2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

വിദ്യാഭ്യാസം

മലയാളിയുടെ സംസ്കാരത്തിന് ചേർന്ന പ്രവൃത്തി ആണോ ആ പയ്യൻ ചെയ്തത്? വിദ്യാഭ്യാസം ഇല്ലെങ്കിൽ പോട്ടെ എന്ന് വെയ്ക്കാമായിരുന്നു. ഇത് അതാണോ.എഞ്ചിനീയറിംഗ് രണ്ടാം വർഷം പഠിയ്ക്കുകയാണ്.സ്വാശ്രയമല്ല. തിരുവനന്തപുരത്ത് ശ്രീ ചിത്ര  എഞ്ചിനീയറിംഗ് കോളേജിൽ. മെറിറ്റിൽ കിട്ടിയതും ആണ്.  അപ്പോൾ വിവരം ഇല്ല എന്നും പറയാൻ പറ്റില്ല. അപ്പോൾ  ഇത് മനപൂർവ്വം മലയാളികളെ കളിയാക്കാൻ വേണ്ടി ചെയ്തതു തന്നെ. 

ഈ എഞ്ചിനീയറിംഗ് രണ്ടാം വർഷം പഠിയ്ക്കുന്ന കുട്ടി ചെയ്തത് എന്താണെന്നോ. ക്ലാസ് കഴിഞ്ഞു വന്നതിനു ശേഷം ഉപജീവനത്തിനും,ഫീസ്‌ കൊടുക്കാനും, പുസ്തകം വാങ്ങാനും  മറ്റും പണം കണ്ടെത്താൻ  സ്വന്തമായി ജോലി ചെയ്യുന്നു!   വല്ല വൈറ്റ് കോളർ പണി വല്ലതും ആണെങ്കിൽ പിന്നെയും സഹിയ്ക്കാമായിരുന്നു. കഷ്ട്ടം.  ഇത് അതാണോ? വഴിയരുകിൽ കപ്പലണ്ടി കച്ചവടം നടത്തുന്നു. ലജ്ജാവഹം.

ഒന്നും രണ്ടും ലക്ഷം രൂപ വിലയുള്ള ബൈക്കിൽ ചെത്തി നടക്കുന്ന മറ്റു കോളേജ് വിദ്യാർത്ഥികൾക്ക് ഇത് മാനക്കെടല്ലേ? ജീൻസും  റ്റീ ഷർട്ടും  കൂളിംഗ് ഗ്ലാസ്സും വച്ച്, KFC യിലും ഡോമിനോസിലും കയറിയിട്ട്, ഡാഷ്-പൂഷ് ആയി  കറങ്ങി നടക്കുന്ന മറ്റു വിദ്യാർത്ഥികൾ ഈ നാണക്കേട്‌ എങ്ങിനെ സഹിയ്ക്കും?   കൂടെ പഠിയ്ക്കുന്ന ഒരു വിദ്യാർത്ഥി ജീവിയ്ക്കാനായി ജോലി ചെയ്യുന്നു. 

പിള്ളാരുടെ കാര്യം മാത്രമാണോ. ഇവരെയൊക്കെ ഇങ്ങിനെ കോളേജിൽ അയയ്ക്കുന്ന മാതാ പിതാക്കൾ ഈ നാണക്കേട്‌ എങ്ങിനെ സഹിയ്ക്കും. മോൻറെ കൂടെ പഠിയ്ക്കുന്ന കുട്ടി ആണിത് എന്ന് എങ്ങിനെ പറയും? കപ്പലണ്ടി വിയ്ക്കുന്നു!  ഇത് വല്ല കഞ്ചാവോ കൊക്കയിനോ ആയിരുന്നുവെങ്കിൽ  ഒരു അന്തസ്സുണ്ടായിരുന്നു. പത്രത്തിലും ടി.വി യിലു മൊക്കെ പടം വന്നേനെ. മറ്റുള്ളവരുടെ കൂടെ  പറയുമ്പോഴെങ്കിലും ഒരു ഗമ ഉണ്ടായേനെ. "എൻറെ മോൻറെ കൂട്ടുകാരനാ ആ ടിവിയിൽ വന്നത് ആ കൊക്കയിൻ കേസിൽ" എന്ന് തലയുയർത്തി പറയാമായിരുന്നു.

