2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

പോലീസ് നായാട്ട്

നാട്ടിലുള്ള പോത്തിനെയും കാളയെയും പന്നിയെയും എല്ലാം തിന്ന് മടുത്തിട്ട്  ഇതാ വേട്ടക്കാർ കാട്ടിലേയ്ക്ക് കയറിയിരിയ്ക്കുന്നു. ക്വാറി,മരം  മാഫിയകൾ സർക്കാർ സഹായത്തോടെ കാടായ കാടെല്ലാം വെട്ടിത്തെളിച്ചു. കോടതികളുടെയും   ഹരിത ട്രിബുണലിന്റെയും ദയയിൽ,  മാനവ സ്നേഹികളായ കുറെ മനുഷ്യരുടെ നിസ്വാർത്ഥ മായ പ്രവർത്തനങ്ങളുടെ ഫലത്തിൽ അൽപ്പം വനമെങ്കിലും അവശേഷിയ്ക്കുന്നു.അവിടെയാണ് കുറെ മൃഗങ്ങൾ മഴുവിന്റെയും കൊടാലിയുടെയും വെട്ട് ഏത് നേരവും പ്രതീക്ഷിച്ചു ജീവിയ്ക്കുന്നത്. അവിടെയാണ് ഖദറും കാക്കിയും ധരിച്ച കാട്ടാളന്മാർ തോക്കുമായി കയറിയത്.

വനം കാത്ത് സൂക്ഷിയ്ക്കാനാണ് വന പാലകർ ഉള്ളത്. അത് പോലെ അതിക്രമങ്ങളും കയ്യേറ്റങ്ങളും തടയാൻ പോലീസും. കാട്ടിനുള്ളിലെ വേട്ടയും,കയ്യേറ്റവും ഒക്കെ തടയേണ്ടവർ. അവർ തന്നെ കാട്ടു മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നു. ദേവികുളം കാട്ടു പോത്ത് വേട്ടക്കേസിൽ  ഒന്നാം പ്രതി  പൊലീസുകാര നായ കംബിളികണ്ടം മനോജ്‌ ആണ്.  

മനോജ്‌ പറയുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ ആണ്. ദേവികുളം സ്റേഷനിലെ ഒരു പോലീസ് കാരനായ പ്രജീഷിന്റെ നേതൃത്വത്തിൽ ഇവിടെ സ്ഥിരം വേട്ട നടക്കാറുണ്ട്.  കാട്ടു പോത്തിനെ കൊന്ന അതേ  സ്ഥലത്ത് മുൻപ് മ്ലാവിനെ കൊന്ന്ഇറച്ചി എടുത്തിരുന്നു എന്ന് മനോജ്‌ പറയുന്നു. കാട്ടുപോത്ത് കേസിലെ പ്രതികൾ എല്ലാം മ്ലാവ് വേട്ടയിലും പങ്കെടുത്തിരുന്നു. എസ.പി. റാങ്കിൽ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരം വെട്ടകളിൽ പങ്കെടുക്കാറുണ്ട്. പോലീസ് വേട്ട സംഘങ്ങൾക്ക് പുറമേ സ്വകാര്യ വേട്ട സംഘങ്ങളിലും പോലീസുകാർ പങ്കെടുക്കാറുണ്ട്. അത് പോലെ വെടിയിൽ  പങ്കെടുത്തില്ലെങ്കിലും പല മേലുദ്യോഗസ്ഥർക്കും വെടിയിറച്ചി എത്തിക്കാറുണ്ട്‌.  മിയ്ക്കവാറും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ട്.

അത് പോലെ രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. നേരിട്ട് വെടി വയ്ക്കാൻ അവർ പോകാറില്ല. അവർക്ക് ഈ വെടി  അറിയില്ലല്ലോ. പച്ചയിറച്ചി അല്ലേ പഥ്യം.  പക്ഷെ വെടിയിറച്ചിയുടെ പങ്ക്  അവർക്കും കിട്ടും. 

വെടിയിറച്ചിയുടെ പ്രത്യേക രുചി കൊണ്ടൊന്നും അല്ല ഈ കാട്ടു മൃഗങ്ങളെ കൊല്ലുന്നത്. ഒരു "ത്രിൽ'. അവരുടെ ഉള്ളിലുള്ള "കൊല്ലാനുള്ള സഹജവാസന" യുടെ ബഹിർസ്ഫുരണം ആണ്ഈ വേട്ട. ഇത്രയും നികൃഷ്ട വാസനയുള്ളവർ മനുഷ്യരോടും  ഇത്രയും ക്രൂരവും നീചവും ആയല്ലേ പെരുമാറുള്ളൂ?നന്മയെ സംരക്ഷിക്കേണ്ടവർ,പോലീസുകാർ,ഇത്രയും തിന്മ ചെയ്യുന്നവർആയാൽ എങ്ങിനെ ?


ഇത്രയും ഭീകരവും ഗുരുതരവും ആയ പ്രശ്നം ഉണ്ടായിട്ടും അധികാര കേന്ദ്രങ്ങൾ ഉണർന്നിട്ടില്ല. അത്  പതിവ് പോലെ ആലസ്യത്തിൽ ആണ്. വെടിയിറച്ചിയുടെ രുചി ആസ്വദിച്ചു മയങ്ങി യതാണോ? ഈ കേസും തേഞ്ഞു മാഞ്ഞു പോകും. ഈ ക്രൂരന്മാർക്കു മുന്നിൽ പാവം ജനങ്ങൾ എന്നും വേട്ട മൃഗങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