2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

മംഗൾയാൻ

ഭാരതത്തിൻറെ ചൊവ്വാ പര്യവേക്ഷണ വാഹനം വിജയകരമായി ചൊവ്വാ ഗ്രഹത്തിൻറെ ഭ്രമണ പഥത്തിൽ എത്തിയിരിക്കുന്നു.ഓരോ ഭാരതീയനും അഭിമാനിയ്ക്കാവുന്ന ഉജ്വല നേട്ടം ആണിത്. ഭാരതത്തിന്റെ ആദ്യ ഉദ്യമം തന്നെ വിജയകരമായത്‌ ഈ നേട്ടത്തെ കൂടുതൽ മധുര തരം ആക്കുന്നു. ചൊവ്വ ഗ്രഹത്തിലെത്താൻ ആദ്യ ഉദ്യമത്തിൽ വിജയിക്കുന്ന ഒരേ ഒരു രാജ്യം എന്ന ബഹുമതി കൂടി നമ്മുടെ ഈ മാർസ് ഓർബിറ്റർ മിഷന് ഉണ്ട്. അമേരിക്ക, സോവിയറ്റ്‌, യുറോപ്യൻ എന്ന രാജ്യങ്ങളുടെ കൂടെ  ചൊവ്വയിൽ എത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ.

ഈ വിജയത്തിന്റെ ശിൽപ്പികൾ ഭാരതത്തിൻറെ ശാസ്ത്രജ്ഞർ ആണ്. കഴിഞ്ഞ 300 ദിവസങ്ങളിലായി 650 ദശ ലക്ഷം കിലോ മീറ്ററുകൾ സഞ്ചരിച്ച് ചൊവ്വയിൽ  ഈ പേടകം എത്തിയ്ക്കുകയെന്ന ഇത്രയും സങ്കീർണവും ദുഷ്കരവുമായ ദൗത്യം  വിജയകരമായി പൂർത്തിയാക്കിഎന്നത് നമ്മുടെ  ശാസ്ത്രജ്ഞരുടെ കഴിവ് ആണ് പ്രകടമാക്കുന്നത്. മറ്റു മേഖലകളിൽ, അന്യ രാജ്യങ്ങളിൽ ലഭിച്ചേക്കാവുന്ന വൻ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ത്യജിച്ച് ഒരു സർക്കാർ സ്ഥാപനമായ "ഇസ്രോ" യിൽ ചേർന്ന ഈ ശാസ്ത്രജ്ഞരുടെ  രാജ്യ സ്നേഹവും അർപ്പണ ബോധവും എത്ര പ്രശംസിച്ചാലും മതിയാവില്ല.പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പോലെ വിജയം കൊണ്ട് വരുന്ന ക്രിക്കറ്റ് ടീമിനേക്കാൾ ആയിരം മടങ്ങ്‌ പ്രശംസയാണ് ഈ ശാസ്ത്രജ്ഞർക്ക്  ലഭിയ്ക്കേണ്ടത്.   

ഭൌമ ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന 'ആര്യഭട' എന്ന ഭാരതീയ ശാസ്തജ്ഞനിൽ തുടങ്ങിയ പൈതൃകവും പാരമ്പര്യവും  കാത്തു സൂക്ഷിച്ച നമ്മുടെ  ശാസ്ത്രജ്ഞർ ആണ് നമ്മെ ഇന്ന് ചൊവ്വയുടെ പടി മുറ്റത്ത്‌ എത്തിച്ചത്. ഇതിൽ പങ്കെടുത്ത ഓരോ  ശാസ്ത്രജ്ഞനും നമ്മുടെ വിജയത്തിൻറെ  ഭാഗമാണ്. ഓരോരുത്തരെയും അഭിനന്ദിക്കുന്നു.

