2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

'ധാർമികത'

ഈ വിൻസൻ എം. പോളിന് എന്നാണ്  'ധാർമികത'  വന്നത്?

 മാണി കോഴ വാങ്ങിയ കേസിൽ കോടതി ഇങ്ങേരെ ഇനി പറയാൻ ഒന്നുമില്ല. അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ചു ആ കണ്ടെത്തൽ റിപ്പോർട്ട് മാറ്റി മറിച്ചു എന്നാണു കോടതി പറഞ്ഞത്. അതിനിടെ ഇവിടെ വക്കീലന്മാർ ഇല്ലാത്തത് പോലെ അങ്ങ് ഡൽഹിയിൽ പോയി ഏതോ വക്കീലിനെ കൊണ്ട് മാണിയെ വെറുതെ വിടണം എന്നൊരു ഉപദേശവും വാങ്ങി വന്ന വിൻസൻ പോളിനെ കോടതി നിശിതമായി വിമർശിച്ചു. സാധാരണ അൽപ്പമെങ്കിലും .
അഭിമാനം ബാക്കി ഉണ്ടായിരുന്നുവെങ്കിൽ ജോലി കളഞ്ഞു പോയേനെ. ഇത് ധാർമികത പറഞ്ഞ് അവധിയിൽ ആണ് പോകുന്നത്. ഇനി ഒരു മാസം കൂടി ഉണ്ട് പെൻഷൻ ആകാൻ. അത് അവധിയിൽ ആസ്വദിച്ച് സുഖമായി പെൻഷൻ വാങ്ങി പോകും. പിന്നെ ഇത്രയൊക്കെ ചെയ്തതിനു ഉമ്മൻ ചാണ്ടി എന്തെങ്കിലും ഒരു പോസ്റ്റ്‌ കൊടുക്കും. അത് തീർച്ച. അതൊക്കെ മനസ്സിൽ കണ്ടു കൊണ്ടായിരിക്കും അങ്ങേര് ഇങ്ങിനെയൊക്കെ ചെയ്തത്. 

(പെൻഷൻ പറ്റിയിട്ടു എന്ത് പോസ്റ്റ്‌ കിട്ടുമെന്ന് നമുക്ക് കാത്തിരുന്നു കാണാം).

പിന്നെ ഇങ്ങേരുടെ പേരിൽ ഒരു എസ്. കത്തി ഉണ്ട്. പണ്ട് പോൾ മുത്തൂറ്റ് കേസിൽ ഇദ്ദേഹം ഉണ്ടാക്കിയ ഒരു  എസ്. കത്തി. ആ കത്തി പിന്നെ ആരും കണ്ടിട്ടില്ല. സി.,ബി.ഐ. പഠിച്ച പണി പതിനെട്ടും നോക്കി. അങ്ങിനെ ഒരു കത്തി കണ്ടെടുക്കാൻ. രക്ഷയില്ല. അപ്പോൾ ധാർമികത ഉറങ്ങുകയായിരുന്നു.

ഇങ്ങിനെ ഒരുപാട് കേസുകൾ അങ്ങേരുടെ തൊപ്പിയിൽ തൂവൽ ആയി ഇരിപ്പുണ്ട്. അവസാനത്തെ തൂവൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് നടത്തിയ വിമർശനങ്ങൾ. സാധാരണ ഗതിയിൽ മേൽക്കോടതികൾ ആണ് ഇത്തരം ശക്തമായ വിമർശനങ്ങൾ നടത്തുന്നത്. ഇവിടെ സത്യ സന്ധനായ ഒരു ന്യായാധിപൻ അതിനു മുതിർന്നത് നല്ല ഒരു തുടക്കം ആണ്. 

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

കലണ്ടർ

"കലണ്ടർ മനോരമ തന്നെ".    

തന്നെ തന്നെ. നമ്മുടെ പോക്കറ്റിൽ നിന്നും 20 രൂപ കൊടുക്കണം. അപ്പോഴാണ്‌ മനോരമ കലണ്ടർ തരുന്നത്. ഇത് പോലെ തന്നെയാണ് മാതൃഭൂമിയും. 

ദേ നവംബർ മാസം തുടങ്ങാറായി. കലണ്ടറിന്റെ പരസ്യവും വരവായി. അവരുടെ പത്രത്തിൽ അല്ല. ടി.വി.ചാനലുകളിൽ. ചാനലായ ചാനലുകളിലെല്ലാം മാസങ്ങൾ നീണ്ടു നിൽക്കുന്ന പരസ്യം. സിനിമാ രംഗത്തെ പ്രമുഖരെ അണി നിരത്തിയാണ് പരസ്യങ്ങൾ എല്ലാം. എത്ര  രൂപയാണ് ഈ പരസ്യങ്ങൾക്ക് ഇവർ ചിലവാക്കുന്നത്? സിനിമാ താരങ്ങളെ വച്ച് പരസ്യ ചിത്രം എടുക്കാൻ ലക്ഷങ്ങൾ ചിലവാക്കുന്നു. ചാനലിൽ 10 സെക്കണ്ടിനു 50,000 ത്തിനു മുകളിൽ കൊടുക്കണം. ഇങ്ങിനെ എത്ര തവണയാണ് ഇവർ പരസ്യം കൊടുക്കുന്നത്? എത്ര ചാനലുകളിൽ! ഇതിന്റെയർത്ഥം?   

 20 ലക്ഷത്തിൽ ഏറെ  കോപ്പികൾ ഉള്ള പത്രമാണ്‌ മനോരമ. ഒരു വർഷം ഓരോ വരിക്കാരനും വർഷം 2300 രൂപ വച്ച് അവർക്ക് വരിസംഖ്യ കൊടുക്കുന്നു.കൂടാതെ ഓരോ ദിവസത്തെയും പത്രം നിറയെ പരസ്യങ്ങൾ ആണ്. അതിനു കോടികളുടെ വരവ് വേറെയും. എന്നിട്ടും ഒരു കലണ്ടർ  പത്രത്തിനോടൊപ്പം വെറുതെ കൊടുക്കാൻ അവർ  തയ്യാറല്ല.
ഒരു കലണ്ടറിനു 20 രൂപ വച്ച് എത്ര രൂപ ആണ് ഇവർ ഉണ്ടാക്കുന്നത്‌. ലാഭം ഉണ്ടായിട്ടാണല്ലോ പരസ്യം കൊടുക്കുന്നത്. അപ്പോൾ പരസ്യം കൊടുത്തു കഴിഞ്ഞിട്ടും വലിയ ലാഭം ആണ് ഇവർക്ക് കിട്ടുന്നത്. അപ്പോൾ ഒരു കലണ്ടറിന്റെ ചെലവ് ഒന്നോ രണ്ടോ രൂപ  മാത്രം വരും. എന്നിട്ടും 2300 രൂപ നൽകി വർഷം മുഴുവൻ ഇവരുടെ പത്രം വായിക്കുന്ന ആൾക്കാർക്ക് ഒരു കലണ്ടർ ഫ്രീ ആയി ഇവർ നൽകുന്നില്ല.  എന്തൊരു പത്ര ധർമം.

