Wednesday, July 8, 2015

വിഴിഞ്ഞം വഞ്ചന

അരുവിക്കര കടന്നു കിട്ടാൻ കേരളത്തിലെ ജനങ്ങളെ അതി വിദഗ്ദ്ധമായി  ഉമ്മൻ ചാണ്ടിയും കൂട്ടരും   കബളിപ്പിച്ച തിന്റെ തെളിവുകൾ ഒന്നൊന്നായി പുറത്തു വരുന്നു. അഴിമതിയിൽ മുങ്ങി ക്കുളിച്ചു നിൽക്കുന്ന ചാണ്ടി സർക്കാർ വോട്ടെടുപ്പ് കഴിഞ്ഞ 10 മിനിട്ടുകൾക്കകം, മാണിക്കെതിരെ കുറ്റ പത്രം ഇല്ലെന്ന് വിളംബരം ചെയ്തു. ഇത് നേരത്തെ തീരുമാനിച്ചു വച്ചിരുന്നതാണല്ലോ. ഇത് പുറത്തു പറഞ്ഞാൽ തോറ്റു പോകും എന്നറിയാം. മന്ത്രി സഭ മുഴുവൻ അഴിമതിക്കാർ ആണെന്നും ജനത്തിന് അറിയാം. എന്നിട്ടും, അഴിമതിക്കാരെ ശിക്ഷിപ്പിക്കാൻ സർക്കാർ നടപടി എടുക്കും എന്നുള്ള വിശ്വാസത്തിൽ ആണ്   ജനങ്ങൾ വോട്ട് ചെയ്തത്. വോട്ട്പെട്ടിയിൽ വീണു   നിമിഷങ്ങൾക്കകം  അഴിമതിക്കാരനെ രക്ഷിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്.

അത്പോലെ മറ്റൊരു വഞ്ചന ആണ് പുറത്തു വന്നിരിക്കുന്നത്. അഴിമതിയും സ്വജന പക്ഷപാതവും വികസന മുരടിപ്പും കൊണ്ട് അഭിശപ്തമായ ഒരു ഭരണം ആണ് കഴിഞ്ഞ 4 വർഷമായി  കേരളത്തിൽ നടക്കുന്നത്  എന്നിരിക്കെ, അതിൽ നിന്നും  ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും അത് വഴി വോട്ട് നേടാനും ഉമ്മൻ ചാണ്ടി കണ്ടു പിടിച്ച ഒരു മാർഗം ആണ് വികസനം എന്ന ലേബൽ. അതിന് സൗകര്യ പ്രദമായി വന്ന ഒന്നാണ് വിഴിഞ്ഞം തുറമുഖം. കഴിഞ്ഞ പത്തിരുപതു വർഷമായി  മാർക്സിസ്റ്റ് മുന്നണിയും കോണ്‍ഗ്രസ്സ്  മുന്നണിയും അങ്ങോട്ടും    ഇങ്ങോട്ടും    ഇട്ടു തട്ടിക്കളിചു കൊണ്ടിരുന്ന  വിഴിഞ്ഞം തുറമുഖം നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ജീവൻ വച്ചു. തിരുവനന്തപുരത്തിന് വേണ്ടിയും കേരളത്തിനു വേണ്ടിയും കേന്ദ്ര മന്ത്രി പദം കഴിഞ്ഞതിനു ശേഷവും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഓ. രാജഗോപാലിന്റെയും  ബി.ജെ.പി യുടെയും പ്രവർത്തന ഫലമായി വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ടെണ്ടർ ഏൽക്കാൻ ഒരാൾ, ഒരേ ഒരാൾ,  അദാനി പോർട്സ് മുന്നോട്ടു വന്നു. അങ്ങിനെ വീണു കിട്ടിയ ഒരു അവസരം കേരളം ഉപയോഗിക്കുമ്പോൾ നാടിന്റെ വികസനം ആയിരുന്നു ജനങ്ങളുടെ മനസ്സിൽ.

പക്ഷേ കുടില തന്ത്രങ്ങൾക്ക് കുപ്രസിദ്ധനായ  ഉമ്മൻ ചാണ്ടി ഈ അവസരം സമർത്ഥമായി തന്റെ രാഷ്ട്രീയ  ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ചു. വിഴിഞ്ഞം തുറമുഖത്തിന് അദാനി പോർട്സ് സമർപ്പിച്ച ടെണ്ടർ സ്വീകരിക്കുക ആണെന്നും അതിൽ നിന്നും പുറകോട്ട് പോകില്ല എന്നും പ്രഖ്യാപിച്ചു. ഇതിൽ അഴിമതി ആരോപിച്ച മാർക്സിസ്റ്റ് മുന്നണിയെ വികസന വിരോധികളായി മുദ്ര കുത്താനും ഈ അവസരം ഉപയോഗിച്ചു. മന്ത്രി സഭയെ ക്കൊണ്ട് ഇത് അംഗീകരിപ്പിച്ചു. ഡൽഹിയിൽ പോയി തമ്പുരാട്ടിയെ കണ്ടു കാര്യം പറഞ്ഞു. വിഴിഞ്ഞം തുറമുഖം വന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. സുധീരനും, ചെന്നിത്തലയും, തുറമുഖ മന്ത്രി ബാബുവും, എന്ന് വേണ്ട അരുവിക്കരയിൽ പ്രസംഗിച്ച കോണ്‍ഗ്രസ്സ്കാരും യു.ഡി.എഫ് നേതാക്കളും എല്ലാം വിഴിഞ്ഞം വരുന്നു എന്നും കേരളത്തിൽ വികസന കുതിപ്പ് വരുന്നു എന്നും മൈക്ക് വച്ച് വിളിച്ചു പറഞ്ഞു. അവിടത്തെ സ്ഥാനാർഥിയും ഈ വിഴിഞ്ഞം വികസനം വിളിച്ചു പറഞ്ഞു നടന്നു. 

