2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

ദൈവത്തിൻറെ നാട്

ദൈവം കനിഞ്ഞരുളിയ കാലാവസ്ഥ ആണ് കേരളത്തിൽ. പ്രകൃതി ക്ഷോഭങ്ങളും നാശ നഷ്ട്ട ങ്ങളും ഇല്ല തന്നെ .

ആന്ധ്ര- ഒറീസ്സ തീര പ്രദേശത്ത് വൻ ചുഴലിക്കാറ്റു എത്താൻ ഇനി മണിയ്ക്കൂറുകൾ മാത്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹുഡ് ഹുഡ് എന്ന ചുഴലിക്കാറ്റ്   200 കിലോ മീറ്റർ വേഗതയിൽ ആണ് കരയിൽ  എത്തുന്നത്. കൂടെ അതി ഭയങ്കര മഴയും ജീവനും സ്വത്തിനും വൻ നാശ നഷ്ടമാണ് ഉണ്ടാക്കുന്നത്‌. ഏതാണ്ട് 2 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.താൽക്കാലിക ക്യാമ്പുകളിൽ. അവിടെയും കഷ്ട്ടപ്പെട്ട  ജീവിതം.  എത്ര തീവ്രതയോടെ കാറ്റ് വരുമെന്നും എത്ര നാശ നഷ്ടം ഉണ്ടാകുമെന്നും കണ്ടറിയേണ്ടി ഇരിയ്ക്കുന്നു. എത്ര ജീവൻ പൊലിയും എന്നും.ഇത്രയും നാളത്തെ അധ്വാനവും സമ്പാദ്യവും എല്ലാം ഇട്ടെറിഞ്ഞു പോകുന്ന ഒരു ജനത. ഇനിയും എല്ലാം ഒന്ന് മുതൽ തുടങ്ങേണ്ട ഗതികേട്.

കഴിഞ്ഞ വർഷവും ഇത് പോലെ ശക്തമായ ചുഴലിക്കാറ്റ് ഒറീസ്സ തീരത്ത് അടിച്ചിരുന്നു. വൻ തോതിൽ നാശ നഷ്ട്ടങ്ങളും.

പശ്ചിമ ബംഗാളും ഇടയ്ക്കിടെ ചുഴലിക്കാറ്റിന്റെ ആക്രമണം അനുഭവിയ്ക്കുന്നു.  ഉത്തരേൻഡ്യയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയം തന്നെ വൻ തോതിൽ നാശ നഷ്ട്ടം വിതയ്ക്കാറുണ്ട്. പിന്നെ കൊടും തണുപ്പും അതി ഭയങ്കര ചൂടും. 

ഇത്തരം ഒരു ചുഴലിക്കാറ്റിനെ  പറ്റി കേരളക്കാർ കേട്ടിട്ടുമില്ല അനുഭവിച്ചിട്ടും ഇല്ല. മിത ശീതോഷ്ണ കാലാവസ്ഥ. ആകെ മഴ മാത്രമാണ് ഒരു പ്രകൃതി ക്ഷോഭം ആയി നമ്മൾ പറയുന്നത്. പ്രകൃതി അനുഗ്രഹിച്ച നാട്. 

 ജമ്മു കാശ്മീർ  പാകിസ്ഥാൻറെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങളിൽ എന്നും അസ്വസ്ഥമാണ്. അവിടത്തെ ജനങ്ങൾ എന്നും ഭീതിയിൽ ആണ്. ഒരു വശത്ത് പാക് മറു വശത്ത് ചൈന. അതിർത്തി സംസ്ഥാനങ്ങൾ ആയ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവയും കഴിഞ്ഞ ഇന്ത്യ-പാക് യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ അനുഭവിച്ചവരാണ്. 

അങ്ങിനെ നോക്കിയാൽ യുദ്ധ ഭീഷണിയും ദുരിതവും ഒന്നും നമ്മുടെ നാടിനെ സ്പർശിയ്ക്കാറില്ല. 1971 പാക് യുദ്ധത്തിൽ ബോംബ്‌ പോലെ ഒരു സാധനം അറബി ക്കടലിൽ കണ്ടതാണ് ആകെ നമ്മുടെ നാട് അനുഭവിച്ച യുദ്ധ ക്കെടുതി. 

എല്ലാം കൊണ്ട് അനുഗൃഹീതമായ നാടാണ് നമ്മുടേത്‌. അത് കൊണ്ടാണ്   ഇവിടത്തെ ജനങ്ങൾ ഇത്രയും അഹങ്കാരികൾ ആകുന്നതെന്ന് തോന്നുന്നു. യാതൊരു പ്രശ്നവും ഇല്ലാതെ കഴിയുമ്പോൾ, അതായത് 'ചോറ് എല്ലിനിടയിൽ കയറുന്നു' എന്ന ചൊല്ല് പോലെ, എന്തെങ്കിലും പ്രശ്നം നമ്മൾ ഉണ്ടാക്കുന്നു. രാഷ്ട്രീയ സമരങ്ങൾ,   വർഗീയ ലഹളകൾ,തമ്മിൽ വഴക്ക് അങ്ങിനെ പലതും. 

എന്നൊരു മാറ്റം വരും? മാറ്റം വരുമോ?

ഒടിഷയിലും ആന്ധ്രയിലും ദുരിതം അനുഭവിയ്ക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക്‌ വേണ്ടി നമുക്ക് സഹായം നൽകുക എങ്കിലും ചെയ്യാം. പണമായും മറ്റു വസ്തുക്കളായും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