കക്ഷി രാഷ്ട്രീയ സംസ്ഥാന ഭേദമന്യേ ഭാരതത്തിൻറെ ഓരോ പൌരന്റെയും അഭിമാനമാണ്ഈ  വിജയംഎന്നിരുന്നാലും  മലയാളികൾക്ക് അഭിമാനിയ്ക്കാനും  ആഹ്ലാദിയ്ക്കാനും  കൂടുതൽ കാര്യങ്ങൾ ഉണ്ട്.  ഭാരതത്തിൻറെ റോക്കറ്റ് വിക്ഷേപണത്തിന്റെ തുടക്കം തിരുവനന്തപുരത്തെ "തുമ്പ ഇക്ക്വിറ്റോറിയൽ റോക്കറ്റ് ലാഞ്ചിംഗ് സ്റ്റെഷൻ' ൽ നിന്നാണ്. ദുരിത പൂർണമായ തുടക്കത്തിൽ നിന്ന് ഇന്നത്തെ നിലയിൽ  എത്തിയ 'വിക്രം സാരാഭായി സ്പേസ് സെന്ററും' 'എൽ.പി.എസ്.സി.' യും ആണ് മംഗൾയാൻറെ പല ഭാഗങ്ങളും രൂപ കൽപ്പന ചെയ്തതും നിർമിച്ചതും. മറ്റൊന്ന് ഇസ്രോ ചെയർമാൻ ശ്രീ കെ. രാധാകൃഷ്ണൻ ഉൾപ്പടെ  പല മിഷനുകളുടെ തലപ്പത്തിരിയ്ക്കുന്നതും പല പ്രധാന പദവികളിൽ ഇരിയ്ക്കുന്നതും മലയാളികൾ ആണ്. അങ്ങിനെ ധാരാളം മലയാളികൾ ഇസ്രോ യിൽ ഉണ്ടെന്നുള്ളത്  മലയാളികളുടെ സ്വകാര്യ അഭിമാനം ആണ്.


ഈ വിജയത്തിന്റെ മുഖ്യ ശിൽപ്പിയും എല്ലാവർക്കുംപ്രചോദനം ആയി നിൽക്കുകയും ചെയ്ത വ്യക്തിയാണ്   ഇസ്രോ ചെയർമാൻ ശ്രീ കെ. രാധാകൃഷ്ണൻ . ശാസ്ത്രവും കലയും അദ്ദേഹത്തിൽ സമജ്ഞസമായി സമ്മേളിച്ചിരിയ്ക്കുന്നു. ലാളിത്യമാണ് അദ്ദേഹത്തിൻറെ മുഖ മുദ്ര.  തിരുവനന്തപുരത്ത് അദ്ദേഹത്തിൻറെ താമസ സ്ഥലത്ത്  സന്ദർശിച്ചത് ഓർമ വരുന്നു. പദവിയുടെ നാട്യമോ കനമോ  ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ. കുറെ നേരത്തെ സൌഹൃദ സംഭാഷണത്തിന്  ശേഷം അവിടെ ഇരുന്ന  കഥകളി വേഷത്തിന്റെ ഒരു ഫോട്ടോ അദ്ദേഹം ചൂണ്ടി ക്കാട്ടി. അത് അദ്ദേഹമായിരുന്നു.  കഥകളിനന്നായി അഭ്യസിച്ചിട്ടുണ്ട്, പല അരങ്ങുകളിലും കളിയ്ക്കുകയും ചെയ്തിട്ടുണ്ട്. അത് പോലെ നല്ലൊരു കർണാടക സംഗീതജ്ഞൻ കൂടിയാണ് അദ്ദേഹം.ഞങ്ങൾ നടത്തിയ ത്യാഗരാജാരാധനയിൽ അദ്ദേഹം ഒരു സംഗീത കച്ചേരി അവതരിപ്പിയ്ക്കുകയും ഉണ്ടായി. 


