Tuesday, October 14, 2014

മാലിന്യ നിർമാർജനം

ശംഖ നാദം  പോലെ അത് ഭാരതമെങ്ങും മുഴങ്ങി. അതിൻറെ മാസ്മരിക ശക്തിയിൽ  ജന ഹൃദയങ്ങൾ  തുടിച്ചു.

'സ്വച്ഛ ഭാരത്‌ അഭിയാനു '  അഭൂത പൂർവമായ സ്വീകരണമാണ് ലഭിച്ചത്.   ഇത്രയും അംഗീകാരവും ജന സമ്മിതിയും നേടിയ മറ്റൊരു പദ്ധതി സ്വതന്ത്ര ഭാരതത്തിൽ  ഉണ്ടായിട്ടുണ്ടോ എന്ന്  സംശയം ആണ്. ഭാരതം മാലിന്യ മുക്തമാക്കാനുള്ള സംരംഭം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ജനങ്ങളിൽ വൻ തോതിലാണ്  സ്വാധീനം ചെലുത്തിയത്. ഇത്രയും കാലം ആഗ്രഹിച്ചിരുന്ന ഒരു കാര്യം  സാക്ഷാത്കരിയ്ക്കാൻ പോകുന്നു  എന്ന ആഹ്ലാദം അവരിൽ തിര തല്ലി . 

കേരളത്തിൽ ഈ പദ്ധതി ഉണ്ടാക്കിയ ഉണർവ് വളരെ വലുതാണ്‌. പ്രഖ്യാപനങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി വികസനത്തിന്‌ നേരെ മുഖം തിരിയ്ക്കുന്ന കേരള രാഷ്ട്രീയ നേതാക്കളും, അധികാരം മാത്രം നോട്ടമിട്ട രാഷ്ട്രീയ പാർട്ടികളും മാലിന്യ മുക്ത ഭാരതത്തിനു വേണ്ടി  'അഹമഹമികയാ' ഇറങ്ങി തിരിച്ചത് സത്യത്തിൽ അത്ഭുതമാണ് ഉളവാക്കിയത്.ഗാന്ധി ജയന്തി ദിവസം മാത്രം  ഫോട്ടോ യ്ക്ക് വേണ്ടി  ചൂൽ   കൈകൊണ്ടു തൊടുന്ന രാഷ്ട്രീയ ക്കാരെല്ലാം മോഡിയുടെ പ്രഖ്യാപനം കേട്ട്, സ്വച്ഛ ഭാരതത്തിന്റെ വക്താക്കൾ ആയി മാറി.  കേരള മുഖ്യ മന്ത്രി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് വീമ്പിളക്കി . വഴിവക്കിൽ നിന്നും ഫ്ലെക്സ് ബോർഡുകൾ മുഴുവൻ  നീക്കം ചെയ്യാൻ പറഞ്ഞു. മാലിന്യ നിർമാർജ്ജനത്തിനും വികസന പ്രവർത്തനങ്ങൾക്കും നേരെ എന്നും സ്വത സിദ്ധമായ ദുർ മുഖം കാണിയ്ക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയും  കേരളം സ്വച്ഛം ആക്കാൻ  ഇറങ്ങി തിരിയ്ക്കുകയും അണികളെ ആഹ്വാനം നടത്തുകയും ചെയ്തു. വി.എം. സുധീരൻ ആകട്ടെ ഉമ്മൻ ചാണ്ടിയുടെ 'മലിനീകരണ'ത്തിനു  തടയിടാനായി ജൈവ പച്ചക്കറി  കൃഷി തുടങ്ങി. ഈ വാചകമടി  മത്സരത്തിൽ തോമസ്‌ ഐസക്ക് ഒരു മാർക്ക്  സ്കോർ ചെയ്തു. ആലപ്പുഴ ഒരു പള്ളിക്കൂടത്തിലെ മൂത്രപ്പുര കഴുകി വൃത്തിയാക്കിക്കൊടുത്തു.  സ്വന്തം വീട്ടിലെ പൊടി പോലും  തുടയ്ക്കാത്ത, സ്വന്തം അടിവസ്ത്രങ്ങൾ പോലും അന്യരെ കൊണ്ട് കഴുകിയ്ക്കുന്ന ഈ  നേതാക്കന്മാരുടെ പൊതു ജന സേവനം നോക്കണേ. ഇതാണ്  മോദി ഇഫക്റ്റ്!

