Friday, December 25, 2015

കുമ്പസാരം

അടുത്തിടെ രാഷ്ട്രീയത്തിൽ കുമ്പസാരങ്ങൾ കൂടി വരുന്നു. പണ്ട് കാണിച്ച പോക്രിത്തരങ്ങൾ തെറ്റായി എന്ന് ഏറ്റു പറയുന്നു. അന്ന് സ്വന്തം നില ഭദ്രമാക്കാനും മറ്റവൻ  തനിക്കു ഭീഷണി ആകാതിരിക്കാൻ  അവനെ ഒതുക്കാനും, അവൻറെ  അവസരം കൂടി പിടിച്ചെടുക്കാനും, അധികാരവും പണവും ഉണ്ടാക്കാനും നടത്തിയ വൃത്തികെട്ട, നെറികെട്ട, കളികൾ,   അവലബിച്ച അധാർമികമായ മാർഗങ്ങളും പ്രവർത്തികളും അതൊക്കെ തെറ്റായിരുന്നു എന്ന തിരിച്ചറിവ്. അത് ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയക്കാർ കുറ്റം ഏറ്റു പറയുന്നത്.  മരണക്കിടക്കയിൽ കിടക്കുമ്പോഴും യാതൊരു കുറ്റ ബോധവും തോന്നാത്തവരാണ്  ഭൂരിഭാഗവും. "പാണ്ടി മണിയന്റെ"  കഥയിലെ  പോലെ ചാവാൻ കിടക്കുമ്പോഴും എന്തെങ്കിലും ആപ്പ് അടിച്ച് മറ്റുളളവരെ  കുടുക്കാൻ ശ്രമിക്കുന്നവരാണ് രാഷ്ട്രീയക്കാർ.

ഈ വരുന്ന കുമ്പസാരങ്ങളുടെ കാരണങ്ങൾ രണ്ടാണ്.  

1. ഏതാണ്ട് അവസാന കാലം  ഒക്കെ ആകുമ്പോൾ, ഇത്രയും കാലത്തെ കളികൾ കൊണ്ട് നേടിയത് ഒന്നും ശാശ്വതമല്ല എന്ന സത്യം അവർ തിരിച്ചറിയുന്നു. .ഇനി ഈ കളികൾ കൊണ്ട് അർത്ഥം ഇല്ല എന്നും അവർ മനസ്സിലാക്കുന്നു. പശ്ചാത്തപിക്കുന്നു. ജീവിതത്തിന്റെ അന്ത്യ വേളയിൽ ആണ് അവർ സത്യം പുറത്തു പറയാൻ തയ്യാറാകുന്നത്. മനസ്സിൽ ഇനി സൂക്ഷിക്കാൻ കഴിയില്ല എന്നൊരു സ്ഥിതി വരുമ്പോൾ.

2. രണ്ടാമത്തെ  കുമ്പസാരം വീണ്ടുമൊരു തട്ടിപ്പ് ആണ്. ഇത് വരെ തുടർന്നു വന്ന അധാർമിക രാഷ്ട്ട്രീയം, അധാർമിക ജീവിതം അഭംഗുരം  തുടരാൻ നടത്തുന്ന ഒരു കള്ളക്കളി. കുറ്റ ബോധമോ പശ്ചാത്താപമോ ഒന്നുമില്ല. ("പശ്ചാത്താപം മറ്റൊരു തെറ്റ് ചെയ്യാനുള്ള ഉൾപ്രേരണ ആണ്" എന്ന് അവതരണം ഭ്രാന്താലയം എന്ന നാടകത്തിൽ പറയുന്നുണ്ട്).  പാശ്ചാത്തപിക്കുന്നു എന്ന് മറ്റുള്ളവരെ ധരിപ്പിച്ച് ഒരു സിമ്പതി നേടി മറ്റുളളവരെ വിഡ്ഢി കളാക്കാനും സ്വയം മറ്റൊരു അധാർമിക കളി കളിക്കാനുമുള്ള ഒരു കപട നാടകം.

ശ്രീ എ. കെ. ആന്റണി പറയുകയുണ്ടായി വിദ്യാഭ്യാസ മേഖലയിൽ ആകെ അഴിമതി ആണ് എന്ന്. ഇത് ഒരു തരത്തിലുള്ള ഏറ്റു പറച്ചിൽ ആണ്. ഈ അഴിമതി ഉണ്ടാകാൻ  അദ്ദേഹവും ഉത്തരവാദി ആണ്. കേരളത്തിലെ സ്വാശ്രയ വിദ്യഭ്യാസത്തിനു തുടക്കം കുറിച്ചത് അദ്ദേഹമാണ്. സ്വാശ്രയ മേഖലയിൽ കോളേജ് തുടങ്ങാൻ ചോദിച്ചവർക്കൊക്കെ NOC കൊടുത്തു.യാതൊരു നിബന്ധനകളും ഇല്ലാതെ. ഇവർക്ക്  ഇത് നടത്താൻ കഴിവുണ്ടോ,സ്ഥലമുണ്ടോ എന്നൊന്നും നോക്കാതെ. എങ്ങിനെ നടത്തണം എന്ന് ഒരു നിയമവും നിബന്ധനയും നിയന്ത്രണവും  റൂളും വകുപ്പും ഒന്നുമില്ലാതെ ആണ് NOC കൊടുത്തത്. കോളേജുകൾ തുടങ്ങിക്കഴിഞ്ഞാണ്  നിയമം ഉണ്ടാക്കുന്നത്‌. അണ്ടി ആപ്പീസിൽ വരെ (കശുവണ്ടി ഫാക്ടറി) കോളേജുകൾ തുടങ്ങി. പ്രവേശനത്തിന് കുട്ടികളുടെ കയ്യിൽ നിന്നും വൻ തോതിൽ പണം വാങ്ങി. അൻപതും അറുപതും ലക്ഷം ഓരോ മെഡിക്കൽ സീറ്റിനും. നാലും അഞ്ചും ലക്ഷം എന്ജിനീയറിംഗ് സീറ്റിന്. സർക്കാരിന് ഒന്നും ചെയ്യാൻ വയ്യാതെ ആയി. കോളേജ് കാര് പറയുന്നത് പോലെ യാണ് നിയമം. ഇന്നും അത് തുടരുന്നു.

