Saturday, January 10, 2015

ബ്ലോഗ്‌

കഥ, കവിത, ലേഖനം, നിരൂപണം, നോവൽ,അനുഭവങ്ങൾ തുടങ്ങി എന്തും ഏതും സൗജന്യമായി  കിട്ടുന്ന സ്ഥലമാണ് ബ്ലോഗുലകം. ആർക്കും എഴുതാം എന്തും എഴുതാം. വെട്ടാനോ തിരുത്താനോ ചവറ്റു കുട്ടയിൽ വലിച്ചെറിയാനോ പത്രാധിപർ ഇല്ല. എഡിറ്റർ, കമ്പോസർ, പ്രിൻറർ എല്ലാം എഴുത്തുകാരൻ. പിന്നെ  അനുവാചകൻ എന്ന  പദവിയും. ചിലപ്പോൾ വായിയ്ക്കാൻ മറ്റാരുമില്ലാത്ത   സാഹചര്യത്തിൽ   എഴുത്തുകാരൻ  വായനക്കാരനും ആകേണ്ടി  വരുന്നു. ആസ്വാദകനും.

പറയാനുള്ളത് പുറത്തു പറയുക എന്ന കർമം ആണ് എഴുത്തുകാരൻ എഴുതുന്നതിലൂടെ നിർവഹിയ്ക്കുന്നത്.   അത് എഴുതി കഴിയുമ്പോൾ ഉള്ള ആത്മ സംതൃപ്തി. അത് ആളുകൾ വായിക്കുമ്പോൾ ആ സംതൃപ്തി പൂർണതയിലേയ്ക്ക് അടുക്കും. അത് നല്ലതാണെന്ന് വായനക്കാർ പറയുമ്പോൾ  പരി പൂർണ സംതൃപ്തി.

ബ്ലോഗ്‌ വലിയൊരു ലോകം ആണ്. പ്രവാസികൾ ആണ് ബ്ലോഗുലകത്തിൽ കൂടുതൽ ഉള്ളതെന്ന് തോന്നുന്നു. അവരുടെ സാഹചര്യം ആയിരിയ്ക്കാം കാരണം. ജോലി കഴിഞ്ഞു കിട്ടുന്ന ധാരാളം   സമയം. നാട്ടിലാണെങ്കിൽ അൽപ്പം പരദൂഷണം പറയാം.( അത് വിദേശത്തും നടക്കും. പക്ഷേ ആൾക്കാരെ  ഒന്നിച്ചു കിട്ടാൻ ബുദ്ധിമുട്ട് ആണ്), രാഷ്ട്രീയത്തിൽ അൽപ്പം കളിയ്ക്കാം. ബീവറെജസിൽ വരി നിൽക്കാം. അങ്ങിനെ പല കാര്യങ്ങൾ കൊണ്ട്  സമയം പോക്കാം. അന്യ നാട്ടിൽ നിൽക്കുമ്പോഴുള്ള ഒറ്റപ്പെടലിൽ(?) ഉളവാകുന്ന  മാനസികാവസ്ഥയും ബ്ലോഗിൽ വരാൻ പ്രവാസികളെ  പ്രേരിപ്പിച്ചിരിയ്ക്കാം.

അങ്ങിനെ നോക്കുമ്പോൾ ബ്ലോഗുലകത്തിലെ ഒരു പ്രബല ഗ്രൂപ്പ് ആണ്  പ്രവാസി ഗ്രൂപ്പ്. അതിനകത്ത്  ചെറിയ ഗ്രൂപ്പുകൾ ഉണ്ട്.   പിന്നെ പുറത്ത്  വേറെ ചെറിയ  ഗ്രൂപ്പുകൾ. പല പരിഗണനകളാലും താൽപ്പര്യങ്ങളാലും    രൂപപ്പെട്ട ഗ്രൂപ്പുകൾ. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും സഹായിച്ചും കഴിയുന്നു.  കൂട്ടിനായി   ഒരൽപ്പം അസൂയയും കുശുമ്പും. മേമ്പോടിയ്ക്ക് ഒരു കഴഞ്ച്  പൊങ്ങച്ചവും. .

