Tuesday, April 21, 2015

അവാർഡ്‌

 പ്രവാസി മലയാളി പുരസ്ക്കാരങ്ങൾ എന്ന് കേട്ടിട്ടില്ലേ. പണമുള്ള   ഗൾഫുകാരായ  ഏത് അണ്ടനും അടകോടനും,  ഏതെങ്കിലും ചെമ്മാനും വായ് നോക്കിയും കാശ് വാങ്ങിയിട്ട്  കൊടുക്കുന്ന അവാർഡുകൾ. ഇത് സർക്കാർ തലത്തിൽ എത്തുമ്പോഴും ഒരു മാറ്റവും ഉണ്ടാകില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരായ പിമ്പുകൾക്ക് (കൂട്ടി കൊടുപ്പുകാർ) പണം നൽകി സ്വന്തം പേര് അധികാര സ്ഥാനങ്ങളിൽ എത്തിച്ച് അവാർഡ് സംഘടിപ്പിയ്ക്കുന്നു.

ഒന്ന് രണ്ടു വർഷം മുൻപ് കോഴിക്കോട്നടന്ന  ഇത് പോലെ ഒരു പുരസ്കാര ദാനം. കുറെ പ്രശസ്ത ഗൾഫുകാർക്ക് അവാർഡ്‌  ഉണ്ട്. അതിൽ ഒരു പുരസ്കാര ജേതാവ്  ഒരു കെട്ടിട നിർമാതാവ്. അയാൾക്ക്‌ ഗൾഫ് കണക്ഷൻ ഒന്നുമില്ല. ഫ്ലാറ്റും വില്ലയും വിൽക്കാൻ ഗൾഫിൽ പോകുമെന്ന് മാത്രം ഈ  ചടങ്ങ് നടത്തിപ്പ് കാരനോട്  ചോദിച്ചു ഈ കക്ഷി എങ്ങിനെ പ്രവാസി ആയെന്ന്.  "അതൊക്കെ സാറേ ഒരു അഡ്ജസ്റ്റ് മെൻറ് ആണ്". ഈ പരിപാടി കഴിഞ്ഞപ്പോൾ ഏതാണ്ട് 5 ലക്ഷം രൂപ അവാർഡ്‌ കൊടുത്ത ആളിന്റെ  കയ്യിൽ ലാഭം. അതാണ് പ്രവാസി പുരസ്കാരം കിട്ടുന്ന വഴി.

യുസഫ് അലി,രവി പിള്ള തുടങ്ങിയ വമ്പൻ പണക്കാരാണ് സ്ഥിരം അവാർഡ് വാങ്ങുന്നവർ.  പിന്നെ ആസ്തി അനുസരിച്ചും മുടക്കാനുള്ള പണം അനുസരിച്ചും മറ്റു കുറെ ആളുകൾക്കും കിട്ടും. പണം വളരെ അധികമാകുമ്പോൾ ഈ ഗൾഫുകാർ  പദ്മ പുരസ്കാരങ്ങൾ സംഘടിപ്പിയ്ക്കും. നമ്മുടെ പ്രാഞ്ചിയെട്ടനെ പ്പോലെ. ഇവരൊക്കെ ചെയ്യുന്ന സാമൂഹ്യ സേവനം പറയുന്നത് എന്താണെന്നോ? ഗൾഫിൽ ആയിരം പേർക്ക്, പതിനായിരം മലയാളികൾക്ക് തൊഴിൽ കൊടുത്തു എന്ന്. അത് ഓശാരം അല്ല. അവരുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ എല്ല് മുറിയെ പണി എടുപ്പിയ്ക്കാൻ ആണ്.

ഭാരത സർക്കാർ എല്ലാ വർഷവും നൽകുന്ന പ്രവാസി ഭാരതീയ സമ്മാൻ എന്ന ഉന്നതമായ അവാർഡ് കിട്ടിയവരിൽ ഒരാളാണ് അഷ്‌റഫ്‌ പാലറക്കുന്നുമ്മെൽ എന്ന മലയാളി.  നേരത്തെ   പറഞ്ഞ പണക്കാർ ഗ്രൂപ്പിൽ പെടുന്ന ആളല്ല. വലിയ ബിസിനസ് ഗ്രൂപ്പ്  മുതലാളി അല്ല. ഏതെങ്കിലും കമ്പനി സി.ഇ.ഒ. അല്ല. ഗൾഫിൽ അജ്മനിൽ  ജോലി ചെയ്തു ജീവിയ്ക്കുന്ന  ഒരു   സാധാരണ ഗൾഫ് മലയാളി. സ്വന്തം ജോലി ചെയ്യുന്നതിനോടൊപ്പം കുറച്ചു സമയം സാമൂഹ്യ സേവനത്തിനു നീക്കി വയ്ക്കുന്ന മനുഷ്യൻ.