ഇതാണ് ആന്റണി ഇന്ന് തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ കുമ്പസാരം ആത്മാർത്ഥമായി ആണ്. സുഖമില്ലാതെ ചികിത്സയ്ക്ക് അമേരിക്കയിൽ പോകുന്നതിനു മുൻപ് കേരളത്തിൽ വന്നപ്പോഴാണ് വിദ്യാഭ്യാസ രംഗത്തെ അഴിമതിയെ കുറിച്ച് പറഞ്ഞത്. (അദ്ദേഹം അസുഖം ഭേദമായി തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കുന്നു). 

മറ്റൊരു കുമ്പസാരം ചെറിയാൻ ഫിലിപ്പ് നടത്തിയതാണ്. പണ്ട് കരുണാകരനെ ഇറക്കാൻ വലിയ ഗൂഡാലോചന നടന്നു എന്നും എ ഗ്രൂപ്പ് ആണ് അത് നടത്തിയത് എന്നും അതിലൊക്കെ തനിക്ക്  പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കരുണാകരനെ ഇറക്കി ആന്റണി വന്നതും ആന്റണിയെ ഇറക്കി ഉമ്മൻ ചാണ്ടി കയറിയതും ഒക്കെ ഗൂഡാലോചന ആയിരുന്നു എന്നും മറ്റു പലതും അദ്ദേഹം പറഞ്ഞു. ഇതും ആത്മാർത്ഥമായ കുമ്പസാരമാണ്. 

ഇനി മൂന്നാമത് നടന്ന ഒരു കുമ്പസാരം നോക്കാം. അത് നടത്തിയത് സാക്ഷാൽ ശ്രീമാൻ ഉമ്മൻ ചാണ്ടി. പണ്ട് കെ.പി. വിശ്വനാഥൻ മന്ത്രി സഭയിൽ നിന്നും രാജി വച്ചപ്പോൾ ആ രാജി സ്വീകരിച്ചത് തെറ്റായിപ്പോയി എന്ന് ഒരു ഏറ്റു പറച്ചിൽ. ഇത് മുൻപ് പറഞ്ഞ രണ്ടെണ്ണത്തിൽ  കൂട്ടാൻ പറ്റില്ല. ഇത് സ്വന്തം നില നിൽപ്പിനു വേണ്ടി പറഞ്ഞ ഒരു കുറ്റസമ്മതം ആണ്. വിശ്വനാഥൻ അന്ന് രാജി വച്ചിട്ട് അവസാനം കോടതി വെറുതെ വിട്ടു. തിരിച്ചു മന്ത്രി സ്ഥാനം കിട്ടിയതുമില്ല.  ആരെങ്കിലും പറയുന്നത് കേട്ട് മന്ത്രി സ്ഥാനം രാജി വച്ചാൽ കയ്യിലിരുന്ന അധികാരം പോയി  വെറുതെ നടക്കേണ്ടി വരും എന്ന് സമർഥിക്കാൻ ആണ് ഇങ്ങിനെ പറഞ്ഞത്.  അതായത് വിശ്വനാഥനെ പ്പോലെ താൻ രാജി വയ്ക്കേണ്ടതില്ല എന്നർത്ഥം.  അതായത് തട്ടിപ്പ്കുമ്പസാരം.

6 comments:

 1. കൊടി വെച്ച കാർ,മുന്നിലും പുറകിലുമുള്ള പോലിസ്സ്ഗുണ്ടകൾ,നൂറ്റിയിരുപത്‌ കിലോമീറ്റർ സ്പീഡിൽ അലറിപ്പായാനുള്ള ലൈസൻസ്‌,മക്കളുടെ അവിഹിതം മറയ്ക്കാനുള്ള മാർഗ്ഗം.ഇതെല്ലാം കളയാൻ ചാണ്ടിയെന്താ പൊട്ടനാണോ...ഉളുപ്പെന്ന് പറയുന്നത്‌ ഏഴ്‌ തലമുറയ്ക്ക്‌ അടുത്തുകൂടി പോയിട്ടില്ല.

  ReplyDelete
 2. ദാ ഇപ്പോൾ ഇട്ട പോസ്റ്റ്‌ എവിടെ ???കാണുന്നില്ലല്ലോ!!!!

  ReplyDelete
 3. അതെ സുധീ ഇത്രയും സൗകര്യം ആര് കളയും?

  ReplyDelete
 4. എല്ലാവരും വിശുദ്ധരാവാൻ
  വേണ്ടി കുമ്പസാരം നടത്തുന്നു....

  ReplyDelete
  Replies
  1. മാത്രമല്ല അവസാനം ശരിയായ പശ്ചാത്താപം ഉണ്ടാകുന്നതും ആകാം

   Delete