2015, ഡിസംബർ 4, വെള്ളിയാഴ്‌ച

സർക്കാർ ജോലി

തോന്നുമ്പോൾ വരുക. വന്നു കഴിഞ്ഞാൽ തോന്നുന്നത് ചെയ്യുക. തോന്നുമ്പോൾ തിരിച്ചു പോവുക. ഇതാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം സർക്കാർ ഓഫീസുകളിലെയും സ്ഥിതി. ഈ സ്ഥിതി തുടരണം എന്ന് തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ ഓഫീസുകളിലെ രാഷ്ട്രീയ ട്രേഡ് യുണിയനുകളായ അവരുടെ അസ്സോസിയേഷനുകളും പറയുന്നത്.

സമയത്ത് ഓഫീസിൽ വരുകയും പോവുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്താൻ തുടങ്ങി വച്ച "പഞ്ചിംഗ്" എന്ന പരിപാടിയെ ശക്തിയുക്തം എതിർത്ത് യുനിയനുകളും ഉദ്യോഗസ്ഥരും അത് ഒഴിവാക്കി. നാമ മാത്രമായി സെക്രട്ടറി യെറ്റിലോ മറ്റോ ഉണ്ടെങ്കിൽ തന്നെ അത് പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. അഥവാ പ്രവർത്തിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരെ ഭീഷണി പ്പെടുത്തി അത് പ്രകാരം നടപടി എടുക്കാൻ അനുവദിക്കുന്നുമില്ല. 

ഓഫീസിൽ എത്തിയാൽ ഒരു പൈസയുടെ പോലും ജോലി ചെയ്യാതെ യുണിയൻ പ്രവർത്തനവും ആയി നടക്കുന്ന ഒരു കൂട്ടർ. ഇവർക്ക് സർക്കാർ ഇങ്ങിനെ ഒരു സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിരിക്കുകയാണ്. എന്തും ചെയ്യാം. രാഷ്ട്രീയ പാർട്ടികളുടെ  യുണിയൻ ആണ് ഇവിടെ ഉള്ളത്. രാഷ്ട്രീയം നിരോധിച്ച സർക്കാർ സർവീസിൽ.  ഭരണ-പ്രതിപക്ഷ പാർട്ടികളുടെ  എല്ലാം യുനിയനുകൾ ഉണ്ട്. ഓരോ പാർട്ടിക്കും ഓരോ യുണിയൻ. അതിന്റെ നേതാക്കൾ  രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തന്നെ. എം.പി.യോ എം.എൽ.എ. യോ മന്ത്രിയോ ഒക്കെ ആണ് ഇവരുടെ പ്രസിഡന്റ് മാർ. ഇവരുടെ സമ്മേളനത്തിന് ഉദ്ഘാടനത്തിന് പോകുന്നതും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഒക്കെ തന്നെ.

ഓഫീസിൽ എത്തിയാലും പണി ചെയ്യാത്തവരാണ് ഭൂരിഭാഗവും. അവരെ പണിയെടുപ്പിക്കാൻ മേലുദ്യോഗസ്ഥർക്ക് കഴിയില്ല. എന്തെങ്കിലും പറഞ്ഞാൽ,ചെയ്‌താൽ  രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് അതിനെ മറി കടക്കും. വേണമെങ്കിൽ അയാളെ പിന്തിരിപ്പൻ എന്ന് മുദ്ര കുത്തി സ്ഥലം മാറ്റിക്കും. ശമ്പളം വാങ്ങാൻ മാത്രമുള്ള ഒരു ജോലി ആയി മാറിയിരിക്കുന്നു സർക്കാർ ജോലി.

ഇഷ്ട്ടം പോലെ അവധി. എല്ലാ ജാതി മതങ്ങളെയും സംതൃപ്തരാക്കാൻ എല്ലാ ഉത്സവങ്ങൾക്കും അനാവശ്യമായി അവധി നൽകുന്നു. ആറ്റുകാൽ പൊങ്കാല യ്ക്ക് നഗരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിനാൽ അവധി കൊടുത്തു. (കേന്ദ്ര സർക്കാർ അവധി ഇല്ല) അമ്പലത്തിനു കൊടുത്താൽ പകരം മറ്റു ജാതിക്കാർക്കും അവധിയ്ക്ക് അവകാശമില്ലേ? കൊടുത്തു അവധി മുസ്ലിങ്ങൾക്ക്‌. ബീമാ പ്പള്ളി ഉറൂസിന് അപ്പോൾ   ക്രിസ്ത്യാനികൾക്ക് വേണ്ടേ? വേണം അവർക്ക് വെട്ടുകാട് പള്ളി പ്പെരുന്നാളിന്. ഇതാണ് കേരളത്തിലെ സർക്കാരിന്റെ അവധി വ്യവസ്ഥ. 