നാം തന്നെയാണ് ഈ സാഹചര്യത്തിന് ഉത്തരവാദി. എല്ലാ കലണ്ടറുകളിലും ഒരേ  കാര്യം തന്നെ ഉള്ളത്. എങ്കിൽ  പിന്നെ സർക്കാർ കലണ്ടർ വാങ്ങിക്കൂടെ?   അല്ലെങ്കിൽ റസിഡന്റസ് അസോസിയേഷനുക ൾ  അത് പോലെയുള്ള സംഘടനകൾ , ക്ഷേത്രങ്ങൾ , ഓഫീസിലെ ഉദ്യോഗസ്ഥ സംഘടനകൾ, കോ-ഓപ്പറെറ്റീവ്  സൊസൈറ്റികൾ, തുണിക്കടകൾ, കമ്പനികൾ തുടങ്ങിയവർ  തരുന്ന കലണ്ടർ ഉപയോഗിച്ചാൽ പോരെ? സാധനം വാങ്ങുമ്പോൾ മിയ്ക്ക കടക്കാരും ഫ്രീ കലണ്ടർ തരും. പക്ഷെ നമ്മൾ മനോരമയോടോ മാതൃഭൂമിയോടോ  ഒരു പ്രത്യേക അടുപ്പം കാണിക്കും .ഒരാവശ്യവുമില്ലാതെ.  ആ അടുപ്പം വളർത്തിയെടുത്ത് നമ്മളെ അവർ വഞ്ചിക്കുകയാണ് എന്നറിയാതെ. ഇത്തവണ ഈ പരിപാടി നമ്മൾ നിർത്തുക. കാശ് കൊടുത്തു കലണ്ടർ വാങ്ങാതിരിക്കുക. സൌജന്യമായി കടകളോ, സംഘടനകളോ ആരെങ്കിലും തരുന്ന കലണ്ടർ  മാത്രം വാങ്ങുക.ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒരു വർഷം നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുന്നോ എന്ന്. ഒന്നും വരില്ല. തീർച്ച. 20 രൂപ ലാഭിക്കുക എന്ന ലക്ഷ്യം അല്ല നമ്മുടേത്‌. നമ്മളെ ഈ പത്ര മുതലാളിമാർ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് കൊണ്ട് പണം കൊടുത്ത് കലണ്ടർ വാങ്ങാതിരിക്കുക. ഓരോരുത്തരും.   

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ബലാൽസംഗം -ശിക്ഷ

ബലാൽസംഗം ചെയ്‌താൽ അതിനു ശിക്ഷ ശിക്ഷ കുറവാണ് ഇന്ത്യയിൽ. വധ ശിക്ഷ തന്നെ  നിർത്തലാക്കണം എന്ന് പറയുമ്പോൾ അതിൽ കുറച്ചു എന്തെങ്കിലും ശിക്ഷ മാത്രമല്ലേ കിട്ടുകയുള്ളൂ. പിന്നെ ഈ ചെയ്യുന്ന വ്യക്തി  വയസ്സിനു താഴെയുള്ളത് ആണെങ്കിൽ ജ്യുവനൈൽ ജസ്റ്റീസ് ആക്റ്റ് പ്രകാരം ആണ് ശിക്ഷ. വല്ല ദുർഗുണ പരിഹാര പാഠശാലയിലും അയച്ചു അവിടെ സുഖ വാസം.

ഇന്നലെ പുറത്തു വന്ന വിധിന്യായത്തിൽ ആണ്  മദ്രാസ് ഹൈക്കോടതി ചില നിർദ്ദേശങ്ങൾ നൽകിയത്. ബലാത്സംഗ കുറ്റവാളികളുടെ  ലൈംഗിക ശേഷി ഇല്ലാതാക്കണം എന്നാണു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയത്. 

വളരെ നല്ല ഒരു നിർദ്ദേശം ആണിത്. ഇപ്പോൾ നടക്കുന്നത് ചെറിയ ശിക്ഷകൾ ആണ്. സൗമ്യ ബലാത്സംഗ -വധ ക്കേസിലെ ഗോവിന്ദ ച്ചാമി ഇപ്പോഴും അപ്പീലുകൾ നൽകി കൊണ്ടിരിക്കുകയാണ്. എത്രയെത്ര ബലാത്സംഗ കേസുകൾ ആണ് നമുക്ക് മുന്നിൽ. തെളിവുകൾ നശിപ്പിക്കുകയെന്നതാണ് അധികാരവും പണവും ഉള്ളവർ ആദ്യം ചെയ്യുന്നത്. പിന്നെ കോടതികളിൽ നിന്ന് എന്തെങ്കിലും ചെറിയ ശിക്ഷ. അതും ചിലപ്പോൾ. മിയ്ക്കപ്പോഴും വിട്ടു പോകും. സമൂഹത്തിൽ വന്നു വീണ്ടും ഇത്തരം പരിപാടികളുമായി മുന്നോട്ടു പോകും.

വയലിൽ ശരിയായി പണിയെടുപ്പിക്കാനായി കാളയുടെ വരി ഉടയ്ക്കുന്ന ഒരു സമ്പ്രദായം ഉണ്ട്.ലൈംഗിക ശേഷി നശിപ്പിക്കുക എന്ന പരിപാടി. മാനഭംഗ പ്പെടുത്തുന്നവരെ   അത് പോലെ    ലൈംഗിക ശേഷി നശിപ്പിക്കുക തന്നെ വേണം. അതിനുള്ള നിയമ നിർമാണം നടത്തണം. ഇത്രയും കടുത്ത ശിക്ഷ ഉണ്ടെന്നറിയുമ്പോൾ പലരും ഇതിൽ നിന്നും പിന്മാറും എന്നുള്ളത് തീർച്ചയാണ്. പക്ഷെ നമ്മുടെ ജന പ്രതിനിധികൾ ഇങ്ങിനെ ഒരു നിയമം കൊണ്ട് വരാൻ താൽപ്പര്യപ്പെടുമോ? 

ഇത്തരം കുറ്റങ്ങളിൽ   ജ്യുവനൈൽ ജസ്റ്റീസ് ആക്റ്റ് ഉപയോഗിക്കാതെ, അതായത് വയസ്സ് നോക്കാതെ പ്രായ പൂർത്തിയായ ആളെന്നുള്ള നിലയിൽ ശിക്ഷ നടപ്പാക്കണം എന്ന ഒരു PIL സുപ്രീം കോടതിയിൽ കിടപ്പുണ്ട്. ഏതായാലും ലൈംഗിക ശേഷി ഇല്ലാതാക്കണം എന്നുള്ളത് പരീക്ഷിച്ചു നോക്കാവുന്ന ഒരു ശിക്ഷ തന്നെയാണ്.

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

ആദ്യാക്ഷരം

നാക്കെടുത്താൽ നുണ  മാത്രം പറയുന്ന രാഷ്ട്രീയ ക്കാരെ ക്കൊണ്ട് കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം എഴുതിക്കുന്ന മാതാപിതാക്കളുടെ മനോ നിലയെ എന്ത് പറയണം?



