2015, ജൂലൈ 29, ബുധനാഴ്‌ച

സ്വപ്ന പദ്ധതി-കലാം

അബ്ദുൽ കലാം വിട വാങ്ങി. ദീർഘ വീക്ഷണമുള്ള, ശാസ്ത്ര ബോധമുള്ള ഒരു മനുഷ്യ സ്നേഹി ആയിരുന്നു ഭാരതത്തിൻറെ മുൻ  രാഷ്ട്രപതി കലാം.  ഇരുപതു വർഷത്തോളം തിരുവനന്തപുരത്ത് താമസിച്ചത് കൊണ്ട് കേരളക്കാരോട് ഒരു പ്രത്യേക സ്നേഹവും അടുപ്പവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളികൾക്ക് തിരികെ അങ്ങോട്ടും അത് പോലെ സ്നേഹമായിരുന്നു.



കേരള രാഷ്ട്രീയ നേതാക്കളെല്ലാം പതിവ് പോലെ ഞെട്ടലും ദുഖവും ഒക്കെ പ്രകടിപ്പിച്ചു. കേരള നിയമ സഭ സമ്മേളനം കൂടി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. നിയമ സഭയുമായി അദ്ദേഹത്തിന് മറ്റൊരു ബന്ധം കൂടിയുണ്ട്. രാഷ്ട്രപതി ആയിരിക്കുമ്പോൾ ഒരിക്കൽ  അദ്ദേഹം കേരള നിയമ സഭയെ  അഭിസംബോധന ചെയ്തിട്ടുണ്ട്.

അന്ന് അദ്ദേഹം  കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒരു പദ്ധതി അവതരിപ്പിച്ചു. പത്തു കാര്യങ്ങൾ ഉള്ള ഒരു സ്വപ്ന പദ്ധതി.

ടൂറിസം വികസനം, ജലപാത വികസനം, വിവര സാങ്കേതിക വിദ്യയുടെ വിപുല ഉപയോഗം, ആയുർവേദ വികസനം, നഴ്സുമാരിലൂടെ വിദേശ നാണ്യ സമ്പാദനം, പ്രത്യേക എക്കണോമിക്  മേഖലയിലൂടെ എൻ.ആർ.ഐ കളെ ആകർഷിക്കുക, ആഴക്കടൽ മീൻ പിടിത്തം, തീരദേശ വികസനം, കാർഷിക വിളകളുടെ മൂല്യ വർദ്ധിത ഉൽപ്പാദനം, ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചെറുകിട വ്യവസായ വികസനം.

2005 ജൂലായ്‌ 28 ന് ആയിരുന്നു അദ്ദേഹം നിയമ സഭയെ അഭിസംബോധന ചെയ്തത്. അന്ന് തലയും കുലുക്കി  അത് കേട്ടിരുന്ന ആളാണ്‌  ഉമ്മൻ ചാണ്ടി. അന്നത്തെ മുഖ്യ മന്ത്രി. ദീർഘ  വീക്ഷണത്തിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് അഗ്രഗണ്യൻ ആണ് ഉമ്മൻ ചാണ്ടി.  കലാം പറഞ്ഞതിനോട് ഒരു 6 കാര്യങ്ങൾ കൂടി ചേർത്ത് ചാണ്ടി 16 ഇനമാക്കി ഒരു വിഷൻ 2015 ഉണ്ടാക്കി. 2015 ൽ പൂർത്തീകരിക്കും എന്ന് പ്രഖ്യാപനവും നടത്തി. 2006 നിയമ സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനുള്ള ഒരു കളി ആയിരുന്നു അതെന്നു ഉമ്മൻ ചാണ്ടിയെ അറിയുന്നവർക്കൊക്കെ അറിയാം. ജനങ്ങളും അത് മനസ്സിലാക്കി ചാണ്ടിയെയും  മുന്നണിയെയും  തോൽപ്പിച്ചു കൊടുത്തു.

അന്ന് കലാമിന്റെ പ്രസംഗം കേട്ട് തല കുലുക്കിയ പ്രതിപക്ഷ നേതാവ് അച്ചുതാനന്ദൻ ആണ് പിന്നീട് 2006 ൽ മുഖ്യ മന്ത്രിയായി വന്നത്. രാഷ്ട്രപതി പറഞ്ഞ 10 കാര്യങ്ങളിൽ ഒന്ന് പോലും 2011 വരെയുള്ള 5 വർഷങ്ങളിൽ അച്യുതാനന്ദനും ഗ്രൂപ്പും ചെയ്തില്ല.

