Sunday, January 18, 2015

മലയാള സിനിമ

ഒരു പാട്ട് രംഗം ചിത്രീകരിയ്ക്കാൻ 1  കോടി രൂപ! ഇതങ്ങ് ബോളിവുഡിലല്ല. ഹോളിവുഡിലും  അല്ല. ഇവിടെ നമ്മുടെ മലയാളം സിനിമയിൽ ആണ്. അത് പോലെ ഏതോ ഒരു   സിനിമ  പിടിയ്ക്കാൻ വേണ്ടി കോടികൾ മുടക്കി തമിഴ് നാട്ടിൽ സ്ഥലം വാങ്ങി ഒരു സെറ്റ് ഉണ്ടാക്കുകയാണ് മറ്റേതോ മലയാളം സിനിമാക്കാരൻ.

 ഇട്ടാ വട്ടത്തിൽ കിടക്കുന്ന ഈ  കൊച്ചു കേരളത്തിലെ ജനങ്ങൾക്ക്‌ വേണ്ടിയാണ്  ഇത്രയും പണം മുടക്കി ഈ ആളുകൾ ഇങ്ങിനെ സിനിമ  പിടിയ്ക്കുന്നത്. ഈ പണമെല്ലാം എവിടന്ന് തിരിച്ചു  കിട്ടും?  പാവം നമ്മൾ തന്നെ കൊടുക്കണം. ആകെ 3 കോടി ജനങ്ങൾ. അവരാണ് ഈ കോടികൾ തിരിച്ചു നൽകേണ്ടത്.

ഹോളിവുഡിൽ  സിനിമ നിർമിയ്ക്കുന്നത് നൂറു കണക്കിന് കോടികൾ മുടക്കിയാണ്.  ഇന്നേവരെ ഇറങ്ങിയതിൽ ഏറ്റവും ചിലവേറിയ സിനിമ 2011ൽ  ഇറങ്ങിയ  Pirates of the Caribbean- On Stranger Tides ആണ്. ആ  സിനിമയുടെ നിർമാണ ചെലവ് എത്രയെന്നറിയാമോ 2400 കോടി രൂപ! നമ്മളെല്ലാം കണ്ട അവതാർ സിനിമയ്ക്ക്  1600 കോടി.ടൈറ്റാനിക് ന് 1800 കോടി. ആ ഇംഗ്ലീഷ് സിനിമകൾ ലോകം മൊത്തം കാണുകയാണ്. എത്ര ചിലവാക്കിയാലും അതിൻറെ പല മടങ്ങ്‌ തിരിച്ചു കിട്ടും. 2400 കോടി രൂപ മുതൽ മുടക്കിയ  Pirates of the Caribbean- On Stranger Tides  സിനിമ കളക്റ്റ് ചെയ്തത്  6000 കോടി രൂപ!

ഇതൊക്കെ കണ്ടു കൊണ്ടാണോ ഇവിടത്തെ സിനിമാക്കാർ പോകുന്നത് എന്ന് സംശയം. അങ്ങിനെയെങ്കിൽ  പഴഞ്ചൊല്ലിൽ പറയുന്നതു പോലെ ആന പിണ്ടം ഇടുന്നത് കണ്ട് ശുനകൻ യത്നിക്കുന്നത് പോലെ ആകും. ഹോളിവുഡ് പോലാണോ കൊച്ചു കേരളത്തിൻറെ സ്ഥിതി. സിനിമ കാണുന്ന ഒരു ചെറിയ സമൂഹം. അവരിൽ നിന്നും ആണ്  ഈ പണം മുഴുവൻ ഉണ്ടാക്കേണ്ടത്. സാറ്റലൈറ്റ് റൈറ്റ് എന്നൊരു സാധനം പ്രതീക്ഷിച്ചാണ് ഇവന്മാരൊക്കെ ഇത്രയും പണം മുടക്കി പടം പിടിയ്ക്കുന്നത്.ടി.വി.യിൽ. കാണിയ്ക്കാൻ ആണീ സാറ്റലൈറ്റ് റൈറ്റ് കൊടുക്കുന്നത്.അത് ചിലപ്പോൾ രണ്ടോ മൂന്നോ കോടികൾ കിട്ടും.  ടി.വി ക്കാരാകട്ടെ ഒരു പടം തന്നെ ആഴ്ചയിൽ 7 ദിവസം കാണിച്ച് മനസ്സ് മടുപ്പിയ്ക്കുന്നു. അതിൻറെ ഇടയിൽ കിട്ടുന്ന പരസ്യത്തിൻറെ പണം ആണ്   അവരുടെ വരുമാനം.