ജ്ഞാനികളെ കൊണ്ടാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ജ്ഞാനികൾ എന്ന് മാത്രമല്ല അക്ഷര സ്നേഹികളും മനുഷ്യ സ്നേഹികളും നന്മ നിറഞ്ഞവരും സ്വാർത്ഥമോഹികൾ അല്ലാത്തവരും ഒക്കെ ആവണം ഇവർ. അവരെ കൊണ്ട് എഴുത്തിനിരുത്തുമ്പോൾ കുട്ടികൾ അവരിലെ ചൈതന്യത്തിന്റെ അംശം, അറിവിന്റെ ഒരു പങ്ക് ഉൾക്കൊള്ളുന്നു എന്നാണ് വയ്പ്പ്. ഇവിടെ എന്ത് സംഭവിക്കുന്നു? കള്ളം പറച്ചിലും, അഴിമതിയും കുതികാൽ വെട്ടും തുടങ്ങി ദുർഗുണങ്ങൾ എല്ലാം ഉണ്ടെങ്കിൽ മാത്രമേ ഇന്ന് രാഷ്ട്രീയത്തിൽ ഉയർച്ച ഉണ്ടാകൂ. സ്വാർത്ഥത ഉണ്ടെങ്കിൽ മാത്രമേ പിടിച്ചു കയറാൻ കഴിയൂ. അങ്ങിനെയുള്ളവരെ കൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയാൽ  എന്തായിരിക്കും ആ പാവം കുട്ടികളുടെ ഭാവി? ഇവരുടെ സ്വഭാവ ത്തിന്റെ ഒരു പങ്ക് അവർക്കും കിട്ടുന്നു. 

ഇനി ഇവരെപ്പോലെയുള്ള രാഷ്ട്രീയക്കാർ ആകാനാണോ കുട്ടികളെ ഇവരെ ക്കൊണ്ട് എഴുത്തിനിരുത്തിയത്  ആലോചിക്കേണ്ടി ഇരിക്കുന്നു.

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

സിനിമ ചാരിറ്റി

ഇപ്പോൾ സഹാനുഭൂതിയും, ഭൂതാനുകമ്പയും ദാന ശീലവും സിനിമാ താരങ്ങൾക്കിടയിൽ പടർന്നു പിടിച്ചിരിക്കുകയാണ്. സുരേഷ് ഗോപി ആണ്  ഇത് തുടങ്ങി വച്ചത് എന്ന് തോന്നുന്നു. അങ്ങേര് ഇടയ്ക്കിടെ ആർക്കെങ്കിലും സംഭാവന ചെയ്ത് രണ്ട് ഡയലോഗും അടിച്ച് പത്രതാളുകളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്. അദ്ദേഹം ഇത് തുടങ്ങിയിട്ട് കുറെ നാളുകളായി. പലതും കണ്ടിട്ട് ആ കൊടുക്കുന്നതിൽ അൽപ്പം ആത്മാർത്ഥത ഉണ്ടെന്ന് കാണാം.  ഇത് കണ്ട് ഓരോരുത്തരായി രംഗത്ത് വരുന്നു. ഏറ്റവും അവസാനം വന്നത് ദിലീപ് ആണ്. ഒരു സിനിമ കണ്ട് അവിടെ പോവുകയും  ബി.പി. മൊയ്തീൻ സ്മാരകത്തിന് വലിയൊരു തുക സംഭാവന നൽകുകയും ചെയ്തു. ഇങ്ങിനെ പലരും ഇപ്പോൾ ചാരിറ്റി രംഗത്ത് വരുന്നുണ്ട്. 

കോടികളുടെ ആസ്തി ഉള്ള ഈ സിനിമാ താരങ്ങളുടെ ജീവിത രീതി ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ അടിപൊളി സ്റ്റൈൽ. മദ്യപാനം, പെണ്ണ് പിടി,( പെണ്ണുങ്ങളെ മോശക്കാരാക്കുന്നില്ല- ആണ് പിടി), സുഖ ജീവിതം അങ്ങിനെ ലോകത്ത് എന്തൊക്കെ ഭൌതിക സുഖം അനുഭവിക്കാമൊ അതൊക്കെ ആസ്വദിച്ചതിനു ശേഷം ആണ് ഇവർക്ക് ഈ ദയയും സഹ ജീവികളോട് അനുകമ്പയും ഒക്കെ തോന്നുന്നത്. ആ നല്ല കാലത്ത് പണം ഉണ്ടാക്കുക ആസ്വദിക്കുക എന്നൊരു ചിന്ത മാത്രമേ അവർക്കുള്ളൂ.

അടിച്ചു പൊളിച്ചു നടന്ന കാലത്ത് ഒരു രൂപയെങ്കിലും ഇവർ പാവങ്ങൾക്ക് കൊടുത്തിട്ടുണ്ടോ? ഇല്ല. കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ അതെല്ലാം സ്വന്തം ആസ്തി വർധിപ്പിക്കാൻ കൂട്ടി വച്ചു. സഹ ജീവികളെ പോകട്ടെ സ്വന്തം സഹ പ്രവർത്തകരെ ഇവർ സഹായിചിട്ടുണ്ടോ? ഇല്ല. കഷ്ടപ്പെടുന്ന അനേകം പേർ സിനിമാക്കാർ ഉണ്ട്. കുറെയൊക്കെ  അവരുടെ കയ്യിലിരുപ്പു കൊണ്ട് തന്നെയാണ്. കുറെ ആൾക്കാർ വെറും പാവങ്ങൾ. അവരെ ഒന്ന് സഹായിക്കാൻ ഇവർ ഒന്നും ചെയ്യില്ല.

പടമൊക്കെ കുറഞ്ഞ് ഷെഡിൽ   കയറുമ്പോഴാണ്  ചുറ്റുപാടുമുള്ള പാവങ്ങളെ കുറിച്ച് ഇവർക്ക് ഓർമ വരുന്നത്. അത് പോലെ സ്വന്തം കുടുംബം അന്തച്ചിദ്രമായി  വിവാഹ മോചനവും കൂടി ആകുമ്പോൾ ജീവിതത്തിന്റെ അർത്ഥ ശൂന്യത ഇവർ മനസ്സിലാക്കും. അപ്പോഴാണ്‌ ഇവർ കണ്ണ് തുറക്കുന്നതും. പിന്നെ എങ്ങിനെയെങ്കിലും  നില നിൽക്കാനായി ഉള്ള ശ്രമം. അവിടെയും അവർക്ക് "ലൈം ലൈറ്റ്" വേണം. അങ്ങിനെയാണ് ഈ ചാരിറ്റി തുടങ്ങുന്നത്. 

 കാരണം എന്ത് തന്നെയായാലും ഇത് നല്ല ഒരു തുടക്കം തന്നെയാണ്. ഈ കഷ്ട്ടപ്പെടുന്ന പാവം മനുഷ്യർ സിനിമാ കൊട്ടകകളിൽ അഞ്ചും പത്തുമായി തന്ന പണം ആണിതെന്നു ഇപ്പോഴെങ്കിലും ഓർക്കുന്നത് നല്ലത് തന്നെ.

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ഫ്ലാറ്റ് മാഫിയ-ഉമ്മൻ ചാണ്ടി

ഡി..ജി.പി. ജേക്കബ് തോമസിനെതിരെ നടപടി എടുക്കാൻ മന്ത്രി സഭ തീരുമാനിച്ചിരിക്കുന്നു. എന്താണെന്നോ അങ്ങേരു ചെയ്ത കുറ്റം? നിയമം ലംഘിച്ച ഫ്ലാറ്റ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചു എന്ന് പത്രക്കാരോട് പറഞ്ഞു. അതാണ്‌ കുറ്റം.

സർക്കാരിന് എതിരെ രാപകൽ ഇല്ലാതെ മറ്റൊരു ഐ.പി.എസ്. കാരൻ തച്ചങ്കിരി പറഞ്ഞു. ഒരു നിയമ നടപടിയും ഇല്ല.  പോലെ മാണി കോഴ കേസ് അന്വേഷണത്തിന് വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് മറ്റൊരു ഐ.പി.എസ്. കാരൻ വിൻസൻ പോൾ പത്രക്കാരോട് പറഞ്ഞു. അതിനും നടപടിയില്ല. 

