2015, ഏപ്രിൽ 4, ശനിയാഴ്‌ച

ജസ്റ്റീസ് കുര്യൻ ജോസഫ്

ഉന്നത പദവികളിൽ എത്തുമ്പോൾ ക്ഷുദ്ര വിചാരങ്ങൾക്ക് വശം വദനാകാതെ ഇരിക്കുകയും പദവിയുടെ മഹത്വവും മാന്യതയും  കാത്തു സൂക്ഷിയ്ക്കുകയും   ചെയ്യുക യാണ്  മഹാന്മാരുടെ രീതി. അതായത് ആ പദവി ആവശ്യപ്പെടുന്ന രീതിയിൽ മാനസികമായി ഉയരുക.

സുപ്രീം കോടതിയിലെ ഒരു ജഡ്ജി ആയ ജസ്റ്റീസ് കുര്യൻ ജോസഫ് (29 ജഡ്ജിമാരിൽ  ഒരേ ഒരു  മലയാളി) ചീഫ് ജസ്റ്റീസിനു ഒരു കത്തെഴുതിയിരിക്കുന്നു.  ഹൈക്കോടതി ചീഫ് ജസ്റ്റീസ് മാരുടെയും   ഒരു കോണ്‍ഫറൻസ്‌ ( സുപ്രീം കോടതി ജഡ്ജി മാരുടെയും) ഈ വെള്ളിയാഴ്ച (ദുഃഖ വെള്ളി) ഡൽഹിയിൽ വച്ച് നടത്താൻ  തീരുമാനിച്ചു. അതിനെതിരെ ആണ്  ജസ്റ്റീസ് കുര്യൻ ജോസഫ് കത്തെഴുതിയത്. ആ കത്ത് ഇങ്ങിനെ.

" അതിയായ മനോ വേദനയോടു കൂടിയാണ് ഞാൻ ഈ കത്തെഴുതുന്നത്.  ഇത്രയും പ്രധാനപ്പെട്ട ഒരു കോണ്‍ഫറൻസ്‌, ഇങ്ങിനെ ഒരു വിശുദ്ധ ദിവസം, എന്നെപ്പോലെയുള്ള പലർക്കും  മത പരമായ ചടങ്ങുകൾ ഉള്ള ദിവസം, കുടുംബാംഗങ്ങളോടൊപ്പം  ഒന്നു ചേരുന്ന ദിവസം,  വച്ചു കൂടായിരുന്നു.  ഇത്തരം ഒരു കോണ്‍ഫറൻസ്‌ ദീവാളി, ഹോളി, ദസ്സറ  എന്നീ ദിവസങ്ങളിൽ ഇതേ വരെ വച്ചിട്ടും ഇല്ല."

"ഞാൻ  മത വാദം കുത്തിപ്പൊക്കുക  ആണെന്ന് ധരിക്കരുത്. നമ്മുടേത്‌ പോലുള്ള ഒരു സ്ഥാപനം മതേതര മാതൃകയിൽ നിന്നും പതിയെ മാറി പ്പോകുന്നു എന്ന് കണ്ടത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്‌".

ഇതാണ് മതേതര വാദിയായ ജഡ്ജി കുര്യൻ ജോസഫ് എഴുതിയത്.

ഈ കത്തിനെ ശക്തിയായി വിമർശിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റീസ്  എച്. എൽ ദത്തു  മറുപടി കൊടുത്തത്. 

" ഇവിടെ ഉദിയ്ക്കുന്ന ചോദ്യം,താങ്കളോട് ചോദിയ്ക്കാൻ കഴിയാത്തത് കൊണ്ട് എന്നോട് തന്നെ ചോദിയ്ക്കുന്നത്,  സ്ഥാപനത്തിൻറെ താൽപ്പര്യത്തിന്  ആണോ അതോ വ്യക്തി താൽപ്പര്യത്തിന്  ആണോ മുൻ തൂക്കം നൽകേണ്ടത് എന്നാണ്.  എന്നെ സംബന്ധിച്ചിടത്തോളം ഞാൻ  മുൻ തൂക്കം നൽകുന്നത് സ്ഥാപനത്തിൻറെ താൽപ്പര്യത്തിന് ആയിരിക്കും.

"  മത ചടങ്ങുകളും കുടുംബ സംഗമങ്ങളും സ്ഥാപനത്തിൻറെ താൽപ്പര്യത്തെക്കാൾ പ്രാധാന്യം എന്ന് കരുതുകയാണെങ്കിൽ കുടുംബത്തിനെ ഡൽഹിയിൽ കൊണ്ടു വരാമായിരുന്നു. അങ്ങിനെയെങ്കിൽ സ്ഥാപനത്തിൻറെ താൽപ്പര്യവും   കുടുംബ നിയോഗങ്ങളും ഒന്നിച്ചു കൊണ്ട് പോകാൻ കഴിഞ്ഞേനെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുക്കാൻ ആളുകൾ വരുന്നുണ്ട്."

