2015, ഏപ്രിൽ 14, ചൊവ്വാഴ്ച

ഭ്രാന്ത്

നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്?

പ്രണയാഭ്യർത്ഥന നിരസിച്ച പെണ്‍ കുട്ടിയെ ഒരു കാർക്കോടകൻ കാറിടിച്ചു കൊല്ലാൻ നോക്കുന്നു. എന്താണവന്റെ മാനസികാവസ്ഥ? ഇങ്ങിനെ ഉള്ള ആണുങ്ങൾ എങ്ങിനെ സമൂഹത്തിൽ ഉണ്ടാകുന്നു എന്ന് ഗൌരവമായി നമ്മൾ ചിന്തിയ്ക്കേണ്ടി ഇരിയ്ക്കുന്നു. കാമുകിയുടെ നഗ്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇടുക, വഴങ്ങാത്തവളുടെ മുഖത്തും ദേഹത്തും ആസിഡ് ഒഴിയ്ക്കുക, അവളെ കൊല്ലുക ഇങ്ങിനെ യുള്ള കാര്യങ്ങൾ ആണ് ഇന്ന് നമ്മുടെ യുവാക്കൾ ചെയ്യുന്നത്.

ഇതൊക്കെ പണ്ട് കാലത്തും നടക്കുന്നുണ്ടായിരുന്നു,പക്ഷെ പത്ര, ദൃശ്യ, സോഷ്യൽ  മാധ്യമങ്ങൾ ഇത്രയും ഇല്ലാതിരുന്നതു കൊണ്ടും, അവ ഇത്ര സജീവം ആകാത്തത് കൊണ്ടും ആയിരുന്നു ഇതൊന്നും പുറത്തു വരാതിരുന്നതും എന്ന് ഒരു വാദം ഉയർത്താം. പണ്ട് കാര്യങ്ങൾ ഇത്രയും പരസ്യമാകുന്നില്ലായിരുന്നു എന്ന് സമ്മതിയ്ക്കുമ്പൊഴും ഇത്രയും   സംഭവങ്ങൾ നടക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. വല്ലയിടത്തും വല്ലപ്പോഴും ഒരു സംഭവം നടന്നിരിയ്ക്കാം. ഇന്നതാണോ സ്ഥിതി? അല്ല ഇത്തരം സംഭവങ്ങൾ നിത്യേന ധാരാളം നടക്കുന്നു.

 പഴയ തലമുറ വില കൽപ്പിച്ചിരുന്ന  മൂല്യങ്ങൾക്ക് സംഭവിച്ച  അപചയം ആണ് ഒരു പ്രധാന കാര്യം. പണ്ടത്തെ അമ്മൂമ്മമാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു "ദൈവ ഭയം" ഇല്ലായ്മ. ഈ ദൈവ ഭയം എന്നത് കൊണ്ട് മതങ്ങൾ സൃഷ്ട്ടിച്ച ദൈവത്തെ ഭയം എന്ന് ധരിയ്ക്കണ്ട. അന്യർക്ക് അഹിതവും ദോഷകരവും ആകുന്ന പ്രവൃത്തികൾ ചെയ്യാതിരിയ്ക്കുക എന്നതാണ് അതിനർത്ഥം. ഇന്ന് അന്യരുടെ ദുഃഖത്തിൽ ആർക്കും ദുഃഖം ഇല്ല. സ്വന്തം കാര്യം മാത്രമായിരിയ്ക്കുന്നു ചിന്ത.

സ്വാർത്ഥത വല്ലാതെ   വളർന്നിരിയ്ക്കുന്നു.  ഭൌതിക സുഖങ്ങളോടുള്ള അമിത ആസക്തി ആണ് അതിനു കാരണം. പണം ഉണ്ടാക്കാനുള്ള തിരക്കിൽ മറ്റെല്ലാം ചവിട്ടി അരയ്ക്കപ്പെടുന്നു.

യുവ തലമുറ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരാണ്. എന്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത് എന്ന് അവർക്കറിഞ്ഞു കൂടാ..  മൂല്യങ്ങളെ തള്ളിപ്പറയുക ആണ് സ്വാതന്ത്ര്യം എന്നവർ ധരിച്ചിരിയ്ക്കുന്നു.

