2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

പി.ടി. ഉഷ സ്കൂൾ

"അയ്യോ അച്ഛാ പോകല്ലേ,  അയ്യോ അച്ഛാ പോകല്ലേ"  എന്നുള്ള സിനിമാ ഡയലോഗ്  വളരെ പോപ്പുലർ ആയ ഒന്നാണ്. ആത്മാർത്ഥതയില്ലാതെ പറയുന്ന കാര്യങ്ങൾ എന്ന അർത്ഥത്തിൽ ആണ് ഇന്ന് ജനങ്ങൾ ആ പ്രയോഗം ഉപയോഗിയ്ക്കുന്നത്. അത് പോലെ ഒരു 'അയ്യോ അച്ഛാ പോകല്ലേ' നമ്മൾ അടുത്ത കാലത്ത് വീണ്ടും  കേട്ടു. പറഞ്ഞത് ആരെന്നോ? സ്പോർട്സ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.  ആരോടെന്നോ? പി.ടി. ഉഷയോട്.

സ്പോർട്സിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആളാണ്‌ പി.ടി.ഉഷ.   400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സിൽ 1984ൽ സ്ഥാപിച്ച 55.42 സെക്കണ്ട്സിന്റെ ഇന്നും ഭേദിയ്ക്കാത്ത ദേശീയ  റിക്കോർഡ് ഉടമ, ഭാരത്തിന്റെ ഒന്നാം നമ്പർ കായിക താരം. 16 വയസ്സിൽ ദേശീയ സ്കൂൾ ഗെയിംസിൽ തുടങ്ങിയ കായിയ പ്രകടനം, ഏഷ്യൻ ഗെയിംസ്, ഒക്കെ കഴിഞ്ഞ്  ഒളിമ്പിക് സിൽ എത്തി. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ ആണ്  ഒളിമ്പിക്സ് മെഡൽ പോയത്. 

കേരള സർക്കാർ ഉഷ എന്ന കായിക താരത്തിനു വേണ്ടി എന്ത് ചെയ്തു? റെയിൽവേ വിചാരിച്ചത്   കൊണ്ട്  ഉഷയ്ക്ക് ജോലി കിട്ടി. സ്പോർട്സിനോടുള്ള അഗാധമായ സ്നേഹവും അവസരം കിട്ടാത്ത  ഇവിടത്തെ  കുട്ടികളോടുള്ള താൽപ്പര്യവും  കൊണ്ട്   അവസാനം കേരളത്തിൽ  ഉഷ സ്കൂൾ തുടങ്ങി. ഇവിടത്തെ പാവപ്പെട്ട കഴിവുള്ള കുട്ടികളെ പരിശീലിപ്പിയ്ക്കാൻ. ടിന്ടു ലൂക്ക എന്ന മിടുക്കി പെണ്‍കുട്ടിയെ സമ്മാനിച്ചത്‌ ഉഷയാണ്. 2014 ഏഷ്യൻ ഗയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും നേടുന്നത് വരെ എത്തി ആ ചുണക്കുട്ടി.

വെറുതെ  ബഡായി പറയുന്നതല്ലാതെ കേരളത്തിലെ ഭരണാധികാരികൾ സ്പോർട്സിനു വേണ്ടി  ഒന്നും ചെയ്യുന്നില്ല. കേരളത്തിൽ എത്രയോ കായിക താരങ്ങൾ ഉണ്ടായി? സുരേഷ് ബാബു, യോഹന്നാൻ, ഉഷ,ഷൈനി, വത്സമ്മ, അങ്ങിനെ നീണ്ട ഒരു നിര. ഇവരെല്ലാം വളരെ പ്രതികൂല സാഹചര്യങ്ങളോട് പട വെട്ടി ആണ് ഈ ഉയരങ്ങളിൽ എത്തിയത്. ഒരു കായിക താരത്തിനെ സംബന്ധിച്ചിടത്തോളം പരിശീലനം ആണ്  ഏറ്റവും പ്രധാനം. രണ്ടാമതായി നല്ല ഭക്ഷണം. അടുത്തത് അവരുടെ ഐറ്റത്തിനുള്ള ഉപകരണങ്ങൾ. പണം ഇല്ലാത്തതിനാൽ നല്ല ഭക്ഷണമോ നല്ല ഷൂസൊ ഇല്ലാതെയാണ് കേരള താരങ്ങൾ എന്നും മത്സരത്തിനു പോകുന്നത്.  