പിന്തള്ളപ്പെടും എന്ന ഭയം കൊണ്ടാണ് വ്യക്തമായ ഒരു നയ പരിപാടിയും  ഇല്ലാതെ  ഈ നേതാക്കൾ എല്ലാം ഇത്തരത്തിൽ ഇറങ്ങി പുറപ്പെട്ടത്‌. ഫ്ലെക്സ് ബോർഡുകൾ ഒന്നൊഴിയാതെ എടുത്ത് മാറ്റുമെന്നും പുതിയത് അനുവദിയ്ക്കുകയില്ല എന്നും പരസ്യമായി പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടി കാര്യത്തോട് അടുത്തപ്പോൾ കളംമാറ്റി ചവിട്ടി. ഫ്ലെക്സ് നിരോധനം എങ്ങിനെ പ്രാവർത്തികം ആക്കാൻ കഴിയും എന്ന് ആലോചിയ്ക്കും എന്നാണു മന്ത്രി സഭാ   യോഗം കഴിഞ്ഞ് പറഞ്ഞത്. എങ്ങിനെയുണ്ട് മാലിന്യ നിർമാർജനം? അല്ലെങ്കിലും ആലോചനയില്ലാതെ തൽക്കാലംരക്ഷപ്പെടാൻ  അപക്വമായി എന്തെങ്കിലും തീരുമാനം എടുക്കുന്നത്  മുഖ്യ മന്ത്രിയുടെ ഒരു സ്വഭാവം ആയിരിയ്ക്കുകയാണ്. സമ്പൂർണ മദ്യ നിരോധന പ്രഖ്യാപനം അത്തരത്തിൽ ഒന്നായിരുന്നല്ലോ. അജ്ഞതയും  അഹങ്കാരവുമാണ് ഇതിനു കാരണം. മദ്യ നയത്തിൽ  സുധീരൻ കയ്യടി നേടരുത് എന്ന ഈഗോ.  എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഇപ്പോൾ. ഫ്ലെക്സ് ബോർഡു കളിൽ 100   ശതമാനവും നേതാക്കളുടെ പടമുള്ളതും  രാഷ്ട്രീയ പാർട്ടികളും നേതാക്കളും സ്ഥാപിച്ചതുമാണ്.   നേതാക്കളെ  ജനമധ്യത്തിൽ ഉയർത്തി കാട്ടാൻ  ഉള്ള ഒരു ചെറിയ ഉപായം മാത്രം   ആണീ ബോർഡുകൾ.  കഴിഞ്ഞ ലോക സഭാ   തിരെഞ്ഞെടുപ്പ് കാലത്ത് ഒരാവശ്യവുമില്ലാതെ, വെറുതെ പേരെടുക്കാൻ വേണ്ടി മാത്രം  ഒരു മന്ത്രി തൻറെ പടം അടിച്ച ഫ്ലെക്സ് ബോർഡുകൾ സ്വന്തം ചിലവിൽ   ഒരു കൌണ്‍സിലറുടെ സഹായത്തോടെ   തിരുവനന്തപുരം നഗരം മുഴുവൻ സ്ഥാപിച്ചു എന്ന് ജനം പറയുന്നുണ്ട്.   ഈ ഫ്ലെക്സ് ബോർഡ് സംസ്കാരം  നിർത്തലാക്കണം എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും, പ്രധാന പ്രതിപക്ഷം ആയ മാർക്സിസ്റ്റ് പാർട്ടി  ഉൾപ്പടെ എല്ലാവരും സമ്മ തിയ്ക്കുന്നും ഉണ്ട്. പിന്നെ എന്ത് കൊണ്ട് ഉമ്മൻ ചാണ്ടി അതിൽ നിന്നും പിന്നോട്ട് പോകുന്നു?