 പുത്തൻ പണക്കാർ ആണ് ഇത്തരം പടങ്ങളുടെ നിർമാതാക്കൾ ആയി വരുന്നത്. സിനിമയുടെ ഗ്ലാമറും സിനിമാ നടിമാരുടെ ഗ്ലാമറും ആണ് ഈ മണ്ടന്മാരെ ഇങ്ങോട്ട് ആകർഷിയ്ക്കുന്നത്. നടിമാരുടെ കാര്യം മിയ്ക്കവാറും നടക്കുകയും ചെയ്യും. നടിമാരുടെ മനോഭാവവും ഇപ്പോൾ അതു പോലെയൊക്കെ   ആണ്. ഇതെന്താ തേഞ്ഞു പോകുമോ?  തേഞ്ഞു പോകുന്നതിന്റെ നേർ വിപരീതമാണ് സത്യത്തിൽ സംഭവിയ്ക്കുന്നത്. ഇടയ്ക്കിടെയുള്ള സിനിമാക്കാരുടെ വിദേശ-ഗൾഫ് പ്രോഗ്രാമുകൾ ആണ് പ്രവാസി പണക്കാരെ നിർമാണ ഫീൽഡിലേയ്ക്ക് ആകർഷിയ്ക്കുന്നത്. 1 ലക്ഷം നാട്ടിൽ കിട്ടുന്ന നടിക്കാണെങ്കിൽ  ഗൾഫിൽ ഒരു 25000.  പക്ഷെ സംഭവം ദിറംസ് ആണ്.  25000 ഗുണം 16.78 സമം 419500.   ഗുണം 3 ലക്ഷത്തി ചില്ല്വാനം. കാര്യം ഒരേ പരിപാടി.  ഇതൊക്കെ കണ്ടും കേട്ടും ചെയ്തും നടക്കുന്ന പണക്കാർ  ഈ വലയത്തിൽ പെട്ടു  സിനിമാ നിർമാതാവ് ആകുന്നു.  ഇവർക്ക് സിനിമയെ പറ്റി ഒരുചുക്കും ചുണ്ണാമ്പും അറിഞ്ഞു കൂടാ.കഥ വേണ്ട, തിരക്കഥ വേണ്ട  സംവിധാനം എങ്ങിനെയെങ്കിലും. അതാണ്‌   ഈ കോടികൾ അടിച്ചു പൊളിയ്ക്കുന്ന പുത്തൻ സിനിമകൾ. ഈ പുതിയ നിർമാതാക്കളെ ചാക്കിടാൻ കഥയും തിരക്കഥയും ആയി പുതു സംവിധായകർ ഓടി നടക്കുകയാണ്.

പഴയ കാല നിർമാതാക്കൾ സിനിമയെ ക്കുറിച്ച് നല്ല വിവരം ഉള്ളവരും നല്ല സിനിമ ഉണ്ടാക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരും അതിന് വേണ്ടി പണം മുടക്കിയവരും ത്യാഗം അനുഭവിച്ചവരും ആണ്. അന്ന് സിനിമ കച്ചവടത്തേക്കാൾ കല ആയിരുന്നു. കുഞ്ചാക്കോ,   സുബ്രമണ്യം,  എം.ഓ. ജോസഫ്,  ഹരി പോത്തൻ, ടി.ഇ. വാസുദേവൻ,കെ.പി. കൊട്ടാരക്കര,  എസ്. കെ.നായർ, ശ്രീകുമാരൻ തമ്പി, ശോഭന പരമേശ്വരൻ നായർ,ശശി കുമാർ, അരോമ മണി, ടി.കെ.ബാലചന്ദ്രൻ,ആർ. എസ്. പ്രഭു, അച്ചാണി രവി  തുടങ്ങിയ  സിനിമാ നിർമാതാക്കളെ ഇന്നും മലയാള സിനിമാ ചരിത്രം  ഒർമിയ്ക്കുന്നത് അവർ വെറും 'പണം മുടക്കുകാർ' മാത്രം അല്ലാതിരുന്നത് കൊണ്ടാണ്. അവർ പ്രഗൽഭർ ആയിരുന്നു.  നല്ല കലാ ഹൃദയം ഉള്ളവർ. സിനിമയെപ്പറ്റി നല്ല ബോധം ഉള്ളവർ. സിനിമയുടെ  ഓരോ കാര്യത്തെ പറ്റിയും വിവരം ഉള്ളവർ, അതിൽ ഗുണ പരമായി ഇട പെടുന്നവർ.   ഇന്നോ നിർമാതാക്കൾ "പണം മുടക്കികൾ"    മാത്രമായി മാറിയിരിയ്ക്കുന്നു.കലാ ബോധം ഇല്ലാത്തവർ  സിനിമയിലൂടെ കുറെ ലൌകിക സുഖങ്ങൾ ആസ്വദിയ്ക്കുക,  പണം ഉണ്ടാക്കുക, പ്രശസ്തി നേടുക, ഇതിനൊക്കെ വേണ്ടിയാണ്  അവർ ഇന്ന് സിനിമ നിർമാതാക്കൾ ആയത്.