ഇങ്ങിനെ സർക്കാർ ശമ്പളവും വാങ്ങി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കണം എന്നാണ് ശമ്പള പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയ പഴയ ജസ്റ്റീസ് രാമചന്ദ്രൻ നായർ പറഞ്ഞത്. എല്ലാവരും ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കണം. അവധികൾ കുറയ്ക്കണം. ഇതൊക്കെയാണ് പുള്ളി പറഞ്ഞത്. അങ്ങേർക്കു നേരെ രാഷ്ട്രീയ പാർട്ടികളും സർക്കാർ ഓഫീസ്  ട്രേഡ് യുനിയനുകളും  ഇളകി.   അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്? ശമ്പളം വാങ്ങുന്നവർ പണി എടുക്കണം എന്ന് പറയുന്നതിൽ തെറ്റുണ്ടോ? ജോലി അനുസരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അങ്ങിനെയല്ലേ വേണ്ടത്?

ചില മേഖലകളിൽ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ല. ആരോഗ്യ മേഖലയാണ് നമുക്ക് അറിയാവുന്ന ഒന്ന്. ആശുപത്രികളിൽ ഒന്ന് നോക്കൂ? അവിടെ ആവശ്യത്തിനു ഡോക്ടർ മാരില്ല. നഴ്സുമാരില്ല മറ്റു ജോലിക്കാരില്ല. രോഗികൾ മാത്രം ധാരാളം. എന്ത് കഷ്ട്ടപ്പാടും സഹിച്ച് രാപകൽ ഡ്യൂട്ടി ചെയ്യുന്നവരാണ് അവിടെ. അത് പോലെയാണ്  പോലീസ്. അവിടെയും ഗതി ഇത് തന്നെ. രായും പകലും ജോലി. ഇടയ്ക്ക് ഭക്ഷണം പോലും കിട്ടാറില്ല. അങ്ങിനെ ചിലയിടങ്ങളിൽ ആവശ്യത്തിനു ജോലിക്കാരെ നിയോഗിക്കാതെ ആ പാവങ്ങൾ കഷ്ട്ടപ്പെടുമ്പോൾ ആണ് രാവിലെ എപ്പോഴെങ്കിലും ഓഫീസിൽ എത്തി ചായയും കാപ്പിയും കുടിച്ച് ആസ്വദിച്ചു ജോലിയൊന്നും ചെയ്യാതെ, അഥവാ അൽപ്പം എന്തെങ്കിലും ചെയ്ത് ബസും ട്രെയിനും സൗകര്യം നോക്കി നേരത്തെ ഇറങ്ങി വീട്ടിൽ പോകുന്ന ഒരു വരേണ്യ വർഗം സർക്കാർ ജോലിക്കാർ ഉള്ളത്. അത് മാറ്റണം എന്ന് തന്നെയാണ് രാമചന്ദ്രൻ നായർ പറഞ്ഞത്.

അത് മാറണം എന്ന് തന്നെയാണ് ഇവർക്ക് ശമ്പളം കൊടുക്കുന്ന ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് നടപ്പാക്കുക തന്നെ വേണം.  ഏതായാലും അടുത്ത തവണ ചാണ്ടി തിരികെ വരില്ല. പിന്നെ പോകുന്ന പോക്കിൽ ജനങ്ങൾക്ക്‌ ആദ്യമായി ഒരു ഉപകാരം ചെയ്തു പോയ്ക്കൂടെ ഉമ്മൻ ചാണ്ടീ.

1 അഭിപ്രായം:

  1. ഇങ്ങിനെ സർക്കാർ ശമ്പളവും വാങ്ങി
    രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കണം

    മറുപടിഇല്ലാതാക്കൂ