2013 സെപ്റ്റംബറിൽ മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ ഉള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് നടക്കുന്ന പൂണയിൽ എത്താൻ കാശില്ലാതെ നമ്മടെ കുട്ടികൾ കഷ്ട്ടപ്പെട്ടപ്പോൾ പണം ഇല്ല എന്ന് പറഞ്ഞു കൈ മലർത്തി യതാണ് നമ്മുടെ സർക്കാർ. ആ വർഷം ഇറ്റാവായിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ 33 സ്വർണം ഉൾപ്പടെ 77 മെഡലുകൾ നേടി 300 പോയിന്റോട് കൂടി ചാംപിയൻ ഷിപ്‌ നേടിയ കുട്ടികളാണ് പൂനെയിൽ പോകാൻ പണം ഇല്ലാതെ കഷ്ട്ടപ്പെട്ടത്‌.രണ്ടു പേർക്ക് ഓരോ നാനോ കാർ ആണ് യു.പി. മുഖ്യ മന്ത്രി നൽകിയത്. നമ്മുടെ മുഖ്യ മന്ത്രിയോ? എല്ലാ വർഷവും നമ്മുടെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് നമ്മൾ കാണാറുണ്ടല്ലോ. റിസർവേഷൻ ഇല്ലാതെ  രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റിൽ  ഞെങ്ങി ഞെരുങ്ങി. അടുത്ത സംസ്ഥാനങ്ങളിലെ കുട്ടികൾ എ.സി. യിൽ സുഖമായി പോകുമ്പോൾ. അടുത്തിടെ കേരളത്തിൽ നിന്നും 8 മന്ത്രിമാരാണ് ഒന്നിച്ചു കൂടി വിമാനത്തിൽ  ഡൽഹിയിൽ ടൂർ പോയി വന്നത്. സർക്കാർ ചിലവിൽ. കേരളത്തിൻറെ കാര്യങ്ങൾ പറയാൻ എന്നാണു പറയുന്നത്. 5 രൂപ മുടക്കി ഒരു ലെറ്റർ അയച്ചാൽ അല്ലെങ്കിൽ ഒരു ഇ-മെയിൽ അയച്ചാൽ  നടക്കുന്ന  കാര്യത്തിനാണ് ലക്ഷങ്ങൾ മുടക്കി എല്ലാവരും കൂടി പോയത്. അതും ട്രെഷറി കാലിയായി കിടക്കുന്ന നേരത്ത്. രണ്ടു ദിവസം മുൻപ് നടന്ന കരമന-കളിയിക്കാവിള റോഡു പണി ഉത്ഘാടനം പ്രഖ്യാപിയ്ക്കാൻ ആയിരക്കണക്കിന്  ഫ്ലെക്സ് ബോർഡുകൾ ആണ് നഗരം മുഴുവൻ സ്ഥാപിച്ചത്.  ഇങ്ങിനെയൊക്കെ ചിലവഴിയ്ക്കാൻ പണം ഉണ്ട്. കായിക താരങ്ങളെ സഹായിയ്ക്കാൻ പണം ഇല്ല. 

കേരളത്തിൻറെ അഭിമാനമായ ഉഷ  കേരളത്തിലെ ഭരണാധികാരികളുടെ അവഗണനയും നിസ്സഹകരണവും കൊണ്ട് സഹി കേട്ട് ഗുജറാത്തിലേയ്ക്ക് പോവുകയാണ്. അവിടെ  സ്കൂൾ തുടങ്ങാൻ. മോദി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന കാലത്ത് വിളിച്ചതാണ്. എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കാം എന്ന് പറഞ്ഞ്.

അപ്പോഴാണ്‌ നമ്മുടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്.

"അയ്യോ അച്ഛാ പോകല്ലേ,  അയ്യോ  ഉഷേ  പോകല്ലേ"  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