അമ്മമാർ പറയുന്നത് കേൾക്കൂ . "എൻറെ മോനെ നോക്കൂ. അവൻറെ മുഷിഞ്ഞ തുണി,അടി വസ്ത്രം പോലും അവനെക്കൊണ്ട്‌ കഴുകിക്കില്ല. കടയിൽ നിന്നും ഒരു സാധനം പോലും വാങ്ങാൻ പറയില്ല. ഒരു ജോലിയും ചെയ്യിക്കില്ല. അവന് എല്ലാം വാങ്ങി കൊടുക്കും. ബ്രാൻഡഡ് ഷർട്ട്, ജീൻസ്,പിന്നെ   കറങ്ങി നടക്കാൻ കാശും കൊടുക്കും.ഇല്ലെങ്കിൽ കഷ്ട്ടമല്ലേ" . അത് കൊണ്ടല്ലേ പുതിയ തലമുറ ബ്രോയിലർ ചിക്കൻ ആകുന്നത്.

ഇങ്ങിനെ അന്തസ്സായി പല തരം ജോലി ചെയ്തും റ്റ്യുഷൻ പഠിപ്പിച്ചും ഒക്കെ കഷ്ട്ടപ്പെട്ട് പഠനം നടത്തുന്ന  ധാരാളം ചുണ ക്കുട്ടികൾ സമൂഹത്തിൽ ഉണ്ട്. കപ്പലണ്ടി വിൽക്കുന്ന അരുണ്‍ കുമാർ എന്ന മിടുക്കനായ വിദ്യാർത്ഥിയെ പൊതു ജന ശ്രദ്ധയിൽ കൊണ്ട് വന്നത് തോമസ്‌ ഐസക്ക് ആണ്. ഇത് പോലെ എത്രയെത്ര കുട്ടികൾ.dignity of labour  എന്ന് ഗാന്ധിജി പറഞ്ഞത് പ്രാവർത്തിക മാക്കുന്ന മഹാന്മാർ. അവർക്ക് പ്രണാമം.  

ഇവിടെ  ജോലി ചെയ്യുന്നതിനല്ല മാന്യത. പണത്തിനാണ്‌.ഒരു പണക്കാരനെ വളരെ ബഹുമാനത്തോടെയാണ് നമ്മൾ നോക്കുന്നത്. ആ പണം അവൻ എങ്ങിനെ ആണ് ഉണ്ടാക്കിയത് എന്ന് നമ്മൾ നോക്കില്ല. പിടിച്ചു പറിച്ചും കൂട്ടിക്കൊടുത്തും ഉണ്ടാക്കിയാലും ആ പണക്കാരനെ നമ്മൾ ആദരവോടെ നോക്കും.

ഇങ്ങിനെയൊക്കെ ഫിലോസഫി അടിച്ചാലും വിദ്യാർത്ഥികൾ ഇത്തരം പ്രവൃത്തികൾ ചെയ്ത് സമൂഹത്തെ നാണം  കെടുത്തുന്നതിന് എതിരെ, ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയാൻ വേണ്ടി  ഒരു ഹർത്താലോ ബന്ദോ  ആഹ്വാനം ചെയ്യുന്നത് നല്ലതല്ലേ?

12 അഭിപ്രായങ്ങൾ:

  1. പുത്തന്‍ തലമുറയെ(ഫ്രീക്ക്) അപമാനിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ഹര്‍ത്താലും..,... മാത്രമല്ല ഇവര്‍ക്കെതിരെ UPPA കൂടി ചുമത്തണം എന്നാണ് എന്‍റെ എളിയ അപേക്ഷ......നന്മ വറ്റാത്ത ഈ കുരുന്നുകളെ സംരക്ഷണക്ഷിച്ചില്ലെങ്കില്‍.....നാളെ നമ്മുടെ നാട് ഊഷരഭൂമിയായ് മാറും..,..,.ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനോദ്, പരിചയപ്പെടാൻ താമസിച്ചു പോയി. എല്ലാറ്റിനും ഓരോ സമയമുണ്ട്. അല്ലേ.
      ഇങ്ങിനെയുള്ള കുട്ടികൾ വളർന്ന് നല്ല നിലയിൽ എത്തും.അവർ സമൂഹത്തിന് മുതൽക്കൂട്ടാകുകയും ചെയ്യും . കാരണം അവർ പ്രതികൂല സാഹചര്യങ്ങളെ അതി ജീവിച്ചവരാണ്.