ഇതേ ജനുസ്സിൽ പെട്ടവർ തന്നെയാണ് ഇന്നത്തെ സംവിധായകരും. സിനിമ എലിയാണോ പാമ്പാണോ എന്നറിയാത്ത ഒരു  വർഗം. കുറെ ഫോറിൻ സിനിമ കണ്ടിട്ട് അത് കോപ്പി അടിച്ച് സിനിമ ഉണ്ടാക്കുകയാണ് ഒരു കൂട്ടർ.അതിന് പ്രശസ്ത സംവിധായകൻ  പ്രിയദർശൻ  മാർഗ ദർശകൻ ആയി അവരുടെ മുന്നിൽ ഉണ്ട് താനും. ഒട്ടും  തല പുകയുകയും അധ്വാനിയ്ക്കുകയും  ഒന്നും വേണ്ട. അത് കോപ്പി അടിച്ച് അത് പോലെ ഒന്ന് തട്ടിക്കൂട്ടുക. അത്ര തന്നെ. കോപ്പി അടിയ്ക്കാതെ സ്വന്തം ആയി ആണെങ്കിൽ  ഇതേ നിലവാരമുള്ള പുതു മുഖ  തിരകഥാകൃത്ത്‌ക്കൾ നിലവാരം ഇല്ലാത്ത തിരക്കഥയുമായി റെഡി ആണ്. കഥ ഒന്നും കാണുകില്ല. വല്ല കോളേജ് പ്രണയമോ,കഞ്ചാവ് കച്ചവടമോ,കൊച്ചിയിലെ അധോലോകമോ.  അതിൽ ഏതെങ്കിലും ഒന്നെടുത്ത് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി രംഗത്ത് ഇറക്കുക. തെറിയും ദ്വയാർത്ഥ പ്രയോഗവും സംഭാഷണം എഴുതുന്നവൻറെ കൂടെപ്പിറപ്പാണ്.  പിന്നെ പാട്ട്.ഉപകരണങ്ങളുടെ അലറി വിളിയിൽ പാട്ട് കേൾക്കാൻ  കഴിയില്ല. അത് ഒന്ന് നോക്കുകയാണെങ്കിൽ നല്ലത് തന്നെ. കാരണം അതിൽ പാട്ടോ കവിതയോ ഒന്നും ഇല്ലല്ലോ. സംഗീതവും തഥൈവ. വല്ലവന്റെയും പണം അല്ലേ? പിന്നെ എങ്ങിനെ ആയാൽ എന്താ? പണം മുടക്കുന്നവന് ഒട്ടു വിവരവും ഇല്ല.