ആകെ  ഒരു ചെറിയ സാങ്കേതിക പ്രശ്നം മാത്രം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ സ്വീകരിച്ചു കൊണ്ടുള്ള കത്ത് കൊടുത്താൽ  അത് തെരഞ്ഞെടുപ്പു ചട്ട ലംഘനം ആകും. അതിനും ചാണ്ടി ഒരു വഴി കണ്ടെത്തി. ഇത് നേരത്തെ തീരുമാനിച്ച ഒരു കാര്യമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് കൊടുത്തു. അവർ സമ്മതിച്ചു. അപ്പോൾ പറഞ്ഞു, എന്നാലും ചട്ടം തീരുന്നത് വരെ കാത്തിരിക്കാം. ആ  സമയ പരിധി ജൂലായ്‌ 2 നു കഴിഞ്ഞു. മൂന്നാം തീയതി വെള്ളിയാഴ്ച അദാനിയെഇവിടെ വരുത്തി കത്ത് കൊടുക്കും എന്ന് പറഞ്ഞു. കൊടുത്തില്ല. ശനിയാഴ്ച കൊടുക്കും എന്ന് പറഞ്ഞു. കൊടുത്തില്ല. ഇങ്ങിനെ ഓരോ ദിവസവും നീട്ടി ക്കൊണ്ട് പോവുകയാണ്.ഇന്ന് വരെ കൊടുത്തില്ല.

ഇപ്പോഴാണ് വഞ്ചനയുടെ കഥ പുറത്തു വരുന്നത്. കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് വിഴിഞ്ഞം പദ്ധതി അദാനിക്കു കൊടുക്കുന്നതിൽ താൽപ്പര്യം ഇല്ല. കൊടുക്കണ്ട എന്ന് തന്നെ അവർ തീർത്തുപറഞ്ഞു. അതാണ്‌ ഇങ്ങിനെ നീളുന്നത്. അപ്പോൾ മുഖ്യ മന്ത്രി അന്ന് ഡൽഹിയിൽ ചെന്ന് അനുവാദം വാങ്ങിയതോ? അത് കള്ളമായിരുന്നു എന്ന് മനസ്സിലാക്കാം. അരുവിക്കരയിലെ തോൽവി ചാണ്ടിയുടെ വാട്ടർ ലൂ ആകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.  അതൊഴിവാക്കാനാണ് വിഴിഞ്ഞം മുൻ നിർത്തി അരുവിക്കരയിൽ ചാണ്ടി പൊറാട്ട് നാടകം  കളിച്ചതും ജനങ്ങളെ വഞ്ചിച്ചതും.

സോണിയാ ഗാന്ധിയുടെയും മകൻ ഗാന്ധിയുടെയും വൃത്തി കെട്ട ദുരഭിമാനത്തിൽ തകരുന്നത് കേരളത്തിന്റെ വികസന പ്രതീക്ഷ ആണ്. അത്‌ കേരളത്തിലെ ജനങ്ങൾ അനുവദിക്കരുത്. അതിനെതിരായി ജനങ്ങൾ കൂട്ടായി രംഗത്ത് വരണം. ഇവിടെ ബി.ജെ.പി. യ്ക്ക് വലിയ ഒരു ഉത്തരവാദിത്വം ഉണ്ട്. ഇന്ന് കേരളത്തിൽ ഒരു ബദൽ ആയി ജനങ്ങൾ കാണുന്നത് ബി.ജെ.പി., യെ ആണ്. അതിൻറെ ഉദാഹരണമാണ് അരുവിക്കരയിൽ 34145 പേർ അവരിൽ അർപ്പിച്ച വിശ്വാസം. അതിനൊത്ത് അവർ ഉയരണം. അരുവിക്കരയിലെ ജനങ്ങളെ യാണ് നേരിട്ട് കോണ്‍ഗ്രസ് വഞ്ചിച്ചത്. അത് അവരെ ബോധ്യപ്പെടുത്തണം. അതിനായി അരുവിക്കര നിയോജക മണ്ഡലത്തിൽ ജനങ്ങളെ വിളിച്ചു കൂട്ടി വിശദീകരണ യോഗങ്ങൾ നടത്തി ഈ ചതിയുടെയും വഞ്ചനയുടെയും കഥകൾ  ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനുള്ള   ഉത്തരവാദിത്വം ബി,ജെ, പി. ഉടൻ തന്നെ  നിറവേറ്റണം. വിഴിഞ്ഞം കൈ വിട്ടു പോകാതിരിക്കാൻ ഉള്ള മറ്റു നടപടികളും സ്വീകരിക്കണം.1 comment: