2015, ജനുവരി 21, ബുധനാഴ്‌ച

മത്സരം

ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം  എന്നു വിശേഷിപ്പിയ്ക്കപ്പെടുന്ന കേരള സ്കൂൾ കലോത്സവത്തിനു തിരശ്ശീല വീണു. മത്സരാർത്ഥി കളും  അവരുടെ ബന്ധു മിത്രാദി കളും , സ്കൂൾ മാഷന്മാരും,സ്കൂൾ അധികൃതരും  ഒരു ജീവന്മരണ പോരാട്ടം പോലെ നടത്തിയ ഈ മത്സരത്തിൽ അവർ കാണിച്ച വീറും ആവേശവും മാത്സര്യ ബുദ്ധിയും   അതെ അളവിൽ ജനങ്ങളിലും എത്തിയ്ക്കാൻ  വലിയ പങ്ക് വഹിച്ചത് കേരളത്തിലെ ടി.വി. ചാനലുകാർ  ആണ് . മത്സര വേദികളിൽ കണ്ട ജന സഞ്ചയവും മാധ്യമങ്ങളുടെ സംഭാവന ആണ്. സാധാരണ ഗതിയിൽ താൽപ്പര്യ മുള്ളവർ  മാത്രം സന്ദർശിയ്ക്കുന്ന മത്സര വേദി ടി.വി.യുടെ വരവോടെ കാണികളുടെ ഉത്സവമായി മാറി. കലോത്സവത്തിലെ മത്സരങ്ങളെക്കാൾ  ആവേശകരം ആയിരുന്നു സംപ്രേക്ഷണം ചെയ്യാൻ ചാനലുകൾ തമ്മിലുള്ള മത്സരം. അവരുടെ  അവതരണം ആകട്ടെ അതിലും ഭയങ്കരം. പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം എന്നൊക്കെ  ടി.വി. ക്കാർ പറഞ്ഞത് കേട്ടപ്പോൾ  വള്ളം കളി മത്സരം ആണ് ഓർമ വന്നത്. ചമ്പക്കുളം ചുണ്ടനും, കാരിച്ചാൽ ചുണ്ടനും ഇഞ്ചോടിഞ്ച് പോരാടുന്നു.ഒരു തുഴപ്പാട് പിന്നിൽ ജവഹർ തായങ്കരിയും വലിയ ദിവാൻജിയും. 

ഇത്തവണത്തെ  കിരീടത്തിനു തുല്യ പോയിന്റ് ലഭിച്ച പാലക്കാടും കോഴിക്കോടും ഒന്നിച്ച് അർഹരായി. രണ്ടു പേർക്കും കൊടുക്കാനുള്ള  തീരുമാനം നന്നായി. രണ്ടു പേരും അർഹരാണ്. നറുക്കിട്ട് എടുത്ത് അതിൻറെ ഭംഗി കളയാതെ രണ്ടു പേർക്കും കൊടുത്തു.

ഇത്രയും വലിയ മാമാങ്കം നടന്നിട്ട് വിദ്യാർത്ഥികൾക്ക് പ്രയോജനം വല്ലതും ലഭിച്ചോ എന്ന് നോക്കേണ്ടി ഇരിയ്ക്കുന്നു. ഗ്രേസ് മാർക്ക് അല്ലാതെ കലാ പരമായ പ്രയോജനം.  മിയ്ക്കവാറും എല്ലാ ഐറ്റങ്ങളിലും  നിലവാരം വളരെ മോശം ആയിരുന്നു എന്ന് കേൾക്കുന്നു. സബ് ജില്ല ജയിച്ച്,ജില്ല ജയിച്ച്  വന്നവരാണ് സംസ്ഥാന  ലെവലിൽ എത്തുന്നത്.അപ്പോൾ തുടക്കം മുതലേ പിഴച്ചിരിയ്ക്കുന്നു.   അതിനാൽ  മത്സരാർത്ഥികളുടെ നിലവാരത്തിനൊപ്പം വിധി കർത്താക്കളുടെ നിലവാരവും തകർന്നിരുന്നു. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി ഒരേ വിധി കർത്താക്കൾ തന്നെ ആയിരുന്നു പല   ഐറ്റങ്ങൾക്കും  എന്നും പരാതി ഉണ്ടായിരുന്നു. 