ഒരു പാട്ടിന് ഒരു കോടി മുടക്കിയ കാര്യം നോക്കാം.എന്തിനാണ് ആ പാട്ട്?കഥയിൽ ആ പാട്ടിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? എന്തെങ്കിലും സ്ഥാനമുണ്ടോ? ആ പാട്ട് ഒന്ന് എടുത്തു മാറ്റി നോക്കൂ.കഥയ്ക്ക്‌ ഒരു വ്യത്യാസവും വരുകില്ല. ചിലപ്പോൾ അത്രയും നന്നാകാനും മതി. അഞ്ഞൂറോ ആയിരമോ പേരെ നിരത്തി, അവർക്ക് തുണിയും മണിയും പിന്നെ സെറ്റിന്റെയും മറ്റു ചിലവുകൾ.അങ്ങിനെയായിരിയ്ക്കും ഒരു കോടി ചിലവായത്.  അഥവാ ആ പാട്ട്  വേണമെന്ന് തന്നെയെങ്കിൽ ഒരു പത്ത് പേരെ വച്ച് എടുത്തു കൂടായിരുന്നോ? പണം കുറേയേറെ കുറഞ്ഞേനെയല്ലോ. ഇനി ഗിന്നസ് ബുക്കിൽ കേറാൻ ആണോ ഈ പാട്ട് എടുത്തത്‌?   ആവശ്യമില്ലാതെ നിർമാതാവിന്റെ പോക്കറ്റ് കാലിയാക്കണം എന്നാണോ സംവിധായകൻറെ ഉദ്ദേശം? നിർമാതാവാകട്ടെ കുറെ നാൾ ഇതിന്റെ കഥയും പറഞ്ഞ് ഗമ അടിച്ചു നടക്കും. പോക്കറ്റ് കീറി അവസാനം എത്തുമ്പോഴാണ് കഥ മനസ്സിലാകുന്നത്‌. അപ്പോഴേയ്ക്കും ആരെങ്കിലും ഒരു കുത്തു പാള സംഘടിപ്പിച്ചു കൊടുക്കും.

"അല്ലിയാമ്പൽ കടവിൽ ",  "താമസമെന്തേ വരുവാൻ", ആയിരം പാദസരങ്ങൾ" "ഉത്തരാ സ്വയംവരം" ഇങ്ങിനെ ആയിരക്കണക്കിന് പാട്ടുകൾ ഇന്നും നില നിൽക്കുന്നത്  കോടി രൂപ  മുടക്കിയത് കൊണ്ടാണോ എന്ന് ഈ പുതു സംവിധായകർ ഒന്ന് ചിന്തിയ്ക്കണം. ( ചിന്താ ശക്തി ഉണ്ടോ ഇവർക്ക്).

ഒരു പാട്ടിന് ഒരു കോടിയ്ക്ക് പുറകെ ഒരു സിനിമ സെറ്റിനു 1 കോടി മുടക്കിയ മറ്റൊരു കഥയും ഉണ്ട്. പൊള്ളാച്ചിയിൽ വസ്തു വാങ്ങി സെറ്റ് ഇട്ട് ആണ് ആ മണ്ടൻ 1 കോടി രൂപ തുലച്ചത്‌.  അത്രയും സെറ്റ് ആവശ്യമാണെന്ന് ആണ് അങ്ങേര് പറയുന്നത്.

ഇതൊക്കെ കഴിവു കെട്ട സംവിധായകരെ ആണ് കാണിയ്ക്കുന്നത്. നല്ലൊരു സിനിമ സവിധാനം ചെയ്യാൻ അവർക്ക് കഴിവില്ല.അവർക്ക് സിനിമ എടുക്കണമെങ്കിൽ,പാട്ട്,സെറ്റ്  അങ്ങിനെ കുറെ കാര്യങ്ങളുടെ സഹായം വേണം. ഒരു സിനിമയിൽ കഥയെ സപ്പോർട്ട് ചെയ്യാനാണ് ചുറ്റുപാടുകൾ വേണ്ടത്.പകരം കഴിവില്ലാത്തവർ സെറ്റിനു പ്രാധാന്യം നൽകി സിനിമ എടുക്കുന്നു. കഥാ പാത്രങ്ങൾക്കാണ് പ്രാധാന്യം വേണ്ടത്. അവരെ ചുറ്റി പ്പറ്റി കഥ വികസിയ്ക്കുന്നു. ഇന്നും പല സിനിമകളും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നത് ആ കഥ നമ്മുടെ ഉള്ളിൽ തട്ടിയത് കൊണ്ടാണ്. ആ കഥാപാത്രങ്ങളുടെ അഭിനയം കൊണ്ടാണ്.അല്ലാതെ സെറ്റ് കൊണ്ടല്ല. ഒരു കോടിയുടെ പാട്ടും കൊണ്ടല്ല. ഇവന്മാരെല്ലാം കൂടി മലയാള സിനിമ നശിപ്പിയ്ക്കുകയാണ്.