ഇവരൊക്കെ ഇങ്ങിനെ മാനസിക നിലയിൽ എത്തിച്ചേരുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. കുട്ടികളെ നല്ലത് പറഞ്ഞു വളർത്താത്തത് ആണ് പ്രധാന കാരണം. പലതും വെട്ടിപ്പിടിയ്ക്കാനുള്ള മാതാ പിതാക്കളുടെ മരണ പ്പാച്ചിലിൽ കുട്ടികളുടെ വളർച്ച ശ്രദ്ധിയ്ക്കാനൊ അവർക്ക് നല്ലത് പറഞ്ഞു കൊടുക്കാനോ മാതാ പിതാക്കൾക്ക് സമയമില്ലാതെ വരുന്നു. കുട്ടികൾക്ക് ഒരു ആദർശ മാതൃക ആകാൻ മാതാ പിതാക്കൾക്ക് കഴിയുന്നില്ല.

ഇത് ആഗോള വൽക്കരണത്തിൻറെ കാലമാണ്. ഭൌതിക ചിന്തയ്ക്ക് മാത്രമാണ് ഇവിടെ സ്ഥാനം. എങ്ങിനെ കൂടുതൽ കൂടുതൽ പണം ഉണ്ടാക്കാം എന്ന് മാത്രം ചിന്തിയ്ക്കുന്ന  ഭരണാധികാരികളും കോർപ്പറേറ്റുകളും ഒന്നിയ്ക്കുന്ന ഒരു ലോകം. ഭൌതിക സുഖം എന്ന  മായയ്ക്ക്  പിറകെ  ഓടുന്ന ജനങ്ങൾ. അവിടെ കുടുംബത്തിനോ കുടുംബ ബന്ധങ്ങൾക്കോ സ്ഥാനം ഇല്ലാതെ പോകുന്നു. കുടുംബം ശിഥിലമായി ക്കൊണ്ടിരിയ്ക്കുന്നു. കുടുംബം എന്ന സത്യത്തെ അംഗീകരിയ്ക്കാത്ത പാശ്ചാത്യ സംസ്കാരം അന്ധമായി അനുകരിയ്ക്കാൻ ശ്രമിയ്ക്കുന്നതാണ്‌ നമ്മുടെ നാടിന്റെ ശാപം.

അന്യൻറെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണ്. അത് പോലെയാണ് നമ്മൾ ഇന്ന്. നമ്മുടെ മോനോ മോളോ ഇതു പോലെ  ആകുന്നതു വരെ നമ്മൾ ഇത് ആസ്വദിയ്ക്കും.

11 അഭിപ്രായങ്ങൾ:

  1. പണ്ടത്തേ കൊടുംകുറ്റവാളികളെ കവച്ച്‌ വെക്കുന്ന മാനസികനില ഉള്ളവരായി മാറി ഇന്നത്തെ കുട്ടിക്കുറ്റവാളികൾ...പിടിക്കപ്പെട്ടു കഴിയുമ്പോൾ എന്റെ മകൻ ഇങ്ങനെയൊന്നും ആയിരുന്നില്ല എന്ന് വിലപിയ്ക്കുന്ന അച്ഛനമ്മമാരെ ഇടക്കിടെ കാണാൻ സാധിക്കുന്നുണ്ട്‌...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സ്ഥിതിയ്ക്ക് മാറ്റം വരണം. സുധിയ്ക്ക് വിഷു ആശംസകൾ.

      ഇല്ലാതാക്കൂ
  2. ഇതൊക്കെ ഇപ്പൊ ഒരു വാർത്ത ആണോ? അത് എന്തെങ്കിലും ആവട്ടെ. പറയാൻ വന്നത് മറ്റൊന്നാണ്.
    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. കൊച്ചു ഗോവിന്ദന് നല്ല ഒരു വിഷുവും ഒരു വർഷം സമ്പൽസമൃദ്ധി ( അത്ര സമൃദ്ധിവേണ്ട അല്ലേ ?കഴിഞ്ഞു കൂടാനുള്ള സമ്പത്ത് ) നിറഞ്ഞതാകട്ടെ എന്നും ആശംസിയ്ക്കുന്നു.