ഇവിടെ കാര്യം അതൊന്നുമല്ല. നട്ടെല്ല് ഉണ്ട് എന്ന ഒരേ ഒരു ദോഷം ആണ് ജേക്കബ് തോമസിന് ഉള്ളത്. മാണിയുടെ കോഴ സത്യം പുറത്തു വരും എന്നായപ്പോൾ വിജിലൻസിൽ നിന്നും മാറ്റി. ഫയർ ഫോഴ്സിലെയ്ക്ക്. അവിടെ ഇത് പോലെ ഫയർ നിയന്ത്രണങ്ങൾ ലംഘിച്ച  77  ഫ്ലാറ്റ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചു. കൂട്ടാതെ NOC നൽകില്ല എന്നും പറഞ്ഞു. ഇവർ എന്താണ് ലംഘനം നടത്തിയത് എന്ന് നോക്കാം. എല്ലാ മൂന്നു നിലകളിൽ  കൂടുതലുള്ള ഫ്ലാറ്റുകൾക്ക് തീ പിടിത്തം സംഭവിച്ചാൽ താമസക്കാർക്ക് രക്ഷപെടാൻ ഉള്ള ആവശ്യം കാര്യങ്ങൾ നിർബ്ബന്ധമായും ഉണ്ടായിരിക്കണം.അത് വേണമെന്നും ഇല്ലാത്ത ഫ്ലാറ്റുകൾക്ക് NOC നൽകില്ല എന്നാണു പറഞ്ഞത്.

പോരേ? കൂടാതെ ഈ  നിർമാതാക്കൾ സർക്കാരിന് കുടിശ്ശിക ആയി നൽകാനുള്ള 70 കോടി രൂപ ഉടൻ നൽകണം എന്നും ആവശ്യപ്പെട്ടു. ഇതൊക്കെയാണ് ഉമ്മൻ ചാണ്ടിയെ പ്രകോപിച്ചത്. എന്തൊരു ദ്വേഷ്യം ആയിരുന്നു ചാണ്ടിക്ക്? പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥനെ വെച്ച് പൊറുപ്പിക്കില്ല എന്നൊക്കെ പറഞ്ഞാണ് നേരെ പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷൻ എം.ഡി. ആയി സ്ഥലം മാറ്റം ചെയ്തത്. ഡി.ജി.പി. റാങ്കിലുള്ള അദ്ദേഹത്തെ അതെ റാങ്കിലുള്ള മറ്റൊരു ചെയർമാന്റെ കീഴിൽ. കഷ്ട്ടം.

ഈ നിയമം ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അതാണ്‌ ജേക്കബ് തോമസ്‌ നടപ്പാക്കാൻ തുടങ്ങിയത്. അതാണ്‌ മുഖ്യ മന്ത്രിയെ ചൊടിപ്പിച്ചത്. ചാനലിൽ വന്ന ഗ്രസ്സ്സിനെറെ ഒരു പ്രതികരണ തൊഴിലാളിയായ വാഴയ്ക്കൻ പറയുകയാണ്‌ സർകാരിനു ചില പ്രായോഗിക അട്ജസ്റ്മെന്റ്റ് കൾ നടത്തേണ്ടി വരും. അതിനു ഉദ്യോഗസ്ഥർ എതിര് നിൽക്കരുത് എന്ന്. ജനങ്ങളുടെ സുരക്ഷ സന്ധി ചെയ്യുന്നതാണോ അത്?

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

സ്ത്രീ വിരുദ്ധം

ചെറിയാൻ ഫിലിപ്പ് പറഞ്ഞ ഒരു അഭിപ്രായം ആണ് ഇന്ന് കേരളത്തിലെ സദാചാര വാദികൾ  ചർച്ച ചെയ്യുന്നത്. വൈകുന്നേരം ഒന്ന് ആയിക്കോട്ടെ, ചാനലുകാർ എല്ലാം പ്രതികരണ തൊഴിലാളികളെയും  അറെനജ് ചെയ്തു നോക്കി ഇരിക്കുകയായിരിക്കും. അതിനിടെ തന്നെ കേരളത്തിലെ സാംസ്കാരിക കാവൽ ഭടന്മാർ അല്ല "ഭടകൾ" സ്ത്രീ വിരുദ്ധ പ്രസ്താവന ആണിത് എന്ന് പറഞ്ഞു രംഗത്ത് വന്നു കഴിഞ്ഞു. മഹിളാ കോണ്‍ഗ്രസ് നേതാവ് കേസ് കൊടുക്കും എന്നും പറഞ്ഞു കഴിഞ്ഞു. ഇപ്പോഴുള്ള പുതിയ ട്രെൻഡ് ആണ് കേസ് കൊടുക്കും എന്നുള്ള ഭീഷണി. ഇന്ന് വരെ ഇങ്ങിനെ ആരും കേസ് കൊടുത്തതായി കേട്ടിട്ടില്ല. ആരോപണം ഉയർത്തിയ ബിജു രമേശിന് എതിരെ കേസ് കൊടുക്കും എന്ന് മാണി പറഞ്ഞു. അത് പോലെ പലരും പറഞ്ഞു.

 ചെറിയാൻ ഫിലിപ്പ് എന്താണ് പറഞ്ഞത്? പഴയ കോണ്‍ഗ്രസ്സ് ചരിത്രം. അങ്ങേര് കുറെ നാൾ കെ.പി.സി.സി. സെക്രട്ടറി ആയിരുന്നു. എല്ലാ കാര്യങ്ങളും അന്ന് ഭംഗിയായി അറിയാം. അതനുസരിച്ചാണ് പറഞ്ഞത്. ഒരു കാര്യം കൂടി പറഞ്ഞു. എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡന്റ്റ് ആയിരുന്ന കാലം ആണ്, അങ്ങേർക്കും അറിയാം എന്നും പറഞ്ഞു.  ചെറിയാൻ പറഞ്ഞത് പണ്ട് കോണ്‍ഗ്രസ്സിൽ സീറ്റ് നേടിയ വനിതകളുടെ കാര്യമാണ്. പലരും ഉടുപ്പഴിച്ചാണ് സീറ്റ് വാങ്ങിയത് എന്ന്. സൈബർ പെണ്‍ വാണിഭത്തിൽ ഇന്നലെ കുറെ സ്ത്രീകളെ പിടിച്ചിരുന്നു. സ്ത്രീകൾ ഇങ്ങിനെ പോകുന്നു എന്ന് പറഞ്ഞാൽ  അതെങ്ങിനെ സ്ത്രീ വിരുദ്ധം ആകും? കേസ് കൊടുക്കും എന്ന് ഭീഷണി പ്പെടുതിയപ്പോൾ ഒരു കാര്യം കൂടി പറഞ്ഞു. അവരുടെ പേരു വിവരവും വെളിപ്പെടുത്തും എന്ന്. ഇതിനെ സാധൂകരിക്കുന്ന ഒരു വീഡിയോ യും പ്രചാരത്തിൽ ഇറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് കാരനായ രാജ് മോഹൻ ഉണ്ണിത്താൻ പഴയ കെ.പി.സി.സി. പ്രസിടന്റ്റ് കെ. മുരളീധരന്റെ ഇത്തരം ചെയ്തികൾ ആരോപിക്കുന്ന വീഡിയോ. 