ഇത്തരം സിനിമകൾ ഇങ്ങിനെ ധാരാളമായി ഇറങ്ങുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ജനങ്ങൾക്കും   ഒഴിയാനാവില്ല.  കിഴട്ടു തന്തമാർക്ക് ഫാൻസ്‌ അസോസിയേഷനും ഉണ്ടാക്കി തിയേറ്റർ നിരങ്ങുന്ന കുറെ പൊട്ടൻ മാരായ ഫാൻസ്‌. പിന്നെ  എന്ത് തറ പ്പടം ആയാലും തിയേറ്ററിൽ ഇടിച്ചു കയറുന്ന കാണികൾ.  അവർ  തന്നെ ഈ കൂതറ പടങ്ങൾ ജന്മം കൊള്ളുന്നതിന്റെ   പ്രധാന ഉത്തരവാദികൾ. 

ഒരു കപ്പൽ വാങ്ങിയാണോ ഐസൻസ്റ്റൈൻ, "ബാറ്റിൽ ഷിപ്പ് പോറ്റെംകിൻ" എടുത്തത്‌? ലോക വിപ്ലവ ചരിത്രത്തെ സംഗ്രഹിയ്ക്കുകയാണ് അതിലൂടെ  ചെയ്തത്. അങ്ങിനെ എത്രയെത്ര സംവിധായകർ.  ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതമില്ലാതെ അടൂർ ഗോപാലകൃഷ്ണൻ "കൊടിയേറ്റം" എത്ര ഭംഗിയായിഅവതരിപ്പിച്ചു. ഹംഗേറിയൻ  സംവിധായകൻ മിക് ലോസ്‌ ജാങ്ക്സോ കിളികളുടെയും കാറ്റിന്റെയും  ശബ്ദം മാത്രം ആണ്  തന്റെ സിനിമകൾക്ക് കൊടുത്തത്. അത് പോലെ കുറച്ചു മാത്രം സംഗീതം തൻറെ സിനിമകളിൽ ഉപയോഗിച്ചു സത്യജിത്  റായ്. 

സംവിധായകൻ പരാജയപ്പെടുന്നിടത്താണ് സംഗീതത്തിൻറെ ആവശ്യമെന്നു നമ്മുടെ സത്യജിത്  റായ് പറഞ്ഞതാണ് ശരി.

16 comments:

 1. This comment has been removed by the author.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ബോളിവുഡ് സിനിമയെ ( കോളിവുഡിനെയും) അനുകരിച്ചു മലയാളത്തിലും ഒരു പുതിയ പ്രവണത കടന്നു കൂടിയിട്ടുണ്ട്.'ഐറ്റം' ഡാൻസ് അഥവാ ന്യൂ ജനറേഷൻ പേക്കൂത്ത്. തുണിയുണ്ട്....ഇല്ല !!!. ...'ലത്' കണ്ടു....കണ്ടില്ല !!!.തുടങ്ങിയ 4-5 മിനിറ്റു നീളുന്ന സംശയങ്ങൾ മാത്രാണ് ഈ പാട്ടിലുടനീളം നമുക്ക് അനുഭവപ്പെടുക. പോരെങ്കിൽ, കഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആയിരിക്കും (നിർമ്മാതാവ്) നൃത്ത "ചുവടുകൾ" തിട്ടപ്പെടുത്തിയിരിക്കുന്നത്. ചില മലയാള സിനിമകൾ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോന്നീട്ടുണ്ട്.

  ReplyDelete
  Replies
  1. നമ്മളെ ഇക്കിളിപ്പെടുത്താനാണ് ഈ ഐറ്റം ഡാൻസ്. ഐ. എന്ന ഞാൻ പറഞ്ഞത് പോലെ "ലത് " കാണിയ്ക്കാൻ. അതിന് മാത്രമായി expensive നടികൾ വരുന്നുണ്ട്. എന്താ കഥ. ഇത്തരം പടങ്ങൾ നമുക്ക് ഒഴിവാക്കാം.

   Delete
 4. ചിന്തിക്കേണ്ട വിഷയം തന്നെ!

  ReplyDelete
  Replies
  1. ചിന്തിച്ചാൽ മാത്രം പോരാ.നമ്മളിവരെ ഒഴിവാക്കുക തന്നെ വേണം.