പ്ലാസ്റ്റിക് നിയന്ത്രണം കൊണ്ട് വരുമെന്ന് പറയുന്നെങ്കിലും കാര്യമായി ഒന്നും ചെയ്യുന്നില്ല. പ്ലാസ്റ്റിക് നിർമാതാക്കളുടെയും വ്യാപാരികളുടെയും സമ്മർദ്ദം അതി ജീവിയ്ക്കാനുള്ള കഴിവ് ഉമ്മൻ ചാണ്ടി സർക്കാരിന് ഇല്ല എന്നതാണ് കാരണം. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കൂടുകൾ കൊണ്ടും കുപ്പികൾ കൊണ്ടും നിറഞ്ഞിരിയ്ക്കുകയാണ് കേരളം. .2013-14 കണക്കനുസരിച്ച്  ദിവസേന 12 ലക്ഷം ലിറ്റർ പാൽ ആണ്  മിൽമ വിൽക്കുന്നത്. അതായത് ഓരോ ദിവസവും     24 ലക്ഷം പ്ലാസ്റ്റിക് കവറുകൾ മാലിന്യമായി  കേരളത്തിലെ മണ്ണിൽ അവശേഷിയ്ക്കുന്നു.  പഴയ കാലത്തേതു പോലെ കുപ്പികളിൽ പാൽ   നിറച്ചു കൊടുത്താൽ ഇത്രയും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാമല്ലോ.? ഹോട്ടലുകാർക്ക്‌ 10 ലിറ്ററിന്റെ  വീണ്ടും ഉപയോഗിയ്ക്കാവുന്ന  പാത്രങ്ങളിൽ കൊടുക്കാം.   അത് പോലെ ഉപയോഗം  കഴിഞ്ഞ കുടി  വെള്ളം കുപ്പികൾ കൊണ്ട് നാട് നിറഞ്ഞു. ഹോട്ടലിൽ വരെ കുപ്പി വെള്ളം ആയി. ജനങ്ങൾക്ക്‌ ശുദ്ധ ജലം നൽകാൻ ബാധ്യസ്ഥരായ വാട്ടർ അതോറിട്ടി പോലും കുപ്പി വെള്ളം ഉണ്ടാക്കുകയാണ്. ഇതിനു പകരം ബസ് സ്റ്റാന്റ്,റെയിൽവേ സ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ   വലിയ സ്റ്റീൽ സംഭരണികൾ സ്ഥാപിച്ച് ആളുകൾക്ക് നേരിട്ട് കുടിയ്ക്കാനും പാത്രങ്ങളിൽ ശേഖരിയ്ക്കാനും ഉള്ള സൗകര്യം ഒരുക്കാമല്ലോ. അങ്ങിനെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പലതും ചെയ്യാൻ കഴിയും.

അത് പോലെ  ഗുരുതരമായ ഖര മാലിന്യസംസ്കരണത്തിലും കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല. എല്ലായിടത്തും മാലിന്യം പെരുകി ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്. തിരുവനന്തപുരം തന്നെ ഉദാഹരണമായി എടുക്കാം. മാർക്സിസ്റ്റ് നേതൃത്വ സർക്കാർ 2000 ത്തിൽ സ്ഥാപിച്ചതാണ് വിളപ്പിൽ ശാല മാലിന്യ സംസ്കരണ പ്ലാൻറ്. അതിന് ശേഷം വന്ന ഇടതു-കോണ്‍ഗ്രസ്സ് സർക്കാരുകൾ അത് ശരിയായി നടത്താൻ വേണ്ടി ഒന്നും ചെയ്തില്ല. മാത്രമല്ല ഇടതു ഭരണത്തിലുള്ള കോർപറേഷനും കോണ്‍ഗ്രസ്സ് സർക്കാരും മനപൂർവം തമ്മിലടിച്ച്‌ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ചു. റിയൽ എസ്റ്റെറ്റ് ലോബിയെ സഹായിയ്ക്കാൻ ആണെന്ന് ഒരു ആരോപണം ഉണ്ട്. അതിനു ശേഷംഏകദേശം രണ്ടു ലക്ഷം ടണ്‍ മാലിന്യം ആണ് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായത്. അതെല്ലാം വഴി വക്കിൽ അഴുകി ക്കൊണ്ടിരിയ്ക്കുകയാണ്.    ദിവസവും   230 ടണ്‍ എന്ന കണക്കിന് മാലിന്യം പുതുതായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു.  എല്ലാ നഗരങ്ങളുടെയും സ്ഥിതി ഇതാണ്.