ഇങ്ങിനെ കോണ്‍ഗ്രസ്സിലെയും മറ്റു രാഷ്ട്രീയ പാർട്ടികളിലെയും നാറിയ കാര്യങ്ങൾ ഓരോന്നായി പുറത്തു വരട്ടെ.  തെരഞ്ഞടുപ്പ് അല്ലെ വരുന്നത്. നമുക്ക് പഠിയ്ക്കാം ഓരോരുത്തരുടെയും സ്വഭാവം.

2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ശക്തൻ ആര് തമ്പുരാനോ?

കുടൽ എടുത്തു കാണിച്ചാൽ ചെമ്പരത്തി പൂവ് എന്ന് പറയുന്നവരാണ് കേരള   ജനത. സത്യം പറഞ്ഞാൽ പച്ച കള്ളം എന്ന് പറയും. അന്ന് നിയമ സഭയിൽ മാണി ഉണ്ട  തിന്നതും  കേരള കോണ്‍ഗ്രസ്സുകാർ ലഡ്ഡു വിതരണം ചെയ്തതും താൻ കണ്ടില്ല എന്ന് ആണയിട്ടു പറഞ്ഞതാണ് സ്പീക്കർ ശക്തൻ. അന്ന്  ആരും അത് വിശ്വസിച്ചില്ല.ഇപ്പോൾ അദ്ദേഹം പറഞ്ഞത് സത്യം ആണെന്ന് തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ 18 വർഷമായി അദ്ദേഹം അന്ധനാണ്. ആദ്യം 18 വർഷം മുൻപ് ഒരു കണ്ണിന്റെ കാഴ്ച പോയി. പിന്നീട് പതിയെ മറ്റേ കണ്ണും കാഴ്ച കുറഞ്ഞു.  ഇപ്പോൾ മറ്റു പ്രശ്നമൊന്നുമില്ല. കുനിഞ്ഞാൽ കാഴ്ച താഴെ വീഴും.  

നിയമസഭയിൽ കൊയ്യാൻ പോയപ്പോൾ ചെരുപ്പഴിച്ചത് ഡ്രൈവറെ കൊണ്ട്.  കാരണം കുനിഞ്ഞാൽ കണ്ണ് താഴെ വീഴും. ആ കുനിയുന്നതിനും കണക്കുണ്ട്.  നെല്ല് കൊയ്യാനും കറ്റ അടിക്കാനും(മെതിക്കാൻ) കുനിഞ്ഞു. പക്ഷെ അത്രയും കുനിയാം. അതിലും താഴോട്ടു പോയാലാണ് കണ്ണ് താഴെ വീണു പോകുന്നത്.അത് കൊണ്ട് ചെരുപ്പിന്റെ വാർ അഴിക്കാൻ ഡ്രൈവറെ വിളിച്ചു.  അത് കൈ കൊണ്ടല്ല. കണ്ണ് കാണിച്ചു വിളിച്ചു. കണ്ണിനു പ്രശ്നം ആണല്ലോ. 

ഇങ്ങേര് പൊതുവെ ആംഗ്യ ഭാഷ ആണ്. ഡ്രൈവറെ കണ്ണ് കൊണ്ട് വിളിച്ചു.മാണിയെ ബട്ജറ്റ് അവതരിപ്പിക്കാൻ കൈ കാട്ടി വിളിച്ചു. വായിലെന്താണ്? അതിനും വല്ല രോഗമുണ്ടോ എന്തോ?

ഒരു ഫോട്ടോഗ്രാഫർ ആ പടം പിടിച്ച് പത്രത്തിൽ വന്നപ്പോഴാണ്ശക്തൻ പ്രശ്നം ഗുരുതരം ആണെന്ന് അറിഞ്ഞത്. പിറ്റേ ദിവസം 12 മണിക്ക് പത്ര സമ്മേളനം. അതിലാണ് ഈ ഗുരുതര രോഗ വിവരം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിൽ ഒരാൾക്ക്‌ വരുന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം. ആ രോഗതിനാണ് കുനിയാൻ പാടില്ലാത്തത്. കുനിഞ്ഞാൽ കണ്ണും കാഴ്ചയും താഴെ വീഴും. എന്താണീ രോഗത്തിന്റെ പേര്? ആരോ ചോദിച്ചു. ശക്തന് അറിയില്ല. എവിടന്നോ കിട്ടിയ ഒരു കഷണം കടലാസ് നിവർത്തി ക്കാട്ടി ഇളിച്ചു കാണിക്കുന്നു. പേരറിഞ്ഞു കൂടാ. അതിനെന്താ തെറ്റ്? കണ്ണ് കാണാൻ പാടില്ലാത്തവൻ എങ്ങിനെയാ വായിക്കുന്നത്? അത് കൊണ്ട് പേര് അറിഞ്ഞു കൂടാ.

ഇയാളെ പിടിച്ചു സ്പീക്കർ ആക്കിയ ചാണ്ടിയെയും കൂട്ടരെയും ആണ് അടിക്കേണ്ടതു.  അവരെ എന്തിനാ കുറ്റം പറയുന്നത്? അവരുടെ വിനീത വിധേയൻ അല്ലേ ഈ ശക്തൻ. അങ്ങേരു സ്പീക്കർ ആയതു കൊണ്ടല്ലേ മാണി എന്തോ കടലാസ് വായിച്ചിട്ട് ബട്ജറ്റ് ആണെന്ന് പറയുകയും അത് സമ്മതിക്കുകയും ചെയ്തത്.  ഭരണ പക്ഷ എം.എൽ.എ. മാർ നടത്തിയ തോന്നിവാസവും പീഡനവും ഒന്നും കാണാതെ പോയത്. ചാണ്ടിക്ക് പറ്റിയ കൂട്ട് തന്നെ.

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

വെള്ളാപ്പള്ളി

ഇപ്പോൾ വെള്ളാപ്പള്ളി നടേശന്റെ കാലമാണ്. അടുത്ത മുഖ്യ മന്ത്രി എന്ന് വരെ ചാനലുകാർ വിശേഷിപ്പിച്ച നടേശൻ ഇപ്പോൾ ഒരു കൊലപാതക ആരോപണത്തിന്റെ നിഴലിൽ ആണ്. പണ്ട് ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു പറഞ്ഞ്‌ ബിജു രമേശും വി.എസ്. അച്ചുതാനന്ദനും ഇറങ്ങി തിരിച്ചിരിക്കുകയാണ്. മറ്റു മാർഗമില്ലാതെ ഒരു അന്വേഷണം നടത്താം എന്ന നിലപാടിൽ സർക്കാർ എത്തി   ചേർന്നിരിക്കുന്നു. കൂടാതെ കോടികളുടെ അഴിമതി ആരോപണവും. 100 കോടി സ്വിസ്സ് ബാങ്കിൽ ഇട്ടിരിക്കുന്നു എന്നാണു വി.എസ്. പറയുന്നത്. ഇത്രയും കുറഞ്ഞ തുക  സ്വിസ്സ് ബാങ്ക് വലിച്ചു ദൂരെ ഏറിയും.   ഇവിടെ ഏതെങ്കിലും കച്ചടാ ബാങ്കിൽ ആയിരിക്കും ഇട്ടത്. 