അദ്ദേഹം ചെയ്യുന്ന സേവനം എന്താണെന്നോ?  ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കൽ അല്ല. വലിയ മാളുകൾ നടത്തുന്നത് അല്ല. മൃത ശരീരങ്ങൾ നാട്ടിൽ എത്തിയ്ക്കാൻ സഹായിയ്ക്കുക എന്ന മഹത്തായ കർമം ആണ് അദ്ദേഹം സ്വയം ഏറ്റെടുത്ത് ചെയ്യുന്നത്.  ഗൾഫിൽ വച്ച് മരണം അടയുന്ന വരുടെ ശരീരം വിട്ടു കിട്ടാനും വിമാനത്തിൽ നാട്ടിൽ എത്തിയ്ക്കാനും ഒരു പാട് സങ്കീർണമായ ഫോർമാലിറ്റീസ് ഉണ്ട്. അതെല്ലാം കടന്ന് ശരീരം നാട്ടിൽ എത്തിയ്ക്കുന്നു. ബന്ധുക്കളാരും കൂടെ ഇല്ലാത്തവർ ആയിരിയ്ക്കാം.  ഒരു പൈസ പോലും വാങ്ങാതെ നൽകുന്ന ശരിയായ കാരുണ്യ പ്രവർത്തനം. പലപ്പോഴും കയ്യിൽ നിന്നും പണം ചിലവാകുകയും ചെയ്യും.  എന്നിട്ടും അദ്ദേഹം ഈ സദ്‌ കർമം തുടർന്ന് കൊണ്ടേ ഇരിയ്ക്കുന്നു. കഴിഞ്ഞ 14 വർഷത്തിനിടെ 2000 പേരുടെ ദേഹം ആണ് അദ്ദേഹം നാട്ടിൽ എത്തിച്ചത്. മലയാളികൾ മാത്രമല്ല. അന്യ സംസ്ഥാനക്കാരും.

ഈ മഹത് കർമത്തിന് പൂർണ പിന്തുണയുമായി ഭാര്യയും കൂടെയുണ്ട്. മൂന്ന് കുട്ടികളും. 

മോർച്ചറിയുടെ മുന്നിലും, പോലീസ് സ്റ്റെഷനു മുന്നിലും എംബസ്സിയിലും, എയർ ലൈൻ ഓഫീസിലും രാവും പകലും ഇല്ലാതെ   കയറി ഇറങ്ങുന്ന
ശ്രീ അഷറഫിനു  പ്രണാമം.

ഗൾഫിൽ എത്ര പേർക്ക് അഷ്റഫിനെ കുറിച്ച് അറിയാം? വളരെ കുറച്ച് ആളുകൾക്ക് മാത്രം. ഇങ്ങിനെ ഒരു സാഹചര്യം തനിയ്ക്ക് വരില്ല എന്നാണല്ലോ ഓരോ മനുഷ്യനും ചിന്തിയ്ക്കുന്നത്. വരുമ്പോൾ ഒന്നും ചെയ്യാനും കഴിയില്ല അത് മറ്റുള്ളവർ ചെയ്യേണ്ടതായി വരുന്നു.

 ഇങ്ങിനെ മൃത ശരീരം കൊണ്ട് വരുന്നതിന് നമ്മുടെ സർക്കാർ സാമ്പത്തിക സഹായം ഒന്നും ചെയ്യില്ല. അതൊക്കെ കൂട്ടുകാരും മറ്റും സഹായിച്ച് വളരെ ബുദ്ധിമുട്ടി നടക്കുന്നു. ഓരോ മാസവും 40-50 മലയാളികൾ ഗൾഫിൽ  മരിയ്ക്കുന്നു എന്ന് അഷ്‌റഫ്‌ പറയുന്നു. ആ മൃത ശരീരങ്ങൾ എങ്ങിനെ നാട്ടിൽ എത്തുന്നു എന്ന് ഗൾഫ് മലയാളി ശ്രദ്ധിയ്ക്കാറുണ്ടോ? അതിനുള്ള പണം എങ്ങിനെ കണ്ടെത്തുന്നു എന്ന് നോക്കാറുണ്ടോ?  പണം ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ട് ചില മൃത ദേഹങ്ങൾ ഉറ്റവരുടെയും ഉടയവരുടെയും അടുത്ത്, നാട്ടിൽ എത്തിയ്ക്കാൻ കഴിയാതെ ഗൾഫിൽ അടക്കം ചെയ്യാറുണ്ട് എന്നും അഷ്‌റഫ്‌ പറയുന്നു.

