2015, ജനുവരി 31, ശനിയാഴ്‌ച

ജീരക കോഴി.

"വൈറ്റ് ലഗോണ്‍,ബ്ലാക്ക് മിനോർക്ക,  റോഡ്‌ ഐലന്ഡ് റെഡ് തുടങ്ങിയ ഇനം കോഴികളെയാണ് വീട്ടിൽ വളർത്തുന്നത്" എന്ന്  സ്കൂളിൽ പഠിച്ചത് ഓർമ വന്നു. അതിലൊന്നും ഈ ജീരക കോഴി ഇല്ല. ഇനി വെച്ചൂർ പശു പോലെ കേരളത്തിൻറെ  തനതായ ഇനം വല്ലതുമാണോ? 

വാരികയിലെ പാചക പംക്തി യിൽ  ജീരക കോഴി  എന്നെഴുതിയതിന്റെ  ബാക്കി വായിച്ചു നോക്കി.സംഭവം അതൊന്നുമല്ല. ഇത് പാകം ചെയ്ത കോഴിക്കറി യുടെ പേരാണ്. ഇപ്പോൾ എല്ലാ പ്രസിദ്ധീകരണങ്ങളിലും ഈ പാചക പംക്തി ഉണ്ട്.  ഇത് തുടങ്ങി വച്ചത്  മിസ്സിസ് കെ.എം. മാത്യു ആണ്. മനോരമയിൽ.നിറുത്തില്ലാതെ നിരന്തരം അവർ എഴുതി. ആർക്കെങ്കിലും ആവലാതി വല്ലതും പറയാൻ പറ്റുമോ? സ്വന്തം പത്രം,വാരിക. ഇഷ്ട്ടം പോലെ എഴുതും. അത്ര തന്നെ. അതു കണ്ട് മറ്റു വാരികകളും തുടങ്ങി. പെണ്‍ വാരികകൾ തുടങ്ങിയതോടെയാണ് ഈ പാചക പംക്തി അങ്ങ് വിശാലമാകുന്നത്.  വിവിധ തരം വിവഭവങ്ങൾ. അവയുടെ കൊതി പിടിപ്പിയ്ക്കുന്ന കളർ ഫോട്ടോകൾ .അങ്ങിനെ ഇതൊരു വലിയ പ്രസ്ഥാനമായി മാറി. വായനക്കാരുടെ റെസീപ്പി പ്രസിദ്ധീകരിയ്ക്കുന്ന ഒരു തന്ത്രം കൂടി ഈ പ്രസിദ്ധീകരണങ്ങൾക്കുണ്ട്. പാവം വീട്ടമ്മമാർ  കഷ്ട്ടപ്പെട്ട് ഓരോന്ന് എഴുതി ഉണ്ടാക്കി അയച്ചു കൊടുക്കും.  പേര് വരുമല്ലോ.  

അപ്പോഴാണ്‌ ചാനലുകാർ ഇതിൻറെ മറ്റൊരു സാധ്യത കാണുന്നതും അത് പ്രയോജനപ്പെടുത്തുന്നതും. പാചകം ചെയ്യുന്നത് നേരിട്ട് പ്രേക്ഷകനെ കാണിയ്ക്കുക എന്ന സാധ്യത. എല്ലാ ചാനലിലും ഈ പരിപാടി അനുസ്യുതം തുടരുന്നു. അത് കൂടുതൽ പോപ്പുലർ ആക്കിയത് ലക്ഷ്മി നായർ ആണ്. ഇപ്പോൾ ഒരു പടി കൂടി കടന്ന് സ്റ്റുഡിയോ ഫ്ലോർ വിട്ട് ഹോട്ടലുകളുടെ അടുക്കളകളിൽ നിന്നും ആണ്  എല്ലാ ചാനലുകളും പാചകം ചെയ്യുന്നത്. കള്ള് ഷാപ്പുകൾ പോലും വിട്ടിട്ടില്ല.