അത് കൊലപാതകമോ മരണമോ എന്തോ ആകട്ടെ.  അഴിമതി നടത്തിയോ നടത്താതെ ഇരിക്കുകയോ ചെയ്യട്ടെ.  അന്നൊന്നും ഇല്ലാത്ത ഒരു ആരോപണം ഇപ്പോൾ വന്നത് എങ്ങിനെ ആണ്? അത് പച്ചയായി ബിജു രമേശ്‌ പറയുകയും ചെയ്തു.ബി.ജെ.പി. യുമായി നടേശൻ കൂട്ട് കൂടാൻ തുടങ്ങുന്നു. അഴിമതിക്കാരനായ  ഒരാളുമായി ബി.,ജെ.പി. കൂട്ട് കൂടുന്നത് ശരിയാല്ലാത്തത് കൊണ്ട് ആണ് താനിത് പരസ്യമായി  പറഞ്ഞത് എന്ന്. ബി.ജെ.പി. യോട് എന്തൊരു സ്നേഹം. സംഭവം ഇതൊന്നുമല്ല എന്നു എല്ലാവർക്കും അറിയാം. അരുവിക്കര തൊട്ട് മാർക്സിസ്റ്റ് പാർട്ടിയുടെ മൂട് ഇളകി തുടങ്ങി. പഞ്ചായത്ത് തെരെഞ്ഞെടുപ്പോട് കൂടി അത് മിയ്ക്കവാറും പൂർണമാകും. അങ്ങിനെയിരിക്കെ എസ.എൻ.ഡി.പി. യുമായി കൂട്ടും കൂടുന്നു. അതും കൂടിയാകുമ്പോൾ പരാജയം പൂർണം. അതിനു ആലോചിച്ചുറച്ച ഒരു വഴിയാണ് ഇങ്ങിനെ ആരോപണങ്ങൾ ഉന്നയിക്കുക എന്നത്.

ഇത്രയും നാൾ ഈ ആരോപണ കർത്താക്കൾ എവിടെ പോയിരുന്നു? ബിജു രമേശ്‌ പറയുന്നത് തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നാണ്.ഇത്രയും നാൾ എന്തിനാണ് ഈ തെളിവുകൾ ഒളിപ്പിച്ചു വച്ചത്? അതും കുറ്റകരം അല്ലേ? 12 വർഷം ആണ് തെളിവുകൾ ഒളിപ്പിച്ചു വച്ചത്. അന്ന് നടന്ന കൊലപാതകം. അത് അന്വേഷിച്ച ഉദ്യോഗസ്ഥർ എന്ത് തീരുമാനത്തിൽ ആണ് എത്തിയത്? ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു എന്ന് പറയാൻ കഴിയില്ലല്ലോ. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഉണ്ടല്ലോ.  പിന്നെ ഇപ്പോൾ എന്ത് കൊണ്ട് ആരോപണം ഉന്നയിക്കുന്നു? ഇനി അഥവാ  അങ്ങിനെ  ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ തന്നെ ഇന്ന് ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പടെ എല്ലാവരും അതിൽ ഉൾപ്പെട്ടിട്ടുണ്ട് അത് മൂടി വയ്ക്കുക ആയിരുന്നു അവർ. 

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

സാറാ ജോസഫ്

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം   സാറാ ജോസഫ് തിരിച്ചു നൽകി.   അവരുടെ ഒരു  പുസ്തകത്തിന്‌ 2003 ൽ ആണ്പുരസ്കാരം ലഭിച്ചത്. ഇങ്ങിനെ തിരിച്ചു നൽകുന്നതിന്റെ കാരണമായി പറയുന്നത് കേന്ദ്ര സർക്കാരിന്റെ വർഗീയ നയങ്ങളിലുള്ള പ്രതിഷേധം എന്നാണ്.  

ആ പുരസ്കാരം അന്ന് നൽകിയത് ഇവരുടെ ഒരു പുസ്തകം നല്ലത് എന്ന് പറഞ്ഞാണ്. ആ കൃതിക്കാണ് കിട്ടിയത്. അങ്ങിനെയെങ്കിൽ അത് തിരിച്ചു കൊടുക്കുന്നതിൽ എന്ത് അർത്ഥം ആണുള്ളത്?എന്തിനായിരുന്നു അന്ന് ഈ പുരസ്കാരം വാങ്ങിയത്?   ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ  നയങ്ങൾ ഇഷ്ട്ടപ്പെടുന്നില്ല എന്ന് പറയുമ്പോൾ അന്നത്തെ സർക്കാർ  നയങ്ങൾ ഇഷ്ട്ടപ്പെട്ടിരുന്നു എന്നല്ലേ അർത്ഥം?  അപ്പോൾ കൃതിയുടെ മേന്മ അല്ലായിരുന്നു അന്ന് ആ പുരസ്കാരം ലഭിക്കാൻ ഉണ്ടായിരുന്ന യോഗ്യത എന്നല്ലേ വരുന്നത്? ആ പുസ്തകം വലിയ നിലവാര മൊന്നും ഇല്ലാത്തത്  ആയിരുന്നോ?  അന്ന് രണ്ടു കൈയ്യും നീട്ടി വാങ്ങിയപ്പോൾ നല്ല രസമായിരുന്നു അല്ലേ ?

അന്ന് കിട്ടിയ പുരസ്കാരത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളത് കൊണ്ടല്ലേ ശ്രീമതി സാറ ജോസഫ് ഇരു കരങ്ങളും നീട്ടി ആ പുരസ്കാരവും പത്രവും,50,000 രൂപയും അങ്ങ് ഡൽഹിയിൽ ചെന്ന് വാങ്ങിയത്? വർഷം 12 കഴിഞ്ഞു. ഇത്രയും നാളത്തെ കേന്ദ്ര സർക്കാരുകൾ ഒക്കെ നല്ലതായിരുന്നു.  ഒരു സർക്കാറിന്റെ നയം മാറി എന്നത് കൊണ്ട്  നല്ലത് എന്ന് പറഞ്ഞു വാങ്ങിയ പുരസ്കാരത്തിന്റെ മാന്യത, വില, കുറയുമോ? അങ്ങിനെയെങ്കിൽ ആ പുസ്തകത്തിന്റെ മൂല്യവും കുറഞ്ഞു കാണുമല്ലോ. 

 ഈ പുരസ്കാരം കൊണ്ട് സാറയ്ക്ക് പല  ഗുണങ്ങളും ഉണ്ടായി. കഴിഞ്ഞ 12 വർഷമായി ഈ പുരസ്കാരത്തിന്റെ കീർത്തിയിൽ ശ്രീമതി സാറാ ജോസഫ് ജീവിക്കുന്നു. പ്രശസ്തി കിട്ടി. ഒപ്പം പണവും. പണം എങ്ങിനെ കിട്ടി എന്ന് ചോദിച്ചാൽ അവരുടെ പുതിയ പുസ്തകങ്ങളിൽ ഒക്കെ    "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്" എന്ന് അച്ചടിച്ചിട്ടുണ്ട്. അതിനാൽ   അവ വളരെ വേഗം വിറ്റഴിയാനും കൂടുതൽ വിൽക്കാനും  സഹായിച്ചിട്ടുണ്ട്. അങ്ങിനെ കൂടുതൽ പണം കിട്ടി. "സാഹിത്യ അക്കാദമി അവാർഡ് ജേതാവ്" എന്ന വിശേഷണം കൊണ്ട് സമൂഹത്തിൽ അവർക്ക് പ്രശസ്തി ലഭിച്ചു. ശ്രീമതി സാറ   ആ പ്രശസ്തി ആസ്വദിക്കുകയായിരുന്നു. മലയാള  സാഹിത്യ ലോകത്തെ പ്രമുഖർക്ക് ലഭിച്ച അതെ പുരസ്കാരം ലഭിച്ചു എന്നത് സമൂഹത്തിൽ സാറയ്ക്ക്    ഒരു ഉന്നത പദവി കരസ്ഥമാക്കാൻ സഹായിച്ചു .ഇക്കാലമത്രയും ആ പുരസ്കാരത്തിന്റെ പേരും പ്രശസ്തിയും സാറാ ജോസഫിന് കിട്ടിയിരുന്നു. 