1500 ലേറെ അപ്പീലുകളാണ് ഈ വർഷത്തെ മത്സരത്തിൽ വന്നത്. ഇത് മൂന്ന്  പ്രധാന കാര്യങ്ങളി ലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വിധി കർത്താക്കളുടെ നിലവാര തകർച്ച  ആണ് ഒന്ന്. നിഷ്പക്ഷരും വിവരവും കഴിവും ഉള്ളവരായ നിലവാരമുള്ള വിധി കർത്താക്കളെ നിയോഗിയ്ക്കാതതാണ് ഇതിനു കാരണം.രണ്ടാമത്തേത് കൈക്കൂലിക്കാരും  അഴിമതിക്കാരും ആയ വിധി കർത്താക്കൾ ഉള്ളതാണ്. തങ്ങളുടെ മക്കൾക്ക്‌ ഒരു സമ്മാനം കിട്ടാൻ വേണ്ടി ഈ ജഡ്ജ്മാരെ സ്വാധീനിക്കാൻ മാതാ പിതാക്കൾക്ക് കഴിയുന്നു. പണം കൊടുത്താണ് ഇത് സാധിയ്ക്കുന്നത്. ഈ ജഡ്ജ് മാരെ സ്വാധീനിയ്ക്കാൻ സ്വകാര്യ  നൃത്ത സംഗീത സ്കൂളുകളും  സഹായിയ്ക്കുന്നുണ്ട്.  മൂന്നാമത്തെത്  വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പിന്റെയും കഴിവ് കേടാണ്. ഓരോ ഉത്സവം    കഴിയുമ്പോഴും അടുത്ത വർഷത്തെ വേദി പ്രഖ്യാപിയ്ക്കുന്നു. അടുത്ത ഉത്സവം നടത്താൻ ഒരു വർഷം ആണ് കിട്ടുന്നത്.അപ്പോഴേയ്ക്കും എന്ത് കൊണ്ട് ഒരുക്കം ഭംഗിയായി പൂർത്തി യാക്കാൻ കഴിയുന്നില്ല? കോഴിക്കോട് മേയറും മന്ത്രിയും എം.എൽ.എ. യും തമ്മിൽ നടന്ന അടിയും .അവസാന നിമിഷം വേദി കണ്ടു പിടിയ്ക്കാൻ പെട്ട പാടും എല്ലാവരും കണ്ടതാണല്ലോ.

പണം ഈ മത്സരങ്ങളുടെ ഒരു ഭാഗം ആയി മാറിക്കഴിഞ്ഞു.അതായത് പണക്കാർക്ക് മാത്രം ഉള്ള ഒരു മത്സരം ആയി ഇത് മാറി. ഏതാണ്ട് മൂന്ന്,നാല് ലക്ഷം രൂപ ചിലവാകും ഒരു സംസ്ഥാന നൃത്ത-കഥകളി-ഒപ്പന തുടങ്ങിയ   മത്സരത്തിന്. പരിശീലനം, ജില്ല  ലെവൽ മത്സരം, വസ്ത്ര- ആഭരണ-ചമയങ്ങളുടെ ചെലവ് എല്ലാം കൂടിയാണ് ഇത്രയും. പിന്നെ ഗ്രേഡ് കിട്ടാൻ കോഴ കൊടുക്കേണ്ട പണം വേറെ. താള വാദ്യവും പാട്ടും ലൈവ് ഒഴിവാക്കി റിക്കോർഡ് ചെയ്ത സി.ഡി. ആക്കി. അല്ലെങ്കിൽ അതിനും വേണ്ടി വന്നേനെ മറ്റു കുറെ ആയിരങ്ങൾ. അതിനാൽ നല്ല കലാകാരന്മാരായ പാവപ്പെട്ട  വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ വരുന്നു. കല പുറത്തും  പണം മത്സരത്തിനും എന്നൊരവസ്ഥ ആണ് ഇവിടെ ഉണ്ടാകുന്നത്.


മത്സരത്തിൻറെ വീറും വാശിയും അതിര് കടക്കാതിരിയ്ക്കാനും ആരോഗ്യകരമായിരിയ്ക്കാനും  ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരു ഇൻഡ്യ- പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ ഇതിനെ ആക്കാതിരിയ്ക്കാൻ അധികാരികൾ ഉൾപ്പടെ എല്ലാവരും ശ്രദ്ധിക്കണം.അത് പോലെ പണക്കൊഴുപ്പും ആർഭാടവും കുറയ്ക്കുക. ജില്ലയ്ക്കു കൊടുക്കുന്ന കിരീടം നിർത്തലാക്കുക. ജില്ല ഇതിനു വേണ്ടി എന്ത് ചെയ്തു? വിജയത്തിൻറെ അംഗീകാരം വിദ്യാർത്ഥികൾക്കു മാത്രം നൽകുക. സ്കൂളിന് പോലും അതിന് അർഹതയില്ല.ഒരു സ്കൂളിലും കലാദ്ധ്യാപകർ ഇല്ലല്ലോ.അതിനുള്ള പീരിയഡും ഇല്ല. കായിക മത്സരങ്ങൾ പോലെ അല്ല ഇത്. ഓരോ കുട്ടിയും സ്വന്തം ചിലവിലും അധ്വാനതിലും ആണ് പഠിയ്ക്കുന്നത്. പിന്നെ സ്കൂളിനും ജില്ലയ്ക്കും എങ്ങിനെ ക്രെഡിറ്റ് കൊടുക്കും? നിലവാരം ഇല്ലാത്ത ജഡ്ജ് മാരാണ് ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ അപചയം.   വിധി കർത്താക്കൾ ആകാൻ തയ്യാറുള്ളവരിൽ നിന്നും നേരത്തെ അപേക്ഷ വാങ്ങി അവരുടെ യോഗ്യതയും,കഴിവും, സത്യ സന്ധതയും മുൻ കാല ചരിത്രവും നോക്കി  മാത്രം നിയമിയ്ക്കുക. അഴിമതി കണ്ടു പിടിച്ചാൽ ക്രിമിനൽ കുറ്റം ചുമത്താനുള്ള വകുപ്പ് ഉണ്ടാക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിധി നിർണയത്തിൽ കള്ളക്കളി നടത്തുന്നുണ്ട്. അതിന് മന്ത്രി ഒരു അന്വേഷണവും പ്രഖ്യാപിച്ചു കഴിഞ്ഞു. ഫലം ഒന്നും വരാൻ പോകുന്നില്ല എന്ന് കേരളത്തിലെ ജനങ്ങൾക്ക്‌ അറിയാം. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയും കള്ളക്കളിയും അവസാനിപ്പിയ്ക്കണം.