അപ്പോൾ മറ്റൊരു സാധ്യത കൂടി  മിടുക്കന്മാർ  കണ്ടു പിടിച്ചു. ഓണ്‍ ലൈൻ കുക്കിംഗ്. കുക്ക് ചെയ്യുന്ന വിധം അപ് ലോഡ് ചെയ്യുക. ടെലിഫോണിൽ ഡൌണ്‍ ലോഡ് ചെയ്ത് ലൈവ് കേട്ട്,  കണ്ടു കൊണ്ട് അടുക്കളയിൽ നിന്ന് ചെയ്യാം.

"സവാള വഴറ്റുക. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർക്കുക..പച്ച മുളക് കീറിയത് ഇടുക.  മഞ്ഞൾ,മല്ലി,മുളക് പൊടികൾ ഇടുക. ഗരം മസാല അല്ലെങ്കിൽ കറി  മസാല ചേർക്കുക.  കോഴി/ ആട് / കാള/ പോത്ത്/ പന്നി ഏതെങ്കിലും ഇടുക. ആവശ്യത്തിന് ഉപ്പ്. വെള്ളം. മല്ലിയില ചേർക്കുക.  വേവിയ്ക്കുക. രുചികരമായ ....... റെഡി. "

ഏത്  റെസിപ്പി നോക്കിയാലും സംഭവം ഈ ഐറ്റംസ് തന്നെ. ഇതല്ലാതെ മറ്റൊന്നും ഇല്ല താനും. പിന്നെ ആകെയുള്ളത് അവസാനത്തെ,  അൽപ്പം പാഴ്സിലി ലീവ്സ്‌ ആഡ് ചെയ്യൂ,  അൽപ്പം  സ്പ്രിങ്ങ് അണിയൻ ആഡ് ചെയ്യൂ, ബേസിൽ ആഡ് ചെയ്യൂ ,ബേ  ലീഫ് ആഡ് ചെയ്യൂ, ടാർടാർ സോസ്  ആഡ് ചെയ്യൂ, മേഹ്യാവാ  സോസ് ആഡ് ചെയ്യൂ, ക്രീം  ആഡ് ചെയ്യൂ  എന്നൊക്കെയുള്ള  ഡയറക്ഷൻ.  അതാണ്‌ കളി. 

ഇനി പേരി ടൽ ചടങ്ങ്  മാത്രം. മനോധർമവും ഭാവനയും അനുസരിച്ചുള്ള ഒരു പേര് അങ്ങ് ചാർത്തുക.സംഭവം റെഡി. 

പിന്നെ അലങ്കാരമാണ്. എന്ത്?  അഹങ്കാരമോ? സോറി.  ഗാർണിഷിങ്ങ്. ഭക്ഷണത്തിന്റെ അപ്പിയറൻസ് കൂടുതൽ മനോഹരവും ആസ്വാദ്യകരവും ആക്കുകയാണ് ഈ ഗാർണിഷിങ്ങ് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. പക്ഷേ  കേരളത്തിലെ എല്ലാ ഷെഫ് മാരും അഞ്ചും ഏഴും സ്റ്റാർ ഹോട്ടലുകാർ ഉൾപ്പടെ ഉള്ളവർ, അതിൻറെ ഭംഗി നശിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. പ്ലേറ്റിൽ കുറെ തക്കാളിയോ ഉള്ളിയോ അരിഞ്ഞു ചുറ്റും വയ്ക്കുന്ന ഒരു കൂട്ടർ. പിന്നെ യുള്ളത്  മല്ലിയില വാരി നിറയ്ക്കുക എന്ന പരിപാടി ആണ്. ഇതെല്ലാം കഴിയുമ്പോൾ ഉണ്ടാക്കിയ സാധനം കാണാൻ ഇല്ലാതെ ഇലയും ഉള്ളിയും മറ്റും മാത്രമാകും കാണാൻ കഴിയുക. 

ചുക്ക് ചേരാത്ത കഷായം ഉണ്ടോ എന്ന ചൊല്ല് പോലെ ആണ് ഇന്ന് മല്ലിയിലയുടെ സ്ഥിതി . എല്ലാം മല്ലിയില മയം. ബംഗാളികൾ നമ്മുടെ ഹോട്ടൽ അടുക്കളൾ കൈവശപ്പെടുത്തിയത് കൊണ്ടാണോ ഇത് എന്ന് അറിയില്ല. എല്ലാറ്റിലും ഇടും. സാമ്പാർ, രസം,പച്ചടി തുടങ്ങി  ഇനി പായസത്തിൽ കൂടി മല്ലിയില  ഇടുന്ന കാലം  വരും. 