പുരസ്കാരം തിരികെ നൽകുമ്പോൾ അതുപയോഗിച്ച് അവർ സമ്പാദിച്ച  പണവും പ്രശസ്തിയും,  തിരിച്ചു നൽകാൻ അവർക്ക്  കഴിയില്ല.  അപ്പോൾ  ഈ പുരസ്കാരം തിരിച്ചു നൽകൽ എന്നതിന് എന്തർത്ഥം ആണുള്ളത്.  അവസര വാദം എന്നല്ലാതെ മറ്റൊന്നും ഇതിനെ പറയാനില്ല.  13 വർഷം മുൻപ്  കിട്ടിയ പുരസ്കാര തുകയും  തിരിച്ചു നൽകുമല്ലോ. അതും പലിശ സഹിതം.  ഒരു കാലത്ത്    ആവശ്യമായിരുന്ന  ഒരു പുരസ്കാരം  രണ്ടു കൈയ്യും നീട്ടി  വാങ്ങി ആവശ്യം     കഴിയുമ്പോൾ, അതായത് അതിലൂടെ പ്രശസ്തിയും മറ്റും നേടിയിട്ട് തിരികെ കൊടുക്കുന്നത് മാന്യതയാണോ?  

പുരസ്കാരം   നിരസിക്കാനുള്ള  അവകാശം   സാറ ജോസഫിന് ഉണ്ട്.  താൽപ്പര്യം ഇല്ലായിരുന്നുവെങ്കിൽ അന്ന് ഇത് നിരസിക്കാമായിരുന്നു. അങ്ങിനെ ചെയ്യാതിരുന്നതിന്റെ അർത്ഥം  അവർക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നു എന്നു തന്നെയാണ്. സന്തോഷത്തോടെ, ആഗ്രഹത്തോടെ ആണ് അത് വാങ്ങിയത്. അങ്ങിനെ  ലഭിച്ച പുരസ്കാരം വർഷങ്ങൾ കഴിഞ്ഞ് മടക്കി നൽകുന്നത്  അന്തസ്സില്ലാത്ത നടപടി ആണ്.

ഇത് നയങ്ങളോടുള്ള എതിർപ്പ് ഒന്നുമല്ല. ആരോ എഴുതിയ തിരക്കഥ അനുസരിച്ച് ആടുന്നു. അത്ര തന്നെ. പിന്നെ ഇതിലൂടെ അൽപ്പം പ്രശസ്തി കിട്ടുന്നെങ്കിൽ അതുമാകട്ടെ.

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

കോളേജിൽ ബീഫ് ഫെസ്റ്റ്

സാംസ്കാരിക ഫാസിസം.  അടുത്ത കാലത്ത് കേരളത്തിൽ തലങ്ങും വിലങ്ങും അലക്കുന്ന ഒരു  പ്രയോഗം. പത്രക്കാരും രാഷ്ട്രീയക്കാരും പിന്നെ ''സാംസ്കാരിക'' ക്കാരും. ഇതിൻറെ അർത്ഥം ഒന്നും ഈ പറയുന്നവർക്കൊന്നും അറിയില്ല.   വിഘടന വാദികളും പ്രതിക്രിയാ വാദികളും  അവർക്കിടയിലുള്ള അന്തർധാരയും  വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും   താത്വികമായ അവലോകനം നടത്തുന്ന   പാവങ്ങൾ. അവർ ഉണ്ടാക്കി യെടുത്തതാണ് ഈ    പ്രയോഗം. അതെന്തെന്നു അറിയാതെ കുറെ ആളുകൾ പറഞ്ഞു നടക്കുന്നു.

ഒരു കലാലയത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയിരിക്കുന്നു . തൃശൂർ കേരളവർമ കോളേജിൽ ആണ് ഈ നാടകം അരങ്ങേറിയത്. എന്തിനാണെന്നോ സാംസ്കാരിക ഫാസിസം അവസാനിപ്പിക്കാൻ. അതായത് എവിടെ എന്തും കഴിക്കാൻ അവകാശം ഉണ്ടെന്നു സ്ഥാപിക്കാൻ.  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇറച്ചി ഉണ്ടാക്കുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഏതെങ്കിലും ഒരു പാഠ ഭാഗം പഠിക്കാൻ നിർബ്ബന്ധിക്കുകയൊ ഒഴിവാക്കുകയോ ചെയ്‌താൽ വിദ്യാർത്ഥി പ്രതികരിക്കണം.  പക്ഷെ ബീഫ് ഉണ്ടാക്കുന്നതും തിന്നുന്നതും കോളേജിൽ കൊണ്ട് വരേണ്ട കാര്യം എന്താണ്? എസ.എഫ്.ഐ,ക്കാർക്ക് എന്ത് ചെയ്യണം എന്നറിയില്ല. ഏട്ടൻ പാർട്ടിയുടെ  കാര്യം കഷ്ട്ടമാണ്. അവരാകെ വെകിളി പിടിച്ചിരിക്കുകയാണ്. അതിന്റെ ബാക്കിയാണ്  കുട്ടി സഘാക്കൾക്കു പടർന്നത്.

ഇനി ഇത് ശരിയാണ് എന്ന് പറഞ്ഞ്‌   കോളേജിലെ ഒരു ടീച്ചർ എഴുതി. കോളേജിനെ ആലങ്കാരികമായി വിദ്യയുടെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിൽ അതിന്റെ പ്രാധാന്യവും പരിശുദ്ധിയും പാവനതയും കാണിക്കാനാണ് അങ്ങിനെ ശ്രീ കോവിൽ എന്ന് പറയുന്നത്. ആ വിവര ദോഷിയായ ടീച്ചർ പറയുകയാണ്‌ കോളേജ് ഒരു ശ്രീകോവിൽ, ക്ഷേത്രം ഒന്നുമല്ല. അത് കൊണ്ട് അവിടെ ബീഫ് ഫെസ്റ്റ് നടത്താം എന്ന്. എന്തൊരു അജ്ഞത. ഇവരൊക്കെ അധ്യാപകർ  ആയി തുടരുന്നത് നാടിനും വിദ്യാഭ്യാസത്തിനും അപമാനമാണ്. 

നമ്മുടെ സംസ്കാരത്തിന് എതിര് പറയുന്നത് ഇപ്പോൾ ഒരു ഫാഷൻ ആണ്. ദൈവം എന്ന് പറഞ്ഞാൽ ഉടനെ എതിർക്കുക. നാട് വഴിയിൽ പ്രണയ ചാപല്യം നടത്തരുത് എന്ന് പറഞ്ഞാൽ ഉടനെ എതിർക്കുക. അങ്ങിനെ എന്തിനെയും ഏതിനെയും കണ്ണുമടച്ച് എതിർക്കുക.  നമ്മുടെ സഖാക്കൾ ഇത്തരക്കാരെ   പൊക്കിക്കൊണ്ട് നടക്കും. അങ്ങിനെ എളുപ്പ വഴിയിൽ അൽപ്പം പ്രശസ്തി കിട്ടാനാണ്‌ പാവം നമ്മുടെ ടീച്ചർ  ന്യായീകരിച്ചത്. ഇനി വ്യഭിചാരം പാടില്ല എന്ന് പറഞ്ഞാൽ അത് കോളേജിൽ ഫെസ്റ്റ് നടത്തുമോ എസ.എഫ്.ഐക്കാരേ? ഇനി അത് ശരിയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം ആണെന്ന് പറയുമോ എൻറെ ടീച്ചറേ?  