ബ്ലോഗിലെ രചനകൾ. എഴുത്തുകാരൻ സ്വയം പത്രാധിപർ  ആകുമ്പോഴുള്ള നിലവാരക്കുറവു   പ്രശ്നങ്ങൾ സ്വാഭാവികം. ഇപ്പോൾ അച്ചടി പ്രസിദ്ധീകരണങ്ങളിലും മറ്റു പല പരിഗണനകളും ആണല്ലോ രചനകൾ തെരഞ്ഞെടുക്കുന്നതിന് കാണിയ്ക്കുന്നത്.വളരെ നല്ല നിലവാരമുള്ള എഴുത്തുകാരും രചനകളും ബ്ലോഗിൽ ഉണ്ട്.

അഭിപ്രായങ്ങൾ. പല ബ്ലോഗുകളിലും പറയുന്നുണ്ട്, "അഭിപ്രായം എന്തായാലും, നല്ലതായാലും മോശമായാലും, ഒന്ന് പറഞ്ഞിട്ട് പോകൂ" എന്ന്. ചില ബ്ലോഗിൽ  വ്യക്തമായി പറയുന്നുണ്ട്  "നല്ലത് പറഞ്ഞാൽ ഞാനും ആസ്വദിയ്ക്കും"എന്നും. അത് സത്യമായ പ്രസ്താവന.

അഭിപ്രായങ്ങൾ, അത് വായനക്കാരുടെ മനോനില അനുസരിച്ചായിരിയ്ക്കും.
എന്തിനാണ് പിണക്കുന്നത് എന്ന് കരുതി ഒരു "ഒത്തു തീർപ്പ്" അഭിപ്രായം പറയാം. ചില അഭിപ്രായങ്ങളിൽ അൽപ്പം ആക്ഷേപം കലർന്നിട്ടുണ്ടാകാം. അധിക്ഷേപിയ്ക്കുന്ന അഭിപ്രായങ്ങളും സുലഭം. ബഹു ജനം പല വിധം.

അസഹിഷ്ണുത പുലർത്തുന്നവരാണ് അധികം എഴുത്തുകാരും. നല്ലത് മാത്രം കേൾക്കാൻ താൽപ്പര്യം ഉള്ളവർ. വിമർശനം ഇഷ്ട്ടപ്പെടാത്തവർ. താൻ പറയുന്നതാണ്, അത് മാത്രമാണ് ശരി എന്ന് കരുതുന്നവർ. അങ്ങിനെ പോകുന്നു എഴുത്തുകാർ. അത് പോലെ വായനക്കാരും പെരുമാറുമ്പോൾ കാര്യം ഭംഗിയായി.

ഇതൊക്കെയാണ് ബ്ലോഗ്‌ ലോകം എന്ന് ഏഴെട്ടു വർഷം ഈ ബ്ലോഗുകൾ കണ്ടപ്പോൾ തോന്നിയതാണ്.

19 comments:

 1. അതെ ഇതൊക്കെയാണ് ബ്ലോഗുലകം... സത്യസന്ധമായ വിലയിരുത്തല്‍.

  ReplyDelete
  Replies
  1. ആ ഉലകത്തിൽ നമ്മളും അല്ലേ സുധീർ ദാസ്‌.

   Delete
 2. വളരെ ശരിയാണ്. സമാനരീതിയിൽ ചിന്തിക്കുന്ന ഒരുപാട് ആളുകളെ ബ്ലോഗുകളിൽ കാണാൻ കഴിയുന്നു. പിന്നെ ചില വിഷയങ്ങളിൽ ഒരു തുറന്ന പ്രതികരണം നടത്താൻ ഇത്തരം ബ്ലോഗുകൾ വളരെ സഹായകമാണ്.

