2016, ജൂലൈ 24, ഞായറാഴ്‌ച

ചക്ക

സോഡിയം ഉണ്ട്, പൊട്ടാസിയം ഉണ്ട് അയൺ ഉണ്ട്,മിനറൽ ഉണ്ട്. അങ്ങിനെ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു സമ്പൂർണ ആഹാരം. ഗുണമോ? ഷുഗർ കുറയും, പ്രെഷർ കുറയും, കൊളസ്‌ട്രോൾ കുറയും, ദഹനം നടക്കും, തല വേദന പല്ലു വേദന  തുടങ്ങി എല്ലാം അങ്ങിനെ സർവ രോഗ സംഹാരി.

ചക്ക മാഹാത്മ്യവും കൊണ്ട് സർക്കാർ ഇറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്ത്  ചക്ക മഹോത്‌സവും തുടങ്ങി. ചക്ക വറ്റൽ,ചക്ക സ്ക്വാഷ്, ചക്ക വരട്ടിയത്, ചക്ക പപ്പടം തുടങ്ങി എല്ലാം. ചക്ക "ചോറ്" മാത്രം കണ്ടില്ല.  ചക്ക പൊറോട്ട കൂടി ഉണ്ടായിരുന്നുവെങ്കിൽ  മലയാളിയ്ക്ക് മറ്റു ആഹാരം വേണ്ടായിരുന്നു.

ആരംഭ ശൂരത്വം എന്നു പറയുന്നത് പോലെ ഈ 'സർക്കാർ ചക്ക' പരിപാടി  പത്തു ദിവസം കഴിയുമ്പോൾ അടങ്ങും. വീണ്ടും പഴയതു പോലെ ചക്ക പ്ലാവിന്റെ മൂട്ടിൽ വീണു കിടന്നു അഴുകും. തമിഴന്മാർ ലോറിയുമായി വന്നാൽ മാത്രം മലയാളി രക്ഷപ്പെടും.

മലയാളി  ഉണ്ടായ കാലം മുതൽ നാട്ടിൽ ചക്ക ഉണ്ട്. അത് പല രീതിയിൽ അവൻ കഴിക്കുന്നും ഉണ്ടായിരുന്നു. ഇന്നും കഴിക്കുന്നുണ്ട്. ചക്ക ചുള  അവിയൽ, ചക്ക പുഴുങ്ങിയത്, ചക്കയുടെ കുരു എടുത്തു തോരൻ, ചക്കയുടെ പൂഞ്ഞു കൊണ്ട് തോരൻ അങ്ങിനെ പലതും. ചക്ക പഴുത്താൽ  ചക്കപ്പഴം കഴിക്കും. അതു ശർക്കരയും ചേർത്ത് വഴറ്റി കുഴമ്പു പരുവത്തിൽ ഏറെക്കാലം സൂക്ഷിക്കുന്നു. എല്ലാ വീട്ടു പറമ്പിലും പ്ലാവ് ഉണ്ട്. എല്ലാവരുടെയും ഭക്ഷണത്തിൽ ചക്ക ഉണ്ടായിരുന്നു താനും. ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ ചക്ക മുൻപ് പറഞ്ഞ പല രീതിയിലും കഴിക്കുന്നതും ഉണ്ട്.  നഗരത്തിൽ പ്ലാവ് കുറവ്. ചക്ക കിട്ടിയാലും കയ്യിൽ അതിന്റെ അരക്ക് പുരളാൻ കൊച്ചമ്മ മാർക്ക് വയ്യ. (വെളിച്ചെണ്ണയോ മണ്ണെണ്ണയോ ഉപയോഗിച്ചു വൃത്തിയാക്കാവുന്നതേ ഉള്ളൂ).

ഇവിടെ ഉണ്ടാകുന്ന അത്രയും ചക്ക മലയാളിക്ക് നാട്ടിൻ പുറങ്ങളിൽ കഴിച്ചു തീർക്കാൻ കഴിയുന്നില്ല. അതു നശിച്ചു പോകുന്നു. അതു സംഭരിക്കുകയാണ് ചക്ക മഹോത്സവത്തിന് പകരം സർക്കാർ ചെയ്യേണ്ടത്. ഓരോ പഞ്ചായത്തിലും ചക്ക സംഭരണത്തിന് സൗകര്യങ്ങൾ ഒരുക്കണം. എന്നിട്ട് ചക്ക  വൃത്തിയാക്കി ,എളുപ്പം കൂട്ടാൻ വയ്ക്കാൻ പാകത്തിൽ   നഗരങ്ങളിൽ എത്തിയ്ക്കണം. കേരളത്തിൽ ഉണ്ടാകുന്ന ചക്കയുടെ ഭൂരിഭാഗവും ഇതിലൂടെ ഉപയോഗിക്കാൻ കഴിയും. വറ്റൽ തുടങ്ങിയ മൂല്യ വർദ്ധിത സാധനങ്ങൾ ഉണ്ടാക്കണം. ചക്കയെ കുറിച്ചുള്ള ബോധ വൽക്കരണം അല്ല വേണ്ടത്. കാരണം ചക്കയെ കുറിച്ച് മലയാളിയ്ക്ക് നന്നായി അറിയാം. അതു കിട്ടാനുള്ള വഴിയാണ് ഇല്ലാത്തത്. മന്ത്രി ചക്ക പുഴുങ്ങിയത് തിന്നു എന്നു വച്ച് അതിനു ഒരു പരിഹാരം ആകുന്നില്ല.