ഇതിൽ നിന്നും മനസ്സിലാകുന്നത് വ്യക്തമായ ഒരു പദ്ധതിയോ ആസൂത്രണമോ ഇല്ലാതെയാണ് കേരള സർക്കാർ 'സ്വച്ഛ ഭാരത്‌ അഭിയാനിൽ പങ്കെടുക്കുന്നത് എന്നാണ്.  മാലിന്യ നിർമാർജനം പ്രസ്താവനകളിൽ മാത്രം ഒതുക്കി കൊണ്ടുള്ള, ജനങ്ങളെ കബളിപ്പിയ്ക്കാനുള്ള,  ആത്മാർഥത ഇല്ലാത്ത,  ഒരു സമീപനം ആണ് അവരുടേത്. പദ്ധതിയെ  പ്രകീർത്തിച്ച ശശി തരൂരിനെ ഹൈ കമാണ്ടിനെ കൊണ്ട് ഒതുക്കിയത് കോണ്‍ഗ്രസ്സിന്റെ മനസ്സിലിരുപ്പാണ് വെളിവാക്കുന്നത്.  സ്വച്ഛ ഭാരത്‌ അഭിയാൻ ഡൽഹിയിൽ മാത്രം ഉള്ള ഒരു സംഗതി ആല്ലെന്ന് ആദ്യം ഇവർ മനസ്സിലാക്കണം. രാജ്യം ആകെ നിർമലം  ആക്കാനുള്ള ഒരു ദൗത്യം ആണിത്.    ഇത്രയും നാൾ കേരളത്തിലെ വികസനത്തിന്‌ വിഘാതമായി നിന്നിട്ടുള്ളത് അമിത രാഷ്ട്രീയ വൽക്കരണവും   രാഷ്ട്രീയ തമ്മിലടി യും  ആണ്. അതിനൊരു മാറ്റം വരുത്തണം. കോണ്‍ഗ്രസ്സും മാർക്സിസ്റ്റും മറ്റെല്ലാ പാർട്ടികളും പ്രധാനമന്ത്രിയുടെ ഈ പദ്ധതിയെ പിന്തുണയ്ക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്നുണ്ടല്ലോ. അതിനാൽ ഈ പ്രശ്നത്തിൽ എങ്കിലും വഴക്കില്ലല്ലോ.  എല്ലാവരും യോജിച്ച് പ്രവർത്തിക്കുകയാണ് ഇവിടെ  വേണ്ടത്.തമ്മിലടിച്ചു നശിപ്പിച്ച പദ്ധതികൾ പുനരുജ്ജീവിപ്പിയ്ക്കുകയും  പുതിയ പദ്ധതികൾ ആവിഷ്ക്കരിയ്ക്കുകയും ചെയ്യണം. ട്രഷറിയിൽ കാൽ ചക്രം പോലുമില്ല എന്നത് പ്രവൃത്തികൾക്ക്‌ ഒരു തടസ്സമാകില്ല. കാരണം 62000 കോടി ഇതിനായി  കേന്ദ്രം നീക്കി വച്ചിട്ടുണ്ട്. ആ പണത്തിന്റെ ഒരു പങ്ക് കേരളത്തിനുള്ളതാണ്. അത് ഇവിടത്തെ വികസനത്തിനായി ഉപയോഗിയ്ക്കണം. സങ്കുചിതമായി ചിന്തിയ്ക്കാതെ  ഇത് പ്രധാന മന്ത്രി രാജ്യത്തെ മൊത്തം   മാലിന്യ വിമുക്തമാക്കാൻ ആരഭിച്ച  പദ്ധതി ആണെന്ന സത്യം മനസ്സിലാക്കി  കേരളത്തിലെ  ഭരണാധികാരികൾ  മുന്നോട്ടു പോകണം. ഭാരതീയ ജനതാ പാർട്ടിയുമായുള്ള    രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഇതിൽ കലർത്തിയാൽ    കേരളം ആണ് മുഖ്യ ധാരയിൽ നിന്നും പിന്തള്ളപ്പെടുന്നത്. അധികാരത്തിൽ കയറ്റിയ ഒരു ജനതയെ ആണ് വഞ്ചിയ്ക്കുന്നത്. അത് മാപ്പ് അർഹിയ്ക്കാത്ത ഒരു തെറ്റായി അവശേഷിയ്ക്കും.  

2 comments:

  1. നന്നായി ആശാനേ, ഇത്രയൊക്കെ എഴുതിയത്. ഓരോരുത്തനും മനസ്സു വച്ചാലേ നാട് വൃത്തിയാകൂ; 'ഉപയോഗിക്കുക, വലിച്ചെറിയുക' എന്ന പുതിയ ജീവിത മുദ്രാവാക്യം അവസാനിപ്പിച്ചാലേ രക്ഷയുള്ളു. എല്ലാവർക്കും നല്ല ബുദ്ധി വന്നെങ്കിൽ എത്ര നന്നായിരുന്നു?

    ReplyDelete
  2. ആൾ രൂപൻ:നമുക്കും പങ്കെടുക്കാം.

    ReplyDelete