Sunday, December 13, 2015

പ്രതിമയും ചാണ്ടിയും

ഉമ്മൻ ചാണ്ടിയുടെ കാര്യം മഹാ കഷ്ട്ടം തന്നെ. സരിതയും സോളാറും ബിജു രാധാകൃഷ്ണനും ഒക്കെ കൂടി സാധാരണ ഒരു മനുഷ്യൻ പണ്ടേ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷെ ആളിത് ഉമ്മൻ ചാണ്ടിയാ.  

സ്ഫടികം സിനിമയിൽ  ആട് തോമയെ കുറിച്ച് പറയുന്നത് പോലെ  ഇരട്ടച്ചങ്കാ. ആടിന്റെ പച്ച ചോരയാ കുടിക്കുന്നത്. അതിനൊരു വ്യത്യാസം.  മനുഷ്യന്റെ ചോരയാ കുടിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ. അഴിമതി, പണാപഹരണം അങ്ങിനെ പല പല ആരോപണങ്ങൾ. ഇതാ ഏറ്റവും അവസാനം മറ്റേ ആരോപണവും. സി.ഡി. ഉണ്ടെന്ന് പഴയ ഭർത്താവാ പറയുന്നത്.

അതിനിടയിൽ ആണ് വിളിച്ചുണർത്തി അത്താഴമില്ല എന്ന് വെള്ളാപ്പള്ളി പറയുന്നത്. കൊല്ലത്ത് പഴയ മുഖ്യ മന്ത്രി ആർ. ശങ്കറിന്റെ പ്രതിമ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചാണ്ടി ഉണ്ടായിരുന്നു. ഇന്നലെ നടേശൻ വിളിച്ചു പറഞ്ഞു. "മാഷേ നിങ്ങള് വരണ്ട."  അതാണ്‌ സംഭവം. വെള്ളാപ്പള്ളി നടത്തുന്ന ചടങ്ങ്. അങ്ങേരു ആണ് ആളുകളെ നിശ്ചയിക്കുന്നത്. ആര് വരണം ആര് വരണ്ട എന്ന്. അന്ന് വിളിച്ചു. ശരി അത് കഴിഞ്ഞ് വേണ്ടാന്ന് വച്ചു. അത്ര തന്നെ. 

സമത്വ  മുന്നേറ്റ ജാഥ തുടങ്ങിയ അന്നു  മുതൽ തുടങ്ങിയതാണ്‌  ചാണ്ടി ഈ വെള്ളാപ്പള്ളി നടേശനെ  ചീത്ത  വിളി.  അങ്ങിനെയുള്ള ഉമ്മൻ ചാണ്ടിയെ എന്തിനാണ് ഇങ്ങിനെ ഒരു ചടങ്ങിൽ വിളിച്ചിരുത്തി ആദരിക്കുന്നത്? ഭാരതത്തിന്റെ പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ എന്തിനാണ് ഒരു പദവി നൽകുന്നത്? ഉമ്മൻ ചാണ്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ വായിൽ പ്രസംഗം നടത്തി, അന്യരുടെ ചിലവിൽ  കയ്യടി നേടാൻ, മിടുക്കനാകാൻ എന്തിനു വെള്ളാപ്പള്ളി സൗകര്യം ചെയ്തു കൊടുക്കണം? നിരന്തരം വിമർശിക്കുന്ന ആളിനെ തിരിച്ചു ചീത്ത വിളിച്ചില്ലെങ്കിലും ആദരിക്കാതിരിക്കാനുള്ള വക തിരിവ് വെള്ളാപ്പള്ളി കാണിച്ചുവല്ലോ.അത്  തന്നെ അന്തസ്സ്.  

പിന്നെ മറ്റൊരു കാര്യം. അത്ര നല്ല നിലയിൽ അല്ല ശ്രീ ഉമ്മൻ ചാണ്ടി. കഴിഞ്ഞ കുറെ വർഷങ്ങളായി അഴിമതി ആരോപണങ്ങളിൽ മുങ്ങി ക്കുളിച്ചു നിൽക്കുകയാണ്. തൻറെ തൊലിക്കട്ടി ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും മുഖ്യ മന്ത്രി ആയി തുടരുന്നത്. ഏറ്റവും അവസാനം ലൈംഗിക ആരോപണം കൂടിയാണ് വന്നത്. എല്ലാറ്റിനും തെളിവ് ചോദിക്കുന്ന മുഖ്യ മന്ത്രിക്ക് തെളിവായി സി.ഡി. കൊടുക്കാം എന്ന് ഇപ്പോഴും ബിജു രാധാകൃഷ്ണൻ പറയുന്നു. അങ്ങിനെ  സംശയത്തിൻറെ മുനയിൽ നിൽക്കുന്ന അദ്ദേഹത്തിന് ആ  ചടങ്ങിൽ പങ്കെടുത്ത് പ്രധാന മന്ത്രിയ്ക്ക് നാണക്കേട്‌ ഉണ്ടാക്കണോ?