      ഇല്ലാതാക്കൂ
  3. "ഇത് ആഗോള വൽക്കരണത്തിൻറെ കാലമാണ്. ഭൌതിക ചിന്തയ്ക്ക് മാത്രമാണ് ഇവിടെ സ്ഥാനം. എങ്ങിനെ കൂടുതൽ കൂടുതൽ പണം ഉണ്ടാക്കാം എന്ന് മാത്രം ചിന്തിയ്ക്കുന്ന ഭരണാധികാരികളും കോർപ്പറേറ്റുകളും ഒന്നിയ്ക്കുന്ന ഒരു ലോകം. ഭൌതിക സുഖം എന്ന മായയ്ക്ക് പിറകെ ഓടുന്ന ജനങ്ങൾ. അവിടെ കുടുംബത്തിനോ കുടുംബ ബന്ധങ്ങൾക്കോ സ്ഥാനം ഇല്ലാതെ പോകുന്നു. കുടുംബം ശിഥിലമായി ക്കൊണ്ടിരിയ്ക്കുന്നു. കുടുംബം എന്ന സത്യത്തെ അംഗീകരിയ്ക്കാത്ത പാശ്ചാത്യ സംസ്കാരം അന്ധമായി അനുകരിയ്ക്കാൻ ശ്രമിയ്ക്കുന്നതാണ്‌ നമ്മുടെ നാടിന്റെ ശാപം."

    ഇതാണ് സത്യം ബിപിന്‍ സാര്‍ അതുപോലെതന്നെ എന്‍റെ 'കൈലാസ്'എന്ന ബ്ലോഗില്‍http://chullikattil.blogspot.in ഈ വിഷയം എഴുതിയിട്ടുണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുതിയ തലമുറയ്ക്ക് ഇതൊക്കെ കേൾക്കുവാൻ സമയം ഉണ്ടോ എ ന്നതാണ് പ്രശ്നം തങ്കപ്പൻ ചേട്ടാ. വിഷു ആശംസകൾ.

      ഇല്ലാതാക്കൂ
  4. Comfort, Convenience എന്നീ രണ്ടു കാര്യങ്ങളേ ഇപ്പോൾ ആളുകളുടെ മനസ്സിലുള്ളൂ. അതിന്റെ കൂടെ ഉള്ള മറ്റൊന്നാണ് Corruption. (3 Cകൾ). ആധുനിക വിദ്യാഭ്യാസം മനുഷ്യനെ വഴി തെറ്റിക്കുന്നു. സമൂഹനന്മക്കു വേണ്ടി കൊടുക്കുന്ന വിദ്യാഭ്യാസം ഇപ്പോൾ സ്വാർത്ഥതക്കു വേണ്ടിയായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അന്യർക്ക് അഹിതവും ദോഷകരവും ആകുന്ന പ്രവൃത്തികൾ ചെയ്യാതിരിയ്ക്കുക എന്നതാണ് അതിനർത്ഥം. ഇന്ന് അന്യരുടെ ദുഃഖത്തിൽ ആർക്കും ദുഃഖം ഇല്ല. സ്വന്തം കാര്യം മാത്രമായിരിയ്ക്കുന്നു ചിന്ത.

    ഇവരൊക്കെ ഇങ്ങിനെ മാനസിക നിലയിൽ എത്തിച്ചേരുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. കുട്ടികളെ നല്ലത് പറഞ്ഞു വളർത്താത്തത് ആണ് പ്രധാന കാരണം. പലതും വെട്ടിപ്പിടിയ്ക്കാനുള്ള മാതാ പിതാക്കളുടെ മരണ പ്പാച്ചിലിൽ കുട്ടികളുടെ വളർച്ച ശ്രദ്ധിയ്ക്കാനൊ അവർക്ക് നല്ലത് പറഞ്ഞു കൊടുക്കാനോ മാതാ പിതാക്കൾക്ക് സമയമില്ലാതെ വരുന്നു. കുട്ടികൾക്ക് ഒരു ആദർശ മാതൃക ആകാൻ മാതാ പിതാക്കൾക്ക് കഴിയുന്നില്ല.
    ഈ വരികൾ വളരെ വളരെ പ്രസക്തം..
    അണുകുടുംബങ്ങളും വേണ്ടത്ര പക്വതയില്ലാത്ത മാതാപിതാക്കളും വലിയ കാരണങ്ങളാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ കല്ലോലിനി. അതിന് നമ്മൾ തന്നെ തുടങ്ങി വയ്ക്കണം.

      ഇല്ലാതാക്കൂ
  6. അന്യൻറെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണ്. അത് പോലെയാണ് നമ്മൾ ഇന്ന്. നമ്മുടെ മോനോ മോളോ ഇതു പോലെ ആകുന്നതു വരെ നമ്മൾ ഇത് ആസ്വദിയ്ക്കും.

    മറുപടിഇല്ലാതാക്കൂ