അത് കൊണ്ട് ഗൾഫുകാർക്ക് ഇങ്ങിനെയുള്ള സന്ദർഭങ്ങൾ നേരിടാൻ ഒരു സഹായ നിധി തുടങ്ങിക്കൂടെ? ഫണ്ട് മാനേജ്മെന്റ്റ് ശ്രീ അഷറഫിനെ തന്നെ ചുമതലപ്പെടുത്തി? ഓരോ ഗൾഫ് മലയാളിയും ഒരു 5  ദിറംസ് ഓരോ മാസവും ഈ ഫണ്ടിലേയ്ക്ക് ഇടാമല്ലോ. ഏതാണ്ട് 15 ലക്ഷം മലയാളികൾ കാണുമല്ലോ ഗൾഫിൽ.  വലിയ സ്വപ്നങ്ങളുമായി ഗൾഫിൽ പോയ ഹത ഭാഗ്യരുടെ ജീവനില്ലാത്ത ശരീരം എങ്കിലും പ്രീയ പ്പെട്ടവർക്ക് ഒന്ന് കാണാൻ കഴിയുമല്ലോ.

13 comments:

 1. നന്മനിറഞ്ഞതും,അഭിനന്ദനീയവുമായ നിര്‍ദ്ദേശം സാര്‍.
  ആശംസകള്‍

  ReplyDelete
  Replies
  1. നമ്മുടെ പ്രവാസികൾ ആണ് തീരുമാനം എടുക്കേണ്ടത്.

   Delete
 2. യഥാർത്ഥ പ്രവാസി യാതോരു സംഘടനയുമായോ....മറ്റു പ്രസ്ഥാനങ്ങളുമയോ.... ബന്ധപ്പെടേണ്ട അവസ്ഥയിൽ എത്തുന്നില്ല എന്ന വസ്തുത ഒരു പ്രവാസിയായിരുന്നു എന്നുള്ളതുകൊണ്ട് ഞാൻ ഉറപ്പിച്ചു പറയാം
  അത്തരത്തിലായിരുന്നു.... ഞാനൊക്കെ ചെന്നു പെട്ടത്....ബാക്കിയുള്ളവനൊക്കെ.....കൂട്ടികൊടുപ്പ്കാരന്‍ മുതലാളിയുടെ പിടിച്ചുവപ്പുകാരന്മാരാണ്.....എന്തായാലും ഇതില്‍ നിന്ന് വ്യത്യസ്തനായ അഷ്റഫ് ഭായിക്ക് എല്ലാവിധ ആശംസകളും നേരുന്നു......

  ReplyDelete
  Replies
  1. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും നല്ല ബുദ്ധി തോന്നി ഗൾഫുകാർ ഒരു ഫണ്ട് സ്വരൂപിയ്ക്കെണ്ടതല്ലേ വിനോദ്

   Delete
 3. അഷ്റഫിനെ കുറിച്ച് വായിച്ചിരുന്നു.മരണം എന്നും മറ്റുള്ളവർക്ക്മാറ്റിവെച്ച് സ്വാസ്ഥ്യം നടിക്കുന്ന മഹാഭൂരിപക്ഷത്തിൽനിന്ന് മാറി നടക്കുന്ന അഷ്റഫിനും,ബിപിൻ ചേട്ടനും സലാം.  ReplyDelete
  Replies
  1. ആ മനുഷ്യൻറെ ( മനുഷ്യൻ എന്ന വിളിയ്ക്ക് സർവപഥ അർഹൻ) പുണ്യ പ്രവൃത്തി കണ്ടെങ്കിലും നമ്മൾ ഉണരണ്ടേ വഴിമരങ്ങൾ

   Delete
 4. ഞാന്‍ ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല സര്‍, നന്മയുള്ള മലയാളികളും അവശേഷിക്കുന്നുണ്ട് അല്ലേ?

  ReplyDelete
  Replies
  1. അതെ ആ നന്മ നിറഞ്ഞ വംശം അന്യം നിന്ന് പോകാതെ നമുക്ക് നോക്കാം സുധി

   Delete
 5. നല്ല ഓർമ്മപ്പെടുത്തൽ.
  SSLC റിസൾട്ട് നെ കുറിച്ച് ഒരു പോസ്റ്റ്‌ പ്രതീക്ഷിച്ചു.

  ReplyDelete
  Replies
  1. ഓർമ്മകൾ ഉണ്ടായിരിയ്ക്കണം. നിരാശ പ്പെടുത്തുന്നില്ല ഗോവിന്ദൻ

   Delete
 6. കുറച്ച് കട്ടിയുള്ള പോസ്റ്റ്‌ വായിക്കണമെങ്കില്‍ ബിബിന്‍ സാറിന്‍റെ ബ്ലോഗില്‍ വരണമെന്നായി.

  ReplyDelete
  Replies
  1. ഞാൻ പൊങ്ങി പ്പൊകും സുധി.

   Delete
 7. ഒരു സാധാരണ ഗൾഫ് മലയാളി. സ്വന്തം ജോലി ചെയ്യുന്നതിനോടൊപ്പം കുറച്ചു സമയം സാമൂഹ്യ സേവനത്തിനു നീക്കി വയ്ക്കുന്ന മനുഷ്യൻ.

  ReplyDelete