  ReplyDelete
  Replies
  1. അത് കൊണ്ട് തന്നെയാണ് ഐ ബ്ലോഗുകൾ നില നിൽക്കുന്നത്.

   Delete
 3. എന്നും ബിപിന്ചേട്ടന്‍ ഒരു ഒറ്റയാനാണ്.,,മിക്കവാറും സത്യത്തിന്‍റെ കൂടെ സഞ്ചരിക്കുന്നയാള്‍...എഴുത്ത് എനിക്കിഷ്ട്ടമാണ്...തുടരുക...ആശംസകള്‍

  ReplyDelete
  Replies
  1. എവിടെയോ ഇരിയ്ക്കുന്ന അന്നൂസും എവിടെയോ ഇരിയ്ക്കുന്ന ഞാനും തമ്മിൽ ഒരു ആത്മ ബന്ധം ഉണ്ടാക്കിയത് ഈ ബ്ലോഗ്‌ തന്നെ അന്നൂസേ.

   Delete
 4. ബിപിന്‍ ചേട്ടാ,
  പ്രവാസി ബൂലോകത്തിനു പുറത്ത് എന്നെപ്പോലുള്ള ചില അത്തപ്പാടികളും ഉണ്ട്, കേട്ടോ. കാരണം മാറ്റര്‍ പ്രസിദ്ധീകരിക്കുവാന്‍ ആരേയും കാക്ക പിടിക്കേണ്ടല്ലോ.

  ReplyDelete
  Replies
  1. ലക്ഷ്മണാ, അനിയാ,ആകുലപ്പെടുക വേണ്ട ഒട്ടും തന്നെ നീ. പ്രദേശികൾക്കായി പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കാം നമുക്ക്. പ്രവാസികളുടെ അധീശത്വത്തിനു അവസാനം കുറിയ്ക്കാൻ.

   Delete
 5. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ എല്ലായിടത്തും ഉള്ളതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും. ഓരോ വിഷയയത്തിലും കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്ന വ്യക്തികളില്‍ അവര്‍ അറിയാതെ അവരില്‍ സംഭവിക്കുന്ന ഒരു ഭാവമല്ലേ അതിന് കാരണം എന്നും തോന്നാറുണ്ട്. ബ്ലോഗുകളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ശരിയാണ്. ഓരോ വ്യക്തികളുടെയും മനോഭാവാമാണ് എന്ന് മൊത്തത്തില്‍ പറയാം അല്ലെ.

  ഒരു കണക്കില്‍ പറഞ്ഞാല്‍ ബ്ലോഗില്‍ സാധാരണ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നവര്‍ ആണ് എല്ലാരും എപ്പോഴും എന്ന് പറയാം. അതുകൊണ്ട് അസഹിഷ്ണുതക്ക് ഒരു ഇരുത്തം സംഭാവിക്കുന്നുണ്ട്. എന്നാല്‍ പേരെടുത്ത വലിയ എഴുത്തുകാര്‍ തമ്മില്‍ സംഭവിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. നമ്മള്‍ പത്രങ്ങളിലും ടീവികളിലും കാണുന്ന വമ്പന്മാരുടെ വക പോര് വിളികളും വെല്ലുവിളികളും മറ്റും. അങ്ങിനെ നോക്കുമ്പോള്‍ ബ്ലോഗില്‍ നിസ്സാരം എന്നാണ് തോന്നാറ്. വായനയെ ഒന്ന് ജീവന്‍ വെപ്പിക്കാന്‍ ബ്ലോഗ്‌ സഹായകമായിട്ടുണ്ട്. കൂടാതെ പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ സ്വന്തം രചനകള്‍ പ്രസിദ്ധികരിക്കാം എന്ന സാധ്യത.
  നല്ല വിലയിരുത്തല്‍