രണ്ടു വർഷം മുൻപ് ഡൽഹിയിലേക്കു ഒരു ട്രെയിൻ ചക്ക പോയിരുന്നു. ആ പരിപാടി  തുടർന്നില്ല. അതു പോലെ മലയാളി ഉള്ള  മറ്റു ന ഗരങ്ങളിലേയ്ക്കും ചക്ക അയയ്ക്കാം.




ചക്ക കൃഷി- തമിഴ് നാട്ടിൽ കടലൂർ ജില്ലയിൽ പൺറുട്ടി എന്നൊരു ഗ്രാമത്തിൽ പ്ലാവ് കൃഷി തന്നെ ഉണ്ട്. മല്ലിഗംപാട്ട് ഗ്രാമത്തിലെ കരുണാകരൻ എന്ന കർഷകൻ  6.5ഏക്കറിലാണ് പ്ലാവ് കൃഷി. അവിടത്തെ പാർത്ഥസാരഥി എന്ന കൃഷിക്കാരൻ 12 ഏക്കർ പ്ലാവ് തോട്ടത്തിൽ നിന്നും കഴിഞ്ഞ വർഷം 5 ലക്ഷം രൂപയാണ് ലാഭം നേടിയത്. മുംബൈ ആണ് അവരുടെ   പ്രധാന മാർക്കറ്റ്. കയറ്റുമതിയും ചെയ്യുന്നു. ഇതെല്ലാം തമിഴ്‌നാട്  സക്കാരിന്റേയും കാർഷിക സർവകലാശാല യുടെയും ഒക്കെ സഹായത്തോടെ ആണ്. വൻ തോതിൽ കൃഷി നടത്തിയില്ല എങ്കിലും യാതൊരു പ്രയത്‌നവും ഇല്ലാതെ പ്ലാവിൽ ഉണ്ടാകുന്ന ചക്ക വിപണനം നടത്താൻ എങ്കിലും കേരള സർക്കാരിന് കഴിയാതെ പോകുന്നത്  കഷ്ടമാണ്. 

9 അഭിപ്രായങ്ങൾ:

  1. ചക്കയെക്കുറിച്ചുള്ള വിശേഷം നന്നായി.. നമ്മുടെ നാട്ടില്‍ ആരും ഉപയോഗിക്കാതെ ഏറ്റവും കൂടുതല്‍ നശിച്ചു പോകുന്ന ഒന്നെന്നുകൂടി ചക്കയെ വിശേഷിപ്പിക്കാം.. പിന്നെ ഈയിടെയായി ചക്കക്ക് എന്തോ ഒരു രുചിക്കുറവും അനുഭവപ്പെടുന്നുന്നുണ്ട്. എന്തായാലും ഇപ്പോള്‍ ചക്കക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണല്ലോ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ ചക്കയും മലയാളിയും രക്ഷപപെടുമെന്നു വിചാരിക്കാം.അല്ലേ

      ഇല്ലാതാക്കൂ
  2. ചക്കപ്പൊറോട്ടാ.

    നല്ല
    സംഭവമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തും അവസാനിക്കുന്നത് മലയാളിയ്ക്ക് പൊറോട്ടയിൽ ആണല്ലോ സുധീ

      ഇല്ലാതാക്കൂ
  3. നല്ല സംരംഭം...പിന്തുണ കൊടുക്കാം...എല്ലാം ശരിയായിത്തുടങ്ങിയ കൂട്ടത്തിൽ ഇത് ശരിയാവുമായിരിക്കാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതീക്ഷ. അതല്ലേ നമ്മളെ മുന്നോട്ടു നയിക്കുന്നത് യുനൈസേ

      ഇല്ലാതാക്കൂ
  4. ശ്രീലങ്കയിൽ നിന്നും വരുന്ന
    ലണ്ടനിൽ കിട്ടുന്ന ഒരു ചക്ക
    ചുളക്ക് കൊടുക്കണം 50 പെൻസ് (50 രൂപ)..!


    വൻ തോതിൽ കൃഷി നടത്തിയില്ല എങ്കിലും യാതൊരു പ്രയത്‌നവും ഇല്ലാതെ പ്ലാവിൽ ഉണ്ടാകുന്ന ചക്ക വിപണനം നടത്താൻ എങ്കിലും കേരള സർക്കാരിന് കഴിയാതെ പോകുന്നത് കഷ്ടമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു ചക്കയ്ക്ക് 5000 രൂപ! 5 രൂപ നാട്ടിൽ കിട്ടിയിരുന്നുവെങ്കിൽ.
      നാട്ടിൻപുറങ്ങളിൽ ചക്ക ഇപ്പോഴും കഴിക്കുന്നുണ്ട്മുരളീ. നാട്ടിൽ പോകുമ്പോൾ ചക്ക കൊണ്ട് വന്നു നഗര വാസിയായ ഞാനും കഴിക്കുന്നു.

      ഇല്ലാതാക്കൂ
  5. പച്ച ചക്ക പ്രമേഹത്തെ പ്രതിരോധിച്ചു നിർത്തുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പച്ചച്ചക്ക വേവിച്ചു കഴിച്ചു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താം. ധാരാളം നാരുകൾ അടങ്ങിയ ചക്ക പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്തും എന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള വിളഞ്ഞ ചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും പറ്റിയത് . ധാരാളം കാർബോഹൈഡ്രെറ്റുള്ള ചക്ക ഡയബറ്റിസുകാർ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ നാം കരുതിപ്പോന്നത്. പ്രമേഹനിയന്ത്രത്തിന് പച്ച ചക്ക ഏറ്റവും നല്ല ഭക്ഷണമാണെന്നത് പുതിയ വിവരം .

    മറുപടിഇല്ലാതാക്കൂ