നമ്മുടെ ജനങ്ങൾക്ക്‌ പൊതുവെ ശാസ്ത്ര ബോധം അൽപ്പം കുറവാണ്. ഒരു നേരത്തെ ഭക്ഷണം നേടാനുള്ള തിരക്കിൽ അതിന്  കഴിയാതെ പോകുന്ന സാധാരണ ജനങ്ങളെ   കുറ്റപ്പെടുത്താൻകഴിയില്ല. വിദ്യാർത്ഥി സമൂഹത്തിനും യുവ തലമുറയ്ക്കും ശാസ്ത്ര ജ്ഞാനവും ശാസ്ത്രീയ മനോഭാവം ഇല്ലാതെ പോകുന്നു. നമ്മുടെ മംഗൾയാൻ ചൊവ്വയിലെയ്ക്കു എത്താൻ കാത്തിരിയ്ക്കുന്ന ദിവസങ്ങൾ. ആ ദിവസങ്ങളിൽ എങ്കിലും തങ്ങളുടെ വിദ്യാർഥികൾക്ക്അതിനെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു കൊടുക്കാൻ  എത്ര അധ്യാപകർ തയ്യാറായിട്ടുണ്ട്? എത്ര സ്കൂളുകളിൽ അതിനെ പറ്റി ചർച്ചകൾ നടന്നിട്ടുണ്ട്? ഉത്തരം ഒരു വട്ട പൂജ്യം ആണെന്ന് പറയാം. അറിയാൻ ആകാംക്ഷ ഇല്ലാത്ത വിദ്യാർത്ഥികൾ. അറിവ് പകരാൻ കഴിവില്ലാത്ത അധ്യാപകർ. അതാണ്‌ നമ്മുടെ യുവ തലമുറ. ഫുട്ട്ബാൾ ലോക കപ്പിന്റെ ദിവസങ്ങളിൽ   അന്യ രാജ്യക്കാരുടെ കുപ്പായ മാതൃകയും അണിഞ്ഞ് കേരളക്കാർ മുഴുവൻ നടന്നല്ലോ. കളിയ്ക്കും കളിക്കാർക്കും വേണ്ടി ഒന്നും ചെയ്യാത്ത ജന പ്രതിനിധികളും രാഷ്ട്രീയക്കാരും ഉൾപ്പടെ എന്തെല്ലാം കാട്ടിക്കൂട്ടി?  അങ്ങിനെ ഒരു ഷോ, അതായത് കാപട്യം, കാണിയ്ക്കാൻ മാത്രമേ നമുക്ക് കഴിയൂ. 

ശാസ്ത്ര ഗവേഷണങ്ങൾ നടത്താൻ  തയ്യാറാകുന്നവർ വളരെ വിരളം. ഗവേഷണ മേഖല തെരഞ്ഞെടുക്കുന്നവർ ആകട്ടെ സൌകര്യങ്ങളുടെ അഭാവം കൊണ്ടും ഉന്നതങ്ങളിലെ അവഗണന കൊണ്ടും വല്ലാതെ കഷ്ട്ടപ്പെടും. പലരും ശാസ്ത്ര ഗവേഷണ മേഖല ഒഴിവാക്കുന്നത് ഇതേ കാരണം കൊണ്ടാണ്. ഭരണത്തിൽ ഇരിയ്ക്കുന്നവരുടെ അജ്ഞതയും അനാസ്ഥയും കൊണ്ടാണ് നമ്മൾ ഈ സ്ഥിതിയിൽ എത്തിയത്. ഏതാണ്ട് നൂറോളം  ശാസ്ത്ര  ഗവേഷണ സ്ഥാപനങ്ങൾ ഭാരതത്തിൽ ഉണ്ട്.  ഐ.എസ്.ആർ.ഒ., ഡി.ആർ.ഡി.ഓ. ബി.എ.ആർ.സി. തുടങ്ങിയ വിരലിൽ എണ്ണാവുന്ന സ്ഥാപങ്ങളിൽ മാത്രമാണ് ശരിയായ പ്രവർത്തനങ്ങൾ നടക്കുന്നത്.   പല സ്ഥാപങ്ങളും ആവശ്യമായ പണം കിട്ടാതെ വിഷമിയ്ക്കുന്നു. ഭരണാധികാരികളുടെ ദീർഘ വീക്ഷണം ഇല്ലായ്മയും അറിവില്ലായ്മയും ആണ് ഈ ദുസ്ഥിതിയ്ക്ക് കാരണം. 