ഇതൊക്കെ കണ്ടും കേട്ടും പാവങ്ങളായ നമ്മുടെ വീട്ടമ്മമാർ ഈ പാഴ്സിലി ലീവ്സും മേഹ്യാവാ  സോസും വാങ്ങി കുറെ പണം കളയും.ഒന്നും ശരിയാവാതെ അവസാനം ഏതെങ്കിലും വലിയ ഹോട്ടലിൽ പോയി പാവം ഗൃഹ നാഥന്റെ പോക്കറ്റ് കാലിയാക്കും.  ഹോട്ടലുകാർ ചേർക്കുന്ന അജിന മോട്ടോയും കൃത്രിമ നിറങ്ങളും വിഷങ്ങളും കഴിച്ച് സന്തോഷത്തോടെ കഴിയുന്നു.





4 അഭിപ്രായങ്ങൾ:

  1. ചുക്ക് ചേരാത്ത കഷായം ഉണ്ടോ എന്ന ചൊല്ല് പോലെ ആണ് ഇന്ന് മല്ലിയിലയുടെ സ്ഥിതി . എല്ലാം മല്ലിയില മയം. ബംഗാളികൾ നമ്മുടെ ഹോട്ടൽ അടുക്കളൾ കൈവശപ്പെടുത്തിയത് കൊണ്ടാണോ ഇത് എന്ന് അറിയില്ല. എല്ലാറ്റിലും ഇടും. സാമ്പാർ, രസം,പച്ചടി തുടങ്ങി ഇനി പായസത്തിൽ കൂടി ഇടുന്ന കാലം വരും.

    ചാനൽ കം ഓൺ -ലൈൻ പാചകങ്ങളില്ലെങ്കിൽ ഇന്ന് സകലരും പട്ടിണിയായേനെ അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ മുരളീ മുകുന്ദൻ. ഒറിജിനൽ പാചകം എല്ലാവരും മറന്നു പോയിരിയ്ക്കുന്നു

      ഇല്ലാതാക്കൂ
  2. ടീവിയിലെ മറ്റു പല ബോറ് പരിപാടികളെക്കാളും ഉപകാരപ്രദമാണ് കുക്കറി ഷോ. ഓണ്‍ലൈൻ റെസിപ്പികളും അങ്ങനെ തന്നെ. അറ്റ്ലീസ്റ്റ് കുക്കിംഗ് അറിയാത്ത ബാച്ചിലേഴ്സിനെങ്കിലും. കറിയും വെക്കാം. കുക്കിംഗ് അറിയാത്ത കാര്യം ആരും അറിയാനും പോകുന്നില്ല. പിന്നെ, നോണ്‍ വെജ്ജിനാണ് ഒരേ രീതി. സാംബാർ, കാളൻ, പച്ചടി, തീയൽ, അവിയൽ ഒക്കെ ഒന്നിനൊന്നു വ്യത്യസ്തമാണ്. ഓർത്തിരിക്കാനും ബുദ്ധിമുട്ടാണ്. സോ, ഐ ഹിയർബൈ ഡിക്ലയർ ദാറ്റ് ഓണ്‍ലൈൻ കുക്കറി ബ്ലോഗ്സ് ആർ വെരി ഹെൽപ്ഫുൾ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാധാരണയായി ഒരു കൊമ്പ്രമൈസിനു ഞാൻ പോകാത്തതാണ്.എന്നാലും കൊച്ചു ഗോവിന്ദൻ ആയതു കൊണ്ട്, കഞ്ഞി കുടിച്ചു കിടക്കട്ടെ എന്ന് വച്ച്, അവിയൽ പച്ചടി കുക്കറി ഷോ കളെ ഒഴിവാക്കുന്നു.

      ഇല്ലാതാക്കൂ