" ഞാനോ മറ്റ് ജഡ്ജിമാരോ ആയിരുന്നുവെങ്കിൽ കുടുംബ കാര്യത്തേക്കാൾ സ്ഥാപന താൽപ്പര്യത്തിന് വില കൽപ്പിയ്ക്കുമായിരുന്നു, പ്രത്യേകിച്ചും  നീതിന്യായ കോടതികൾക്ക് നേരെ പല തലത്തിലും വിരലുകൾ ഉയരുന്ന ഈ സാഹചര്യത്തിൽ".

ജസ്റ്റീസ് കുര്യൻ ജോസഫ് അസൌകര്യങ്ങൾ കൊണ്ടല്ല ഇതൊരു പ്രശ്നമാക്കിയത് എന്ന് വ്യക്തമാണല്ലോ. ക്രിസ്ത്യൻ മത ആഘോഷ ദിവസങ്ങളിൽ ഈ കോണ്‍ഫറൻസ് വച്ചത് തന്നെയാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. അതിനു കുടുംബ സംഗമവും ഒക്കെ  തൊടു  ന്യായങ്ങൾ ആയി പറഞ്ഞെന്നു മാത്രം. അതിനു തെളിവാണല്ലോ ദീവാളി, ഹോളി, ദസ്സറ  എന്നീ ദിവസങ്ങളിൽ ഇതേ വരെ വച്ചിട്ടും ഇല്ല എന്ന് പറയുന്നത്. ഒരു ഭംഗി വാക്ക് എന്ന നിലയിൽ "മത വാദം കുത്തിപ്പൊക്കുക  ആണെന്ന് ധരിക്കരുത്" എന്ന് പറയുന്നുണ്ടെങ്കിലും സത്യത്തിൽ ഈ കത്തിന്റെയും നിലപാടിന്റെയും ഫലം അത് തന്നെ.

ചീഫ് ജസ്റ്റീസ് പറഞ്ഞത് പോലെ 95% ക്രിസ്ത്യാനികൾ ഉള്ള അമേരിക്കയിൽ ദുഃഖ വെള്ളി അവധി അല്ല.  ഇറ്റലിയിൽ ആ ദിവസം ഒരു ദേശീയ പൊതു അവധി ദിനം അല്ല.ദുഃഖ വെള്ളിയാഴ്ച ജോലി ചെയ്‌താൽ എന്താണ് സംഭവിയ്ക്കുന്നത്? ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും  ജോലിയുള്ളവർ അന്ന് അവധി എടുത്ത് വീട്ടിൽ ഇരിയ്ക്കുകയാണോ? അല്ലല്ലോ. ഓണം ആയാലും ദുഃഖ വെള്ളി ആയാലും അവർ ജോലി ചെയ്യുന്നു. ഭാരതത്തിൽ തന്നെ,സർക്കാർ ജോലിക്കാർ ഒഴികെ ( അവർക്ക് അവധി കിട്ടിയത് കൊണ്ട്)  മറ്റെല്ലാവരും ജോലി ചെയ്യുകയല്ലേ? അപ്പോൾ ഇത് ക്രിസ്ത്യാനികളോട് ഉള്ള ഒരു വിവേചന പ്രശ്നം ആയി വന്നതാണ്. വർഗീയ വാദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയത്.

അദ്ദേഹത്തിൻറെ വാദം ശരിയാണോ എന്നറിയാൻ  കഴിഞ്ഞ വർഷങ്ങളിലെ  ദുഃഖ വെള്ളികളിൽ എന്തായിരുന്നു പരിപാടി എന്ന് വേണമെങ്കിൽ നോക്കാം. അത് അദ്ദേഹം തന്നെ പറയട്ടെ. നാട്ടിൽ കുടുംബ സംഗമം നടത്തിയിരുന്നോ എന്നും മറ്റെവിടെയെങ്കിലും ആയിരുന്നോ എന്നും  പറയട്ടെ.  ഈ സമയത്ത് ഒരു  വിദേശ യാത്ര ഔദ്യോഗികമായി കിട്ടിയിരുന്നുവെങ്കിൽ അത് ഒഴിവാക്കുമായിരുന്നോ?  

ഇതിൻറെ അലയൊലികൾ കേരളത്തിലും കേട്ടു.തിരുവനന്തപുരത്ത് ദുഃഖ വെള്ളിയിൽ ഒരു ബിഷപ്പ് നടത്തിയ   പ്രസംഗത്തിൽ പരാമർശം ഉണ്ടായി. 

3 അഭിപ്രായങ്ങൾ:

  1. ചീഫ്ജസ്റ്റീസിന്റെ മറുപടി ഇപ്പൊളാണു കണ്ടത്‌.

    നന്ദി!!

    മറുപടിഇല്ലാതാക്കൂ
  2. കൊടിത്തൂവയ്ക്ക് അതിന്റെ തനി സ്വഭാവം കളയാൻ കഴിയുമോ ??

    മറുപടിഇല്ലാതാക്കൂ