 അതിനു ശേഷം 2011 ൽ വീണ്ടും  ഉമ്മൻ ചാണ്ടി അധികാരത്തിൽ വന്നു. ഏതാണ്ട് അഞ്ചു വർഷം പൂർത്തിയാക്കാറായി. ഈ പ്പറഞ്ഞ 10 കാര്യങ്ങളിൽ ഒരെണ്ണം പോലും ഇത്രയും കാലത്തിനിടെ അദ്ദേഹവും ചെയ്തില്ല. കയ്യിൽ നിന്നിട്ട 6 കാര്യങ്ങളും കൂടി ചേർന്ന വിഷൻ 2015 എവിടെയാണോ ആവോ? ഇപ്പോൾ  വിഷൻ 2016  ആണ് കയ്യിൽ. 2016 ല വരുന്ന നിയമ സഭ തെരഞ്ഞെടുപ്പ്.

രാഷ്ട്രപതിയുടെ 2005 ലെ ആ  പ്രസംഗം കേട്ട 140 എം.എൽ.എ. മാരുണ്ട്. ഇതൊന്നു നടപ്പിലാക്കാൻ അവരിൽ ഒരാൾ പോലും ഒന്നും ചെയ്തില്ല. അത് കഴിഞ്ഞു കുറേപ്പേർ മാറി കുറെപ്പേർ  വന്നു. അങ്ങിനെ  വീണ്ടും ഒരു  140    എം.എൽ.എ.മാർ 2006 മുതൽ 2011 വരെ 5 വർഷം ഉണ്ടായിരുന്നു. ഈ പദ്ധതി നടപ്പാക്കാൻ അവരിൽ ആരും  ഒന്നും ചെയ്തില്ല. അത് കഴിഞ്ഞ്  പഴയതും പുതിയതുമായി വീണ്ടും 140 പേർ 2011 ൽ വന്നു. അവരും ഒരാള് പോലും ഈ പദ്ധതികൾ നടപ്പിലാക്കാൻ ഒന്നും ചെയ്തില്ല. ഇപ്പോൾ 2015 ആയി.

ഇതാണ് കേരളത്തിലെ ഭരണം. പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രം  നടത്തി ഭരിക്കുന്നു. ആ 10 ഇന പദ്ധതികൾ നടപ്പാക്കിയിരുന്നുവെങ്കിൽ കേരളം എത്ര കണ്ടു വികസിക്കുമായിരുന്നു.  ഇങ്ങിനെ എത്ര വർഷങ്ങൾ ആണ് ഇവർ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. നാടിന്റെ വികസനത്തിൽ ഇവർക്കൊന്നും  താൽപ്പര്യവും ഇല്ല. ഉമ്മൻ ചാണ്ടിയ്ക്ക് ഇതൊന്നും ഓർമയില്ല എന്ന് കരുതണ്ട. നല്ല ഓർമയുണ്ട്. പക്ഷെ നാണം മാത്രമില്ല. കലാമിൻറെ  അനുസ്മരണ ചടങ്ങിൽ അന്ന് അദ്ദേഹം നിർദേശിച്ച  പദ്ധതിയെ കുറിച്ച് ഉമ്മൻ ചാണ്ടി പറയുകയുണ്ടായി. ഒന്നും നടപ്പാക്കിയില്ലെങ്കിലും അത് പറയാനുള്ള ഉളുപ്പില്ലായ്മ അതാണ്‌ നമ്മുടെ രാഷ്ട്രീയക്കാരുടെ മുഖ മുദ്ര.

സ്വപ്ന പദ്ധതി എന്ന് നമ്മൾ പറഞ്ഞത് ശരിയാണ്. ഇന്നും അത് സ്വപ്നം ആയി അവശേഷിക്കുന്നു.

5 അഭിപ്രായങ്ങൾ:

  1. നാണം തോറ്റും മുമ്പ് നേരം വെളുത്താല്‍ എന്തുചെയ്യും........

    മറുപടിഇല്ലാതാക്കൂ
  2. വിഷൻ - 2016 എന്നാൽ 2016-ൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്.
    സ്വപ്നപദ്ധതി എന്നാൽ സ്വപ്നമായി നിലകൊള്ളുന്ന പദ്ധതി.
    കൊള്ളാം.... അസ്സലായി.....

    മറുപടിഇല്ലാതാക്കൂ
  3. സ്വപ്ന പദ്ധതി എന്ന് നമ്മൾ
    പറഞ്ഞത് ശരിയാണ്. ഇന്നും
    അത് സ്വപ്നം ആയി അവശേഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