Friday, April 3, 2015

നീറോ ഉമ്മൻ

റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു. അത് പോലെയാണ് കേരളത്തിൻറെ നീറോ ഉമ്മൻ ചാണ്ടി.

ചരക്കു ലോറികൾ സമരത്തിലായിട്ട് രണ്ടു ദിവസം ആയി. ഇന്ന് മൂന്നാം ദിവസം ആണ്. കേരളത്തിലേയ്ക്കുള്ള ചരക്കു നീക്കം പൂർണമായും സ്തംഭിച്ചിരിക്കുന്നു. സ്വന്തമായി ഒരു മണി നെല്ല് പോലും ഇല്ലാത്ത കേരളത്തിന് ഉപ്പു തൊട്ട് കർപ്പൂരം വരെ വരേണ്ടത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. അതാണ്‌ നിലച്ചിരിക്കുന്നത്. അതിനനുസരിച്ച് സാധനങ്ങൾക്ക് ക്ഷാമം ആയി ത്തുടങ്ങി.തൽഫലമായുണ്ടാകുന്ന  വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി. ഡി.വൈ.എഫ്.ഐ. യുടെ ഇഷ്ട്ട വിഭവമായ ബീഫിന്റെ വില കിലോയ്ക്ക് 20 രൂപ കൂടി ക്കഴിഞ്ഞു.  ഈസ്റ്ററിനു തിന്നേണ്ട കോഴിയുടെ വിലയും 25 രൂപ വർദ്ധിച്ചു.  സാധനം വരാത്തത് കൊണ്ട് വില ഇനിയും കൂടും. പച്ചക്കറികളുടെ കാര്യവും ഇതു തന്നെ. ലോറിക്കാർക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് പാചക വാതക ടാങ്കർ ലോറികളും സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. അത് കൊണ്ടു പാചക വാതക ക്ഷാമവും രൂക്ഷമാകും. തൽക്കാലം പാചക വാതകം  വലിയ പ്രശ്നം ആകില്ല. പാചകം ചെയ്യാൻ അരിയും പച്ചക്കറിയും ഇല്ലെങ്കിൽ പിന്നെ  എന്തിനാണ്  ഗ്യാസ് ?

ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ പ്രശ്നം അല്ല. വാളയാർ  ചെക്ക് പോസ്റ്റിലെ അഴിമതിയും കൈക്കൂലിയും  തുടർന്ന് ലോറിക്കാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ കേരളത്തിലെ മുഖ്യ മന്ത്രി ഉൾപ്പടെയുള്ളവരെ സമീപിച്ചിട്ടുണ്ട്. പരിശോധനക്കായി 15  മണിക്കൂറിലേറെ ചെക്ക് പോസ്റ്റിൽ കാത്തുകെട്ടി കിടക്കണം എന്ന ദുർ സ്ഥിതി മാറ്റണമെന്നും അതിനായി മൂന്നിൽ നിന്നും 10 കൌണ്ടർ സ്ഥാപിക്കുക, പരിശോധനയ്ക്ക് സ്കാനിംഗ് മെഷീൻ സ്ഥാപിയ്ക്കുക, പാർക്ക് ചെയ്യാൻ സ്ഥലം, കുടി വെള്ളം ലഭ്യമാക്കുക  ശൌചാലയം  സ്ഥാപിക്കുക എല്ലാ വകുപ്പുകളും യോജിച്ചുള്ള ചെക്ക് പോസ്റ്റ് ഏർപ്പെടുത്തുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. റ്റാക്സ് നൽകില്ല എന്ന് അല്ല അവർ പറയുന്നത് .റ്റാക്സ് അടയ്ക്കാൻ  സൗകര്യം ചെയ്തു തരൂ എന്ന് മാത്രമാണ് അവർ പറയുന്നത്.  അതിന് നേരെയാണ് സർക്കാർ മുഖം തിരിക്കുന്നത്.

ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ കേരളത്തിൽ നടക്കുമ്പോഴാണ് മുഖ്യ മന്ത്രി വിദേശത്ത് സുഖ വാസത്തിനു പോയത്. സുഖവാസം അല്ല ഔദ്യോഗികം എന്ന് പറയുമായിരിക്കാം. അതൊരു ട്രിക്ക് ആണ്. സുഖവാസത്തിനു പോകുമ്പോൾ ഏതെങ്കിലും ഒരു അപ്രധാനമായ പരിപാടി ഇടയിൽ കയറ്റി അത് ഔദ്യോഗികം  ആക്കി സർക്കാരിന്റെ പണം ചിലവാക്കും. ദുബായിൽ ഏതോ ഇൻവെസ്റ്റ്‌മെൻറ് മീറ്റിങ്ങിനായിരുന്നു എന്നാണു ഒഫിഷ്യൽ ഭാഷ്യം. ഇത് വരെ ജിം തുടങ്ങി കോടികൾ മുടക്കിയ അനേകം നാടകങ്ങൾ നമ്മൾ കണ്ടതാണല്ലോ. നിക്ഷേപം മാത്രം കേരളത്തിൽ വന്നില്ല. ഇവരുടെയൊക്കെ സ്വകാര്യ സമ്പാദ്യത്തിൽ നിക്ഷേപം വന്നു കാണും.

മുഖ്യ മന്ത്രി സുഖവാസം. ധന മന്ത്രി ആകട്ടെ ധ്യാനം കൂടാൻ പോയിരിയ്ക്കുന്നു.  കേരള ജനത ആകട്ടെ  ഭക്ഷ്യ സാധന ദൌർലഭ്യവും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്നു. എന്തൊരു ഉത്തരവാദിത്വമുള്ള ഭരണകൂടം.

1 comment:

  1. മുഖ്യ മന്ത്രി സുഖവാസം. ധന മന്ത്രി ആകട്ടെ ധ്യാനം കൂടാൻ പോയിരിയ്ക്കുന്നു. കേരള ജനത ആകട്ടെ ഭക്ഷ്യ സാധന ദൌർലഭ്യവും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്നു. എന്തൊരു ഉത്തരവാദിത്വമുള്ള ഭരണകൂടം.

    ReplyDelete