ഇതിനൊരു മാറ്റം വരുന്നു എന്നൊരു തോന്നൽ   ഇസ്രോ ശാസ്ത്രജ്ഞാമാരെ അനുമോദിച്ചു കൊണ്ടുള്ള  നരേന്ദ്ര മോദിയുടെ  പ്രസംഗം കേട്ടപ്പോൾ തോന്നി.  ഒരു തുണ്ട് കടലാസിൽ എഴുതി കൊണ്ട് വരുന്ന ജീവനില്ലാത്ത വാക്കുകളുടെ നിർജീവമായ ഉരുവിടൽ ആയിരുന്നില്ല ആ പ്രസംഗം. ഉള്ളിൽ നിന്നും വരുന്ന ആത്മാർഥമായ വാക്കുകൾ. അറിവിൻറെയും പാണ്ഡിത്യത്തിന്റെയും നൈസർഗിക പ്രകടനം എങ്കിലും ശാസ്ത്ര ലോകത്ത് കടന്നു വരുന്ന ഒരു കുട്ടിയുടെ കൌതുകവും ജിജ്ഞാസയും ആ വാക്കുകളിൽ സ്ഫുരിച്ചു. എത്ര മഹത്തായ സേവനം ആണ് ശാസ്ത്രജ്ഞർ  രാജ്യത്തിന് വേണ്ടി ചെയ്യന്നത് എന്നും എത്രയധികം ആദരവും ബഹുമാനവും അവർ  അർഹിയ്ക്കുന്നു എന്നും  ജനങ്ങളെ ബോധവാന്മാരാക്കി.  ഇത്തരം ശാസ്ത്രീയ മനോഭാവം ഉള്ള  നേതാക്കൾ ആണ് ഭാരതത്തെ മുന്നോട്ടു നയിയ്ക്കാൻ നമുക്ക് വേണ്ടത്.  വിജ്ഞാന കുതുകികളും വിജ്ഞാന ദാഹികളും ആയ ഒരു തലമുറയെ വാർത്തെടുക്കാൻനമ്മുടെ ഭരണാധികാരികൾ പ്രവർത്തിയ്ക്കും എന്ന് ആശിയ്ക്കാം.

2 അഭിപ്രായങ്ങൾ:

  1. When an Australian achieves glory. It is his coutry that takes pride..not his place of birth..why must you look for a mallu in ISRO ? Is he not Indian? Or is the achievement becomes more special when one can find ones own kin in the list?
    India will never find a national identity..till Indians see themselves as Indians, not as mallus, tamilians etc

    മറുപടിഇല്ലാതാക്കൂ
  2. “ It is a proud moment for each and every Indian… I said emphatically. “Irrespective of different political beliefs or different language or States”. that is what I said, Sarah. Then about the Malayali touch. People will be happy to know a friend, an acquaintance or the man next door is involved in such a great achievement. One of my friend’s husband is a senior scientist in VSSC likely to be its next Director. I know him also. So naturally I feel little elated in his success. I know ISRO Chairman personally. So naturally I will be happy for his achievement. Similarly there are lakhs of Malayalis having some connection with the scientists of ISRO, friends, relatives or so, keeping the same feeling. If my child makes some great achievement should I say my child made it or some Indian made it? After all what this national identity and national pride. American soldier killing an Australian and US glorifies and taking pride in that. If that Australian born in US he is a US citizen and story is different. That is it, my dear.

    മറുപടിഇല്ലാതാക്കൂ