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കട്ടക്ക് കുപ്പിയേറ്

ക്രിക്കറ്റ് മത്സരത്തിനിടെ കാണികൾ മൈതാനത്തേക്ക്‌ കുപ്പി എറിഞ്ഞു. ഒരു നാണം കെട്ട പണിയായിപ്പോയി. കുപ്പി എറിഞ്ഞതല്ല.  മത്സരം കാണാൻ പോയതാണ് നാണം കെട്ട  പണി. ഇന്ത്യൻ ക്രിക്കറ്റ് എന്താണെന്ന് പത്രം വായിക്കുന്ന ,ടി. വി.കാണുന്ന സാമാന്യ ബോധം ഉള്ള എല്ലാവർക്കും അറിയാം. മൊത്തം കള്ളക്കളി ആണ്.   ഒത്തുകളി കോഴ തുടങ്ങി എല്ലാം തട്ടിപ്പ് ആണ്. കോടികളുടെ തട്ടിപ്പ്. അത് സാധ്യമാക്കി കൊടുക്കുന്നത് കാണികൾ എന്ന് പറയുന്ന ഈ നാറികൾ ആണ്. ക്രിക്കറ്റ് എന്താണെന്ന് അറിയാത്ത ഈ  വർഗം കളി കാണാനായി സ്റ്റെഡിയത്തിൽ ഇടിച്ചു കയറി ക്കൊള്ളും. അത് പറ്റാത്ത വിഡ്ഢികൾ  ടി.വി.യ്ക്ക് മുന്നിൽ നോക്കിയിരിക്കും. ഇവരാണ് കളിക്കാർക്കും,  വാതു വെപ്പുകാർക്കും, ഭരണാധികാരികൾക്കും കോടികൾ ഉണ്ടാക്കി കൊടുക്കുന്നത്.  നമ്മുടെ നാട്ടുകാർ ഇങ്ങിനെ വിഡ്ഢികൾ ആയി രിക്കുന്നിടത്തോളം കാലം ഇവന്മാർ പണം ഉണ്ടാക്കും.


കുപ്പിയേറ് മോശം പണി ആയിപ്പോയി എന്ന് ക്രിക്കറ്റ് ലോകം മൊത്തം പറഞ്ഞു. അവന്മാർ പറയില്ലേ. ഇങ്ങിനെ പോയാൽ ജനങ്ങളെ വലിപ്പിച്ചു കാശ് ഉണ്ടാക്കുന്നത് അധിക നാൾ നടത്താൻ കഴിയില്ലല്ലോ.  റണ്‍സിന് ഇന്ത്യ ഔട്ട്‌. അപ്പോഴാണ്‌ കുപ്പി ഏറു വരുന്നത്. ഇത്രയും നാണം കേട്ട സ്കോർ. പക്ഷെ കളിക്കാർക്ക്‌ യാതൊരു പ്രശ്നവും ഇല്ല. തോറ്റാലും ജയിച്ചാലും പണം കിട്ടും.ഒത്തു കളി ഉണ്ടെങ്കിൽ ആ പണവും കൂടി കിട്ടും. കളി കാണാൻ പോയ  നോക്കികൾക്ക് എന്തോ കിട്ടും? ഉണ്ട കിട്ടും.

ഇതിനിടെ മൈക്കൽ വോണ്‍ പറഞ്ഞ അഭിപ്രായം ആണ് ശരി. അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും കുറെ വർഷത്തേയ്ക്ക് അവരെ ( കട്ടക്ക്) വിലക്കുക. സത്യം പറഞ്ഞാൽ ഇന്ത്യ മൊത്തം വിലക്കുകയാണ് ഏറ്റവും നല്ല മാർഗം. അങ്ങിനെ യെങ്കിലും  ഈ കളി ഒന്നവസാനിച്ചു കാണുമല്ലോ.   

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

കൊച്ചിയിൽ വീട്

സച്ചിൻ തെണ്ടുൽക്കർ കൊച്ചിയിൽ വീട് വാങ്ങിയതിനെ കുറിച്ചാണ് ഇപ്പോൾ കേരളത്തിൽ മുഴുവൻ ചർച്ച നടക്കുന്നത്. പല മ പ്രസിദ്ധീകരണങ്ങളും സചിത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എറണാകുളത്തെ വില്ലയുടെ പടം, ഓരോ മുറിയുടെയും അങ്ങിനെ എല്ലാ ചിത്രങ്ങളും പുറത്തു വന്നു കഴിഞ്ഞു. സച്ചിന് മാത്രമല്ല പ്രാധാന്യം. ആ വില്ല യുടെ നിർമാതാക്കളും ഇന്ന് ഇന്റർവ്യൂ കൊടുക്കുന്നു. അങ്ങിനെ എല്ലാവരും. അവിടത്തെ ഗേറ്റ് കാവൽക്കാരൻ വരെ ഇനി പ്രാധാന്യം ഉള്ളവരാകും.

മലയാളിയുടെ സ്വഭാവം ഇതാണ്. ആരാൻറെ സാധനത്തെ പൊക്കി പറയാനും അതിനു പുറകെ നടക്കാനും ഉള്ള അവന്റെ ആഗ്രഹം.സച്ചിൻ കൊച്ചിയിൽ വീട് വാങ്ങിയാൽ മലയാളിക്ക് എന്ത് ഗുണം? കൊച്ചിക്കാർക്ക്‌ എന്ത് ഗുണം? കേരളത്തിനു എന്ത് ഗുണം? ഒന്നുമില്ല. ആ വില്ല യുടെ മുതലാളിമാർക്ക് കൊള്ളാം. സച്ചിൻ താമസിക്കുന്നു എന്നുള്ളത് കൊണ്ട് പണക്കാരായ പോങ്ങച്ചക്കാർ അവിടെയും അടുത്തും വില്ല വാങ്ങും. എവിടെ താമസിക്കുന്നു എന്ന ചോദ്യത്തിന് സച്ചിന്റെ വില്ലയുടെ അടുത്ത് എന്ന് പറഞ്ഞ് പൊങ്ങച്ചം കാണിക്കാമല്ലോ.അതിനു വേണ്ടി.

ഇവിടെ എത്രയെത്ര പ്രശ്നങ്ങൾ. കൊച്ചി യിൽ നായ ശല്യം. റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. അതൊന്നും നോക്കാൻ ആർക്കും സമയമില്ല. ഇന്നലെയാണ് അവിടെ ലിസി ആശുപത്രിയിൽ  ഒരു നഴ്സ്   വിദ്യാർത്ഥിനി   ചാടി ആത്മഹത്യ ചെയ്തത്. കൊച്ചിക്കാർക്ക്‌ അതൊന്നു അന്വേഷിച്ചു കൂടെ? അതിനൊന്നും വയ്യ. സച്ചിന്റെ വില്ലയെ കുറിച്ച് അൽപ്പം പറഞ്ഞു പൊങ്ങച്ചം അടിക്കാമല്ലോ. അത് മതി വിവര ദോഷിയായ മലയാളിക്ക്.