   Delete
 5. നമ്മൾ പറയാനാഗ്രഹിച്ചിരുന്ന ഒന്ന് മറ്റൊരാൾ വെട്ടിത്തുറന്നങ്ങു പറയുമ്പോൾ തോന്നുന്ന കറുത്ത നിർവൃതിയുണ്ടല്ലോ? ഞാനിപ്പോൾ അതിലാണ് ! പ്രവാസികൾ, ഗൾഫ് പ്രത്യേകിച്ച്, നാട്ടിൽ ജീവിതനിലവാരം ഉയർത്തിയെന്നതിന്റെ മറുവശമാണ് ഈ കാണുന്ന അപചയങ്ങളത്രയും.ഇതൊക്കെ നെഞ്ചോടു ചേർക്കാൻ അസ്വാദകവൃന്ദം അരമുറുക്കി നിൽപ്പുണ്ടു താനും.മടക്കമില്ലാത്ത ദുരന്തയാത്രയാണ് ഇതെന്ന ചിന്ത നമ്മെയൊക്കെ നിരുന്മേഷത്തിലാക്കുകയാണ്; ബിപിൻ, താങ്കളുടെ കുറിപ്പ് ലക്ഷ്യം കണ്ടു.

  ReplyDelete
  Replies
  1. ആസ്വാദക വൃന്ദം വിവര ദോഷികൾ ആണ്. അവരെ നമ്മൾ ഒതുക്കണം.എന്നാലെ ഈ ദുരന്തത്തിൽ നിന്നും കര കയറാൻ കഴിയൂ ശശി കുമാർ

   Delete
 6. പല പുതിയ പാട്ടുകളും കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.. ഞാനിപ്പോഴും പഴയകാല ഗാനങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ്.. പക്ഷെ ഇന്ന് കാണുന്നവന്റെ ചിന്താഗതിയും മാറി എന്ന് വേണം പറയാൻ. ഒരു ദിവസം റൂമിലേയ്ക്ക് കയറി വന്ന കൂട്ടുകാരി കേൾക്കുന്നത് ഹെഡ്ഫോണിനു പകരം ഉറക്കെ ഇട്ടു ഞാൻ കേട്ടുകൊണ്ടിരുന്ന ചില പഴയകാല നിത്യഹരിത ഗാനങ്ങൾ ആയിരുന്നു. അവളുടെ മറുപടി "എന്ത് പറ്റി ഇതൊക്കെ കേൾക്കാൻ..? എന്തെങ്കിലും വിഷമത്തിലാണോ ?" എന്നായിരുന്നു.. തട്ടുപൊളിപ്പൻ പാട്ടുകൾ ആണെങ്കിൽ അതോടൊപ്പം ചേരുകയും ചെയ്യും അക്കൂട്ടർ. ഇതിനിടയും ഇപ്പോളും നല്ല കഥയുള്ള സിനിമകൾ ഇറങ്ങുന്നുമുണ്ട്..

  ReplyDelete
  Replies
  1. നല്ല സിനിമകൾ ഇറങ്ങട്ടെ. അതാണ്‌ നമുക്ക് വേണ്ടത്. നിത്യ ഹരിത ഗാനങ്ങൾ ഇനിയും കേട്ടോളൂ കുഞ്ഞുറുമ്പേ... എന്ത് സുഖമാണ് അത് കേൾക്കാൻ. അല്ലേ. ഇന്നലെ നീയൊരു സുന്ദര രാഗമായെൻ ......മാമക കരാംഗുലി ചുംബന ലഹരിയിൽ .....