  ReplyDelete
 6. അസഹിഷ്ണുതയ്ക്ക് ഇരുത്തം വരുന്നതും,വമ്പൻമാരുടെ പോർ വിളികൾ ബ്ലോഗ്‌ കളികളെ നിഷ്പ്രഭ മാക്കുന്നതും സത്യം റാംജി.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ബിപിൻ സർ,
  അസഹിഷ്ണുത എന്നതു സാഹിത്യലോകത്ത് പൊതുവായി ഉണ്ടെന്നു തോന്നുന്നു.ഒരു പക്ഷേ സ്വന്തം കുഞ്ഞിന്റെ കുറവുകൾ ചൂണ്ടിക്കാട്ടുന്ന ആളോട് ഒരമ്മയ്ക്കു തോന്നുന്നതു പോലെയാണിത് .വിമർശനം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന ഒരാൾക്ക് പോലും സ്വന്തം സൃഷ്ടിയെ തികച്ചും നിഷ്പക്ഷമായി വിലയിരുത്താനാവും എന്നു തോന്നുന്നില്ല .മികച്ചതെന്നു തോന്നുന്നത് ,നല്ലതു കേൾക്കണം എന്ന ആഗ്രഹത്തോടെയാണല്ലോ എല്ലാവരും പ്രസിദ്ധീകരിക്കുന്നത്.അതുകൊണ്ടു തന്നെ ചുരുങ്ങിയ പക്ഷം മനസ്സിൽ നിന്നെങ്കിലും അസഹിഷ്ണുത പൂർണ്ണമായും നീങ്ങില്ല എന്നു തോന്നുന്നു.
  താങ്കളുടെ സത്യസന്ധതയ്ക്കും,നിലപാടുകളിലെ വ്യക്തതയ്ക്കും ആശംസകൾ.

  ReplyDelete
  Replies
  1. കാക്കയ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞ്. ജവൽ പറഞ്ഞത് വളരെ ശരിയാ.

   പക്ഷെ ഒരു കാര്യം കൂടി ഉണ്ട് ജവൽ. ചുറ്റുമുള്ളവർ എഴുതുന്നതും ഈ എഴുത്തുകാർ വായിക്കുമല്ലോ. അപ്പോൾ തൻറെ സൃഷ്ട്ടി എവിടെ നിൽക്കുന്നു എന്ന് മനസ്സിലാകുമല്ലോ

   Delete
 9. ടെലിവിഷൻ നമ്മുടെ വീടിന്റെ അകത്തു എങ്ങിനെ ആണോ അത് പോലെ ആണ് നമുക്ക് ഓരോരുത്തര്ക്കും ബ്ലോഗ്‌ നമ്മളിൽ ഒരാളെ പോലെ ചിരപരിചയം തോന്നും എന്ത് ആവശ്യത്തിനും ഓടി വരുന്ന ഒരു നല്ല അയല്ക്കാരനെ പോലെ ആണ് അഭിപ്രായം എഴുതുന്ന വായനക്കാരൻ, അതിൽ അജിത്‌ ഭായ് മറക്കാനാവില്ല അത് പോലെ ധാരാളം പേര് ബ്ലോഗ്ഗിന്റെ ഭാഗം ആണ് അവരൊക്കെ അവരുടെ അഭിപ്രായവും, ബിപിൻ ചേട്ടന്റെ പഴയ പോസ്റ്റ്‌ എടുത്തു നോക്കിയപ്പോഴാണ് 2008 മുതൽ എഴുതുന്നത്‌ കണ്ടു അതിശയിച്ചു, ബ്ലോഗ്ഗിൽ പൊതുവെ പുതു എഴുത്തുകാരാണ് ഇത്ര ആവേശപൂർവ്വം ഓരോ എഴുത്തിനെയും സമീപിച്ചു കാണാറ്, ഒരു ശരാശരി ബ്ലോഗ്‌ എടുത്തു നോക്കിയാൽ കാണാം എഴുതി തുടങ്ങുന്ന വര്ഷം കത്തികയറി പോകുന്നത് പിന്നെ പതിയെ പതിയെ ഒരിറക്കം പിന്നെ വർഷത്തിൽ പേരിനു ഒന്നോ രണ്ടോ അങ്ങിനെ ശുഷ്കിച്ചു, പക്ഷെ ഇവിടെ അങ്ങിനെ ഒരു മടുപ്പ് കണ്ടില്ല. തുടരുക തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വളരെ പ്രസക്തമാണ് ഒപ്പം നിക്ഷപക്ഷതയും പ്രകടിപ്പിക്കാൻ കഴിയുന്നു എന്നുള്ളതാണ് മഹത്തരം എല്ലാ ആശംസകളും ബ്ലോഗ്ഗിനും താങ്കൾക്കും

