓരോ പൌരനേയും പ്രധാന മന്ത്രി ഇതിലേയ്ക്ക് ക്ഷണിച്ചത്. ഭാരതത്തിലെ വിവിധ തുറകളിൽ ഉള്ള വ്യക്തികളെ പ്രത്യേകം പേരെടുത്ത് പറഞ്ഞു അദ്ദേഹം ക്ഷണിച്ചു.അതിൽ കേരളത്തിൽനിന്നും ഉള്ള എം.പി. ശശി തരൂരും ഉൾപ്പെട്ടു. കോണ്‍ഗ്രസ്സ് ടിക്കറ്റിൽ ജയിച്ച ആൾ. അത് പോലെ കോണ്‍ഗ്രസ്സ് നാമ നിർദ്ദേശം ചെയ്ത സച്ചിൻ തെണ്ടുൽക്കറെയുംക്ഷണിച്ചു.
തരൂർ മോദിയുടെ ഈ പദ്ധതി നല്ലതാണെന്ന് പറയുകയും ചെയ്തു പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ്സുകാർക്ക് അതത്രരസിച്ചില്ല. അവരിപ്പോൾ തരൂരിന് എതിരെ അച്ചടക്ക ലംഘനം എന്ന വാൾ എടുത്തിരിയ്ക്കുകയാണ്. നമ്മുടെ കോണ്‍ഗ്രസ്സ് കാർക്ക് നേരിട്ട് കാര്യം പറയുന്ന സ്വഭാവം ഇല്ലല്ലോ.എല്ലാം ഒളിവ് പരിപാടിയാണ്. വളഞ്ഞ വഴിയാണ് അവർക്ക്.സുധീരൻ പറയുന്നതിന് പറയുന്നതിന് പകരം ഒരു ചോട്ടാ നേതാവിനെ കൊണ്ട് പറയിയ്ക്കും. പിന്നെ അത് പതുക്കെ സംസാര വിഷയം ആകും. പിന്നെ ആരെയാണെന്ന് പേര് പറയാതെ അയാളെ അധിക്ഷേപിച്ച് അവരുടെ പത്രത്തിൽ ഒരു മുഖ പ്രസംഗവും എഴുതും. കോണ്‍ഗ്രസ്സുകാർ പോലും വായിയ്ക്കാത്ത പത്രം ആണത്. ചാനലുകൾ ഉള്ളത് കൊണ്ട് പത്രത്തിൽ വന്നത് ജനങ്ങൾ അറിയും. ഇത്തവണ എം.ലിജു വിനെ കൊണ്ടാണ് തുടക്കം കുറിച്ചത്. അത് പതിയെ ചൂടായി മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ എല്ലാ നേതാക്കളും രംഗത്ത് വന്നു. ഏതായാലും ഇനിയിപ്പോൾ തരൂരിന് എതിരെ നടപടി എടുക്കാൻ ആലോചിയ്ക്കുകയാണ്. പണ്ട് ഹൈ കമാൻഡ് സ്ട്രോങ്ങ് ആയിരുന്ന കാലത്ത് തരൂരിന് എതിരെ ഒരക്ഷരം പറയാൻ ധൈര്യം കാണിയ്ക്കാത്ത നേതാക്കൾ ആണ് ഇപ്പോൾ അച്ചടക്ക ലംഘനം എന്ന് പറയുന്നത് എന്ന് കാണുമ്പോൾ കാലത്തിന്റെ ഗതിയും കോണ്‍ഗ്രസ്സുകാരുടെ അവസരവാദി വും എത്ര വിചിത്രം ആണെന്ന് അതിശയിച്ചു പോകും.
മോദി ആരാണ്? ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രി. ഭാരതത്തെ മാലിന്യ വിമുക്തം ആക്കാനുള്ള ഒരു പദ്ധതി ആണ് അദ്ദേഹം പ്രഖ്യാപിച്ച സ്വച്ഛ ഭാരത് അഭിയാൻ. അത് വ്യക്തി പരമായ ഒരു പദ്ധതി അല്ല. വ്യക്തമായധാരണയോടു കൂടി ഉണ്ടാക്കിയ ഒരു പദ്ധതി. അതൊരു സ്വകാര്യ പദ്ധതി അല്ല. സർക്കാർ പദ്ധതി ആണ്. മാലിന്യ വിമുക്തമായ നാടിനു വേണ്ടിയുള്ള പദ്ധതി. ശശി തരൂർ അതിൽ പങ്കെടുക്കാനുള്ള പ്രധാന മന്ത്രിയുടെ ക്ഷണം സ്വീകരിച്ചതിൽ എന്താണ് തെറ്റ്? ഒ രു പാർലമെന്റ് അംഗം എന്ന നിലയിൽ സാധാരണ പൌരനേക്കാൾ കൂടുതൽ ഉത്തരവാദിത്വം അദ്ദേഹത്തിനില്ലേ? ആ പദ്ധതിയുടെ ഗുണ ഗണങ്ങൾ പറഞ്ഞതിൽ എന്താണ് തെറ്റ്?കോണ്‍ഗ്രസ്സുകാർ കൊണ്ട് വന്ന നിർമൽ ഭാരത് പദ്ധതി ഒരു വലിയ പരാജയം ആയിരുന്നുവെന്നു എല്ലാവർക്കും അറിയാം. അത് കൊണ്ട് കൂടിയാണ് ദീർഘ വീക്ഷണത്തോട് കൂടിയുള്ള മോദിയുടെ പദ്ധതിയ്ക്ക് തരൂർ പിന്തുണ പ[പ്രഖ്യാപിച്ചത്.കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതിയെ പിന്തുണയ്ക്കാൻ ഒരു പാർലമെന്റ് അംഗത്തിന് അവകാശമില്ലേ? അത് ഉത്തരവാദിത്വമല്ലേ? ഒരു പ്രധാന മന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾ നല്ലതാണെന്ന് പറയാൻ പാടില്ലേ?
ഇങ്ങിനെ പോയാൽ കൂടുതൽ കോണ്‍ഗ്രസ്സുകാർ മോദിയെ പ്രകീർത്തിയ്ക്കും എന്ന ഭയമാണ് കോണ്‍ഗ്രസ്സിനുള്ളത്. മോദിയിൽ, അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി കൂടുതൽ കോണ്‍ഗ്രസ്സുകാർ അങ്ങോട്ടേയ്ക്ക് തിരിയുമോ എന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തെ ഗ്രസിച്ചിരിയ്ക്കുന്നു. തരൂരിന് ഒരു ചെറിയ മരുന്ന് കൊടുത്തില്ലെങ്കിൽ മറ്റുള്ളവരും മോദിയെപ്രശംസിച്ചു തുടങ്ങും എന്നതാണ് അച്ചടക്ക നടപടിയ്ക്ക് പിന്നിലുള്ള കോണ്‍ഗ്രസ്സിന്റെ ചേതോവികാരം. പക്ഷേ ജന വികാരം നിയന്ത്രിയ്ക്കാൻ കോണ്‍ഗ്രസ്സിന് കഴിയില്ല. കാരണം എന്താണ് വികസനം, എന്താണ് ആത്മാർഥത, എന്താണ് ദേശ സ്നേഹം എന്ന് ജനങ്ങൾ ഇന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അവർ അതിനൊപ്പം തന്നെ ആയിരിയ്ക്കും.