   Delete
 7. പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നെങ്കിലും ചിലത് കൂടി പറയട്ടെ .. സിനിമക്ക് കോടികൾ മുടക്കുന്നതിന് ഞാൻ എതിരല്ല ..പക്ഷെ പണം എത്രത്തോളം സിനിമയുടെ നിലവാരത്തെ ബാധിച്ചു കിടക്കുന്നു എന്നത് നോക്കണം .. മലയാള സിനിമക്ക് ലോക മാർക്കറ്റ് ഇല്ല അത് കൊണ്ട് ചിലവ് കുറഞ്ഞ സിനിമകളാണ് വേണ്ടത് എന്നുള്ള അഭിപ്രായത്തോടും യോജിപ്പില്ല .. ഒരു പാട്ടിനായി ഒരു കോടി മുടക്കി എന്നതും സെറ്റിനു വേണ്ടി കോടികൾ ചിലവാക്കി എന്നതും ഞാൻ ഒരു തെറ്റായി കാണുന്നില്ല ..എന്നാൽ ഈ ചിലവാക്കിയതൊക്കെ സിനിമയുടെ നിലവാരവുമായോ കഥാപരിസരവുമായോ ഒരു ബന്ധവും ഇല്ലാതെ വെറും പുറം മോടിക്കായി ചെയ്തതാണെങ്കിൽ എതിർപ്പുണ്ട് .. ഇയ്യോബിന്റെ പുസ്തകം പോലുള്ള സിനിമകളിൽ പണം വാരി ചിലവാക്കിയാൽ അത് സിനിമയുടെ മൊത്തത്തിലുള്ള പെർഫെക്ഷന് വേണ്ടിയാണ് എന്ന് പറയാം ..എന്നാൽ കസിൻസ് പോലുള്ള സിനിമയിലെ ഒരു പാട്ടിന് വേണ്ടി ഒരു പ്രസക്തിയുമില്ലാത്ത ഒന്നിനായി പണം ചിലവാക്കുന്നത് നല്ലൊരു സിനിമാ സംസ്ക്കാരമായി കാണാനാകില്ല ..

  ReplyDelete
  Replies
  1. പ്രവീണേ, ഞാൻ പറഞ്ഞതും പ്രവീണ്‍ പറഞ്ഞതും ഒന്ന്."ഒരു പാട്ടിന് ഒരു കോടി മുടക്കിയ കാര്യം നോക്കാം.എന്തിനാണ് ആ പാട്ട്?കഥയിൽ ആ പാട്ടിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? എന്തെങ്കിലും സ്ഥാനമുണ്ടോ? ആ പാട്ട് ഒന്ന് എടുത്തു മാറ്റി നോക്കൂ.കഥയ്ക്ക്‌ ഒരു വ്യത്യാസവും വരുകില്ല". "ഒരു സിനിമയിൽ കഥയെ സപ്പോർട്ട് ചെയ്യാനാണ് ചുറ്റുപാടുകൾ വേണ്ടത്.പകരം കഴിവില്ലാത്തവർ സെറ്റിനു പ്രാധാന്യം നൽകി സിനിമ എടുക്കുന്നു. കഥാ പാത്രങ്ങൾക്കാണ് പ്രാധാന്യം വേണ്ടത്.".

   പിന്നെ പ്രവീണ്‍ പറഞ്ഞ കോടികൾ മുടക്കുന്നതു ശരിയല്ല.കാരണം.എവിടന്നു കിട്ടുമീ കോടികൾ തിരിച്ച് ?

   പ്രവീണ്‍ സിനിമ മനസ്സിൽ ഇട്ടു നടന്ന ആളാണ്‌ അല്ലേ? അത് കളയല്ലേ. അത് പുറത്തെടുത്ത് അവിടെ വെറുതെ ഇരിയ്ക്കുമ്പോൾ ഒരു കഥ,തിരക്കഥ ഉണ്ടാക്കൂ. പണം കുറച്ചു നമുക്ക് നല്ല സിനിമ എടുക്കാം.

   Delete
 8. Replies
  1. നന്ദി പ്രവീണ്‍ ..ഒരായിരം നന്ദി. ( അയാൾ കഥയെഴുതുകയാണ്)

   Delete
 9. കലയും കച്ചവടവും കൃത്യമായ അനുപാതത്തില്‍ സമ്മേളിക്കുമ്പോഴാണ് ഒരു നല്ല സിനിമ പിറവിയെടുക്കുന്നത്. പക്ഷെ കാലപ്രയാണത്തില്‍, സിനിമയില്‍ കല കുറയുകയും കച്ചവടം കൂടുകയും ചെയ്തു.

  ReplyDelete
  Replies
  1. ഇപ്പം ഫുൾ കച്ചവടം ആണ്. എന്നാൽ അത് വിറ്റ് പോകുന്നുണ്ടോ. അതും ഇല്ല. 2014 ൽ രണ്ടോ മൂന്നോ പടം ഒഴിച്ച് ബാക്കിയെല്ലാം ബോക്സ്‌ ഓഫീസിൽ പൊട്ടി. ഇപ്പം അവന്മാരുടെ അപ്പീസും പൂട്ടി ബോക്സ്‌ മാത്രമായി.

   Delete