  ReplyDelete
  Replies
  1. ബൈജു പറഞ്ഞത് പോലെ നമ്മൾ ഓരോരുത്തരും ഇത്ര അടുപ്പത്തിൽ സംസാരിയ്ക്കുന്നതും ചിര പരിചിതരെ പോലെ ഇടപെടുന്നതും ബ്ലോഗ്‌ എഴുതുന്നത്‌ കൊണ്ടും അതിൽ അഭിപ്രായങ്ങൾ പറയുന്നതും കൊണ്ടും ആണ്.

   ബൈജൂ, ഒരു ആവേശത്തിൽ ആണ് 2008 ൽ ബ്ലോഗ്‌ എഴുതി തുടങ്ങിയത്. ( അതിനു മുൻപ് പത്രങ്ങളിൽ അൽപ്പ സ്വൽപ്പം.) പിന്നെ നോക്കിയപ്പോൾ സംഗതി വലിയ കുഴപ്പമില്ല. അങ്ങിനെ തുടർന്നു.എത്രയോ പേരെ കണ്ടു,വായിച്ചു, പരിചയപ്പെട്ടു.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ. വിവിധ തരക്കാർ. അങ്ങിനെ എന്റെ ലോകവും വലുതായി.

   സ്വന്തം നാട്ടിലുള്ള ബൈജുവിനെ പരിചയപ്പെടാൻ ബ്ലോഗ്‌ ദുബായിൽ നിന്ന് വരേണ്ടിവന്നു.

   പിന്നെ ഇപ്പോഴും ആവേശം ഉണ്ടെന്നു ഓർമിപ്പിച്ച ബൈജുവിന് നന്ദി.

   Delete
 10. കമന്റുകൾ നമുക്കിഷ്ടമാകുന്നില്ലെങ്കിൽ മായ്ചുകളയാനുള്ള സംവിധാനമുള്ളതെന്തായാലും നന്നായി.

  ReplyDelete
 11. എന്നാലും അത് മനസ്സിൽ കിടക്കും ആൾ രൂപൻ . അതെഴുതിയവനോട് ഒരു വൈരാഗ്യവും.

  ReplyDelete
 12. ശരിയാണ് ബിപിൻ. സമകാലികങ്ങളിൽ വരുന്ന രചനകളേക്കാൾ വളരെ മികച്ചവ ഞാൻ ഇവിടെ കണ്ടിട്ടുണ്ട്. അക്ഷരങ്ങളെ തലങ്ങും വിലങ്ങും വെട്ടിമാറ്റി ഒടുക്കം ചവറ്റുകുട്ടയിലേക്ക് ഉന്നം പിടിക്കുന്ന ഇടനിലക്കാരൻ ( എഡിറ്റർ എന്ന പേർ പറയുന്നില്ല) ഇല്ലാത്തതാണ് ബ്ലോഗിനെ ഗ്ലോബിനോളം വലുതാക്കുന്നത്. എഴുതുന്നവന്റെ സ്വാതന്ത്ര്യപ്രഖ്യാപനം അല്ലാതെന്ത് ??

  ReplyDelete
 13. അത് ശരി.അതിൻറെ നിലവാരത്തെ കുറിച്ചും ഓരോ എഴുത്തു കാരനും ബോധവാൻ ആയാൽ മതി.

  ReplyDelete