അന്നത്തെ ദിവസം അതായത് ഡിസംബർ 15, സോളാർ കമ്മീഷനു മുന്നിൽ സരിത തെളിവ് കൊടുക്കുന്ന ദിവസം. അന്ന് എല്ലാം പറയാം എന്ന് കഴിഞ്ഞ തവണ പറഞ്ഞതാണ്. ഇനി അങ്ങിനെ വല്ലതും സംഭവിക്കുമോ? സി.ഡി. ഉണ്ട് എന്ന് വല്ലതും പറഞ്ഞു കളയുമോ? അവരുടെ സെൽഫ് വീഡിയോ വാട്ട്സാപ്പ് വഴി പണ്ട്  ജനങ്ങൾ കണ്ടതാണ്.   അപ്പോൾ അങ്ങിനെ ഒന്നില്ല എന്ന് തീർത്തു പറയാൻ ആർക്കും കഴിയില്ല. പ്രധാന മന്ത്രിയുമൊത്തു വേദിയിൽ ഇരിക്കുമ്പോൾ അങ്ങിനെ വല്ലതും സംഭവിച്ചാലോ? (നാണം കെട്ട്  പ്രധാന മന്ത്രി രാജി വയ്ക്കേണ്ടി വരും). അങ്ങിനെ ഒരു സിറ്റ്യുവെഷൻ ഒഴിവാക്കാനാണ് മുഖ്യ മന്ത്രി ആ ചടങ്ങിൽ വേണ്ട എന്ന് പറഞ്ഞത്.

ഇനി ഉമ്മൻ ചാണ്ടി വെള്ളാപ്പള്ളിയെ എന്തോരം ചീത്ത പറഞ്ഞു? എന്തെല്ലാം വിളിച്ചു? അങ്ങിനെ ഉള്ള ഒരാളിനോടൊപ്പം വേദി പങ്കിടാൻ എന്തിനാണ് മുഖ്യ മന്ത്രി തയ്യാറായത്?

ആരും മോശമല്ല. സുധീരനും  സതീശനും തുടങ്ങി കോണ്‍ഗ്രസ്സിലെ  എല്ലാവരും മുഖ്യ മന്ത്രിയെ ഒഴിവാക്കിയതിനെ വിമർശിച്ചു. അവരും വെള്ളാപ്പള്ളിയെ തെറി വിളിച്ചവർ ആണ്. എന്നിട്ടിപ്പോൾ എന്തിനു വെള്ളാപ്പള്ളിയുടെ പുറകെ പോകണം?

മുഖ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചു കൊണ്ട് നടക്കുന്ന മാർക്സിസ്റ്റ് കാരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിക്കാത്തതിൽ കണ്ണീര്   പൊഴിക്കുന്നത്.

ഈ പൊട്ടന്മാരൊക്കെ പറയുന്നതാണ് "പ്രോട്ടോക്കോൾ".  രമേശ്‌ ചെന്നിത്തലയും അത് പറയുന്നത്  കേട്ടു. ചാനലുകാരും  അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അതനുസരിച്ചു മുഖ്യ മന്ത്രി കൂടി ചടങ്ങിൽ വേണം എന്നാണ്‌. ഇത് വിവര ദോഷം ആണ്. ഒരു  സ്വകാര്യ ചടങ്ങിൽ പ്രധാന മന്ത്രി   പങ്കെടുക്കുമ്പോൾ എന്തിനാണ് മുഖ്യ മന്ത്രി പോകണം എന്ന് ശഠിക്കുന്നത്?  എന്താണ് പ്രോട്ടോക്കോൾ?   ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ആണ് പ്രോട്ടോക്കോൾ. സ്വകാര്യ ചടങ്ങിൽ അത് നടത്തുന്ന ആള് മുഖ്യ മന്ത്രി വേണ്ട എന്ന് വെച്ചാൽ വേണ്ട. അവിടെ പ്രോട്ടോക്കോൾ  എന്നൊരു സാധനം ഇല്ല. നാളെ ബി.ജെ.പി. യുടെ ഒരു  സമ്മേളനത്തിൽ പങ്കെടുക്കാൻ മോദി വരുമ്പോൾ അവിടെയും കസേര വേണമെന്ന് ചാണ്ടി പറയുമോ? അത് പാർടി മീറ്റിംഗ് ആണ് ഒഫിഷ്യൽ അല്ല എന്ന് ഇവർ മറുപടി പറയും. അത് തന്നെയാണ് അവരോടും പറയാനുള്ളത്. ഇതും  സ്വകാര്യ മീറ്റിംഗ്. അത്ര തന്നെ.

4 comments:

 1. എന്തായാലും ആകപ്പാടെ രസം തന്നെ.

  ReplyDelete
  Replies
  1. ഇനിയും എത്രയോ കാണാൻ കിടക്കുന്നു.

   Delete
 2. ഒരു സ്വകാര്യ ചടങ്ങിൽ
  പ്രധാന മന്ത്രി പങ്കെടുക്കുമ്പോൾ
  എന്തിനാണ് മുഖ്യ മന്ത്രി പോകണം എന്ന്
  ശഠിക്കുന്നത്? എന്താണ് പ്രോട്ടോക്കോൾ?
  ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ആണ് പ്രോട്ടോക്കോൾ.

  ReplyDelete
  Replies
  1. അതൊക്കെ ഇവര്ക്കറിയാം മുരളീ. പക്ഷെ ഒരു വിവാദം ഉണ്ടാക്കണ്ടേ

   Delete