      ഇല്ലാതാക്കൂ
  2. കൊള്ളാം ,ഇഷ്ടമായി!!!
    എല്ലാ ദിവസവും പത്രത്തിൽ കാണാം ,എഞ്ചിനീയറിംഗ്‌ മൂന്നാം വർഷവും,നാലാം വർഷവും പഠിക്കുന്ന കുട്ടികൾ അപകടത്തിൽ പെട്ടു മരിക്കുന്നത്‌.മിക്കവാറും ഇതുങ്ങൾ ഒറ്റപുത്രന്മാർ ആയിരിക്കുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധീ, ആത്മഹത്യകളും പെരുകുന്നുണ്ടല്ലോ. അതും വളർത്തൽ ദോഷം തന്നെ.

      ഇല്ലാതാക്കൂ
  3. ഇവിടെ നമുക്കിത് പുതുമ (അതോ പഴമയോ?). വിദേശ രാജ്യങ്ങളിൽ ഇത് അല്ലാതെ രക്ഷയില്ലത്രേ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അരീക്കോടൻ, അധ്വാനിയ്ക്കുന്നതും ജോലി ചെയ്യുന്നതും അന്തസ്സാണെന്ന അവ ബോധം നമ്മിൽ ഉണ്ടാകേണ്ടിയിരിയ്ക്കുന്നു.

      ഇല്ലാതാക്കൂ
  4. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസം മാറിമറിയുന്നു. +2 കഴിഞ്ഞാല്‍ പിന്നെ പണമുള്ളവന് മാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്ന 'വിദ്യ'ഇന്ന് വല്ലാത്തൊരു പതിതോവസ്ഥയില്‍ എത്തിപ്പെട്ടതിനു ഉത്തരവാദികള്‍ ആരെന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോഴും പണമില്ലാത്തവന്‍ പഠിക്കാന്‍ ഇരുട്ടില്‍ തപ്പുന്നു ...മാറ്റം അനിവാര്യം !അതു ഒരു ഹര്‍ത്താല്‍ കൊണ്ട് സാധ്യമോ..?

    മറുപടിഇല്ലാതാക്കൂ
  5. നന്മകള്‍ കൈവിടാതെ സ്വപ്രയത്നത്തിലൂടെ കൈവരിക്കുന്ന നേട്ടങ്ങള്‍ക്കെന്തു മാധുര്യമാണ്.ആത്മസംതൃപ്തിയാണ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ മാധുര്യവും സംതൃപ്തിയും സമൂഹത്തിലും പടരും. അതാണ്‌ നമുക്ക് വേണ്ടത്.

      ഇല്ലാതാക്കൂ
  6. ഇങ്ങിനെ അന്തസ്സായി പല തരം ജോലി ചെയ്തും റ്റ്യുഷൻ പഠിപ്പിച്ചും ഒക്കെ കഷ്ട്ടപ്പെട്ട് പഠനം നടത്തുന്ന ധാരാളം ചുണ ക്കുട്ടികൾ സമൂഹത്തിൽ ഉണ്ട്. കപ്പലണ്ടി വിൽക്കുന്ന അരുണ്‍ കുമാർ എന്ന മിടുക്കനായ വിദ്യാർത്ഥിയെ പൊതു ജന ശ്രദ്ധയിൽ കൊണ്ട് വന്നത് തോമസ്‌ ഐസക്ക് ആണ്. ഇത് പോലെ എത്രയെത്ര കുട്ടികൾ.dignity of labour എന്ന് ഗാന്ധിജി പറഞ്ഞത് പ്രാവർത്തിക മാക്കുന്ന മഹാന്മാർ. അവർക്ക് പ്രണാമം.

    മറുപടിഇല്ലാതാക്കൂ