ഇത്രയെങ്കിലും ചെയ്‌താൽ വരും വർഷം കുറേക്കൂടി മാന്യമായി ഈ മത്സരം നടത്താൻ കഴിയും.


6 അഭിപ്രായങ്ങൾ:

  1. അങ്ങനെ ബംഗാളി (ബംഗ്ലാദേശ്) ഭാഷയിൽ പറഞ്ഞാൽ ഒരു 'കൊലോൽസവം' കൂടി പരിസമാപ്തിയായി. ഈ 'മാമാങ്കം' ഇങ്ങനെ പോയാൽ അടുത്ത വർഷം വിധി പ്രഖ്യാപനം ഇപ്രകാരമാവും " ഈ വർഷം കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ജില്ലകളും ഒന്നാം സ്ഥാനത്തിനർഹമായി". അപ്പോൾ മത്സരാർത്ഥികൾ ഹാപ്പി, രക്ഷകർത്താക്കൾ ഹാപ്പി, വിധി കർത്താക്കൾ അതിലേറെ ഹാപ്പി...നിരാശ കാണികൾക്ക് മാത്രം...മുൻകാലങ്ങളിലെ പോലെ... വിധി നിർണയത്തിനു ശേഷമുള്ള ആ പതിവ് 'മാമാങ്കം" കാണാൻ കഴിയാത്തതിൽ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഐ എന്ന ഞാൻ. ഒരു കൊലോൽസവം തന്നെ.കലയുടെ കൊല.

      ഇല്ലാതാക്കൂ
  2. പ്രസക്തമായ ചിന്തകള്‍ ,, പക്ഷേ ആരോട് പറയാന്‍ ,, അടുത്ത തവണയും ഇത് പോലെയാവും ,,ഈ തവണ --പാലക്കാട് കോഴിക്കോട് --പ്രാദേശികവികാരം ഇളക്കിവിടാന്‍ ചില ചാനലുകള്‍ മത്സരിക്കുന്നതും കണ്ടു , :(

    മറുപടിഇല്ലാതാക്കൂ
  3. ഫൈസൽ ബാബൂ, ന മ്മള് പറയേണ്ടത് رب നോടാണ്. എന്ട്രൻസ് പരീക്ഷയിൽ പൂജ്യം മാർക്ക് വാങ്ങുന്ന കുട്ടിയ്ക്കും എഞ്ചിനീയറിങ്ങിനു പ്രവേശനം കൊടുക്കണം എന്ന് പറഞ്ഞ റബ്ബ് മന്ത്രിയോട്. പിന്നെ കൂടുതൽ ആലോചിയ്ക്കേണ്ടല്ലോ. വിദ്യാഭ്യാസവും കലയും ഒന്നും ഇല്ലാത്ത ഒരു ജന്മത്തോട്.

    മറുപടിഇല്ലാതാക്കൂ
  4. ഇനി പതുക്കെ മതജാതി സംഘടനകൾ കൂടി വിധിനിർണയത്തിൽ ഇടപെടും, ചോര വേദിയിൽ വീണില്ലെങ്കിൽ ഭാഗ്യം !!

    മറുപടിഇല്ലാതാക്കൂ
  5. ഇത്രയെങ്കിലും ചെയ്‌താൽ വരും വർഷം കുറേക്കൂടി മാന്യമായി ഈ മത്സരം നടത്താൻ കഴിയും.

    മറുപടിഇല്ലാതാക്കൂ